ഇന്ന് ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമാണെന്നു വായിച്ചപ്പോൾ ഇത്രയും പറയാതെ വയ്യെന്നു തോന്നി. അങ്കണവാടികളിലെ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിച്ചുതുടങ്ങാൻ സർക്കാർ തീരുമാനിക്കുന്നു. നല്ലത്! അതായത് യശഃശരീരനായ ഒ.എൻ.വി. മുതൽ ഞങ്ങൾ കുറേപ്പേർ വരെ എത്രയോവട്ടം അപേക്ഷിച്ചതെല്ലാം അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുന്നു! കുഞ്ഞുങ്ങൾ അവരുടെ അമ്മ പറയുന്ന ഭാഷയുമായി വയറ്റിനുള്ളിൽ കിടക്കുമ്പോൾ മുതൽ ഇണങ്ങുമെന്നു ശാസ്ത്രം പറയുന്നു. പിന്നീട് വീട്ടിൽ അമ്മ കൊഞ്ചിപ്പറയുന്ന ഭാഷ കുഞ്ഞും കൊഞ്ചിപ്പറഞ്ഞു തുടങ്ങുന്നു. അപ്പോഴാണ് രണ്ടര-മൂന്ന് വയസ്സാകുമ്പോഴേക്ക് പള്ളിക്കൂടത്തിലേക്കൊരു പറിച്ചുനടൽ. ഞാറ്റടിയിൽനിന്നു ഞാറു പറിച്ചു നടുന്നത് തികച്ചും ഭിന്നമായൊരു മണ്ണിലേക്കാണെങ്കിലോ ഞാറിന് ചെളിയും വെള്ളവും തന്നെ വേണം തഴച്ചുവളരാൻ.

വീട്ടുമൊഴിയും നാട്ടുമൊഴിയും മലയാളത്തിന്റെ ഈണവും മാധുര്യവും താളവുമൊക്കെ പരിചയപ്പെടേണ്ട പ്രായമാണിത്. ഓടിനടന്നു കളിക്കേണ്ട പ്രായം. ചെടികളെയും മരങ്ങളെയും കിളികളെയും അണ്ണാനെയും പൂക്കളെയും മേഘങ്ങളെയും മഴയെയുമൊക്കെ പരിചയപ്പെട്ടു സ്നേഹിച്ചു തുടങ്ങേണ്ട പ്രായം. എത്ര അങ്കണവാടികളിലുണ്ട് ഈ സൗകര്യങ്ങൾ? ഇതോടൊപ്പം ഒരന്യഭാഷകൂടി പഠിപ്പിക്കാൻ തുടങ്ങിയാലോ? അവർ പഠിക്കാനുള്ള പ്രായമല്ലിത്. കളിക്കട്ടെ. പിന്നെ കുറേ പാട്ടും അഭിനയവുമൊക്കെ ആകാം. നിറങ്ങളെയും അക്ഷരങ്ങളെയും കണ്ടു പരിചയപ്പെടട്ടെ. 

മുറ്റത്തെ പൂന്തോട്ടം എന്നാണ് അങ്കണവാടിയുടെ അർഥം. പൂന്തോട്ടത്തിൽ പൂമ്പാറ്റകൾ പാറി നടക്കുന്നതുപോലെ പ്രകൃതിയെ കണ്ടും കേട്ടും തൊട്ടും അറിഞ്ഞുവേണം കുഞ്ഞുങ്ങൾ വളരാൻ എന്ന തിരിച്ചറിവ് പണ്ടുള്ളവർക്കുണ്ടായിരുന്നു. ഇന്നിപ്പോൾ അണുകുടുംബങ്ങളിൽ കുഞ്ഞുങ്ങൾ ഭാരമാണ്. അവരുടെ പരിപാലനം ഭാരമാണ്. സൗകര്യപൂർവം പ്ളേസ്കൂളുകൾ എന്നു വിളിക്കുന്ന കളി ഒട്ടുമേയില്ലാത്ത ഇടങ്ങളിലേക്ക് അവരെ രാവിലെ നടതള്ളുന്നു.

നിങ്ങൾ ടി.വി. പരസ്യങ്ങളിലെ കുഞ്ഞുങ്ങളുടെ ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? വിചിത്രമാണത്‌. ‘‘മമ്മീ... മമ്മിയെക്കണ്ടാൽ ഒരു ലിറ്റിൽ ഗേളിനെപ്പോലെ...’’ മറ്റൊന്നിൽ മമ്മി പറയുന്നു. ‘‘എന്റെ സ്‌കിൻ എന്റെ മോൾക്ക് വലിയ ഇഷ്ടമാ... ഞാൻ പറയും മോളേ ഇറ്റ് ഈസ് ഹർട്ടിങ്‌... ബട്ട് മമ്മീ... ഇറ്റ് ഈസ് സോഫ്റ്റ്...സോഫ്റ്റ്... എന്ന് കുട്ടി.’’ ഏതോ മുഖലേപനത്തിന്റെ പരസ്യമാണ്. മിക്കവാറും പരസ്യങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ട് പറയിക്കുന്നത് കൃത്രിമമായ സങ്കരഭാഷയാണ്. ഇതുകേട്ടു വളരുന്ന കുട്ടികളും ഈ വിചിത്രഭാഷ അനുകരിക്കാൻ ആരാധനയോടെ ശ്രമിക്കുന്നു. സ്വന്തം ഭാഷയെപ്പറ്റി ഒരല്പവും അഭിമാനമില്ലാത്തത് സ്ത്രീകൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാരികളായ അമ്മമാർക്കാണെന്നും തോന്നുന്നു. 

‍ഞാനും പഠിച്ചിരുന്നു. റ എന്ന അക്ഷരം ആദ്യം. പിന്നെ ‘ര, പ, ല’ ഇങ്ങനെ എഴുതിയെഴുതി... ഉറക്കെച്ചൊല്ലി... അതിനൊരു താളമുണ്ട്... അക്ഷരമാലയ്ക്കും എഞ്ചുവടിക്കുമൊക്കെയുണ്ടൊരു താളം... അഞ്ചാംക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠിച്ചത്. അതുകൊണ്ട് ഇന്നോളം ഒരു ദോഷവും സംഭവിച്ചിട്ടില്ല. അപകർഷതാബോധമില്ല. കുറച്ചുകഴിഞ്ഞാൽ ധാരാളം വായിക്കാൻകൂടി അവരെ പ്രേരിപ്പിച്ചാൽ കുഞ്ഞുങ്ങൾ രക്ഷപ്പെടും. സദയം ഈ തീരുമാനം പുനഃപരിശോധിക്കുക. 

ഇവയോടൊപ്പം രണ്ട് കാര്യങ്ങൾകൂടി പറയാനുണ്ട്. 

കഴിഞ്ഞവർഷം മലയാളപഠനനിയമം പാസാക്കിയിട്ട് നടപ്പാക്കാൻ മുതിർന്നിട്ടില്ല എന്നാണറിയുന്നത്. നിയമങ്ങളൊക്കെ  പാസാക്കുന്നത് ഏട്ടിലൊതുങ്ങാൻ മാത്രമാണോ? മലയാളത്തെ ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ബിൽ രണ്ടുവർഷംമുമ്പ് പാസാക്കിയിരുന്നല്ലോ. അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു കൊടുത്തിട്ടെന്തായി? സർക്കാർ തലത്തിൽ അതിനെപ്പറ്റി അന്വേഷിക്കണം. നമ്മുടെ എം.പി.മാരുടെ കൂടി ഉത്തരവാദിത്വമാണ് അതിനംഗീകാരം വാങ്ങിയെടുക്കുക എന്നത്. മറക്കരുത്. 

ഭരണഭാഷ മലയാളമാകണമെങ്കിൽ ആദ്യം പി.എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കണം. ഐ.എ.എസ്. പരീക്ഷ മലയാളത്തിലെഴുതാമല്ലോ. പിന്നെന്താ കേരളത്തിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകൾ മലയാളത്തിലാക്കാത്തത്? മാതൃഭാഷയിലൂടെ മാത്രമേ ഒരു സമൂഹത്തിൽ അടിസ്ഥാനവികസനവും സൂക്ഷ്മജനാധിപത്യവും പുലരുകയുള്ളൂ. മാതൃഭാഷയെന്നത് സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും അടിപ്പടവാണ്. 

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ പി.എസ്.സി. പരീക്ഷകൾ അവരുടെ മാതൃഭാഷയിലും ഭാഷാന്യൂനപക്ഷങ്ങൾക്കായി ഇംഗ്ലീഷിലുമാണ്. ഇവിടെയും അങ്ങനെചെയ്യാൻ പി.എസ്.സി. എന്തുകൊണ്ടാണ് മടിക്കുന്നത്. ഗ്രാമങ്ങളിൽനിന്ന് മലയാളത്തിൽ പഠിച്ച് പി.എസ്.സി. പരീക്ഷയെഴുതാൻ കഴിയണമെങ്കിൽ ചോദ്യം മാതൃഭാഷയിലാകുന്നതല്ലേ നല്ലത്? ഇംഗ്ലീഷിലും ചോദിച്ചോളൂ. മലയാളത്തിലുംകൂടി ചോദിക്കപ്പെടുമ്പോഴാണ് അവസരതുല്യത എന്ന ജനാധിപത്യസങ്കല്പം പൂർണമാകുന്നത്. ഒരു നല്ല മലയാളിയായി തലയുയർത്തി നിൽക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയുന്നകാലം എന്നെങ്കിലും വരുമോ?