പോയ നൂറ്റാണ്ടിന്റെ പൂർവാർധംവരെ ദക്ഷിണകേരളത്തിലെ കഥകളി വൈവിധ്യസമൃദ്ധമായിരുന്നു. തകഴി, കിടങ്ങൂർ, മാത്തൂർ എന്നിങ്ങനെ ഈഷൽഭേദങ്ങളോടെ പുലർന്നുപോന്ന കപ്ളിങ്ങാടൻ കഥകളിയെ പൊതുപ്രമാണങ്ങളിലേക്ക്‌ വ്യവസ്ഥപ്പെടുത്തിയത്‌ ചെങ്ങന്നൂർ രാമൻപിള്ള എന്ന കർമയോഗിയാവണം.

അദ്ദേഹത്തിന്റെ ശിഷ്യശൃംഖലയിലെ അവസാനകണ്ണിയും കളരിയിലെയും അരങ്ങിലെയും അധൃഷ്യ ശിരസ്സുമായിരുന്നു തനിക്ക്‌ എന്നെന്നും പ്രിയപ്പെട്ട രാവണവേഷത്തോടെ അരങ്ങിൽനിന്ന്‌ എന്നന്നേക്കുമായി അന്തർധാനം ചെയ്ത മടവൂർ വാസുദേവൻനായർ. കളിവിളക്കിനെ സാക്ഷിനിർത്തി ഒരു നാട്യപ്രഭുകൂടി കഥകളി ചരിത്രത്തിന്റെ ഭാഗമായി.

കഥകളിയിലെ ശൃംഗാര-വീരരസ പ്രധാനികളായ പ്രതിനായകപാത്രങ്ങളും ഹനുമാനും പലപല കഥകളിലെ ബ്രാഹ്മണരും നളചരിതത്തിലെ ഹംസവുമായിരുന്നു മടവൂരിന്റെ പേരെടുത്ത വേഷങ്ങൾ. അദ്ദേഹത്തിന്റെ കത്തിവേഷങ്ങൾ ഗുരു ചെങ്ങന്നൂരിന്റെ പ്രഖ്യാതങ്ങളായ രാജസപാത്രങ്ങളെ അനുസ്മരിപ്പിച്ചിരുന്നുവെന്ന്‌ ദക്ഷിണകേരളത്തിലെ അഭിജ്ഞരായ കളിഭ്രാന്തന്മാർ ആവേശംകൊണ്ടിട്ടുണ്ട്‌.

മനോധർമത്തിലുള്ള പുതുമയെക്കാൾ, അഭ്യാസഗരിമയെക്കാൾ, ശൈലീശുദ്ധിയും നിലയുംകൊണ്ടാണ്‌ മടവൂരിന്റെ രംഗാവിഷ്കാരങ്ങൾ പ്രേക്ഷകർക്ക്‌ പ്രിയങ്കരമായിത്തീർന്നത്‌. അദ്ദേഹത്തിന്റെ രാവണവേഷങ്ങളിൽ രംഭാപ്രവേശത്തിലെ രാവണൻ പല പ്രകാരത്തിലും വേറിട്ടുനിന്നു.

ശങ്കരാഭരണം രാഗം ‘അ’കാരത്തിൽ ആലപിച്ചുകൊണ്ടുള്ള മടവൂരിന്റെ ശൃംഗാരലോലുപനായ രാവണൻ കഥകളിയിലെ വാചികാഭിനയം സംബന്ധിച്ച സാമ്പ്രദായിക നിർവചനത്തെ വെല്ലുവിളിച്ചു. വടക്കർക്ക്‌ രാവണോദ്ഭവംപോലെ തെക്കർക്ക്‌ ഹർഷാനുഭൂതിയുളവാക്കുന്നതാണ്‌ ‘ബാണയുദ്ധ’ത്തിൽ ബാണമഹാരാജാവിന്റെ ‘ഗോപുരം കാണൽ’.

ഈ വേഷം മടവൂർ എന്ന നടന്റെ മാറ്റുരയ്ക്കുന്നതായി. ആയിരംകൈകളാൽ ആയിരം വാദ്യങ്ങളിൽ ഒരേസമയം വിദഗ്‌ധമായി പെരുമാറുന്ന ആ കൈകൾ ഗോപുരം കാക്കുന്ന സാക്ഷാൽ പരമശിവനോട്‌ യുദ്ധം യാചിക്കുന്ന ദൃശ്യം മടവൂരിന്റെ അംഗോപാംഗപ്രത്യംഗങ്ങളിൽ സാന്ദ്രമായിത്തീർന്നിരുന്നു.

Kathakali

‘സൗഗന്ധിക’ത്തിൽ ഹനുമാനായി വേഷമിട്ടപ്പോഴൊക്കെ, വടക്കൻ നടന്മാരിൽ നിന്നു ഭിന്നമായി, മടവൂർ അഷ്ടകലാശമെടുത്തു. പാത്രത്തിന്റെ ‘നില’ എന്ന ഭാരം ഭയന്ന്‌ ഒന്നുപോലും കുറച്ചില്ല. ഹനുമാന്റെ ചടുല ചലനങ്ങളിലും ഊർജസ്വലമായ കാല്പെരുമാറ്റങ്ങളിലും അദ്ദേഹം എക്കാലവും അഭിരമിച്ചിരുന്നു. കൃശഗാത്രനായിരുന്നതിനാൽ ഹനുമാന്റെ വട്ടമുടിയും വിചിത്രശോഭയുള്ള മുഖത്തെഴുത്തും മടവൂരിന്‌ എത്രയും ഇണങ്ങി.

കലാമണ്ഡലം ഗോപിയുടെ നളനും മടവൂരിന്റെ ഹംസവും ഇടയ്ക്കിടെ കളിയരങ്ങിൽ ഒത്തുചേർന്നു. രസികത്തം കുറയുമെങ്കിലും മിതത്വത്തിന്റെ ചാരുതയുണ്ടായിരുന്നു ആ ഹംസത്തിന്റെ അംഗവിക്ഷേപങ്ങൾക്കും പ്രതികരണങ്ങൾക്കും.

അരങ്ങിലെന്നപോലെ കളരിയിലും തെക്കൻ ചിട്ടയുടെ എതിരില്ലാത്ത വക്താവും പ്രയോക്താവുമായിരുന്നല്ലോ മടവൂർ. ‘കല്ലുവഴിച്ചിട്ട’യിലുള്ള കഥകളിയിലെ ബലിഷ്ഠകായരെക്കണ്ട്‌ നടുങ്ങിയില്ല മടവൂർ. അവരുടെ നക്ഷത്രത്തിളക്കത്തിൽ ഭ്രമിച്ചതുമില്ല. സ്വന്തം ശൈലിയുടെ ആധികാരികതയിലും ജനസമ്മതിയിലും അദ്ദേഹം അഭിമാനിയായി.

ചതുർവിധാഭിനയത്തിലെ അനാശാസ്യമായ കലർപ്പുകളെ കൂസലില്ലാതെ ചെറുത്തു. കഥകളിയിലെ കാലികപ്രവണതകളെ പുച്ഛിച്ചുതള്ളി. ഹരിപ്പാട്‌ രാമകൃഷ്ണപ്പിള്ളയും മങ്കൊമ്പ്‌ ശിവശങ്കരപ്പിള്ളയും ചെന്നിത്തല ചെല്ലപ്പൻപിള്ളയും അരങ്ങൊഴിഞ്ഞപ്പോൾ മടവൂർ ഒറ്റയാനായി. ഏകാകിയുടെ ചങ്കുറപ്പുണ്ടായിരുന്നു മടവൂരിന്‌.

സദസ്സുമായി നിരന്തരസംവേദനത്തിലേർപ്പെട്ടു അദ്ദേഹത്തിന്റെ ഓരോ വേഷവും. ദുർഗ്രഹമായ ആട്ടങ്ങൾകൊണ്ട്‌ മടവൂർ അരങ്ങ്‌ മുഷിപ്പിച്ചില്ല. സഹകഥാപാത്രങ്ങളോട്‌ തർക്കുത്തരത്തിന്‌ മുതിർന്നില്ല. ‘ലോകധർമി’യെ അവധാനതയോടെ ഉപയോഗപ്പെടുത്തി തെക്കൻ ചിട്ടയുടെ മർമസ്ഥലങ്ങളിൽ അദ്ദേഹം അജയ്യനായി. കലാമണ്ഡലം രാജശേഖരനടക്കം പോരിമയുള്ള ശിഷ്യരുടെ ഒരു നിരയെ സൃഷ്ടിച്ച്‌ ആചാര്യൻ എന്ന സംജ്ഞയെ അദ്ദേഹം സാർഥകമാക്കി.


കഥകളിയിലെ തെക്കൻചിട്ട പല കാരണങ്ങളാലും പതിറ്റാണ്ടുകളായി ക്ഷയോന്മുഖമാണ്‌. ‘കല്ലുവഴിച്ചിട്ട’യുടെ അതിരുവിട്ട മുന്നേറ്റമാണ്‌ അവയിലൊന്ന്‌. ഗുരുമുഖത്തുനിന്ന്‌ തനിക്കുകിട്ടിയ പാഠങ്ങളിലൂടെയും സ്വന്തം കർമകാണ്ഡത്തിലൂടെയും തെക്കൻചിട്ടയുടെ ഗതകാലമഹിമ വീണ്ടെടുക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരുന്നു മടവൂർ. കലാമണ്ഡലത്തിലും ‘പകൽക്കുറി’യിലുമായി ചെലവിട്ട അധ്യാപനകാലം ഇതിന്റെ ഭാഗമായിരുന്നു.

പൂർവസൂരികളെപ്പോലെ കഥകളി മാത്രമായിരുന്നു മടവൂരിന്‌ ജീവിതം. ഇതിഹാസപാത്രങ്ങൾക്ക്‌ അരങ്ങിൽ അമരത്വം നൽകുന്നതിനപ്പുറം അദ്ദേഹം ഒന്നും മോഹിച്ചില്ല. കാണികളെ മടവൂർ എന്നും വിശ്വാസത്തിലെടുത്തു.

തന്റെ ജരാസന്ധവേഷംകണ്ട്‌, മൃത്യുവിനെ മറികടക്കുന്ന അയാളുടെ വരബലപ്രാപ്തികണ്ട്‌, വിസ്മയിച്ച ഒരുപറ്റം ആസ്വാദകർക്കുമുമ്പിൽ പുഞ്ചിരിച്ചുനിന്ന ശുദ്ധഗ്രാമീണനായ ഈ കലാകാരനെ വർഷങ്ങൾക്കുമുമ്പ്‌ ഞാനാദ്യം പരിചയപ്പെട്ടതോർമ വരുന്നു.

പദ്‌മഭൂഷണും കേന്ദ്രസംഗീതനാടക അക്കാദമി അവാർഡും സംസ്ഥാന കഥകളി പുരസ്കാരവുമടക്കമുള്ള അംഗീകാരങ്ങൾ ഒന്നൊഴിയാതെ ലഭിച്ചപ്പോഴും അദ്ദേഹം തന്റെ സ്വതസിദ്ധമായ വിനയം വെടിഞ്ഞില്ല.

പ്രസാദഭരിതമായ ആ മുഖവും മൃദുമന്ദഹാസവും ഇനി ഓർമയിൽ മാത്രമെന്ന്‌ വിശ്വസിക്കാനാവുന്നില്ല.

# എഴുത്തുകാരനും കലാനിരൂപകനുമായ ലേഖകൻ കലാ മണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്‌ട്രാറായിരുന്നു