ഈശ്വരചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിക്കുന്ന തന്ത്രവിദ്യയോടൊപ്പം സ്വര്‍ഗീയതാളങ്ങളെ ഭക്തരിലേക്ക് ആവാഹിക്കുന്ന മാന്ത്രികവിദ്യയും ചെറുപ്രായത്തിലേ നാരായണന്‍ നമ്പൂതിരി സ്വായത്തമാക്കി. തപസ്യ തുടര്‍ന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തിലൂടെ  തിമിലപ്രമാണിയായി. വടക്കു മുതല്‍ തെക്കുവരെയുള്ള പൂരപ്പറമ്പുകള്‍ക്ക് ആവേശമായി. തലമുറകളായി കൊട്ടിപ്പഠിച്ചു വന്ന പഞ്ചവാദ്യത്തിന് ലളിതമായ ശാസ്ത്രീയഭാഷ രൂപീകരിച്ച് ഗവേഷകനായി. അധ്യാപകനായി. എഴുത്തുകാരനായി...

തിമില വിദ്വാനും കേരള കലാമണ്ഡലത്തിലെ വിസിറ്റിങ് പ്രൊഫസറുമായ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി താളങ്ങളുടെ അനന്തസാധ്യതകള്‍ തേടിയുള്ള യാത്ര തുടരുകയാണ്. പഞ്ചവാദ്യവും പഞ്ചാരിയും സമന്വയിപ്പിച്ചുള്ള, സാങ്കേതികത്തികവോടുകൂടിയ പുതിയൊരു ശൈലിയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. കേരളത്തിന്റെ വാദ്യകലാരംഗത്ത് വലിയ ചുവടുവെയ്പ്പായേക്കാവുന്ന ഈ ഉദ്യമനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരവും ലഭിച്ചിരിക്കുകയാണ്. പഞ്ചവാദ്യവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിന് ആദ്യമായി ലഭിക്കുന്ന കേന്ദ്ര ഫെലോഷിപ്പ് എന്ന പ്രത്യേകതയും ഈ പുരസ്‌കാരത്തിനുണ്ട്.

മന്ത്രധ്വനിയില്‍ നിന്ന് മേളമുഴക്കത്തിലേക്ക്
 
പാലക്കാട്ടെ പുലാശ്ശേരിയില്‍, കരിയന്നൂര്‍ ഇല്ലത്തെ നാരായണന്‍ എന്ന കൗമാരക്കാരന് എപ്പോഴോ മേളക്കമ്പം തലയ്ക്കുപിടിച്ചു. ഇന്നത്തെ കാലമല്ല. ഇല്ലത്തെ ഉണ്ണിക്ക് പൂരപ്പറമ്പുകള്‍ അലയാന്‍ അനുവാദമില്ല. താന്ത്രികാനുഷ്ഠാനങ്ങള്‍ക്കായി ചെല്ലുന്ന ക്ഷേത്രങ്ങളിലെ മേളങ്ങളാണ് ആകെ കിട്ടിയ അവസരം. ഒടുവില്‍ ചെണ്ട പഠിക്കണമെന്ന ആഗ്രഹം ഇല്ലത്ത് അറിയിച്ചു. പത്താം തരം പാസാകട്ടെ, എന്നിട്ടു നോക്കാമെന്ന് ജ്യേഷ്ഠന്‍. ഇരുവരും പറഞ്ഞവാക്കു പാലിച്ചു. തിരുവേഗപ്പുറ ശങ്കണ്ണിപ്പൊതുവാളുടെ കീഴില്‍ ഹരീ ശ്രീ കുറിച്ചു, കലാമണ്ഡലത്തില്‍ ചേര്‍ന്നു.

Kariyannur Narayanan Namboodiri
ഫോട്ടോ - നന്ദുകൃഷ്ണന്‍ കുമാരനല്ലൂര്‍

കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, ചന്ദ്രമന്നാഡിയാര്‍ ആശാന്‍, കോട്ടയ്ക്കല്‍ കുട്ടന്‍മാരാന്‍, പുതുക്കോട് കൊച്ചുമാരാര്‍, മകന്‍ രാജന്‍ മാരാര്‍, കോങ്ങാട് വിജയന്‍... താളമേളങ്ങളുടെ ലോകത്തേക്ക് കരിയന്നൂരിനെ കൈപിടിച്ച് നടത്തിയവര്‍ ഇവരാണ്. പിഎസ്‌വി നാട്യസംഘം, പട്ടാമ്പിയിലെ ഗണപതി കലാകേന്ദ്രം, പല്ലാവൂര്‍ കളരി... കൊട്ടിത്തെളിഞ്ഞ കളരികള്‍ ഇവയും. അതിനിടെ ചെണ്ടയില്‍ നിന്ന് പഞ്ചവാദ്യത്തിലേക്ക് പഠനം വ്യാപിച്ചു.

വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി പൂരപ്പറമ്പുകളിലെ സ്ഥിരംസാമീപ്യമായി. അദ്ദേഹത്തിന്റെ പഞ്ചവാദ്യപ്രകടനം നാടും പുറംനാടും കടലും കടന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇവരുടെ സംഘം 13 രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. ഒപ്പം വിദേശീയര്‍ക്കായി ക്ലാസുകളുമെടുത്തു.

തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിന് തിരുവമ്പാടി ഭഗവതിക്കു മുന്നില്‍ രണ്ടു പതിറ്റാണ്ടോളം കരിയന്നൂര്‍ നാദാര്‍ച്ചന  നടത്തി. ഉത്രാളി പൂരത്തിനും നെന്മാറ-വല്ലങ്ങി വേലയ്ക്കും പൂരപ്രേമികളുടെ കാതുകള്‍ക്ക് ഇമ്പമായി ഇന്നും കൊട്ടിക്കയറുന്നു.

വേണം, പഞ്ചവാദ്യത്തിനൊരു ശാസ്ത്രീയഭാഷ

പഞ്ചവാദ്യത്തിന്റെ ഉത്ഭവത്തിന് വ്യക്തമായ ചരിത്രമില്ല. കൊട്ടിപ്പഠിക്കുക എന്ന രീതി തുടര്‍ന്നുവന്നതിനാല്‍, കാലാകാലങ്ങളില്‍ ഉണ്ടായ രൂപമാറ്റങ്ങളെ കുറിച്ച് ആരും എഴുതിസൂക്ഷിച്ചില്ല. ശാസ്ത്രീയഭാഷയില്ല... അടുത്ത തലമുറയിലേക്ക് അറിവ് പകരാനൊരുങ്ങുമ്പോള്‍ കരിയന്നൂര്‍ നേരിട്ട പ്രതിസന്ധികള്‍ ഇവയാണ്.

പഞ്ചവാദ്യത്തിന്റെ ആദ്യ ശാസ്ത്രീയരേഖ എന്നു വിശേഷിപ്പിക്കാവുന്ന, അന്നമനട പരമേശ്വരമാരാരുടെ 'പഞ്ചവാദ്യം, തിമിലവാദ്യം' എന്നീ പുസ്തകങ്ങളെയാണ് പഠിപ്പിക്കാനായി ആശ്രയിച്ചത്. എഴുപതുകളിലെ സമ്പ്രദായമായിരുന്നു പുസ്തകം വിവരിച്ചിരുന്നത്. ഒപ്പം വിദഗ്ധര്‍ക്ക് മാത്രം വഴങ്ങുന്ന ഭാഷയും. 

കൊട്ടുപഠിക്കാത്ത ഒരാള്‍ക്ക് പഞ്ചവാദ്യത്തിന്റെ ശാസ്ത്രീയവശങ്ങള്‍ വായിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന പുസ്തകം എന്ന ലക്ഷ്യത്തില്‍ കരിയന്നൂര്‍ കുറിപ്പുകള്‍ തയാറാക്കിത്തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട ആ പരിശ്രമം, ഒടുവില്‍ 'പഞ്ചവാദ്യപഠനം-തിമില' എന്ന സമാഹാരത്തിന്റെ രൂപം പ്രാപിച്ചു. 

സര്‍വ്വ ലഘുനില നിര്‍ത്തിക്കൊണ്ട് എഴുതുക എന്ന വൈതരണിയെ അതിജീവിക്കാന്‍ ഒരു വരിയിലുള്ള 32 കള്ളികളില്‍ ഒരു ചെമ്പട വട്ടം എന്ന രീതിയില്‍, പഞ്ചവാദ്യസ്വരങ്ങള്‍ക്ക് പുതിയൊരു എഴുത്തുഭാഷ തന്നെ ഈ പുസ്തകത്തിലൂടെ കരിയന്നൂര്‍ രൂപീകരിച്ചു.    

ഒരു വരിയില്‍ 32 കള്ളികള്‍ എന്ന രീതിയില്‍ പഞ്ചവാദ്യ സ്വരങ്ങള്‍ക്ക് പുതിയൊരു ഭാഷ തന്നെ ഈ പുസ്തകത്തിലൂടെ കരിയന്നൂര്‍ രൂപീകരിച്ചു. ചെണ്ട പഠിച്ചതിന്റെ സ്വാധീനത്താല്‍ തിമിലയില്‍ തായമ്പകക്കും കേളിക്കും ഉള്ള സാദ്ധ്യതകള്‍ കണ്ടറിഞ്ഞ് തിമിലത്തായമ്പകയ്ക്കും തിമില കേളിക്കും തുടക്കമിട്ടു. ക്ഷേത്ര വാദ്യ കലകളായ കുഴല്‍പ്പറ്റ്, കൊമ്പ് പറ്റ്, ചെണ്ടമേളം, മേളപ്പദം ,പഞ്ചവാദ്യം, കേളി എന്നീ കലകളുടെ മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ കൂട്ടി ഇണക്കി 'വാദ്യസമന്വയം ' എന്ന ഒരു പുതിയ കലാരൂപത്തിന് തുടക്കമിട്ടു.

Kariyannur Narayanan Namboodiri
ഫോട്ടോ - നന്ദുകൃഷ്ണന്‍ കുമാരനല്ലൂര്‍

കലാമണ്ഡലത്തിലെ പഞ്ചവാദ്യപഠനം ബിരുദ, ബിരുദാനന്തര തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍, അഭ്യാസത്തിനൊപ്പം സിദ്ധാന്തങ്ങളും നിര്‍ബന്ധമായി. കൊട്ടുക എന്നതിലുപരി പഞ്ചവാദ്യത്തെ കുറിച്ച്, തിമിലയെ കുറിച്ച് ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയും സെമിനാറും അസൈന്‍മെന്റുകളും വിദ്യാര്‍ഥികള്‍ ചെയ്യണമെന്നായി. അങ്ങനെ കരിയന്നൂര്‍ കലാമണ്ഡലത്തിലേക്ക് എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ പുസ്തകം ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗവുമായി.

പഞ്ചവാദ്യം, ഇനി പുതിയ താളത്തില്‍

കലാകാരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്രം നല്‍കുന്ന താളവട്ടമാണ് പഞ്ചവാദ്യത്തിന്റെ പ്രത്യേകത. കലാകാരന് വിഹരിക്കാന്‍ താളങ്ങള്‍ അഞ്ചെണ്ണമുണ്ട്. എന്നാല്‍ കാലാകാലങ്ങളായി ത്രിപുട താളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ് പഞ്ചവാദ്യം.

കരിയന്നൂരിന്റെ ഗവേഷണം വിരല്‍ചൂണ്ടുന്നത് ഈ അനന്തസാധ്യതകളിലേയ്ക്കാണ്. പഞ്ചവാദ്യത്തിന്റെ പുതിയ താളങ്ങളിലേയ്ക്കുള്ള അഹോരാത്ര പരിശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവക്കാലം ഒഴിയുമ്പോള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് തച്ചിങ്ങനാടത്തുള്ള നാലുകെട്ടിലിരുന്ന് അദ്ദേഹം കുറിപ്പുകള്‍ തയാറാക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശയങ്ങള്‍ കൈമാറും. ശിഷ്യര്‍ക്കൊപ്പം കൊട്ടിപ്പരീക്ഷിക്കും. 

രണ്ടു വര്‍ഷത്തിനകം പ്രബന്ധം അവതരിപ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക തികവുള്ള പഞ്ചവാദ്യം അവതരിപ്പിക്കണമെന്നും കരിയന്നൂര്‍ ആഗ്രഹിക്കുന്നു.

നമുക്ക് കാത്തിരിക്കാം, പൂരപ്പറമ്പുകളില്‍ മുഴങ്ങാനൊരുങ്ങുന്ന ആ പുതിയ താളത്തിനായി...

    ( കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/kariyannoornarayanan.namboodiri )