1970-കളിൽ നീണ്ട എട്ടുവർഷങ്ങളാണ് ഞാൻ സാഹിത്യം പഠിക്കാനായി മാത്രം മാറ്റിവെച്ചത്. സാഹിത്യമെന്നാൽ കൂടുതലും ഇംഗ്ലീഷ് സാഹിത്യം. ചരിത്രമോ രാഷ്ട്രീയമോ ശാസ്ത്രമോ  ഭാഷകളോ പഠിക്കാനായി ഒരു മണിക്കൂർ പോലും ചെലവാക്കിയിട്ടില്ല. അന്നത്തെ കാലത്ത് ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയെന്നാൽ അതിനർഥം ചോസറെയും ബോവുൾഫിനെയും ‘ദ വാൺഡറർ’ എന്ന ആംഗ്ലോ-സാക്സൺ പദ്യവും പഠിക്കുകയാണ്. 1832-ന് ശേഷമുള്ള ഒന്നിനെക്കുറിച്ചും ഒരു വാക്കുപോലും പഠിക്കാനില്ല. അമേരിക്കൻ സാഹിത്യത്തെ ഇംഗ്ലീഷ് സാഹിത്യത്തിൽനിന്ന് പുറത്തുനിർത്തിയതു പോലെയാണ്. ഒരു പ്രത്യേക പേപ്പറായി പലപ്പോഴും അമേരിക്കൻ സാഹിത്യം മാറ്റി നിർത്തപ്പെട്ടിരുന്നു. എന്നാൽ വെറും അഞ്ചുവർഷത്തിനുള്ളിൽ ഇംഗ്ലീഷുകാർക്കുപോലും ശരിക്ക് പറയാനാകാത്ത പേരുകളുള്ള എഴുത്തുകാരാൽ ഇംഗ്ലീഷ് സാഹിത്യം പുനരവതരിപ്പിക്കപ്പെടുമെന്ന് ഞങ്ങളിൽ ഭൂരിപക്ഷം പേർക്കും ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.

കാർട്ടിയർ, ഇഷിഗൂരോ, ഒക്രി, ഘോഷ്;  ഒരു സാധാരണ ഇംഗ്ലീഷുകാരനെപ്പോലെ തോന്നുന്ന ഒരാളിലേക്ക് ബുക്കർ സമ്മാനം എത്തുന്നുപോലുമില്ല. പപ്പടവും നൈജീരിയൻ ആത്മാക്കളും ജമൈക്കൻ പ്രാദേശികഭാഷാന്തരങ്ങളും നമ്മുടെ പുസ്തകങ്ങളിൽ ഇടംപിടിച്ചു തുടങ്ങി. ഇന്ത്യയും മറ്റു മുൻകോളനികളും ബ്രിട്ടനെ വാസ്തവത്തിൽ എങ്ങനെയാണ് വിമോചിപ്പിച്ചതെന്ന് സൽമാൻ റുഷ്ദി നമ്മെ ഓർമപ്പെടുത്തുന്നു. സമകാലിക ലണ്ടൻ പശ്ചാത്തലമാക്കി തിമോത്തി മോയെഴുതിയ 271 പേജുള്ള നോവലിൽ വെള്ളക്കാരായ കഥാപാത്രങ്ങൾ ഒന്നുപോലുമില്ല. 

പൊടിപിടിച്ച് അടഞ്ഞുകിടന്നിരുന്ന സാഹിത്യഗേഹത്തിന്റെ വാതിലുകളും ജനലുകളും മലർക്കെ തുറന്നിടുക മാത്രമല്ല ഈ എഴുത്തുകാർ ചെയ്തത്. പകരം അവർ പുതിയ കഥകളും ചരിത്രങ്ങളും കഥാകഥന രീതികളും നമുക്ക് പരിചയപ്പെടുത്തി. പൊടുന്നനെയാണ് നമുക്കറിയാമെന്ന് നാം കരുതിയിരുന്ന ലോകം കീഴ്‌മേൽ മറിഞ്ഞത്. ഉദാഹരണത്തിന്, അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്’ പ്രസിദ്ധീകരിക്കപ്പെട്ടു. പൂക്കളെയെല്ലാം പുനർനാമകരണം ചെയ്യാൻ ഒരു പുതിയ ഇരുണ്ട ഹവ്വയെ തോട്ടത്തിലേക്കിറക്കിവിട്ട പോലെയായിരുന്നു അത്. അമേരിക്കൻ വായനക്കാർക്ക് ഉച്ചരിക്കാൻ കഴിയാത്ത പേരുകളുള്ള എഴുത്തുകാർ വീണ്ടും അമേരിക്കൻ സാഹിത്യത്തിൽ നിറയുകയായിരുന്നു. ചിമമൻഡ അഡിച്ചി, ജുംപാ ലാഹിരി, യുൻ-ലീ എന്നിവരൊക്കെ ആ പട്ടികയിലുള്ള വനിതാ എഴുത്തുകാരാണ്.

അവരെല്ലാം അവരുടെ മാതാപിതാക്കളുടെ സംസ്കാരം തങ്ങൾ സ്വീകരിച്ച പുതിയ സംസ്കാരത്തിൽ വിളക്കിച്ചേർത്തു. കുടിയേറ്റത്തിന്റെ വില വിലയിരുത്തി. അതിന്റെ സാധ്യതകളെക്കുറിച്ച് പര്യവേക്ഷണം നടത്തി. വടക്കേ അമേരിക്കയിലെ ഏറ്റവും മഹാനായ സഞ്ചാരസാഹിത്യകാരനും വ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും വ്യക്തവും സത്യസന്ധവും തീക്ഷ്ണവുമായി എഴുതിയയാളും ആരെന്നത് എന്നിൽ അദ്‌ഭുതമുളവാക്കുന്നു. കഴിഞ്ഞ എട്ടുവർഷം ഭൂമികണ്ട ഏറ്റവും കരുത്തനായിരുന്നു അക്ഷരാർഥത്തിൽ അയാൾ. ബരാക് ഒബാമ ലോകത്തെ കണ്ടത് വ്യത്യസ്തമായ രീതിയിലാണ്. കറുപ്പും വെളുപ്പും എന്നതരത്തിലല്ല അദ്ദേഹം ചിന്തിച്ചത്. അദ്ദേഹം കറുത്തവനായിരുന്നു. ഒപ്പം വെളുത്തവനും. കൻസാസ്, കെനിയ, ഇൻഡൊനീഷ്യ, ഹവായി എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ വേരുകൾ. ബുദ്ധമതക്കാരിയായ അർധ സഹോദരിയും ചൈനീസ്-കനേഡിയൻ ഭാര്യാ സഹോദരനും അദ്ദേഹത്തിനുണ്ട്.

മുംബൈ എഴുത്തിന്റെ 
ആസ്ഥാനം  

19-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് എഴുത്തിന്റെ തലസ്ഥാനം ലണ്ടനും ഇരുപതാം നൂറ്റാണ്ടിൽ ന്യൂയോർക്കുമായിരുന്നെങ്കിൽ 21-ാം നൂറ്റാണ്ടിന്റെ എഴുത്താസ്ഥാനം മുംബൈയാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ബ്രിട്ടീഷ് പ്രസാധകനെയും സിയാറ്റയിലെ എന്റെ പ്രിയപ്പെട്ട പുസ്തകവിൽപ്പനക്കാരനെയും അതുമല്ലെങ്കിൽ മിലാനിലുള്ള എന്റെ പഴയ കോളേജ് സഹപാഠിയെയും ഒന്നിച്ച് കാണാൻ കഴിയുന്ന ഒരേയൊരു സ്ഥലം ജയ്‌പുരിലെ പ്രശസ്തമായ സാഹിത്യോത്സവമാണ് എന്നുള്ളത് അതിശയിപ്പിക്കുന്ന കാര്യമല്ല. നിങ്ങൾക്കെല്ലാവർക്കും അറിയുന്നതുപോലെ പാശ്ചാത്യലോകത്ത് പ്രസാധകർ നിലനിൽപ്പിനെക്കുറിച്ച് ഭയപ്പെടുന്നുണ്ട്. പുസ്തകശാലകൾ അടയ്ക്കുകയും മാസികകൾ കുറഞ്ഞുവരികയും ചെയ്യുന്നു.

ഓരോ തവണയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലേക്ക്‌ ഞാൻ തിരികെയെത്തുന്പോൾ, ഇവിടെ പുതിയ പ്രസാധകശാലകൾ ഉയരുന്നതാണ് കാണുന്നത്. പുതിയ മാസികകൾ ഉണ്ടാകുന്നു, ‘എ സ്യൂട്ടബിൾ ബോയി’യുടെ 961-ാം പേജിനെക്കുറിച്ച് സംസാരിക്കാൻ അക്ഷമരായി കാത്തിരിക്കുന്ന പുതിയ പുതിയ വായനക്കാരും. തീവ്രദേശീയതയുടെ, മൃഗീയമായ വംശീയതയുടെ ഉദയത്തിന് ഒന്നുരണ്ടുവർഷത്തിനിടെ നാം വേദനയോടെ സാക്ഷ്യം വഹിച്ചു. ഗ്രാമങ്ങൾ നഗരത്തിനെതിരേയും ഹതാശർ പ്രത്യേകാവകാശങ്ങളുള്ളവരെന്ന് അവർക്കു തോന്നുന്നവർക്കെതിരേയും ഭൂതകാലം ഭാവിക്കെതിരേയും ഉയർത്തെഴുന്നേൽക്കുന്നതു പോലെയാണിത്.  ഈ കലഹത്തിന്റെ പശ്ചാത്തലത്തിൽ    സാഹിത്യം ഒഴിവാക്കാനാവാത്തതാണ്. കാരണം അതൊരു വ്യക്തിയുടെ ശബ്ദമാണ്. ആ വ്യക്തി എക്കാലത്തെയുംകാൾ കൂടുതൽ ബഹുസ്വരയും.

അവളെ ഒരൊറ്റപ്പെട്ടിയിലോ ഒരുവിഭാഗത്തിലോ ഒതുക്കിവെക്കാനാവില്ലെന്ന് അവൾക്കറിയാം. വികാരങ്ങളെ ലഘൂകരിച്ച് ചുരുക്കാനാവില്ലെന്ന് അവൾക്കറിയാം. എല്ലായിടത്തുനിന്നും എത്തുന്നതിനെ ഉത്പാദനപരമായി കൂട്ടിക്കുഴയ്ക്കുമ്പോൾ എല്ലായിടവും ഉത്പാദനപരമായി കൂടുതൽ കൂടിക്കുഴയുമെന്ന് അവൾക്കറിയാം. 

സ്വായത്തമാക്കുന്ന സംസ്കാരങ്ങൾ

ഇക്കാലത്ത് ഞാൻ കാമ്പസുകൾ സന്ദർശിക്കുമ്പോൾ ‘സംസ്കാരം സ്വായത്തമാക്കൽ’ എന്ന് ചിലപ്പോഴെങ്കിലും കേൾക്കാറുണ്ട്. സാഹിത്യം എന്തെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നതെന്തോ അതാണ് ഈ വാക്കുകേൾക്കുമ്പോൾ ഞാൻ ഓർക്കുന്നത്. പൂന്തോട്ടത്തിന്റെ വേലിക്കെട്ടിനപ്പുറത്തേക്ക് നിങ്ങളുടെ സ്വപ്നത്തെ കൊണ്ടുപോകലും നിങ്ങളല്ലാതെ മറ്റൊരാളായിത്തീരലുമാണ് എന്നെ സംബന്ധിച്ച് എഴുത്ത്. അങ്ങനെ ചെയ്യുന്നത് നിങ്ങൾക്കുള്ളിൽ മറ്റൊരാൾ എത്രമാത്രമുണ്ടെന്ന് കാണാനാണ്. 

അമേരിക്ക കഴിഞ്ഞനൂറ്റാണ്ടിന്റെയവസാനം ഇസ്‌ലാമിനെതിരേ യുദ്ധമാരംഭിച്ചപ്പോൾ ഹിന്ദുമതത്തിൽ വേരുള്ള, അമേരിക്കയിൽ താമസിക്കുന്ന ഞാൻ ബയ്റുത്ത്, ഇറാൻ, സിറിയ, ഒമാൻ, യെമെൻ, ജോർദാൻ, ജറുസലേം എന്നിവിടങ്ങളിൽ പോകാൻ പണവും സമയവും കണ്ടെത്താൻ ശ്രമിച്ചു. അതിനെക്കാൾ പ്രധാനം എന്റെ ഏറ്റവും വലിയ സമ്പത്തായ ഭാവനയെ ഉപയോഗപ്പെടുത്തി എന്റെ ഇസ്‌ലാമിക അയൽവാസികളുടെ കണ്ണിലൂടെ ലോകത്തെ നോക്കിക്കാണലായിരുന്നു. 

അതുകൊണ്ടുതന്നെ മറ്റിടങ്ങളിലെ ഒട്ടേറെ എഴുത്തുകാരെപ്പോലെ ഞാനും നാലുവർഷം മഹത്തായ ഇസ്‌ലാമിക പാമ്പര്യത്തിലേക്കാണ്ടിറങ്ങുകയും 370 പേജുള്ള നോവൽ എഴുതുകയും ചെയ്തു. എന്റെ ഇസ്‌ലാമിക സുഹൃത്തുക്കളെ ലോകം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഊഹിച്ചെഴുതാനാണ് ഞാൻ ശ്രമിച്ചത്. 

സംസ്കാരത്തെ സ്വായത്തമാക്കലിൽ വിശ്വസിക്കുകയെന്നാൽ നിങ്ങളിൽനിന്ന് വ്യത്യസ്തനായയാളെ മനസ്സിലാക്കാനുള്ള സാധ്യത ഏതാണ്ട് കൈവിട്ടുകളയുകയെന്നതുമാകാം. അത് ദേശീയതയുടെ ഏറ്റവും ഇരുണ്ട രൂപമാകാം.  അപ്പോൾ ഒഥല്ലോയുടെയോ ഡെസ്‌ഡിമോണയുടെയോ വാക്കുകളിൽ എഴുതാൻ ഷേക്‌സ്പിയർക്ക് അനുമതിയില്ലാതാവും. ഒരു സ്ത്രീയായോ ഹംഗേറിയൻ പൂച്ചയായോ സിഖുകാരനായോ മൈക്കിൾ അഡാച്ചിയ്ക്ക് തന്നെത്തന്നെ സങ്കൽപ്പിക്കാൻ കഴിയാതെയാകും. ജോർ‍ജ് ഡബ്ല്യു. ബുഷിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണുന്ന തരത്തിൽ ടോണി മോറിസന് എഴുതാൻ കഴിയാതെയാകും. നമ്മുടെ ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അപകടകരമാംവിധം മുറിവേറ്റിരിക്കുന്നെന്ന് നൊബേൽ സമ്മാനജേതാവ് കഴിഞ്ഞമാസം നടത്തിയ പ്രസംഗത്തിൽ പറഞ്ഞതിനെക്കുറിച്ച് ഞാൻ ഓർക്കുന്നു. 

നോവലിസ്റ്റുകളുടെ പ്രകാശത്തിൽ മങ്ങിപ്പോകുന്നവരാണ് കവികൾ. നോവലിസ്റ്റുകളാകട്ടെ, കൂട്ടനശീകരണത്തിന്റെ ആയുധങ്ങളായ മൾട്ടി മീഡിയ ഉപകരണങ്ങളുടെ തീവ്രതയിൽ പ്രകാശം നഷ്ടപ്പെടുന്നവരും. ഇംഗ്ലണ്ടിന് സാഹിത്യത്തിലുള്ള അപ്രമാദിത്വം നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു, ഇംഗ്ലീഷിനല്ല. ഇന്ത്യയിലെ നൂറു കണക്കിന് ഭാഷകളിലെഴുതുന്ന ലോകമെമ്പാടുമുള്ള എഴുത്തുകാർക്ക് അവരർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. സങ്കടത്തോടെ പറയട്ടെ, ഉന്മൂലനാശത്തിന്റെ മണ്ണിൽ ഇത്തരം ഭിന്നിപ്പിന്റെ അവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ തീവ്രമാണ്‌. 

നമുക്ക് സ്വപ്നം കാണാം

അതിർത്തി കടക്കുന്നവരിൽക്കൂടുതലും അതു തിരഞ്ഞെടുക്കുന്നതല്ല. ആവശ്യം കാരണം ചെയ്യുന്നതാണ്. യുദ്ധത്തെക്കുറിച്ചും യാത്രാവിലക്കുകളെക്കുറിച്ചും നാം ആശങ്കപ്പെടുന്ന കാലമാണിത്. സാഹിത്യം കൂടുതൽ അനിവാര്യമാകുന്ന സമയം. പ്രത്യേകിച്ച് ഭാവനയ്ക്ക് വേലിക്കെട്ടും അതിർത്തികളും വിഷയമല്ലാതാകുമ്പോൾ. മതിലിനു മുകളിലൂടെയും അടിയിലൂടെയും ചുറ്റിലൂടെയും സംസാരിക്കാൻ കഴിയുമെന്നതാണ് എഴുത്തിനുള്ള മെച്ചം. എലിസബത്ത് സ്ട്രൗറ്റ്സിന്റെ നോവലുകൾ വായിക്കുമ്പോൾ എന്തുകൊണ്ടാണ് എന്റെ അയൽക്കാരിൽ ചിലരെങ്കിലും ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്തതെന്ന് കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ആഡം ജോൺസന്റെ ഓർഫൻ മാസ്റ്റേഴ്സ് സൺ എന്ന പുസ്തകത്തിൽ ഊളിയിടുമ്പോൾ ഉത്തര കൊറിയയിൽ ജീവിക്കേണ്ടിവന്നാലുള്ള അവസ്ഥയെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

നമ്മെ ഒന്നിപ്പിച്ചു നിർത്തുന്നവയാണ് ഭിന്നിപ്പിക്കുന്നവയെക്കാൾ പ്രധാനമെന്നാണ് സാഹിത്യം നമ്മോടു പറയുന്നത്. യുദ്ധങ്ങളുണ്ടാക്കുന്നതിനെക്കാൾ നല്ലത് ഇത്തരം സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതാണെന്നാണ് സാഹിത്യം നമ്മോടു പറയുന്നത്. നമ്മുടെ ഡ്രോൺ ആക്രമണങ്ങൾ ഒരിക്കലും ഭീകരരെ നിരുത്സാഹപ്പെടുത്തില്ലെന്ന് സാഹിത്യം നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ തോക്കുകൾ ഒരിക്കലും തീവ്രദേശീയവാദികളെ തുടച്ചുനീക്കില്ല. എന്നാൽ നമ്മുടെ വാക്കുകൾക്ക് അതുസാധിക്കും. നമ്മുടെ ആശയങ്ങൾക്ക്, കൃത്യതയുള്ള ഭാവനയ്ക്ക്‌ നമ്മെ കുറച്ചുകൂടി ലളിതമായ ഭൂതകാലത്തിലേക്ക്‌ കൊണ്ടുപോകാനായേക്കും. ആത്യന്തികമായി ലോകത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയും സ്വപ്നങ്ങൾകാണുന്ന രീതിയും മാറ്റുന്നതിലൂടെ ലോകത്തെതന്നെ മാറ്റാനാകുമെന്ന കാര്യവും അത് നമ്മെ ഓർമിപ്പിക്കുന്നു.