? പുതിയ കാലത്ത് കലാലയങ്ങൾ നൽകുന്ന പ്രതീക്ഷ എന്താണ്
കലാലയങ്ങൾ സർഗാത്മകമാവുകയും വിദ്യാർഥികൾ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് ഏറെ പ്രതീക്ഷയുണ്ടാക്കുന്നതാണ്. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽത്തന്നെ കലാലയങ്ങൾ സാമ്രാജ്യത്വ പോരാട്ടത്തിന്റെ വേദിയായിരുന്നുവെന്നത് ചരിത്രംതന്നെ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇടക്കാലത്ത് ആ ഒരു തീക്ഷ്ണബോധത്തിന് കുറവുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, ഇന്നത്തെ സ്ഥിതി അതല്ല. ഇനി മിണ്ടാതിരിക്കാനാവില്ലെന്ന ബോധ്യം വിദ്യാർഥികളിലുമുണ്ടായിരിക്കുന്നു. അതാണ് രാജ്യത്താകെയുള്ള വിദ്യാർഥികളിലും കാമ്പസുകളിലും പ്രതിഫലിക്കുന്നത്.

? പറയുന്നത് വിവാദമാകുകയും വിയോജിപ്പ് ആക്രമണമാകുകയും ചെയ്യുന്ന രീതി വളരുകയാണ്. തുറന്നുപറയാൻ പറ്റാത്തവിധം കേരളത്തിന്റെ പൊതു ഇടവും ചുരുങ്ങുന്നതായി തോന്നുന്നുണ്ടോ
കേരളം മാതൃകയാണ്. ഇവിടെ ഇടം ചുരുങ്ങുകയല്ല, തുറന്നുപറച്ചിലിന് കേരളത്തിലേ ഇടമുള്ളൂവെന്ന രീതിയിലേക്ക് മാറുകയാണ് ചെയ്യുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉറക്കെപ്പറയുന്ന കാര്യമാണിത്. സാഹിത്യോത്സവങ്ങളിൽ പങ്കെടുത്ത സാഹിത്യസാംസ്കാരിക പ്രവർത്തകരെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലാകെ ബാധിക്കുന്ന ഇടുങ്ങിയ ചിന്താഗതികളെ തടയാനും അതല്ല നമുക്ക് വേണ്ടതെന്ന പൊതുബോധം സൃഷ്ടിക്കാനും കേരളത്തിന് കഴിയുന്നുണ്ട്.  

? മതബോധത്തിൽ പരിമിതപ്പെടുന്നവർക്ക് പൊതുബോധം നഷ്ടമാകുന്നുവെന്ന് കരുതുന്നുണ്ടോ  
മതബോധം പൊതുബോധത്തെ ഇല്ലാതാക്കുന്നുവെന്ന് കരുതുന്നില്ല. ആർക്കാണെങ്കിലും എല്ലാവരെയും ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സുവേണം. ഭാരതീയ സന്ന്യാസിവര്യന്മാർ കാണിച്ച വലിയ മാതൃക നമ്മുടെ മുമ്പിലുണ്ട്. സന്ന്യാസി ശ്രേഷ്ഠനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസർ അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന വ്യക്തിയായിരുന്നു. പക്ഷേ, അറിവ് നേടുന്നതിനും പങ്കു വെക്കുന്നതിനും ആ പരിമിതി അദ്ദേഹത്തിന് തടസ്സമായില്ല. സ്വാമി വിവേകാനന്ദനെന്ന ജ്ഞാനിയായ യുവാവിനെ പരുവപ്പെടുത്തിയത് ശ്രീരാമകൃഷ്ണ പരമഹംസരായിരുന്നു. അത് മതത്തിന്റെ നാലതിരുകളിൽ ഒതുങ്ങിനിൽക്കുന്ന ഇരുളടഞ്ഞ ചിന്തകളായിരുന്നില്ല. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പുനരുദ്ധാരണമില്ലാതെ ജനങ്ങളുടെ ആത്മീയ പുനരുദ്ധാരണം സാധ്യമല്ലായെന്ന്. ‘‘അവർ ഭക്ഷണം ചോദിക്കുന്നു, നാമവർക്ക് നൽകുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനതയ്ക്ക് മതം നൽകുക എന്നത് അവരെ അപമാനിക്കുന്നതാണ്. നിങ്ങളെ അന്ധവിശ്വാസികളായ വിഡ്ഢികളായി കാണുന്നതിനെക്കാൾ ഉറച്ച നിരീശ്വരവാദികളായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നാണ്’’ -ഇതായിരുന്നു വിവേകാനന്ദന്റെ വാക്കുകൾ.  ‘‘നിരീശ്വരവാദിയെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായേക്കാം. എന്നാൽ, അന്ധവിശ്വാസം നിലനിൽക്കുമ്പോൾ മസ്തിഷ്കം മരിക്കുന്നു. മനസ്സ് മരവിക്കുന്നു. ജീവിതമാകെ അധഃപതിക്കുന്നു.’’-ഇത് പറഞ്ഞത് കാറൽ മാർക്സല്ല. സ്വാമി വിവേകാനന്ദനാണ്. ഇങ്ങനെ മസ്തിഷ്കം മരിച്ച, മനസ്സ് മരവിച്ച, അധഃപതിച്ചവരെ നമുക്ക് ചുറ്റും കാണാം. മതത്തിൽ അഗാധമായ വിശ്വാസം ഉണ്ടായിരുന്നിട്ടും സ്വാമി വിവേകാനന്ദൻ മതത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തു.

? സാംസ്കാരിക ഇടങ്ങൾ ചെറുതാകുന്നതാണോ വർഗീയചിന്തയ്ക്ക് ആക്കം കൂട്ടുന്നത്
അത് ഒരുപരിധിവരെ ശരിയാണ്. വായിക്കുന്നവരെയും അറിവുള്ളവരെയുമെല്ലാം ഭയക്കുന്നവരാണ് പുരോഗമന നിലപാടുകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. അത്തരക്കാർക്കുള്ള മറുപടി കൂടിയാണ് ക പോലുള്ള അക്ഷരോത്സവങ്ങൾ. ഇന്ന് നമ്മുടെ നാട്ടിൽ അക്ഷരോത്സവങ്ങൾ, സാഹിത്യോത്സവങ്ങൾ, പുസ്തകോത്സവങ്ങൾ ഒക്കെ കൂടുതലായി സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചിലരൊക്കെ ചോദിക്കാറുണ്ട്. അതിന് ഒരു മറുപടിയേയുള്ളൂ. ഈ അക്ഷരോത്സവങ്ങൾ അനിവാര്യമാണ്. മതത്തിനെയും വർഗീയതയെയും ആയുധമാക്കി ജനാധിപത്യ സമ്പ്രദായത്തെയും ഭരണഘടനയെ തന്നെയും അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് നേരെയുള്ള ചെറുത്തുനിൽപ്പിന് കരുത്തു പകരാൻ നമുക്ക് കൂടുതൽ അറിവും സംവാദവുമെല്ലാം കൂടിയേ തീരൂ. മാതൃഭൂമിയുടെ സാഹിത്യോത്സവം നടന്ന നാലുദിവസങ്ങളിൽ ചെലവഴിച്ച ആർക്കും ഒരു വർഗീയവാദിയായി അധഃപതിച്ച് മടങ്ങാനാകില്ലെന്നതാണ് എന്റെ ബോധ്യം. മാതൃഭൂമി പോലുള്ള മഹാപ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായാണ് വർഷം തോറും കനകക്കുന്നിൽ ഒരുക്കുന്ന ‘ക’ ഫെസ്റ്റിവലിനെ ഞാൻ കാണുന്നത്.

content highilghts; interview with minister kadakampally surendran