Mathrubhumiസമരം സ്വാതന്ത്ര്യം

സ്വാതന്ത്ര്യപ്പിറവി സ്വപ്നംകണ്ട്  മാതൃഭൂമിക്കുവേണ്ടി പോരടിച്ച രണ്ടു റിപ്പോർട്ടർമാർ തെക്കും വടക്കുമുണ്ടായിരുന്നു. പത്രാധിപരെപ്പോലെ അവരും മുന്നിൽനിന്ന് പടനയിച്ചു. തെക്ക് ചൊവ്വര, വടക്ക് കെ.കെ.  മേനോൻ.

ചൊവ്വര പരമേശ്വരൻ ഒന്നാംഫോറത്തിൽ  പഠിക്കുന്ന കാലത്താണ് കുട്ടികൾ കോട്ടും  തൊപ്പിയും ധരിക്കണമെന്ന നിയമം വന്നത്. പരമേശ്വരൻ തലയിൽ തോർത്തുമുണ്ട്  കെട്ടിയാണ് ക്ലാസിൽവന്നത്. അതോടെ  തലപ്പാവിന്റെ നിബന്ധനപോയി. 1919 ഓഗസ്റ്റ്‌    രണ്ടിന്‌ തിലകദിനം കൊണ്ടാടിയതിന് ഒരാഴ്ച   പരമേശ്വരനെ സ്കൂളധികൃതർ പുറത്തുനിർത്തി.  

വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ  അതിന്റെ മുഴുവൻസമയ പ്രവർത്തകനായ പരമേശ്വരൻ വിവാഹകാലത്താണ് ഒരുകൊല്ലം വീട്ടിൽനിന്നത്. പിന്നീട് ഖദർമുണ്ടുമാത്രം ധരിച്ച് ഒന്നരവർഷം ഇന്ത്യ മുഴുവൻ ചുറ്റിയടിച്ചു.  അപ്പോൾ പേര് ‘ഗാന്ധി പരമേശ്വരൻ’ എന്നായി. തിരിച്ചുവന്ന് പ്രജാമണ്ഡലത്തിന്റെ  പ്രവർത്തകനായി. ഇതിനിടയിൽ പരമേശ്വരൻ ചൊവ്വരയിൽ ഒരു പന്തിഭോജനം നടത്തുന്നുണ്ട്. പിന്നീട് ഒട്ടനവധിമേഖലകളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തി. മലയാളവും ഇംഗ്ലീഷും നന്നായി വഴങ്ങുന്ന പരമേശ്വരൻ ‘മാതൃഭൂമി’ക്ക്  റിപ്പോർട്ടുകൾ നൽകാറുണ്ടായിരുന്നു. അങ്ങനെയാണ് മാതൃഭൂമിയിൽ അദ്ദേഹം ലേഖകനാവുന്നത്.

 അക്കാലത്ത്  സമരപ്പോരാളികളാണ് മാതൃഭൂമിയുടെ  ലേഖകരാവുന്നത്. കോൺഗ്രസ് പ്രവർത്തനത്തിനും ഖാദിപ്രചാരണത്തിനുമാണ്  ടി.പി.സി. കിടാവ് എത്തിയത്.  അച്ചുനിരത്താൻവരെ പഠിച്ച അദ്ദേഹം പിന്നീട് പത്രാധിപസമിതി അംഗമായി. പി.കെ. രാമൻ എന്ന രാംജി ലേഖനം കൊടുക്കാൻ പത്രാധിപർ സി.എച്ച്. കുഞ്ഞപ്പയുടെ മുമ്പിലെത്തി. കണ്ണൂരിലെ ലേഖകനായി പ്രവർത്തിക്കാമോ എന്നായി പത്രാധിപർ. പിൽക്കാലത്ത് കേരളത്തിലെ തന്നെ ആദ്യത്തെ ന്യൂസ് എഡിറ്ററായി അദ്ദേഹം നിയമിതനായി. മഹാത്മജിയെ ഇന്റർവ്യൂ ചെയ്ത് അദ്ദേഹം കൃതാർഥനായി. വി.എം. കൊറാത്ത്  കടലുണ്ടിയിൽനിന്ന് വാർത്തകൾ എഴുതിയയച്ച് മാതൃഭൂമി പ്രൂഫ് സെക്‌ഷനിലെത്തി. എഡിറ്ററുടെ ചുമതല വഹിച്ചാണ് അദ്ദേഹം മാതൃഭൂമിയോട് യാത്രപറയുന്നത്.

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കാനാണ്  എൻ.പി. ദാമോദരൻ വന്നത്. സമരം തീർന്നപ്പോൾ  സബ് എഡിറ്ററായി മാതൃഭൂമിയിലെത്തി. വന്നപാടേ പത്രാധിപർ  ദാമോദരമേനോൻ വിദേശവാർത്തകളുടെ കമ്പികൾകൊടുത്തു പറഞ്ഞു, തുടങ്ങിക്കോളൂ.

ചൊവ്വരയുടെ ഏറ്റവുംപ്രധാന റിപ്പോർട്ട് ജോലി തുടങ്ങിയ കാലത്തുതന്നെ വന്നു. നൂറോളം ഓസ്‌ട്രേല്യൻ പട്ടാളക്കാർ കടകൾ കൈയേറുകയും പെൺകുട്ടികളെ  കടന്നുപിടിക്കുകയും ചെയ്ത മാതൃഭൂമി റിപ്പോർട്ട് പരമേശ്വരന്റേതായിരുന്നു. മാതൃഭൂമിയുടെ   നിരോധനം, ഈ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലായിരുന്നുവെന്നതാണ് സത്യം.  1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയിരുന്ന സമരം റിപ്പോർട്ട്്് ചെയ്യാൻ, ‘സഞ്ചരിക്കുന്ന ലേഖകനായി’  ചൊവ്വരയെ നിയോഗിച്ചു. മാതൃഭൂമിയിലെ ആദ്യത്തെ റോവിങ് റിപ്പോർട്ടറാണ് അദ്ദേഹം. അന്ന് സർ സി.പി.യുടെ രാജവാഴ്ചക്കാലമായിരുന്നു. 

ഗവണ്മെന്റിന് അപകീർത്തികരമായ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിന് 1939 നവംബർ 24-ന്  തിരുവിതാംകൂറിൽ മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും സർ സി.പി. നിരോധിച്ചു. അതേ ആഴ്ചയിലെ ആഴ്ചപ്പതിപ്പ് കണ്ടുകെട്ടാൻ ഉത്തരവിടുകയുംചെയ്തു. അക്കാലത്ത് പരമേശ്വരനെ നിരീക്ഷിക്കാൻ ഒരു സി.ഐ.ഡി.യെ നിയോഗിക്കുന്നുണ്ട്. പക്ഷേ,  അദ്ദേഹം ചൊവ്വരയുടെ ആത്മമിത്രമായി മാറിയത് അധികാരികൾ അറിഞ്ഞില്ല!

  കേരളത്തിലെ പ്രസംഗ പരിഭാഷകരിൽ മികവുറ്റ ആളാണ് ചൊവ്വര.  ജവാഹർലാൽ നെഹ്രു കേരളത്തിലെത്തിയാൽ ചൊവ്വര കൂടെയുണ്ടാവും. പ്രാസംഗികന്റെ വികാരം ഉൾക്കൊണ്ട് ലളിതസുന്ദരമായി പരിഭാഷ നിർവഹിക്കും.

ചൊവ്വര ജയിലിലായിരുന്നപ്പോൾ മാതൃഭൂമി ലേഖകനായി വന്ന ജി.എം. നെന്മേലിയും പിന്തുടർന്നത്‌ പരമേശ്വരന്റെതന്നെ വഴിയാണ്‌. രാജാക്കന്മാരുടെ പേരെഴുതുമ്പോൾ, ‘തിരുമനസുകൊണ്ട്‌’ എന്ന്‌ ചേർത്തെഴുതുന്ന പതിവ്‌ ഇല്ലാതാക്കിയാണ്‌ നെന്മേലിയുടെ രംഗപ്രവേശം.

കട്ടയാട്ട്‌ കരുണാകരമേനോൻ എന്ന കെ.കെ.മേനോൻ കേരളപത്രികയിലും മിതവാദിയിലും പ്രവർത്തിച്ചശേഷമാണ്‌ 1931-ൽ മാതൃഭൂമിയിലെത്തുന്നത്‌. വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങാണ്‌ മേനോന്റെ ശക്തി. ഉപ്പുസത്യാഗ്രഹക്കാലത്തും ക്വിറ്റിന്ത്യാ സമരകാലത്തും കെ.കെ. മേനോൻ എന്ന പത്രപ്രവർത്തകൻ നിർഭയനും ജാഗരൂകനുമാണ്‌. ലക്ഷദ്വീപിലേക്ക്‌ എം.എസ്‌.പി.ക്കാരെ അയക്കുന്നു എന്ന റിപ്പോർട്ട്‌ അദ്ദേഹത്തിന്റെ എക്സ്‌ക്ളൂസീവ്‌ ആയിരുന്നു. ഇതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കളക്ടർ അദ്ദേഹത്തെ വിളിച്ചുവരുത്തി. ഞാനൊരു കളക്ടറാണെന്ന ഓർമവേണമെന്ന്‌ പറഞ്ഞപ്പോൾ, 15 കൊല്ലമായി ഞാനൊരു റിപ്പോർട്ടറാണെന്ന കാര്യം താങ്കളും ഓർമിക്കണമെന്നായിരുന്നു മേനോന്റെ മറുപടി.

ഈ വിധത്തിൽ സ്വന്തം ജീവിതത്തെ പത്രപ്രവർത്തനത്തിനു സമർപ്പിച്ച, ചരിത്രത്തിൽ ഇല്ലാത്ത എത്രയോ പ്രതിഭാശാലികൾ മാതൃഭൂമിക്കുണ്ടായിട്ടുണ്ട്‌. മാതൃഭൂമിയിൽ ജോലിചെയ്തവരേക്കാൾ കൂടുതൽ മാതൃഭൂമിയെ പുറത്തുനിന്ന്‌ സഹായിച്ചവരുണ്ട്‌. പതിമ്മൂന്നുവർഷത്തെ കഠിനതടവ്‌ അനുഭവിച്ചശേഷം എം.പി.നാരായണമേനോൻ, നേരേ വന്നത്‌  മാതൃഭൂമിയിലേക്കാണ്‌. കെ.പി.രാമൻമേനോനും യു. ഗോപാലമേനോനുമൊക്കെ ആ ശ്രേണിയിലുള്ളവരാണ്‌.

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂടേറ്റ്‌ നിൽക്കുമ്പോഴും പത്രപ്രവർത്തനത്തിന്റെ പുതുക്കിപ്പണിയലുകൾ മാതൃഭൂമിയിൽ നിരന്തരം നടന്നിരുന്നു. കാലത്തിനുമുമ്പേ, പത്രത്തിനെ ചലിപ്പിക്കാൻ മാനേജ്‌മെന്റും പത്രാധിപസമിതിയും ഒന്നുപോലെ ശ്രമിച്ചു. നൂതനമായ ആശയങ്ങളുടെ കൂട്ടായ്മയായിരുന്നു ആ കാലം.

1926 ഒക്ടോബർ 14-ന്‌ മാതൃഭൂമി പുറത്തിറക്കിയ ഓണം വിശേഷാൽപ്രതി ആശയത്തിന്റെ നൂതനത്വംകൊണ്ടും ഉള്ളടക്കത്തിന്റെ സാന്ദ്രതകൊണ്ടും ശ്രദ്ധേയമായിരുന്നു. വള്ളത്തോളിന്റെയും കുറ്റിപ്പുറത്തിന്റെയും കവിതകളും പ്രൗഢലേഖനങ്ങളും ഓർമകളും അതിന്‌ നിറംപിടിപ്പിച്ചു. ഓണപ്പതിപ്പിനുപുറമേ വാർഷികപ്പതിപ്പുകളും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ആഴ്ചപ്പതിപ്പ്‌ തുടങ്ങിയതിന്‌ തലേവർഷം മാതൃഭൂമി പുറത്തിറക്കിയ 1931-ലെ വിശേഷാൽപ്രതി ഗാഢമായൊരു പ്രസിദ്ധീകരണമാണ്‌.

വള്ളത്തോൾ മാതൃഭൂമിയുടെ ആസ്ഥാനകവിതന്നെയാണെന്ന്‌ പറയണം. മാതൃഭൂമി 1923-ൽ തുടങ്ങിയപ്പോൾ പ്രസിദ്ധീകരിച്ച ‘എന്റെ ഗുരുനാഥ’നിൽനിന്ന്‌ ആ ബന്ധം തുടങ്ങുകയായി. അധികം വൈകാതെതന്നെ, ‘പോരാപോരാ നാളിൽ നാളിൽ’ എന്ന ദേശാഭിമാന പ്രചോദിതമായ കവിത മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. കേരളം മുഴുവൻ ആ കവിത ഏറ്റുപാടി.

മാതൃഭൂമിയുടെ ഒന്നാമത്‌ ഓണപ്പതിപ്പിലും വാർഷികപ്പതിപ്പിലും ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തിലും സ്വാതന്ത്ര്യത്തിന്റെ രജതജൂബിലിപ്പതിപ്പിലും റോട്ടറിയന്ത്രത്തിന്റെ പ്രത്യേകപ്പതിപ്പിലും സ്വാതന്ത്ര്യദിനപതിപ്പിലുമൊക്കെ വള്ളത്തോളിന്റെ കവിതയുണ്ട്‌. ഊഷ്മളമായ ഈ ബന്ധത്തിനിടയിലും യുദ്ധകാലത്ത്‌ അദ്ദേഹമെഴുതിയ കവിത തിരിച്ചയച്ചിട്ടുണ്ട്‌. 

വാർത്തകൾ കൃത്യമായി എത്തിക്കുന്നതിനുവേണ്ടി, 1930 സപ്തംബർ രണ്ടിന്‌ മാതൃഭൂമി അസോസിയേറ്റ്‌ പ്രസിന്റെ വാർത്താ സർവീസ്‌ ഏർപ്പെടുത്തുകയുണ്ടായി. കേരളത്തിൽ ആദ്യത്തെ വാർത്താ സർവീസ്‌ ഏർപ്പെടുത്തുന്നതും മാതൃഭൂമിയാണ്‌.

ഏതാണ്ട്‌ അതേകാലത്താണ്‌ മാതൃഭൂമി ഒന്നാമത്തെ ന്യൂസ്‌ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും. 1932 ഒക്ടോബർ രണ്ടിന്‌ ഉപ്പുനിയമം ലംഘിച്ച്‌, മാതൃഭൂമി ഓഫീസിന്റെ മുന്നിൽനിന്ന്‌ കോഴിപ്പുറത്ത്‌ മാധവമേനോൻ ഗാന്ധിച്ചിത്രവുമായി ഘോഷയാത്ര നടത്തുന്ന ചിത്രമാണ്‌ മാതൃഭൂമി പ്രസിദ്ധീകരിച്ചത്‌.

മലയാള പത്രലോകത്തിലെ ആദ്യ വിദേശകാര്യപംക്തിയായിരുന്നു സി.ബി. കുമാറിന്റെ ലണ്ടൻ കത്തുകൾ. 1937 വരെ കുമാറിന്റെ ‘ഞങ്ങളുടെ ലണ്ടൻ കത്ത്‌’ എന്ന പംക്തി തുടർന്നു. കുമാറാണ്‌ മാതൃഭൂമിക്കുവേണ്ടി എച്ച്‌.ജി. വെൽസിനെയും ലാൻസ്‌ബറിയെയും ബർട്രന്റ്‌ റസ്സലിനെയും ഇന്റർവ്യൂചെയ്തത്‌. പിൽക്കാലത്ത്‌ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ്‌ (1938 ആഗസ്ത്‌ 30 മുതൽ) ലണ്ടനിൽ മാതൃഭൂമിയുടെ ലേഖകനായത്‌.

1923 മുതൽ ‘47 വരെയുള്ള കാലം മാതൃഭൂമിയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും  ചരിത്രമാണ്‌. സ്വാതന്ത്ര്യത്തിനുശേഷം മാതൃഭൂമിയുടെ യാത്ര കേരളത്തിനും ഭാരതത്തിനും ഒപ്പമായിരുന്നു. മാതൃഭൂമിയുടെ ജനനം മുതൽ അനുഭവിച്ച യാതനകൾക്കും എതിർപ്പുകൾക്കും നിയമനടപടികൾക്കും നിരോധനത്തിനുമൊക്കെ 1947 ആഗസ്ത്‌ 15-ന്‌ സമാപ്തിയായില്ല. പോരാട്ടം പിന്നെയും തുടർന്നു മാതൃഭൂമി.

ആഗസ്ത്‌ 15-ന്‌ മാതൃഭൂമി പ്രത്യേക സ്വാതന്ത്ര്യദിനപ്പതിപ്പ്‌ പുറത്തിറക്കി. പത്രത്തിന്റെ ഇയർപാനലിൽ വള്ളത്തോളിന്റെ കവിതയുണ്ട്‌.
‘ആഗമിച്ചിട്ടില്ലൊരീദൃശപ്പൊന്നുഷ-
സ്സായിരമാണ്ടുകൾക്കിപ്പുറമിന്ത്യയിൽ’

സ്വാതന്ത്ര്യസൂര്യന്റെ പശ്ചാത്തലത്തിൽ ദേശീയപതാകയേന്തിയ ഭാരതാംബയുടെ രണ്ടുകോളം രേഖാചിത്രം ഒന്നാംപേജിലുണ്ട്‌.

നെഹ്രു, മൗലാന, സർദാർപട്ടേൽ, രാജേന്ദ്രപ്രസാദ്‌ എന്നിവരുടെ ആശംസകളോടെ ശ്രദ്ധേയമായ ഒന്നാംപേജിൽ വലിയൊരു തലവാചകമുണ്ട്‌: ‘സ്വാതന്ത്ര്യം ഒരവകാശവും ഉത്തരവാദിത്വവും കൂടിയാണ്‌’. ശ്രീ അരവിന്ദന്റെയും പട്ടാഭി സീതാരാമയുടെയും ലേഖനങ്ങളും ദേശീയ പതാകയുടെ ചരിത്രവും സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യഘട്ടങ്ങളുടെ വിവരണങ്ങളുമുണ്ട്‌. പത്രത്തിന്റെ ഒരൊറ്റവരിയിൽപ്പോലും മാതൃഭൂമി വിമോചനപ്പോരാട്ടത്തിൽ ചൊരിഞ്ഞ ചോരയുടെയും വിയർപ്പിന്റെയും അവകാശവാദമില്ല!

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മാതൃഭൂമിയുടെ മുഖപ്രസംഗം വിമോചനത്തിന്റെ പ്രഭാതത്തെ ആശ്ലേഷിക്കുന്നതുമാത്രമായിരുന്നില്ല. വരാൻപോകുന്ന പരിവർത്തനത്തിന്റെ മുന്നറിവുകൾ മാതൃഭൂമി വായനക്കാർക്കു നൽകി: ‘‘നമുക്ക്‌ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം കേവലം രാഷ്ട്രീയമായ പദവി മാത്രമല്ല. വെള്ളക്കാർക്കുപകരം ഇനി നാട്ടുകാരുടെ ഭരണമായിരിക്കും ഇവിടെ നടക്കുക എന്നതുനേരാണ്‌. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി ഇതുകൊണ്ട്‌ അവസാനിക്കുന്നില്ല; അവസാനിച്ചും കൂടാ. ഇന്ത്യയുടെ മൂകലക്ഷങ്ങൾക്ക്‌ സർവതോമുഖമായ അഭിവൃദ്ധിയും ക്ഷേമവും ഉണ്ടാക്കുവാൻ സ്വാതന്ത്ര്യം പ്രയോജനപ്പെടുന്നില്ലെങ്കിൽ അതുകൊണ്ടുള്ള അനുഗ്രഹം നാമമാത്രമത്രേ’’. ലോകവന്ദ്യനായ മഹാത്മാവിനെ കൃതജ്ഞതാപൂർവം സ്മരിച്ചുകൊണ്ട്‌ ആരംഭിക്കുന്ന മുഖപ്രസംഗത്തിലെ ഈ ഉത്‌കണ്ഠയാണ്‌ വർത്തമാനകാലത്തിന്റെ ദുഃഖം. പുഴകളേക്കാളും പട്ടണങ്ങളേക്കാളും വേഗത്തിലാണ്‌ ജനാധിപത്യം മലിനമായത്‌.

(അവസാനിച്ചു)