മനുഷ്യനായി പിറക്കുന്നതുകൊണ്ട്‌ കിട്ടാവുന്ന രണ്ട്‌ മഹാഭാഗ്യങ്ങളാണ്‌ നല്ല അച്ഛനമ്മമാരും നല്ല ഗുരുനാഥന്മാരും. ഇതിൽ ആദ്യത്തേതിന്‌ മതിയായ തികവില്ലാത്തതിന്റെ കുറവുപോലും രണ്ടാമത്തേതിന്‌ നികത്താനാവുമെന്നതിനാൽ ഏറ്റവും വലിയ ഭാഗ്യം ഏതെന്നതിൽ സംശയവുമില്ല.

ഇതുകൊണ്ടാണ്‌, ഒരു ഐ.ജി. ഭാസ്കരപ്പണിക്കർ എന്നേക്കുമായി യാത്രപറയുമ്പോൾ മാനുഷ്യകത്തിൽ ശൂന്യതയുടെ ഗർത്തമുണ്ടാകുന്നത്‌.

പൊലിയുന്നത്ര നക്ഷത്രങ്ങൾ ജനിക്കുന്നുമുണ്ടെങ്കിൽ ആകാശത്തൊരു വിടവ്‌ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇല്ല, ജനിക്കുന്നില്ല. മഹാഗുരുനാഥരുടെ തലമുറയ്ക്ക്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ മഹാദുരന്തം തിരിച്ചറിയപ്പെടുന്നുപോലുമില്ലതാനും.

ഞാൻ പിറന്ന ജീവിതസാഹചര്യങ്ങൾ വേറെയായിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നുവെന്ന ചിന്ത നിരർഥകമാണ്‌.  കാരണം, ആ ചോദ്യത്തിനുള്ള ഉത്തരം അജ്ഞേയമാണ്‌. പക്ഷേ, ഐ.ജി. ബി.യെപ്പോലെ ഒരാൾകൂടി എന്റെ ഗുരുനാഥനിരയിൽ ഇല്ലായിരുന്നെങ്കിൽ എനിക്ക്‌ നഷ്ടപ്പെടുന്നതെന്തായിരുന്നുവെന്ന്‌ തിട്ടപ്പെടുത്താനാവും. എനിക്കുണ്ടായിക്കിട്ടിയ വ്യക്തിത്വം അഥവാ സ്വത്വം മുഴുവനായും എന്നാണ്‌ ഉത്തരം.

പഠിപ്പിച്ചത്‌ പ്രാപഞ്ചിക ഗണിതംപോലുമല്ല, ഉപരിഗണിതം. ഇതിന്റെകൂടെ പകർന്നുകിട്ടിയത്‌ അനന്യമായ ലോകവീക്ഷണം. സമത്വത്തിന്റെ, തൻകാര്യം  മുൻകാര്യമല്ലായ്മയുടെ, ക്ഷമയുടെ, സഹനത്തിന്റെ, കർമധീരതയുടെ, സമൂഹബോധത്തിന്റെ, നിർഭീകതയുടെ വീക്ഷണം. ഈ ദർശനത്തിൽ എങ്ങനെ നിലനിൽക്കാമെന്നതിന്റെ പ്രത്യക്ഷനിദർശനം. ഇതിൽ തിയറിയില്ല, പ്രയോഗമായിരുന്നു പാഠം. കാഴ്ചയിൽ ശരാശരിയേക്കാൾ ചെറിയ ഒരാൾക്ക്‌ ജീവിതത്തിൽ എത്ര വലുതാകാമെന്നുകൂടി തെളിയിക്കുന്ന ജന്മം.

കണക്കിനെങ്ങനെ കവിതയാകാൻ കഴിയുമെന്നും കവിതയ്ക്കെങ്ങനെ ജീവിതക്കണക്കുകൾ ശരിയായി നിലവിൽവരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുപിന്നിലെ ചാലകശക്തിയാകാമെന്നും ഒരു വാടാപ്പുഞ്ചിരിയുടെ വെളിച്ചത്തിൽ നിർധാരണം ചെയ്തുതന്നു അദ്ദേഹം.

കോളേജിലെ നാലുവർഷങ്ങളിൽ മാത്രമല്ലായിരുന്നു ഈ ശിക്ഷണം. തന്റെ അവസാനനാൾവരെ അദ്ദേഹം എന്നെ നിരീക്ഷിക്കുകയും ഗതിയറിഞ്ഞ്‌ വേണ്ടിവന്നപ്പോഴെല്ലാം തിരുത്തലുകൾ തരികയുംചെയ്തു. ഗുരുനാഥൻ പലരുണ്ടായെങ്കിലും ഇതുചെയ്തവർ വിരലിലെണ്ണാവുന്നവരേയുള്ളൂ.

ശാസ്ത്രാഭിമുഖമേ ആകാവൂ എന്റെ ഗതിയെന്ന്‌ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നതായിരുന്നു ആ ഇടപെടലുകൾ. ഞാൻ എവിടെയൊക്കെ, എന്തൊക്കെ എഴുതിയിട്ടുണ്ടോ, അതത്രയും ഒന്നും വിടാതെ വായിച്ച ഒരാളേ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട്ട്‌ എവിടെയെങ്കിലും ഏതെങ്കിലും വേദിയിൽ ഞാൻ രണ്ടുവാക്ക്‌ പറയുന്നേടത്തെല്ലാമെത്തി മുൻനിരയിൽ ശ്രദ്ധാപൂർവം ഇരുന്നു. താൻ വിളയിച്ച വയലിന്റെ കരയിലിരിക്കുന്ന കൃഷിക്കാരന്റെ അവകാശബോധത്തോടെയല്ല, ആ വിളയുടെ തികവിന്‌ ഇനിയും വല്ലതും ചെയ്യാനുണ്ടോ എന്ന വ്യഗ്രതയോടെ. നൽകിയസ്നേഹവും  വാത്സല്യവും സേവനവും ചെയ്തശുശ്രൂഷയും ഒന്നും പോരാഞ്ഞാണോ ഈ ജാഗരൂകത.

ഈ വലിയ കടം എങ്ങനെ വീട്ടുമെന്ന അങ്കലാപ്പ്‌ എനിക്കെന്നും ഒരു ഓർമപ്പെടുത്തലാണാവുന്നത്‌: ഒന്നാം പാഠം മറക്കാതിരിക്കുക; അടുത്ത തലമുറയ്ക്ക്‌ അത്‌ പകർന്നുകൊടുക്കുക, എന്തിനെയും ഏതിനെയും ശാസ്ത്രീയമായിമാത്രം സമീപിക്കുക എന്നതാണ്‌ ആ പാഠം. മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നാലും അഥവാ ഇടത്തോട്ടോ വലത്തോട്ടോ പോകേണ്ടിവന്നാൽത്തന്നെയും കുഴപ്പമില്ല; ഒരിക്കലും ഒരടിപോലും പിന്നോട്ടുനീങ്ങരുത്‌.

പെരുത്ത കുറ്റബോധത്തോടെ എന്റെ മനസ്സിലിപ്പോൾ മുൻ നിൽക്കുന്ന കാര്യം പൊതുജീവിതത്തിൽ നമുക്കുപറ്റിയ അശാസ്ത്രീയമായ ഒരു വ്യതിയാനമാണ്‌. ജീവിതത്തിന്റെ മിക്ക തുറകളിലും പ്രവർത്തിക്കുന്നവരെ ആദരിച്ചംഗീകരിച്ച്‌ മാതൃകകളായിക്കാണിക്കാൻ നാം ശ്രമിക്കുമ്പോഴും ഗുരുനാഥരെ വിസ്മരിക്കുന്നു. ഇവരെ ഇനിയുള്ള കാലത്തെ ഗുരുനാഥർക്കെങ്കിലും മാതൃകകളായി കാണിച്ചുകൊടുക്കാൻ ഒന്നും ചെയ്യുന്നില്ല. പ്രാദേശിക, ദേശീയ തലങ്ങളിൽ ‘ടീച്ചേഴ്‌സ്‌ ഗാലറികൾ’ തുടങ്ങാവുന്നതല്ലേ? 365-ൽ ഒന്നുമാത്രമായ ഒരു അധ്യാപകദിനംകൊണ്ട്‌ എല്ലാമായോ.

ഈ നാട്ടിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരം എന്തുകൊണ്ട്‌ അധ്യാപകർക്കായിക്കൂടാ? ഗുരുത്വമിെല്ലങ്കിൽ മറ്റെന്തുണ്ടായിട്ടും ഒരു കാര്യവുമില്ലല്ലോ.