തൊണ്ണൂറുകളിൽ കോഴിക്കോട് സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സെമിനാറിലാണ് ഗെയ്‌ൽ ഒാംവെറ്റിനെ ഞാൻ ആദ്യം നേരിട്ടുകാണുന്നത്. അവരുടെ രചനകളും ചിന്തകളും അതിനുമുമ്പേ അറിയാം. അന്ന് ഞാൻ അവതരിപ്പിച്ച പ്രബന്ധത്തിലെ ചില കാര്യങ്ങൾ ഗെയ്‌ൽ വിമർശിച്ചു. ഇന്ത്യയിൽ സാമ്പത്തികകാര്യങ്ങൾ നിർണയിക്കുന്നത് സാമൂഹിക ഘടകങ്ങളാണെന്ന നിലപാടിലൂന്നിയാണ് ഗെയ്ൽ സംസാരിച്ചത്. അത് ശരിയായിരുന്നു. ഗെയ്‌ലിന്റെ തിരുത്തൽ ഞാൻ ആഹ്ളാദത്തോടെയാണ് ഉൾക്കൊണ്ടത്.

വ്യത്യസ്തമായ സാമൂഹിക പ്രതിബദ്ധത

ജാതി, ബ്രാഹ്മണിസം, ആണധികാരം എന്നിവയ്ക്കെതിരേയുള്ള ചിന്താപദ്ധതിയാണ് ഗെയ്ൽ എന്നും ഉയർത്തിപ്പിടിച്ചത്. ഫൂലേ ദമ്പതിമാരുടെയും അംബേദ്കറിന്റെയും ആശയങ്ങളിൽ അധിഷ്ഠിതമായുള്ള ദർശനമാണിത്. സാമൂഹികപ്രക്രിയ നിരന്തരമാണെന്ന് ആധുനിക ചരിത്രശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഹെഗൽ പറയുന്നുണ്ട്. ഇതിനെയാണ് തൊഴിലാളികളുടെ സർവാധിപത്യം വരുന്നതുവരെ ചരിത്രത്തിന്റെ തുടർച്ചയുണ്ടാവുമെന്ന് മാർക്സ് പുതുക്കുകയും വികസിപ്പിക്കുകയും ചെയ്തത്. ഗെയ്ൽ ഇതിനെ അവതരിപ്പിച്ചത് കീഴാളരുടെ ആധിപത്യം വരുന്നതുവരെയായിരിക്കും സാമൂഹികപ്രക്രിയ തുടരുക എന്ന നിലയ്ക്കാണ്. സാധാരണ അക്കാദമിക് പണ്ഡിതരിൽനിന്ന്‌ ഗെയ്‌ലിനെ വ്യത്യസ്തയാക്കുന്നത് അവരുടെ സാമൂഹിക പ്രതിബദ്ധതയാണ്.

കീഴാളപഠനങ്ങൾക്ക് ദിശാബോധം നൽകിയ വ്യക്തിത്വം

കൂടുതൽ കീഴാളപഠനങ്ങൾ കൊണ്ടുവന്നു എന്നതല്ല ഗെയ്‌ലിന്റെ പ്രസക്തി. കീഴാളപഠനങ്ങളെ വിപ്ലവോന്മുഖമാക്കിയെന്നതും അവയ്ക്ക് ദിശാബോധം നൽകിയെന്നതുമാണ് ഗെയ്‌ലിന്റെ സുപ്രധാനമായ സംഭാവന. കീഴാളപഠനങ്ങൾ കേന്ദ്രീകരിച്ചുള്ള മുഖ്യധാരാപഠനങ്ങൾക്ക് രൂപംനൽകി എന്നതും ഗെയ്‌ലിനെ അടയാളപ്പെടുത്തുന്നുണ്ട്. ‘Reinventing Revolution: New Social Movements and the Socialist Tradition in India’ എന്ന പുസ്തകം ഗെയ്ൽ എഴുതിയത് 1993-ലാണ്. വിപ്ലവങ്ങൾ വീണ്ടെടുക്കണമെന്ന ഗെയ്‌ലിന്റെ കാഴ്ചപ്പാട് മൗലികവും ചലനാത്മകവുമായിരുന്നു. ചാർവാകദർശനംപോലുള്ള ബൗദ്ധികപാരമ്പര്യങ്ങൾ അധീശവർഗം എക്കാലവും തമസ്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇവ വീണ്ടെടുക്കുന്നത് ദളിത് മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ഗെയ്ൽ ചൂണ്ടിക്കാട്ടിയത് കൃത്യമായൊരു ദർശനത്തിന്റെ പിൻബലത്തിലായിരുന്നു.

1980-കളിൽ ഇന്ത്യയിൽ ഉയർന്നുവന്ന ദളിത് രാഷ്ട്രീയത്തിന് അടിത്തറതീർക്കുന്നതിൽ ഗെയ്‌ലിന്റെ രചനകളും ചിന്തകളും വഹിച്ച പങ്ക് നിർണായകമാണ്. അംേബദ്കറുടെ ആശയങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ടാണ് ഗെയ്ൽ ഈ ഇടപെടലുകൾ നടത്തിയത്. അധികാരത്തെ ചോദ്യംചെയ്യുകയാണ് ശരിക്കുള്ള രാഷ്ട്രീയം. ഈ രാഷ്ട്രീയമാണ് ഗെയ്ൽ മുന്നോട്ടുവെച്ചത്. ഈ രാഷ്ട്രീയമാണ് ഇന്ത്യയിലെ കാമ്പസുകളിൽ പുതിയ ചാലകശക്തിയായത്. ശ്രേണിബദ്ധതയെ തകർക്കുന്ന രാഷ്ട്രീയമാണിത്.

വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമാവാം. പക്ഷേ, നിയമനിർമാണസഭകളിലേക്ക് വരേണ്ടത് സംവരണത്തിലൂടെയല്ല; രാഷ്ട്രീയത്തിലൂടെത്തന്നെയാണ് ഇവയിലേക്ക് കീഴാളർ വരേണ്ടത്. സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വരുമ്പോൾ ദാസ്യമനോഭാവമുള്ളവരാണ്‌ ഉണ്ടാവുന്നത്.  പങ്കാളിത്തവും പ്രാതിനിധ്യവും ദളിതരുടെ നിശ്ശബ്ദതയ്ക്കുള്ള പ്രതിഫലമാണ് . ദളിതർക്ക് ഭൂമി നിഷേധിക്കപ്പെടുന്നതിനെക്കറിച്ച്, ദളിത്‌സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് നിശ്ശബ്ദത പുലർത്തുന്നതിനുള്ള പ്രതിഫലം. ഈ രാഷ്ട്രീയമല്ല, ചോദ്യംചെയ്യുന്ന രാഷ്ട്രീയമാണ് ദളിതരെ വിമോചിപ്പിക്കുക എന്ന് ഗെയ്ൽ സംശയരഹിതമായി പറഞ്ഞുവെച്ചു. കൈചൂണ്ടുന്ന നിലയിലാണ് നമുക്ക് പരിചയമുള്ള അംേബദ്കർ പ്രതിമകൾ. അധികാരം പിടിച്ചെടുക്കൂ എന്നാണ് ആ വിരൽചൂണ്ടലിന്റെ അർഥം. ഇതിനുള്ള പരീക്ഷണമാണ് വേണ്ടത്. ഈ പരീക്ഷണം ചിലപ്പോൾ പരാജയപ്പെടാം. പക്ഷേ, പരാജയപ്പെടുമെന്നതുകൊണ്ട് ഈ പരീക്ഷണങ്ങൾ വേണ്ടെന്നുവെക്കരുത്. ഗെയ്ൽ മുന്നോട്ടുവെച്ച നിലപാട് ഇതായിരുന്നു.

ഹിംസയിലൂന്നാത്ത വിപ്ളവം

കമ്പോളനിയന്ത്രിതമായ സാമ്പത്തികരംഗം, ജാതിനിയന്ത്രിതമായ രാഷ്ട്രീയമേഖല ഈ ശ്രേണിബദ്ധതയ്ക്കെതിരേയാണ് ഗെയ്ൽ നിലയുറപ്പിച്ചത്. രോഹിത് വെമുലയെപ്പോലുള്ളവർ ഇന്ത്യൻ കാമ്പസുകളെ പ്രോജ്ജ്വലിപ്പിച്ചത് ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ്. അമിതാധികാരം കൈയാളുന്ന ഏകാധിപതികളല്ല, അടിച്ചമർത്തപ്പെടുന്നവരാണ് സമൂഹത്തിൽ മാറ്റംകൊണ്ടുവരുക. ഹിംസയിലൂന്നിയുള്ള വിപ്ലവമല്ല ഇത്. വിചാര-വിശ്വാസ-മൂല്യ തലങ്ങളിൽ നടക്കുന്ന വിപ്ലവമാണിത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടക്കുന്ന വിപ്ലവം. ഒരു ലോക്കൽ കോളിന്റെ കാശിന് ഇന്ത്യയിലെവിടെയും വിളിക്കാമെന്നത് സായുധവിപ്ലവമല്ല, സാങ്കേതികവിദ്യയാണ് സാധ്യമാക്കിയത്. അവകാശം, സ്വാതന്ത്ര്യം, അവസരം ഈ മൂന്നുകാര്യങ്ങളാണ് കീഴാളർക്കാവശ്യം. ഇവയിലൂടെയാണ് സംരംഭകത്വം, സ്കോളർഷിപ്പ്, ഓണർഷിപ്പ്  എന്നിവ സ്വായത്തമാക്കാനാവുക. ഗെയ്ൽ നിരന്തരം പങ്കുവെച്ച ഈ ചിന്തകളാണ് ദളിത് രാഷ്ട്രീയത്തിന് പുതിയ വെളിച്ചവും പുതിയ ഊർജവും നൽകിയത്.

( സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ ലേഖകൻ തുൽജാപ്പുരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ സാമ്പത്തികശാസ്ത്ര അധ്യാപകനാണ്‌.) 

തയ്യാറാക്കിയത്: കെ.എ. ജോണി