നസമൂഹത്തെ സമഗ്രവും സൂക്ഷ്മവുമായി പഠിക്കുന്ന വിഷയമാണ്‌ ഫോക്‌ലോർ അഥവാ നാടോടിവിജ്ഞാനീയം. ഒരു വിഷയത്തെ ലോകമെങ്ങുമുള്ളവർ കരുതലോടെയും കരുണയോടെയും എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ്‌ ലോക ഫോക്‌ലോർ ദിനത്തിന്റെ വൈജ്ഞാനിക സവിശേഷത. 

ഏറെ വ്യാപ്തിയുള്ള പദമാണ്‌ ഫോക്‌ലോർ. പടയണി എന്ന നാടോടി കലാരൂപം ഫോക്‌ലോറാണ്‌. അതിനെക്കുറിച്ചുള്ള പഠനവും ഫോക്‌ലോറാണ്‌. ‘ഫോക്‌ലോർ’ എന്ന വാക്ക്‌ ഒരേസമയം വിഷയത്തെയും വസ്തുതയെയും സൂചിപ്പിക്കുന്നുവെന്നർഥം. ഫോക്‌ എന്നതിന്‌ നാടോടി, ഗ്രാമീണൻ, കൃഷിവലൻ തുടങ്ങിയ പഴയ അർഥങ്ങളെല്ലാം പോയി. ഒരു സമാനതയെങ്കിലും പൊതുവായി പങ്കുവയ്ക്കുന്ന ഒന്നിൽക്കൂടുതൽ അംഗങ്ങളുള്ള ഒരു കൂട്ടത്തെ അഥവാ ജനസമൂഹത്തെയാണ്‌ ഫോക്‌ എന്നതുകൊണ്ട്‌ ഈ വിഷയം ഇന്ന്‌ അർഥമാക്കുന്നത്‌.

ഇത്തരം പറ്റങ്ങളുടെ മനസ്സിന്റെ പ്രകടനമാണ്‌ അവരുടെ ഫോക്‌ലോറുകൾ. ഫോക്‌ലോറുകളെക്കുറിച്ചുള്ള പഠനം ഫോക്കിനെ അഥവാ ചെറിയ ചെറിയ ജനസംഘത്തെക്കുറിച്ചുള്ള സക്രിയമായ പഠനമായിത്തീർന്നിട്ടുണ്ട്‌. ഇതൊരു വലിയ മാറ്റമാണ്‌. ജനതയെ പുറത്തുനിന്ന്‌ നോക്കുന്നതിനു പകരം അവരുടെതന്നെ ആവിഷ്കാരങ്ങളിലൂടെ സത്യസന്ധതയോടെയും യാഥാർഥ്യബോധത്തോടെയും തിരിച്ചറിയുക എന്ന സമീപനം.

നാട്ടറിവുകൾ ഉൾക്കൊണ്ട വൈജ്ഞാനികലോകം

അതിബൃഹത്തായ വൈജ്ഞാനിക മണ്ഡലമാണ്‌ ഫോക്‌ലോറിന്റെത്‌. ഫോക്‌ലോർ എന്നത്‌ ജനജീവിതം (Folk life) തന്നെയായതിനാൽ അതുമായി ബന്ധമുള്ള എല്ലാം ഫോക്‌ലോർ പഠനവിഷയത്തിന്റെ പരിധിയിൽവരുന്നു. നാടോടി വാമൊഴിവഴക്കം (നാടൻപാട്ട്‌, കഥാഗാനം, നാടോടിക്കഥ, ഐതിഹ്യം, പുരാവൃത്തം), നാടോടി പ്രകടനകല (നാടോടി നാടകം, നാടോടി നൃത്തം തുടങ്ങിയവ), നാടൻ ഭൗതിക സംസ്കാരം (കാർഷികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, നാടൻവാസ്തുവിദ്യ, നാടൻ കരവിരുത്‌ തുടങ്ങിയവ), ആചാരാനുഷ്ഠാന വിശ്വാസങ്ങൾ (നാട്ടറിവുകൾ, ആഘോഷങ്ങൾ, മാന്ത്രികകർമങ്ങൾ, മരണാനന്തരച്ചടങ്ങ്‌, നാടോടി വൈദ്യം, നാടോടിക്കളികൾ, നാട്ടുഭക്ഷണം തുടങ്ങിയവ) എന്നീ നാലു വിഭാഗങ്ങളിലായി ഫോക്‌ലോർ വസ്തുതകൾതന്നെ മഹാവിസ്തൃതി കൈവരിക്കുന്നു. മറ്റെല്ലാ ജ്ഞാനവിഷയത്തിന്റെയും അടിവേര്‌ വാസ്തവത്തിൽ ആഴ്ന്നിരിക്കുന്നത്‌ ഫോക്‌ലോർ എന്ന വിഷയത്തിന്റെ പരിധിയിൽവരുന്ന നാട്ടുഭൂഖണ്ഡത്തിലാണ്‌.

ആധുനിക കൃഷിശാസ്ത്രത്തിന്റെ നാഭീനാളബന്ധം നമുക്കു കാണാൻ കഴിയുന്നത്‌ വ്യത്യസ്ത മനുഷ്യസമൂഹം രൂപപ്പെടുത്തിയ പാരമ്പര്യ-നാടോടി കൃഷിവിജ്ഞാനത്തിലാണ്‌. വയലറിവുകളും കാടറിവുകളും കടലറിവുകളും ഉൾപ്പെടുന്ന നാട്ടറിവുകൾ പല വൈജ്ഞാനിക മേഖലയുടെയും ചരിത്രപരമായ വഴിയിലേക്കും പൊരുളിലേക്കും നമ്മെ നയിക്കുന്നു. ഇവ്വിധം സസ്യ
ശാസ്ത്രം, ചരിത്രം, സാഹിത്യം, സാമൂഹ്യശാസ്ത്രം തുടങ്ങി ഏറ്റവും പുതിയ വിജ്ഞാനശാഖകൾ പാരമ്പര്യാർജിത ജ്ഞാനവ്യവസ്ഥയുടെ ഊർജം ഉൾക്കൊള്ളുമ്പോൾ മാത്രമേ അവ ആധുനിക പദവിയിലേക്ക്‌ ഉയരുന്നുള്ളൂ (പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലോ മുന്നോട്ടു പായുന്നിതാളുകൾ എന്ന്‌ കുഞ്ഞുണ്ണി മാഷ്‌).

പാരമ്പര്യമായ അറിവും അക്കാദമികമായ അറിവും തമ്മിലുള്ള അന്യവത്‌കരണം വലിയതോതിൽ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യം മാറേണ്ടതുണ്ട്‌. അതിന്‌ ആധുനിക വിജ്ഞാനമേഖലകളെല്ലാം പാരമ്പര്യ വിജ്ഞാനത്തെയും അവ സംവഹിക്കുന്ന ജനതയെയും ഉൾക്കൊള്ളുന്ന ഫോക്‌ലോർ എന്ന വിഷയവുമായ ജാഗ്രതയുള്ള ബന്ധം സ്ഥാപിക്കേണ്ടത്‌ അനിവാര്യമാണ്‌. അതോടൊപ്പം പാരമ്പര്യജ്ഞാനത്തിന്റെ നേരവകാശികൾ ആര്‌ എന്ന ചോദ്യവും പാരമ്പര്യജനത സ്വന്തം പരിസരത്തിൽനിന്നെന്നപോലെ ബൗദ്ധികസ്വത്തവകാശത്തിൽനിന്ന്‌ മാറ്റിനിർത്തപ്പെടുന്ന പ്രശ്നവും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. 

ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഓരോ ജനതയ്ക്കും അവരവരുടേതായ അവബോധവും അതിൽനിന്നു രൂപപ്പെടുന്ന പാഠങ്ങളുമുണ്ടാവും. ഏറ്റവും ജനാധിപത്യബോധത്തോടെ അവയെ പരിഗണിക്കുക എന്നതാണ്‌ ഈ വിഷയത്തിന്റെ ജ്ഞാനസവിശേഷത. ആഗോളവത്‌കരണവും നവകോളനിവത്‌കരണവും ഓരോ ചെറിയ സംസ്കാരത്തെയും അലിയിച്ച്‌ ഒറ്റസംസ്കാരത്തിലേക്കും ഒറ്റഘടനയിലേക്കും കൊണ്ടുവരിക എന്ന പ്രത്യയശാസ്ത്ര പ്രവർത്തനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ ആശയലോകത്തോട്‌ ഇടഞ്ഞുനിൽക്കുകയും അതോടൊപ്പം ആത്മബോധവും ആത്മവിശ്വാസവുമുള്ള ജനതയായി നിൽക്കാനുള്ള കരുത്തുപകരുകയും ചെയ്യുന്നു, ഫോക്‌ലോർ പഠനവും അന്വേഷണവും.

വിയോജിപ്പുകളെ വിശ്വാസവഞ്ചനയായിക്കാണുകയും നാനാത്വത്തെ നിരസിക്കുകയും ചെയ്യുന്ന കലാസന്ദർഭത്തിൽ അതിനെ ബഹുസ്വരതയുടെ ആശയപരിസരംകൊണ്ട്‌ ചെറുക്കുന്ന വിഷയമാണിത്‌. ഓരോ പ്രാദേശികസമൂഹവും പങ്കുവയ്ക്കുന്ന സംസ്കാരസവിശേഷതകളെ സൂക്ഷ്മമായി അപഗ്രഥിച്ച്‌ അടയാളപ്പെടുത്തുന്നു. അനുഭവവൈവിധ്യങ്ങളെ അക്കാദമികമായി അഭിസംബോധന ചെയ്യുകയും ജനതയ്ക്ക്‌ അവരുടെ ജീവിതാവിഷ്കാരങ്ങളോടുള്ള ജൈവബന്ധത്തെ തിരിച്ചറിയുകയും പരിഗണിക്കുകയും ചെയ്യുന്നു. ഫോക്‌ലോർ പ്രതിലോമപരമായ സാർവലൗകികസ്വത്വത്തിനു പകരം പ്രതിരോധാത്മകമായ പ്രാദേശികസ്വത്വത്തെ മുറുകെപ്പിടിക്കുന്നു. പുനുരുത്ഥാനപരമായ ദേശീയസ്വത്വത്തിനു പകരം പ്രവർത്തനോന്മുഖമായ പ്രാദേശികസ്വത്വത്തെ ജ്വലിപ്പിച്ചെടുക്കുന്നു. ആ മട്ടിൽ ഒരു പ്രതിപ്രത്യയശാസ്ത്രമാണ്  ഈ വിഷയത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി. 

(കാലിക്കറ്റ്‌ സർവകലാശാലയിലെ ഫോക്‌ലോർ പഠനവിഭാഗം മുൻ വകുപ്പധ്യക്ഷനാണ്‌ ലേഖകൻ)