സിനിമയുടെ കഥ വിശദമായി കേൾക്കണമെന്ന്‌ നിർബന്ധമുള്ളയാളായിരുന്നു ബിച്ചു. കഥാപാത്രങ്ങളുടെ പേരുകളും അറിയണം. പാട്ടെഴുത്തിൽ ഇതെല്ലാം വരും. എന്റെ രണ്ട്‌ സൂപ്പർഹിറ്റ് സിനിമകളുടെ പേരുണ്ടായത് ബിച്ചുവിന്റെ വരികളിൽനിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും. 
‘മിഴിയോരം നനഞ്ഞൊഴുകും 
മുകിൽ മാലകളോ നിഴലോ
മഞ്ഞിൽവിരിഞ്ഞ പൂവേ 
പറയൂ നീ ഇളംപൂവേ...’
എന്ന് ബിച്ചു എഴുതിയപ്പോൾ സിനിമയ്ക്കുള്ള പേരും അതിൽനിന്നുകിട്ടി. 
‘പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ 
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ 
നിലവറ മൈന മയങ്ങി...’
എന്ന വരികളിൽനിന്നാണ് മണിച്ചിത്രത്താഴ് എന്ന സിനിമാപ്പേരുണ്ടായത്. കഥകളും കഥാസന്ദർഭങ്ങളും കൃത്യമായി അറിയുന്നതിന്റെ നേട്ടമുണ്ടായിട്ടുണ്ട്. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയ്ക്ക്‌ പാട്ടെഴുതിയപ്പോൾ ബിച്ചു ഇങ്ങനെ കുറിച്ചു. ‘മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടി വായോ തേൻകുമിളച്ചിറകുകളിൽ പാറിവായോ....’
 ‘ആളൊരുങ്ങി അരങ്ങൊരുങ്ങി...’ എന്നാരംഭിക്കുന്ന ആ പാട്ട് കെ.എസ്. ചിത്രയ്ക്ക് വലിയൊരു ബ്രേക്ക് നൽകി. മഞ്ഞിൽവിരിഞ്ഞ പൂക്കൾ ചെയ്യുമ്പോൾ ബിച്ചുവൊഴികെ ഞങ്ങൾ മിക്കവരും സിനിമാരംഗത്ത് പുതുതായിരുന്നു. മദ്രാസിൽ തിരക്കിലായിരുന്നിട്ടും ബിച്ചു ആലപ്പുഴയെത്തിയാണ് ഇതിന്‌ വരികളെഴുതിയത്. ഈണമിട്ടശേഷം വരികളെഴുതുന്നതിൽ അതിനകം അദ്ദേഹം അഗ്രഗണ്യനായിരുന്നു. ജെറി അമൽദേവിന്റെ ഈണത്തിന്‌ മഞ്ഞിന്റെ കുളിർമനൽകിയാണ് ബിച്ചു എഴുതിയത്. പിന്നീടാണ് മാമാട്ടിക്കുട്ടിയമ്മ വന്നത്. ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായ്‌...’ എന്ന പാട്ട് മലയാളിയുള്ള കാലത്തോളം പാടിനടക്കുന്നതാണ്. 
സകല ഹിറ്റ് ചാർട്ടുകളെയും കടത്തിവെട്ടുന്ന പാട്ടായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസിലെ ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ...’ എന്ന ഗാനം. ഇളയരാജയായിരുന്നു സംഗീതം. ഒരുപക്ഷേ, എന്റെ സിനിമകളിൽ ബിച്ചുവിന്റെ ഏറ്റവും പോപ്പുലറായ പാട്ട് അതാവും. എന്നാൽ, എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടേതാണെന്നുചോദിച്ചാൽ ‘പഴന്തമിഴ് പാട്ടിഴയും...’ ആണെന്നുപറയും. കഥയിലെ നിഗൂഢത പ്രതിഫലിപ്പിക്കുന്ന വരികളായിരുന്നു അത്. ദൃശ്യങ്ങൾ പ്രേക്ഷകനുമുന്നിൽ അവതരിപ്പിക്കുന്നതുപോലെയാണ് ബിച്ചു എഴുതുക. ‘താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവീ...’ എന്നു കേൾക്കുമ്പോൾ ആ ദൃശ്യം നമ്മുടെ മനസ്സിൽ തെളിയും.
 ഐ.വി. ശശിയുടെ അവളുടെ രാവുകളിലെ ‘രാകേന്ദു കിരണങ്ങൾ...’ വളരെ പ്രസിദ്ധമല്ലേ? ‘ആലംബമില്ലാത്ത നാളിൽ അവൾപോലുമറിയാത്ത നേരം... കാലംവന്നാ കണ്ണീർപ്പൂവിൻ കരളിന്നുള്ളിൽ കളിയമ്പെയ്തു...’ കഥയോട് എത്ര ചേർന്ന വരികളാണ് അദ്ദേഹം കുറിച്ചത്. ശശിയുടെതന്നെ ‘അങ്ങാടി’യിലെ ‘പാവാട വേണം മേലാട വേണം...’ എന്ന പാട്ട് കേരളക്കരയാകെ ഏറ്റുപാടിയതാണ്. അദ്ദേഹത്തിനുമാത്രം കഴിയുന്ന ചില പ്രയോഗങ്ങൾ പാട്ടിൽ കൊണ്ടുവരാറുണ്ട്. ‘പാതിരാവായി നേരം...’ എന്ന പാട്ടിൽ ‘എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ...’ എന്ന് അദ്ദേഹം എഴുതി. മച്ചുമ്മേൽ എന്ന വാക്ക് പാട്ടിൽ കൊണ്ടുവന്നത് വളരെ രസകരമായിട്ടാണ് എനിക്കുതോന്നിയിട്ടുള്ളത്.
സംവിധായകന്‌ വരികളിഷ്ടപ്പെട്ടില്ലെങ്കിൽ അതുമാറ്റാൻ ബിച്ചുവിന് ഒരു മടിയുമുണ്ടായിരുന്നില്ല. അതും എത്രയും വേഗത്തിൽ.