ഒരു നിയമസഭാ തിരഞ്ഞെടുപ്പുകൂടി കടന്നുപോയി. കേരള കാർട്ടൂണിസ്റ്റുകൾക്കു ഒന്നാശ്വസിക്കാം. പത്തുനാല്പതു കൊല്ലമായി ഏതാണ്ട് തുല്യരായ രണ്ടു ശക്തികൾക്കിടയ്ക്ക് നടന്നുവരുന്ന രാഷ്ട്രീയമാണ് അവർ കൈകാര്യം ചെയ്യുന്നത്. മൂന്നാമതൊരു ഘടകം കുറേക്കാലമായി പരിസരത്തുണ്ടെങ്കിലും ഇത്തവണയും വാമനനെപ്പോലെ കടന്നുവന്നു, പക്ഷേ, വിശ്വരൂപം കാണിച്ചില്ല.

അയലത്തെ തമിഴ്‌നാട്ടിലും ദശകങ്ങളായി മൂന്നാമൻ എന്നൊന്നു നിലവിലില്ല. രണ്ടു പ്രബല ശക്തികൾക്കിടയ്ക്ക് ഒതുങ്ങുന്ന വർണശബളമായ ദ്രാവിഡരാഷ്ട്രീയം ‘കരുത്തുപടം’ എന്നവർ വിളിക്കുന്ന ഹാസ്യ ചിത്രത്തിനു നന്നേ ഇണങ്ങും. ധ്രുവീകരണം പക്ഷേ, തമിഴ് കാർട്ടൂണിനു വലിയ പ്രയോജനമൊന്നും ചെയ്തില്ല. നമ്മെക്കാൾ നീണ്ട കാർട്ടൂൺ പാരമ്പര്യമുള്ള തമിഴ് പ്രസിദ്ധീകരണങ്ങളിൽ കഴിഞ്ഞകാലങ്ങളിൽ ഈ മാധ്യമരൂപം വേണ്ടത്ര തിളങ്ങിയില്ല. ഒരുപക്ഷേ, അവിടത്തെ നേതാക്കളുടെ അമാനുഷിക പരിവേഷം കൊണ്ടാവാം. തുല്യതയും പുരോഗമനവുമൊക്കെ ഉയർത്തിപ്പിടിക്കുന്ന പെരിയാർ പാരമ്പര്യത്തിലെ ഒരു അടിസ്ഥാന വൈരുധ്യമാണിത്.

അന്ധമായ ആരാധനയ്ക്ക്‌ പാത്രങ്ങളായ അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ., ജയലളിത തുടങ്ങിയവരുടെ കാരിക്കേച്ചർ ഒരുപാടു വായനക്കാരെ ചൊടിപ്പിച്ചിരിക്കും. വികടകല ആരാധകന്റെ കണ്ണിൽ വികലസൃഷ്ടിയാണ്; ശത്രു പാളയത്തിന്റെ ആക്രമണമാണ്. എം.ജി.ആറിനെ വരയ്ക്കുന്ന കാർട്ടൂണിസ്റ്റ്  കരുണാനിധിയുടെ ചട്ടുകമായി കാണപ്പെടുന്നു, മറിച്ചും. രണ്ടേ രണ്ടു നിലപാടുകളെ എടുക്കാനാവൂ  എന്നാവുമ്പോൾ  മധ്യേ ഒരു ആസ്വാദനനതലം ഉണ്ടാവില്ല. ആക്ഷേപമേ ഉണ്ടാവൂ, ഹാസ്യമില്ല. വ്യക്തിപൂജ കുറഞ്ഞ മലയാളിസമൂഹത്തിൽ നിത്യവിമർശനത്തിനൊരു ഇടം ബാക്കിനിൽക്കുന്നു. ഭാഗ്യത്തിനിവിടെ ഇരുപക്ഷത്തും എതിർവായ്ക്കതീതരായ ദിവ്യന്മാർ  പൊന്തിവന്നിട്ടില്ല. ഇതുവരെ.

വിൻസ്റ്റൺ ചർച്ചിൽ എന്ന മഹായുദ്ധ നായകനെയും ഡോണാൾഡ്‌ ട്രംപ് എന്ന അട്ടഹാസിയെയും വോട്ടുചെയ്തു പുറത്താക്കിയ രണ്ടു ജനാധിപത്യങ്ങളിലെ കാർട്ടൂൺണിസ്റ്റുകളാണ് ഇന്ത്യയിലെ വരക്കാരെ ഏറ്റവും സ്വാധീനിച്ചത്. സായ്പിന്റെ ഭരണകാലത്ത് ബ്രിട്ടനും 1960, ’70-കളിൽ വിയറ്റ്‌നാം കാലത്ത്‌ അമേരിക്കയും. രണ്ടിടത്തും രാഷ്ട്രീയം ഏറക്കുറെ ഇരു ചേരികളിലായി നിലകൊണ്ടു. വാർത്താകാർട്ടൂണിനു  മൂന്നാമതൊരു  അധികാരകേന്ദ്രത്തെ വല്ലപ്പോഴുമേ സഹിക്കേണ്ടി വന്നിട്ടുള്ളൂ.

അങ്ങനൊരു സമയത്താണ് ശങ്കർ തലമുറയുടെ താരമായിരുന്ന ഡേവിഡ് ലോ ലണ്ടനിൽ വരച്ചുതുടങ്ങിയത്‌. അന്നവിടെ ലിബറൽ കക്ഷി കൺസർവേറ്റീവുകളെ കൂട്ടുപിടിച്ച്‌ നയിക്കുന്ന ഒരു മുന്നണിയായിരുന്നു ഭരണത്തിൽ. ഇരുതലയുള്ള ഒരു കഴുതയായാണ് ലോ ഈ നീക്കുപോക്കിനെ കണ്ടത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹം മോഹിച്ചപോലെത്തന്നെ വഴിയെ കാര്യങ്ങൾ നീങ്ങി. ലിബറൽ പാർട്ടി ക്ഷയിച്ചു, ലേബർ പാർട്ടി കയറിവന്നു. അതോടെ കൺസർവേറ്റീവുകളുടെ എതിർചേരി സുദൃഢമായി. ബ്രിട്ടീഷ് രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടു.

താമസിയാതെ ലോകത്തെ ആകമാനം നെടുകെ പിളർത്തി രണ്ടാം ലോകയുദ്ധം വന്നെത്തി. സ്വിറ്റ്‌സർലൻഡ് ഒഴിച്ച്‌ ലോകരാഷ്ട്രങ്ങളെല്ലാം രണ്ടു വിരുദ്ധചേരികളിൽ അണിചേർന്നു.  ഒരു വശത്ത്‌ ഏകാധിപത്യം, വംശീയത; മറുവശത്ത്‌ സ്വാതന്ത്ര്യം, മനുഷ്യാവകാശം. കാർട്ടൂണിന്റെ ദൗത്യം ഇതിലും വ്യക്തമാകാനില്ല. ഈ വ്യക്തത മുമ്പേ ഉണ്ടായിരുന്ന ഡേവിഡ് ലോ യുദ്ധാനന്തര ദശകങ്ങളിലെ ഏറ്റവും വലിയ കാർട്ടൂണിസ്റ്റ് ആയി.

അമേരിക്കയിലും കാർട്ടൂൺ വളർന്നത്  നീണ്ടുനിന്ന ദ്വികക്ഷി വ്യവസ്ഥയിലാണ്. കക്ഷികളിരുവരും തിരഞ്ഞെടുപ്പ് ചിഹ്നം കണ്ടെത്തിയത് തോമസ് നാസ്റ്റ് എന്ന കാർട്ടൂൺ പ്രതിഭയുടെ രചനകളിൽനിന്നാണ്. അദ്ദേഹം റിപ്പബ്ലികൻ കക്ഷിയെ ആനയായും ഡെമോക്രാറ്റിക് കക്ഷിയെ കഴുതയായും വരച്ചിരുന്നു. ഇവയ്ക്കുപുറമേ, സ്വന്തം ചിഹ്നങ്ങളുമായി പലപ്പോഴായി ഈർക്കിൽ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്- ഹരിതരാഷ്ട്രീയത്തിനു വേണ്ടിയും അമിത വാടകയെ എതിർക്കാനുമൊക്കെ.

അവയിലൊന്നു സർവതന്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ലിബർട്ടേറിയൻ (Libertarian) പാർട്ടിയാണ്. ചിഹ്നം മുള്ളൻപന്നി, ന്യായീകരണം അങ്ങോട്ട് ഉപദ്രവിച്ചാൽ മാത്രം നോവിക്കുന്ന സാധുജീവി. ഇമ്മാതിരി സദുദ്ദേശ്യപ്രേരിത ജീവജാലങ്ങൾ  കാർട്ടൂണിൽ വന്നുനിറയാഞ്ഞത് അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ  വലിയ കക്ഷികൾ പേരിനെങ്കിലും ഏറ്റെടുത്തതുകൊണ്ടാണ്. മദ്യനിരോധനം കേരളത്തിലെ  ഇരുമുന്നണികളും തത്ത്വത്തിൽ അംഗീകരിക്കുന്നപോലെ.

എന്നാൽ, മാർക്‌സിസ്റ്റ്, കോൺഗ്രസ് നേതൃത്വങ്ങൾക്ക്‌ ബി.ജെ.പി.യുടെ ആശയങ്ങൾ ഏറ്റുചൊല്ലാൻ എളുപ്പമല്ല. അപ്പോൾ മൂന്നാമൻ ഇവിടെ വിഭിന്നനും വിദൂരനുമായി തുടരും. 
മൂന്നാമനായിത്തന്നെ തുടരുമോ എന്നേ നോക്കാനുള്ളൂ.

content highlights: ep unni rekhakalkkide