നിരാശയിലും മദ്യത്തിലും മുങ്ങിപ്പോയ ഒരമ്മ. ‘സാധാരണ’ ആൺകുട്ടിയാകാൻ പ്രയാസപ്പെടുന്ന മകൻ. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ സ്കോട്ട്‌ലൻഡിലെ ദരിദ്രസാഹചര്യത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണവർ. അവരുടെ ജീവിതപ്രാരബ്ധത്തിന്റെ, പരസ്പരമുള്ള മനസ്സിലാക്കലിന്റെ, അലിവോടെയുള്ള സ്നേഹത്തിന്റെ നെഞ്ചിൽക്കൊളുത്തിവലിക്കുന്ന ആവിഷ്കാരമാണ് ‘ഷഗ്ഗി ബൈൻ.’ ഇക്കൊല്ലം ബുക്കർ സമ്മാനം കിട്ടിയ നോവൽ.

ഹ്യൂ ഷഗ്ഗി ബൈനിന്റെ ആത്മനൊമ്പരങ്ങളുടെയും പ്രതീക്ഷയുടെയും സ്വയം തിരിച്ചറിവിന്റെയും കഥയാണ് അതെങ്കിലും അതിലുടനീളം നോവലിസ്റ്റ് ഡഗ്ലസ് സ്റ്റുവർട്ടുണ്ട്. മാർഗരറ്റ് താച്ചറുടെ നയങ്ങൾമൂലം ജീവിതം കഷ്ടപ്പാടിലായ, അമിത മദ്യപയായ അമ്മയെ 16-ാം വയസ്സിൽ നഷ്ടപ്പെട്ട, സർവോപരി താൻ സ്വവർഗാനുരാഗിയാണെന്ന് സങ്കോചത്തോടെ തിരിച്ചറിഞ്ഞ സ്റ്റുവർട്ട്. അദ്ദേഹംതന്നെയാണ് ഷഗ്ഗി ബൈൻ.

പ്രണയതീരുമാനങ്ങളിൽ പരാജയമാണ് ഷഗ്ഗിയുടെ അമ്മ ആഗ്‌നസ്. ആദ്യ ഭർത്താവിനു സ്ത്രീകളോടുള്ള അഭിനിവേശത്തിൽ ദുഃഖിതയും നിരാശയുമായ ആഗ്‌നസിനെ ആശ്വസിപ്പിച്ചത് മദ്യമാണ്. കുടുംബമുപേക്ഷിച്ച് ഭർത്താവ് പോയതോടെ അവർ മദ്യത്തിൽ മുങ്ങി. ദാരിദ്ര്യം അതിന്റെ എല്ലാ ക്രൂരതയോടും കൂടി അവിടെ കുടിയേറി. കൗമാരമെത്തിയ മക്കളും  വിട്ടുപോയപ്പോൾ ആഗ്‌നസിന് കൂട്ട് എട്ടുവയസ്സുകാരൻ ഷഗ്ഗി മാത്രമായി. അമ്മയുടെ മദ്യപാനാസക്തിക്ക്, ഭ്രാന്തുകൾക്ക്, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള ഉടുത്തൊരുക്കങ്ങൾക്ക് എല്ലാം അവൻമാത്രമായിരുന്നു സാക്ഷി. എട്ടുവയസ്സുകാരന്റേതിനെക്കാൾ വലിയ സഹാനുഭൂതിയോടെ അവൻ അവയെയെല്ലാം കണ്ടു.
ഇതിനെല്ലാമിടയിൽ അവൻ സ്വന്തം ലൈംഗികസ്വത്വം തിരിച്ചറിയുകയായിരുന്നു; വളരെ പതിയെ, വളരെ വേദനയോടെ. അവന് ഏകാന്തതതോന്നി. ‘നീ ശരിയല്ലെ’ന്ന് ചുറ്റുമുള്ള ലോകം അവനോടു പറഞ്ഞുകൊണ്ടിരുന്നു. സഹപാഠികൾ കളിയാക്കി. തരംകിട്ടിയപ്പോൾ ഉപദ്രവിച്ചു. ‘സാധാരണ’ ആൺകുട്ടിയാവാൻ അവൻ ശ്രമിച്ചു. അമ്മ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവരുടെ മദ്യപാനം ഏറ്റവും പ്രിയപ്പെട്ട ഷഗ്ഗിയെപ്പോലും ചുഴറ്റിയെറിയുന്ന ചുഴലിയായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ ഗ്ലാസ്‌ഗോയിലെ സാമൂഹികസാഹചര്യത്തിൽ സ്വവർഗാനുരാഗി നേരിടുന്ന നിർദയത്വത്തെ അതേ നിർദയത്വത്തോടെയാണ് സ്റ്റുവർട്ട് എഴുതിവെക്കുന്നത്. ഷഗ്ഗിയുടെ ഈ പരിവർത്തനയാത്രയിൽ അവനോളംപോന്ന പ്രാധാന്യത്തോടെ നിൽക്കുന്നുണ്ട് ആഗ്‌നസും. മദ്യം തകർക്കുന്ന ഓരോ ദിനത്തെയും ബോധമുള്ളപ്പോൾ വാരിക്കെട്ടി ജീവിതത്തോടു പോരടിക്കാൻതന്നെ ശ്രമിക്കുന്ന ആഗ്‌നസിനെ വളരെ വിദഗ്ധമായാണ് സ്റ്റുവർട്ട്‌ വരച്ചിട്ടിരിക്കുന്നത്.

ബുക്കർ നേടിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ട്: ‘‘ഈ പുസ്തകത്തിന്റെ ഓരോ താളിലും എന്റെ അമ്മയുണ്ട്. അവരില്ലായിരുന്നെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല. എന്റെ നോവൽ പിറക്കുമായിരുന്നില്ല.’’ അദ്ദേഹം പുസ്തകം സമർപ്പിച്ചിരിക്കുന്നതുതന്നെ അമ്മയ്ക്കാണ്.

ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽനിന്ന് ബിരുദംനേടി ന്യൂയോർക്കിൽ കുടിയേറി ഫാഷൻ ഡിസൈനറായി മാറിയ സ്റ്റുവർട്ട് ഇനി മുഴുവൻസമയ എഴുത്തുകാരനായിരിക്കും. ആദ്യ നോവലിനുതന്നെ കിട്ടിയ വലിയ ബഹുമതി അദ്ദേഹത്തെ അത്ര ആത്മവിശ്വാസമുള്ളവനാക്കിയിരിക്കുന്നു. ബുക്കർ കിട്ടില്ലെന്നു വാതുവെച്ച പങ്കാളിയെയും നോവൽ നിരാകരിച്ച 30 എഡിറ്റർമാരെയും അദ്ദേഹം തോൽപ്പിച്ചിരിക്കുന്നു.

ഇനി ‘ഷഗ്ഗി ബൈൻ’ വായിച്ചുതുടങ്ങാം: ‘ചത്ത ദിനമായിരുന്നു അത്. ആ പ്രഭാതത്തിൽ അവന്റെ മനസ്സ് അവനെ ഉപേക്ഷിക്കുകയും ശരീരംവിട്ട് താഴെ അലഞ്ഞുതിരിയുകയുമായിരുന്നു. ശൂന്യമായ ശരീരം ഉദാസീനമായി അതിന്റെ ദിനചര്യകളിലേക്കു കടന്നു, ഫ്ളൂറസന്റ് ദീപങ്ങൾക്കുതാഴെ വിളറിയും നിസ്സംഗമായും. അപ്പോൾ അവന്റെ ആത്മാവ് നാളെയെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ട് ഇടനാഴിക്കു മുകളിലൂടെ പറക്കുകയായിരുന്നു. നാളെ എന്നതിലാണ് എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്.’