diwaliഭാരതീയർക്കും ലോകം മുഴുവനുമുള്ള സനാതനധർമ വിശ്വാസികൾക്കും ദീപാവലി  പ്രധാനപ്പെട്ട ഒരാഘോഷമാണ്‌. ഈ ആഘോഷത്തിനു പിന്നിലെ ഐതിഹ്യം നരകാസുരനുമേൽ ശ്രീകൃഷ്ണൻ നേടിയ വിജയമാണ്‌. ബാഹ്യമായ അനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കുമപ്പുറത്തു ദീപാവലിക്കുള്ള ആന്തരികമാനമാണ്‌ ഈ ആഘോഷത്തെ വേറിട്ടതാക്കുന്നത്‌. മനുഷ്യജീവിതത്തിൽ വെളിച്ചത്തിനുള്ള പ്രസക്തിയെയും അന്ധകാരത്തിൽനിന്നുള്ള മോചനത്തെയും ദീപാവലി നമ്മെ ഓർമപ്പെടുത്തുന്നു. 
ലോകത്തിന്റെ യാഥാർഥ്യമെന്തെന്നറിയാതെ അവിവേകത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വാർഥതയുടെയും മാത്സര്യത്തിന്റെയും അജ്ഞാനത്തിന്റെയും ഒരു തലത്തിലാണു സാധാരണ മനുഷ്യൻ ജീവിതത്തെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്‌. ജീവിതത്തെ നാം തന്നെ ദുരിതപൂർണമാക്കുന്ന ഒരു ദയനീയത. അവിവേകംമൂലം നാമറിയാതെപോകുന്ന ഈ സത്യത്തെയാണ്‌ മഹാത്മാക്കളും മതഗ്രന്ഥങ്ങളുമെല്ലാം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. യവനചിന്തകനായ ഡയോജനിസ്‌ പട്ടാപ്പകൽ റാന്തൽവിളക്കുമായി ഗ്രീക്കുനഗരത്തിലൂടെ സഞ്ചരിച്ചതിന്റെ പിന്നിലെ യാഥാർഥ്യം മേൽപ്പറഞ്ഞ സത്യം ചുറ്റുമുള്ളവരെ ഓർമപ്പെടുത്തുക എന്നതുകൂടിയായിരുന്നു.

ജീവിതത്തിലേക്ക് വെളിച്ചം കടന്നുവരുന്നതിന്റെ ലക്ഷണമെന്നതു നാം സ്വാർഥരഹിതരും വിശാലതയുള്ളവരും പരിശുദ്ധരുമായിത്തീരുന്നു എന്നതത്രേ. മറ്റു ജനതയെ അടിമകളാക്കി ഭരിക്കാൻവേണ്ടി ഞങ്ങളാണു ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരെന്ന്‌ അഹങ്കരിച്ചുകൊണ്ടിരുന്ന പാശ്ചാത്യജനതയെ വിവേകാനന്ദസ്വാമികൾ തിരുത്തിയതു പൊട്ടക്കിണറ്റിലെ തവളയുടെ മനോഭാവത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്‌. അനന്തമായ കടലിനെ മനസ്സിലാക്കുമ്പോഴുള്ള വിശ്വവിശാലതയിലേക്കു മനസ്സുകളെ തുറന്നുവെക്കാനാണ്‌ ഇതിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്‌. ഓരോ മനുഷ്യനും ലോകത്തെ മുഴുവൻ സ്വന്തമാക്കുന്ന തലത്തിലേക്കുയരണമെന്നത്രേ അമ്മ ശാരദാദേവി മാനവരാശിയെ ഉദ്ബോധിപ്പിച്ചത്‌. മനുഷ്യമനസ്സു വികസിക്കേണ്ടത്‌ ഈയൊരു വിശ്വവിശാലതയിലേക്കാണെന്നു മനസ്സിലാക്കിയ ഭാരതീയാചാര്യന്മാർ ലോകത്തിനു മുഴുവൻ ശാന്തിയുണ്ടാകാൻ പ്രാർഥിക്കുകയും ‘ഇരുട്ടിൽനിന്നു ഞങ്ങളെ വെളിച്ചത്തിലേക്കു നയിക്കേണമേ’ (തമസോ മാ ജ്യോതിർഗമയ), എന്നുള്ള പ്രാർഥനയെ ജീവിതത്തിന്റെ ഭാഗമാക്കാൻ മനുഷ്യരാശിയോടാവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

ജീവിതത്തെ അർഥപൂർണമാക്കി
യ മഹാത്മാക്കളുടെയും മറ്റും പകൽ സാധാരണക്കാർക്കു രാത്രിയാണെന്നും സാധാരണക്കാരുടെ രാത്രി മഹാത്മാക്കൾക്കു പകലാണെന്നും വിവരിച്ചിരിക്കുന്ന ഗീതാശ്ലോകത്തിലാണു നാം ദീപാവലിയുടെ അർഥം തിരയേണ്ടത് (ഗീത-2.69).  അഗ്നിയോടുള്ള സ്തുതിയായി വേദങ്ങൾ ആരംഭിക്കുന്നതിലും വിളക്കു കത്തിക്കുക ദിനചര്യയായതിലുമെല്ലാം കാണേണ്ടതു വെളിച്ചമെന്ന ഈ ജീവിതമൂല്യത്തെ മനസ്സിലേക്ക്‌ ആവാഹിച്ചെടുക്കാനുള്ള ബാഹ്യമായ ഉപായങ്ങളെയാണ്‌.

പരമസത്യമായി എങ്ങും നിറഞ്ഞുനിൽക്കുന്ന ഈശ്വരൻ പ്രകാശസ്വരൂപനാണ്‌. പ്രകാശസ്വരൂപൻ എന്നർഥമുള്ള ‘ദിവ്‌’ എന്ന വാക്കിൽനിന്നുമാണ്‌ ഈശ്വരനു ദൈവമെന്ന പേരുകൂടി ലഭിച്ചിരിക്കുന്നതെന്നു കാണാം. പ്രപഞ്ചത്തിലുള്ള സർവതിനും ജീവൻ നൽകിക്കൊണ്ടിരിക്കുന്ന, എല്ലാത്തിനെയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സത്യത്തെ ‘പ്രകാശങ്ങളുടെ പ്രകാശം’ (ജ്യോതിഷാം ജ്യോതിഃ) എന്ന്‌ ഉപനിഷത്തുക്കളാൽ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ വെളിച്ചത്തിലേക്കുള്ള യാത്ര ജീവിതത്തിന്റെ ഉറവിടത്തിലേക്കും അസ്തിത്വത്തിലേക്കുമുള്ള സഞ്ചാരംകൂടിയാണ്‌ എന്നു വന്നുചേരുന്നു. ഈ പ്രകാശത്തെ കുറച്ചെങ്കിലും മനസ്സിലേക്ക്‌ ഊട്ടിയുറപ്പിക്കുമ്പോഴത്രേ ജീവിതം ഈഷ്മളമാകുകയും നിറവിലേക്കുണരുകയും ചെയ്യുന്നത്‌.
മനോവികാസംനേടി ജീവിതത്തെ അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കു പൂരിപ്പിക്കാനുള്ള ആഹ്വാനവുമായി ദീപാവലി ഒരിക്കൽകൂടി കടന്നുവരുകയാണ്‌. ദീപാവലിയെ ജീവിതരഹസ്യമാക്കി മാറ്റണമെങ്കിൽ മനസ്സിനെ വികസിപ്പിക്കാനുള്ള ക്ഷണപത്രമായി നാമതിനെ സ്വീകരിക്കണമെന്നു ചുരുക്കം.

(പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരാണ്‌ ലേഖകൻ)