ഈമാസം ഇന്നേവരെ കേരളത്തിൽ മൂന്ന്‌ കോളറ കേസുകൾ റിപ്പോർട്ടു  ചെയ്യപ്പെട്ടത്‌. അതിൽ ഒരു മരണവും സംഭവിച്ചു. കേരളത്തിൽ പ്രധാനമായും രണ്ട്‌ സ്ഥലങ്ങളിലാണ്‌ സ്ഥിരീകരിക്കപ്പെട്ട കോളറ രോഗമുള്ളത്‌. കോഴിക്കോട്‌ ജില്ലയിലെ മാവൂരിനടുത്തുള്ള തെങ്ങിലക്കടവിലും പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്‌ പഞ്ചായത്തിലും (മരണം റിപ്പോർട്ട്‌ ചെയ്തത്‌ ബംഗാളിലെ പുഞ്ച്‌ വിഹാർ സ്വദേശിയായ 18 വയസ്സുള്ള യുവാവിന്റേതാണ്‌) റിപ്പോർട്ട്‌ ചെയ്തതും മരിച്ചതുമായ കോളറ രോഗികൾ എല്ലാംതന്നെ വളരെ അടുത്തകാലത്ത്‌ അവരുടെ സ്വദേശമായ ബംഗാളിൽ നിന്ന്‌ ഇവിടെയെത്തിയവരാണ്‌.

എന്തുകൊണ്ട്‌ ബംഗാൾ

എന്തുകൊണ്ട്‌ ബംഗാൾ കോളറയുടെ പ്രഭവകേന്ദ്രമാകുന്നു? വിശാലമായ ഗംഗാനദിയും അതിനോടനുബന്ധിച്ചുകിടക്കുന്ന ഡെൽറ്റാ പ്രദേശങ്ങളുമാണിതിനുകാരണം. സാധാരണ കോളറെ ബാക്ടീരിയയ്ക്ക്‌  കടലിന്റെ ലവണാംശത്തിൽ  അതിജീവനം ദുർഘടമാണ്‌. എന്നാൽ, അഴിമുഖപ്രദേശത്ത്‌ ലവണാംശത്തിൽ ഉണ്ടാകുന്ന കുറവ്‌ വിബ്രിയോ കോള​റയെ സ്ഥായിയായി നിലനിർത്താനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കും. ഗംഗാ ഡെൽറ്റാ പ്രദേശങ്ങളിലെ പ്ളവങ്ങളിലും ജലജീവികളിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്‌.

ബംഗാളിലെ സാധാരണക്കാരന്റെ ആഹാരശൃംഖല ഗംഗാനദിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഈ ബാക്ടീരിയ ചാക്രികമായി മനുഷ്യരിലൂടെയും കടന്നുപോകുമ്പോൾ കോളറ രോഗം ബംഗാളിനെ ഒരു കോളറ എൻഡമിക്‌ പ്രദേശമാക്കി മാറ്റുന്നു. മുകളിൽ പറഞ്ഞ എല്ലാ കോളറ രോഗികളും ബംഗാളിലെ ആഹാരശൃംഖലയുടെ ഭാഗമായ ശേഷം വളരെ പെട്ടെന്ന്‌ രോഗവും വഹിച്ച്‌ കേരളത്തിലേക്ക്‌ വന്നവരാണ്‌. കോഴിക്കോട്‌ ചാലിയാറിന്റെ തീരത്തും പത്തനംതിട്ടയിൽ അച്ചൻകോവിലാറിന്റെ തീരത്തുമുള്ള ഗ്രാമപ്രദേശങ്ങളിൽ ആണ്‌ നിലവിൽ കോളറ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. അതിനാൽ ഈ രണ്ട്‌ ജലസ്രോതസ്സുകളും മലിനപ്പെടാനുള്ള സാധ്യതകളുണ്ട്‌. പക്ഷേ, തദ്ദേശവാസികളിലേക്കും പ്രത്യേകിച്ച്‌ കുട്ടികളിലേക്കും രോഗം പടർന്നുപിടിക്കാത്തതിനാൽ ജലസ്രോതസ്സുകളിലെ മലിനീകരണ തോത്‌ ഒരു രോഗാവസ്ഥ സൃഷ്ടിക്കാനുള്ള അത്രയില്ല എന്നനുമാനിക്കാം. 

ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വൃത്തിഹീനമായ ചുറ്റുപാടുകൾ ഇത്തരം രോഗങ്ങൾ അവർക്കിടയിൽ വളരെ വേഗം പടർന്നുപിടിക്കാൻ വഴിയൊരുക്കുന്നു. ഇത്തരം തൊഴിലാളികളെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊഴിൽദാതാക്കൾ അവരുടെ സ്വദേശത്തേക്കു മടക്കി അയയ്ക്കാതെ മതിയായ ചികിത്സയും മറ്റു സാഹചര്യവും ഒരുക്കിക്കൊടുത്താൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. ഇതിനാവശ്യമായ കർമപദ്ധതികൾ സർക്കാർ തലത്തിൽ രൂപവത്‌കരിക്കണം. 


എന്തുചെയ്യണം

ആരോഗ്യവകുപ്പ്‌ നടപ്പാക്കാൻ പോകുന്ന ഇ-ഹെൽത്ത്‌ മിഷൻ വരുംവർഷങ്ങളിൽ നമ്മുടെ ആരോഗ്യമേഖലയുടെ എല്ലാ വിവരണങ്ങളെയും കോർത്തിണക്കി ഒാരോ വ്യക്തിയുടെയും രോഗചരിത്രവും നിലവിലുള്ള രോഗവിവരവും എല്ലാം ഒരു വിരൽത്തുമ്പിൽ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്കും ഗവേഷകർക്കും ലഭ്യമാക്കും. ഇത്‌ രോഗനിയന്ത്രണത്തെയും അതിന്റെ പിന്തുടരലിനെയും പദ്ധതി അവലോകനത്തിനെയും കാര്യക്ഷമമാക്കും. എന്നാൽ ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സമ്പൂർണ സർവേയും ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങുമ്പോൾ തന്നെ സ്ക്രീൻ ചെയ്യാനുള്ള പദ്ധതി ആവിഷ്കരിക്കേണ്ടതായുണ്ട്‌.

നിലവിൽ പകർച്ചവ്യാധി നിർണയിക്കുന്ന ജില്ലാലബോറട്ടറികളിൽ ഒരു മൈക്രോബയോളജിസ്റ്റ്‌ മാത്രമേയുള്ളൂ. 25 ലക്ഷം പേർക്ക്‌ ഒരു മൈക്രോബയോളജിസ്റ്റ്‌ എന്ന കണക്കാണ്‌ ഇത്‌. ബ്ലോക്ക്‌ തലത്തിൽ ഒന്ന്‌ എന്ന രീതിയിൽ ഇത്‌ കാലാനുസൃതമായി പരിഷ്കരിക്കണം. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌ നടപ്പിലാക്കുന്ന വൈറോളജി നെറ്റ്‌വർക്ക്‌ ലാബിന്റെ  കണ്ണികളാവാൻ യഥാക്രമം തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്‌ മെഡിക്കൽ കോളേജുകൾക്ക്‌ സാധിച്ചത്‌ വൈറസ്‌ രോഗങ്ങളുടെ വ്യാപനത്തെ തടയിടാൻ ഒരു പരിധിവരെ  സഹായിക്കും. നിലവിൽ കേരള സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി ആൻഡ്‌ ഇൻഫെക്‌ഷ്യസ്‌ ഡിസീസ്‌ എന്ന സ്ഥാപനം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നുണ്ടെങ്കിലും 3.5 കോടി ജനങ്ങൾക്ക്‌ ആനുപാതികമായുള്ള പകർച്ചവ്യാധികളെ നേരിടാൻ തക്ക പ്രാപ്തി ഇതിനുണ്ടോയെന്ന്‌ സംശയമാണ്‌.

കേരളത്തിന്റെ കോളറ മരണനിരക്ക്‌ 0.7 ശതമാനത്തിൽ താഴെയാണ്‌. എന്നാൽ, അന്തർദേശീയ തലത്തിൽ ഇത്‌ 3.5 ശതമാനം ആണ്‌. കേരളത്തിൽ ഇന്ന്‌ കണ്ടുവരുന്ന കക്കൂസ്‌ ടാങ്കുകളിൽ അധികവും ലീച്ച്‌ പിറ്റുകൾ ആയതിനാൽ നിലവിലെ കോളറ രോഗാണു ഇതിലൂടെ ജലസ്രോതസ്സുകളെ മലിനപ്പെടുത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്‌. നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും ഇത്തരത്തിലുള്ള സാനിറ്ററി ലീച്ച്‌ പിറ്റുകളെ മാറ്റി സെപ്‌റ്റിക്‌ ടാങ്കുകളിലേക്ക്‌ കക്കൂസ്‌ മാലിന്യങ്ങൾ സംഭരിച്ചില്ലെങ്കിൽ വരാൻപോകുന്ന നാളുകളിൽ കോളറ ഒരു മാരക രോഗമായി കേരളം മുഴുവൻ പടർന്നുപിടിച്ചേക്കാം.

ബാക്ടീരിയകൾ പരത്തുന്ന മാരകരോഗം

വിബ്രിയോ കോളറെ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ മലിനമായ ജലം, ആഹാരം, മറ്റുപദാർഥങ്ങൾ എന്നിവയിലൂടെ മനുഷ്യന്റെ കുടലിൽ പ്രവേശിക്കുന്നു. ഇവിടെെവച്ച്‌ കോളറ ടോക്സിൻ ഉത്‌പാദിപ്പിക്കുന്നു. തുടർന്ന്‌ കുടൽകോശ ഭിത്തിയുടെ ഏകോപനം നഷ്ടപ്പെട്ട്‌ രക്തത്തിലെ ജലാംശവും ലവണാംശവും വയറിളക്കത്തിലൂടെ നഷ്ടമാകുന്ന രോഗാവസ്ഥയാണ്‌ കോളറ. വയറിളക്കം, വയറുവേദന, ഛർദി, കാൽമുട്ടുവേദന എന്നിവയാണ്‌ ലക്ഷണം.

കുറഞ്ഞത്‌ പത്തുലക്ഷം ബാക്ടീരിയ കുടലിൽ പ്രവേശിക്കുന്നവർക്ക്‌ ഈ രോഗം ബാധിക്കാം. രോഗാണു പ്രവേശിച്ച്‌ അഞ്ച്‌ മണിക്കൂർ മുതൽ അഞ്ച്‌ ദിവസത്തിനുള്ളിൽ (ഇൻക്യുബേഷൻ ടൈം) രോഗലക്ഷണം കാണിക്കും. 20 ശതമാനം രോഗികളിൽ മുകളിൽപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ രണ്ട്‌ മുതൽ അഞ്ച്‌ ദിവസംവരെ നീണ്ടുനിൽക്കാം. ഇവരെ ഇടത്തരം കോളറ രോഗികളായി കാണക്കാക്കാം (ഒ.ആർ.എസ്‌. ലായനിയും ആന്റിബയോട്ടിക്കും കൊണ്ട്‌ ഇവരെ ചികിത്സിച്ചു ഭേദമാക്കാം) ഇത്തരം രോഗികൾ രോഗലക്ഷണം കാണിക്കുന്നതിനുമുമ്പുതന്നെ രോഗാണുവിനെ മലത്തിലൂടെ പുറംതള്ളുന്നത്‌ ഇതിന്റെ വ്യാപനത്തിന്‌ ആക്കംകൂട്ടും. 
രണ്ട്‌ ശതമാനം മുതൽ അഞ്ച്‌ ശതമാനം രോഗികളിൽ മാരകമാംവിധം തുടർച്ചയായി വയറിളകി ജലാംശം നഷ്ടപ്പെടുന്നതുമൂലം മണിക്കൂറുകൾക്കുള്ളിൽ രോഗി അബോധാവസ്ഥയിലേക്ക്‌ പോയി മരണം വരെ സംഭവിക്കാം. ഇത്തരം രോഗികൾക്ക്‌ രക്തത്തിലേക്ക്‌ നേരിട്ട്‌ മരുന്നും ജലവും ലവണങ്ങളും അടിയന്തരമായി എത്തിക്കണം. 75 ശതമാനം പേരിൽ രോഗാണു പ്രവേശിച്ചാലും രോഗലക്ഷണം കാണിക്കാതെ ഒരു ദിവസം മലത്തിലൂടെ രോഗാണുവിനെ പുറംതള്ളി നിശ്ശബ്ദമായി രോഗം പടർത്താൻകാരണമാകും.

(മൈക്രോബയോളജി ഗവേഷകനാണ് ലേഖകൻ)