അന്നന്നത്തെ ഫലിതത്തിനപ്പുറം കാർട്ടൂണില്‍ ചിലതുണ്ട്. കടന്നുപോവുന്ന കാലത്തെ രേഖപ്പെടുത്തുക, ചിലപ്പോഴെങ്കിലും വരാന്‍ പോവുന്നതിന്റെ സൂചനകളോടെ. ഈ കാര്‍ട്ടൂണ്‍ വഴികളിലൂടെ പ്രശസ്ത പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി എഴുതുന്ന ദ്വൈവാര പംക്തി- 'രേഖകൾക്കിടെ'

വിശാല ജനാധിപത്യത്തിന്റെ രണ്ടു ലക്ഷണങ്ങളെങ്കിലും കേരളത്തിലുണ്ട്. ഒന്ന്, ഫലവത്തായ അധികാരവികേന്ദ്രീകരണം. രണ്ട്, പത്രങ്ങളിലെ കാർട്ടൂൺ സാന്നിധ്യം. എന്നാൽ, ഇവ രണ്ടും ചേർന്ന് ഒരു ഇമ്മിണി വല്യ ഒന്നായിട്ടില്ല.

കാർട്ടൂണിന്റെ ജന്മനാടായ യൂറോപ്പിലും വൻ വിപണിയായ അമേരിക്കയിലും ഒന്നും  ഇത്രയേറെ വാർത്താ കാർട്ടൂണൂകൾ കാണില്ല. അതേസമയം, ഒന്നോ അതിലേറെയോ കാർട്ടൂണുകളില്ലാത്ത ഒരു മലയാളപത്രവുമില്ല. കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ  ദേശീയരാഷ്ട്രീയം, സംസ്ഥാനതല രാഷ്ട്രീയം എന്നിവ മത്സരിച്ചു വരയ്ക്കും. എന്നാൽ, താഴോട്ട് മിക്കവാറും നോട്ടമില്ല. തിരഞ്ഞെടുപ്പുകാലത്തുമാത്രമേ മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും അല്പമെങ്കിലും ശ്രദ്ധിക്കൂ. നിത്യജീവിതത്തിൽ  സാമ്പത്തികമായും സാമൂഹികമായും നേരിട്ട്‌ ഇടപെടാൻ അധികാരമുള്ള ഈസ്ഥാപനങ്ങൾ അടുത്ത അഞ്ചുകൊല്ലത്തേക്ക് ഭരണമാരംഭിക്കുമ്പോൾ കാർട്ടൂണിസ്റ്റുകൾ അവരോടു വിടപറഞ്ഞിരിക്കും. അടുത്ത തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേകപേജിൽ പ്രത്യക്ഷപ്പെടുന്നതുവരെ.

ടോംസിന്റെ ‘ബോബനും മോളിയും’ എന്ന കാർട്ടൂൺ പംക്തിയിൽ ഒരുകാലത്ത് പഞ്ചായത്ത് പ്രസിഡന്റിനെ കാണുമായിരുന്നു. അയാൾക്ക് അല്പം മണ്ടത്തരത്തിനപ്പുറം വലിയ കളങ്കമൊന്നുമില്ലായിരുന്നു. നമ്മുടെ പഞ്ചായത്ത് ഭരണം ഒരു മുഴുനീളപ്രമേയമായത്  ഒരുസിനിമയിലാണ്. കെ.ജി. ജോർജിന്റെ  ‘പഞ്ചവടിപ്പാല’ത്തിൽ. ദുശ്ശാസനക്കുറുപ്പ് എന്നപേരിൽ ഭരത് ഗോപി നിറഞ്ഞുനിന്നു. ഇത്തരം വിചിത്രനാമധാരികളായ അഭിനേതാക്കൾ കാരിക്കേച്ചറുകളായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ഒരു കാർട്ടൂൺസ്വഭാവത്തോടെയാണ്. ഇന്നുള്ള അധികാരമൊന്നും അന്ന് തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്നില്ല. അന്നുതന്നെ ഈതലത്തിലുള്ള ഭരണത്തെ, ജനത്തോട്‌ അപകടകരമായ സാമീപ്യമുള്ള അധികാരത്തെ,  വിമർശനവിധേയമാക്കിയതിലാണ് ജോർജിന്റെ പ്രതിഭ.

എന്നാൽ, ചരിത്രംനോക്കിയാൽ  കാർട്ടൂണിന്‌ തദ്ദേശരാഷ്ട്രീയം വർജ്യമല്ലെന്നു മനസ്സിലാവും.  അമേരിക്കൻ കാർട്ടൂണിന്റെ പിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട തോമസ് നാസ്റ്റ് ദേശീയരാഷ്ട്രീയത്തിന് സമാന്തരമായി നഗരസഭാനടത്തിപ്പിനെ നിശിതമായി കൈകാര്യംചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നമായ ആനയും ലോകമൊട്ടുക്കും സുപരിചിതമായ സാന്താക്ളോസും രൂപകല്പനചെയ്തത്‌ നാസ്റ്റാണ്. അതിനോടൊപ്പം തന്റെ നഗരത്തെയും സദാ നിരീക്ഷിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ന്യൂയോർക്ക് നഗരത്തെ നിയന്ത്രിച്ചിരുന്ന ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന അത്രയ്ക്ക് ഗൂഢമൊന്നുമല്ലാത്ത ഒരു സംഘത്തിന്റെ തലപ്പത്ത് ട്വീഡ് (Tweed) എന്നൊരു ചതുരനായിരുന്നു. രാജ്യത്തെ സെനറ്റിലും  ജനപ്രതിനിധിസഭയിലുമൊക്കെ അംഗമായിരുന്നു ഇയാൾ. നിയമം പഠിക്കാതെയും പരീക്ഷ ജയിക്കാതെയും അറ്റോർണിയായി അഭിഷിക്തനായി ഇദ്ദേഹം. നഗരസഭയിൽ പൊതുമരാമത്തുവകുപ്പിൽ ഒരു നിർണായകസ്ഥാനത്തെത്തിയതോടെ ഇയാളെ പിടിച്ചുനിർത്താൻ പറ്റാതായി. സാമാന്യം നന്നായി ചോരുന്ന ഒരുവകുപ്പായിരുന്നു അത്. അവിടെ ആ സ്ഥാനത്തിരുന്ന്‌ നമുക്കു പരിചിതമായ രീതികളിൽ വിഭവസമാഹരണം നടത്തി താമസിയാതെ  ഈ ജനസേവകൻ ‘ബോസ്സ് ട്വീഡ്’ (Boss Tweed) എന്ന പേര് സമ്പാദിച്ചു. ന്യൂയോർക്ക് നഗരത്തിലെ ആറു വലിയ ഭൂസ്വാമിമാരിലൊരാളായി.

ഇയാളെയാണ് തുടർച്ചയായി കാർട്ടൂണിസ്റ്റ് നാസ്റ്റ് ഉന്നംവെച്ചത്. ‘തലച്ചോർ’ എന്ന അടിക്കുറിപ്പോടെ വന്ന  പ്രശസ്തമായ ഒരു കാർട്ടൂണിൽ ട്വീഡിന്‌ മുഖമില്ല, തല ഒരു വീർത്ത പണസഞ്ചി.  അസാമാന്യ രചനാപാടവവും ജനപിന്തുണയുമുള്ള ഇത്തരം കാർട്ടൂണുകളുടെ കൂടെനിൽക്കാനുള്ള  മനസ്സും ബുദ്ധിയും നാസ്റ്റ് ജോലിചെയ്ത ‘ഹാർപേഴ്‌സ് വീക്കിലി’ക്കുണ്ടായിരുന്നു. അവർ അക്കാലത്ത്‌ ട്വീഡിന്റെ  എതിർകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെയാണ് പിന്തുണച്ചത്. ഇതൊന്നും സാധാരണഗതിയിൽ ട്വീഡിനു പ്രശ്നമല്ല. എതിർചേരിയിലെ ആരെയും വശത്താക്കാൻ  ആൾ മിടുക്കനായിരുന്നു. അതിവിടെ പാളി.

ഒരു നീണ്ട യൂറോപ്യൻ പര്യടനം വാഗ്ദാനംചെയ്തുകൊണ്ട് ട്വീഡിന്റെ ആൾക്കാർ നാസ്റ്റിനെ സമീപിച്ചു; ഇതിനായി മുൻകൂർ സംഭാവന ഒരുലക്ഷം ഡോളർ. നാസ്റ്റ് അതേ നാണയത്തിൽ തിരിച്ചടിച്ചു. തുക പോരെന്നുപറഞ്ഞു. നീണ്ടുപോവാത്ത ചർച്ചയ്ക്കൊടുവിൽ തുക അഞ്ചുലക്ഷം വരെയായി. അപ്പോഴാണ് നാസ്റ്റ് മനസ്സുതുറന്നത്, ഒറ്റ ഡോളർ വേണ്ടെന്ന്‌.

നാസ്റ്റ് വിലപേശൽ ഇവിടംവരെയെത്തിച്ചത്‌ ഒരു നഗരസഭാ അധികാരി ഒരു കാർട്ടൂണിസ്റ്റിന്‌ എത്രതുകവരെ വെച്ചുനീട്ടുമെന്ന് അറിയാനാണ്. അക്കാലത്ത് ഈ തുകയുടെ മൂല്യം എന്തായിരിക്കണം? അന്നത്തെ അഴിമതിയുടെ അളവ്‌ ഇന്നത്തെ ഇന്ത്യയിലെ ഏറ്റവുംവലിയ തദ്ദേശസ്ഥാപനമായ ബൃഹത്‌ മുംബൈ  കോർപ്പറേഷനിൽപോലും സങ്കല്പിക്കാനാവുമെന്ന് തോന്നുന്നില്ല. വഴിയേ നമ്മൾ ഈ തോതിലുള്ള വിഭവശേഷിയിലെത്തും. ചില നഗരങ്ങളെങ്കിലും മഹാനഗരങ്ങളാവും. കൊച്ചി ആയിക്കഴിഞ്ഞു. വികസനം എന്ന രാഷ്ട്രീയാതീത സമവായത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നമ്മുടെ കാർട്ടൂണിസ്റ്റുകൾ നാസ്റ്റിന്റെ സൂക്ഷ്മദൃഷ്ടിയോടെ നോക്കിത്തുടങ്ങും എന്നാശിക്കുക.