പ്രസിഡന്റ് ട്രംപിനെ അമേരിക്കൻ കാർട്ടൂണിൽനിന്ന് കാണാതായി. അത്രയ്ക്ക് അവസരവാദികളല്ല കേരളത്തിലെ കാർട്ടൂണിസ്‌റ്റുകൾ. ഭരണംതുടർന്നാലും ഇടർന്നാലും നേതാക്കന്മാരെ അവർ കൈവിടില്ല.

നീണ്ട നേതൃസാന്നിധ്യങ്ങൾ ഈ ദൃശ്യകലയ്ക്ക് ഗുണംചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ ഗാന്ധിജി,  നെഹ്രു, ഇവിടെ ഇ.എം.എസ്‌, കരുണാകരൻ, ആന്റണി,  നായനാർ, വി.എസ്‌. ഇവർക്ക്  കാർട്ടൂണിനോടും തിരിച്ചും മതിപ്പായിരുന്നു.. ഈ മര്യാദ ഒരിക്കൽ തെറ്റിച്ചതു ഒരു കാർട്ടൂണിസ്‌റ്റാണ്.. ജാതിചൂണ്ടി വരച്ച  നിന്ദ്യമായ ആ ചിത്രം ലാക്കാക്കിയ പിണറായി വിജയൻ പ്രതികരിച്ചതേയില്ല.
കാർട്ടൂണിന്റെ കാര്യത്തിൽ സഹിഷ്ണുത പുലർത്തുന്ന  കേരളത്തിൽ മിക്കവാറും ഒരേ മുഖ്യമന്ത്രിയെ തുടർച്ചയായിവരയ്ക്കാനുള്ള ഭാഗ്യം കാർട്ടൂണിസ്റ്റിനുണ്ടായിട്ടില്ല. ആദ്യത്തെ  ഇരുപത്തിരണ്ടു വർഷങ്ങൾക്കുള്ളിൽ പത്തുമന്ത്രിസഭകൾ വന്നുപോയി. അതിനുമുമ്പ്  അതിലും അസ്ഥിരമായിരുന്നു സ്ഥിതി. കാലാവധി പൂർത്തിയാക്കുക എന്നതുതന്നെ ഒരു മഹാനേട്ടമായി.

കഴിഞ്ഞ നാൽപ്പതുവർഷമായിട്ടാണ് ഭരിക്കുന്നവർക്ക് ഇരിപ്പുറച്ചത്‌. ഇക്കാലമത്രയും കാർട്ടൂണിന്റെ കാഴ്ചക്കളം മാറിയിട്ടില്ല. അഞ്ചുകൊല്ലത്തിലൊരു നിയമസഭാ തിരഞ്ഞെടുപ്പ്. ഒച്ചവെച്ച മത്സരം, പ്രവചനീയമായ ഫലം. ഏതാണ്ട് ഒരേ ജനക്ഷേമ വികസനനാട്യങ്ങൾ, നേട്ടങ്ങൾ. ഈ ചാക്രികരാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ  വിരസതയ്ക്കകത്തു ഒരുപാടു നർമം കണ്ടെത്തിയവരാണ് കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ.

മലയാള കാർട്ടൂൺ ഏറ്റവുംവികസിച്ച കാലവുംകൂടിയാണിത്. ദശാബ്ദങ്ങളായി ടി.വി.യും ഇപ്പോൾ ട്രോളുകളും ജനശ്രദ്ധയിലുണ്ടായിട്ടും ഈ അച്ചടി കലപിടിച്ചുനിൽക്കുന്നു. വരക്കുന്നവരുടെയും വായിക്കുന്നവരുടെയും രണ്ടു പുതിയ തലമുറകൾ ഇതിനിടെ സുഗമമായി കടന്നുപോയി. ഇതൊക്കെ ഒരു പടിഞ്ഞാറൻ വികസിത ജനാധിപത്യത്തിൽമാത്രം കാണുന്ന ആരോഗ്യലക്ഷണങ്ങളാണ്.

ഏതാണ്ടിതേകാലത്ത്, ഒരല്പംമുമ്പ് 1977-ൽ തുടങ്ങി 2011-ൽ അവസാനിച്ച മുപ്പത്തിനാല് കൊല്ലം ഇടതുസർക്കാർ ബംഗാളിൽ തുടർഭരണം നടത്തി. ഇക്കാലത്തവിടെ കലയും സംസ്കാരവും തഴച്ചുവളർന്നു; എന്തുകൊണ്ടോ ഒരു ഗംഭീര ബംഗാളി കാർട്ടൂണിസ്റ്റുമാത്രം ഉണ്ടായില്ല. 1923-ൽ മുപ്പത്തിയാറാംവയസ്സിൽ മരിച്ചുപോയ സുകുമാർ റായ്‌ എന്ന കോമിക് കലാപ്രതിഭയ്ക്ക് സമാനരില്ലാതെപോയി. വല്ലപ്പോഴും കാർട്ടൂൺ വരച്ച മകൻ സത്യജിത് റായ്‌ ആകട്ടെ സിനിമയിലേക്ക് തിരിഞ്ഞു.

കാർട്ടൂണിന്റെ കാര്യം ബംഗാളി മലയാളിയെ ഏൽപ്പിച്ചുവെന്നുതോന്നുന്നു. 1975 മുതൽ പതിനൊന്നുകൊല്ലം ലക്ഷക്കണക്കിന് വായനക്കാരുള്ള കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ‘ആനന്ദ ബസാർ പത്രിക’യിൽ വരച്ചത് ഒറ്റപ്പാലത്തുകാരനായ പി.കെ.എസ്. കുട്ടിയാണ്. പിന്നീട് ‘ആജ് കാൽ’ പത്രത്തിലേക്ക് മാറിയ അതിഥികാർട്ടൂണിസ്‌റ്റിനെ ബംഗാളി വായനക്കാർ തികഞ്ഞ ആദരവോടെ കൊണ്ടുനടന്നു. 

ബംഗാളിഭാഷ അറിയാത്ത കുട്ടി  ദൃശ്യാംശത്തിനു  മുൻതൂക്കംനൽകി കഴിവതും കുറുക്കി ഇംഗ്ലീഷിൽ അടിക്കുറിപ്പുകളെഴുതി. ബ്രിട്ടീഷ് സംസ്കാരവും മാതൃഭാഷാസ്നേഹവുമുള്ള കൊൽക്കത്തയിലെ എഡിറ്റർമാർ ഇത് സമർഥമായി തർജമചെയ്തു.

കേരളത്തിലെപ്പോലെയല്ല, വംഗനാട്ടിൽ മുന്നണിയുടെ വല്യേട്ടനും വല്യമ്മാമയുമൊക്കെ ജ്യോതിബസുതന്നെ. അഞ്ചാംവട്ടവും വിജയിച്ചപ്പോൾ അതികായനെ കുട്ടി അവതരിപ്പിച്ചതു കപ്പുമേന്തിനിൽക്കുന്ന ഫുട്‌ബോൾ ക്യാപ്റ്റനായിട്ടാണ്. വിജയം പതിവുപോലെ ഏകപക്ഷീയമായിരുന്നു. മോഹൻബഗാനും ഈസ്റ്റ്ബംഗാളുമായി നടക്കുന്ന പന്തുകളിയുടെ മാത്സര്യത്തിലൊരംശംപോലും ആ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു.

കാർട്ടൂണിസ്‌റ്റുകൾക്ക് പ്രിയങ്കരനായ ഇ.എം.എസിനെ ഇതേകാലത്തൊക്കെയും കുട്ടി  കണ്ടത്‌ അദൃശ്യമായ മൈക്കിനുമുമ്പിൽ നിൽക്കുന്ന താർക്കികനായിട്ടാണ്. തീരാ തർക്കങ്ങൾക്കിടയ്ക്ക് അേദ്ദഹം ഉയർത്തിക്കാട്ടിയ ആഗോള ഇടതുതാരം ഫിഡെൽ കാസ്‌ട്രോ (Fidel Catsro) ഏതാണ്ട് അമ്പതുകൊല്ലം ക്യൂബ ഭരിച്ചു.

സഹൃദയനും ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ സ്നേഹിതനും ആദ്യവായനക്കാരനുമായ ചരിത്രപുരുഷന്റെ നാട്ടിൽ ദൃശ്യപ്പൊലിമയുള്ള കാർട്ടൂണുകൾ ഉണ്ടായിരുന്നു. തടിയിൽത്തട്ടുന്ന രാഷ്ട്രീയകാർട്ടൂണുകൾ പക്ഷേ, ദുർലഭം. 1960-കളിൽ അവിടെയുണ്ടായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച്, വരച്ച അന്റോണിയോ പ്രൊഹൈസിനെ (Antonio Prohias) കാസ്‌ട്രോ സി.ഐ.എ. ഏജന്റ് എന്നുവിളിച്ചു. ഭാര്യയും രണ്ടുമക്കളുമായി ന്യൂയോർക്കിലേക്ക് രക്ഷപ്പെട്ട ഈ മുപ്പത്തൊന്പതുകാരൻ വഴിയെ മാഡ് (MAD) മാഗസിനിൽ ‘സ്പൈ വേഴ്‌സസ് സ്പൈ’ എന്ന നിശ്ശബ്ദകാർട്ടൂൺ വരച്ചു വിശ്വപ്രസിദ്ധനായി. 1983-ൽ ‘മയാമി ഹെറാൾഡിനു’ കൊടുത്ത അഭിമുഖത്തിൽ പ്രോഹൈസ് പറഞ്ഞു ‘‘ഇനി എനിക്കുചെയ്യാനുള്ളത് ഒരു പരസ്യപ്പലകയാണ്. ഫിഡെലിന് ഒരു നന്ദി രേഖപ്പെടുത്താൻ’’‍.