സാഹസികമാർഗങ്ങളിലൂടെ ശത്രുരാജ്യങ്ങളുടെ രഹസ്യങ്ങൾ കണ്ടെത്തുന്ന ചാരനെ ജനപ്രിയനായകനായി അവതരിപ്പിക്കുന്ന നോവൽ ലോകത്തിനു നൽകിയത് ബ്രിട്ടീഷ് എഴുത്തുകാരൻ ഇയാൻ ഫ്ളെമിങ്ങാണ്. അദ്ദേഹത്തിന്റെ നായകൻ ജെയിംസ് ബോണ്ട് പിൽക്കാലത്ത് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ആഗോളവാർപ്പുമാതൃകയായിമാറി. ജോൺ ലെ കാരെ എന്ന തൂലികാനാമത്തിൽ ചാരന്മാരുടെ കഥകളെഴുതുന്ന ഡേവിഡ് ജോൺ മൂർ കോൺവെല്ലിന്റെ നായകന്മാർ പക്ഷേ, ജെയിംസ് ബോണ്ടിന്റെ വിപരീതരൂപങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനായ നായകൻ ജോർജ് സ്‌മൈലി അല്പം പൊണ്ണത്തടിയും ഹ്രസ്വദൃഷ്ടിയുമുള്ള  മധ്യവയസ്കനാണ്. ഒരു നോവലിൽപ്പോലും അദ്ദേഹം ബോണ്ടിനെപ്പോലെ ശത്രുക്കളുമായി ആയുധങ്ങളുമായി ഏറ്റമുട്ടുന്നത് കാണാനാവില്ല. ആകെ ഒരു നോവലിലാണ് സ്‌മൈലി ഒരു റിവോൾവർ കൈയിലെടുത്തുനോക്കുന്നതുതന്നെ. അപ്പോൾപ്പോലും ഒരു മനുഷ്യനുനേരെ തനിക്കത് ഉപയോഗിക്കാനാവുമോ എന്ന ആശങ്കയോടെയാണത് ചെയ്യുന്നതും.
 
ലെ കാരെയെ വെറുമൊരു പൈങ്കിളി നേവലിസ്റ്റായല്ല, ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായാണ് ലോകം കാണുന്നത്. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ ‘ലെ കാരെ ഒരു നോവലിസ്റ്റ് മാത്രമല്ല മഹാനായ ദാർശനികൻ കൂടിയാണ്’ എന്ന്  ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കോയ്‌ലോ പ്രതികരിച്ചത് അതുകൊണ്ടാണ്.രണ്ടാം ലോകയുദ്ധാനന്തര ലോകത്തിലെ ശീതയുദ്ധത്തിന്റെ മൂർധന്യകാലത്ത്, 1950-കൾ മുതൽ 1960-കൾ വരെയുള്ള സമയത്ത് ലെ കാരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളായ എംഐ-5-ലും എംഐ-6-ലും ഉദ്യോഗസ്ഥനായിരുന്നു. ആ ജോലിക്കിടയിൽ ലഭിച്ച അനുഭവപരിജ്ഞാനം തന്നെയാണ് നോവലുകൾക്കുവേണ്ട അസംസ്കൃതവിഭവമായി ഉപയോഗിച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന കാലത്ത് സ്വന്തം പേരിൽ നോവലെഴുതാൻ പറ്റില്ലാത്തതിനാലാണ് ഡേവിഡ് കോൺവെൽ ജോൺ ലെ കാരെയെന്ന തൂലികാനാമത്തിൽ എഴുതാൻ തുടങ്ങിയതും. ആദ്യത്തെ രണ്ടു നോവലുകൾ -കാൾ ഫോർ ദ ഡെഡും എ മർഡർ ഓഫ് ക്വാളിറ്റിയും ചാരപ്രവർത്തനത്തെപ്പറ്റിയുള്ള കഥകളായിരുന്നില്ല, സാധാരണ കുറ്റാന്വേഷണ നോവലുകളായിരുന്നു. 1963-ൽ പുറത്തുവന്ന എ സ്‌പൈ ഹൂ കെയിം ഇൻ ഫ്രം ദ കോൾഡ് ആയിരുന്നു അദ്ദേഹം എഴുതിയ ആദ്യത്തെ ചാരപ്രവർത്തനം സംബന്ധിച്ച നോവൽ. അത് ആ വർഷത്തെ അന്തർദേശീയ ബെസ്റ്റ് സെല്ലറായിമാറി. വിപണിയിൽ വിജയിച്ചു എന്നു മാത്രമല്ല അത് വലിയ നിരൂപകപ്രശംസയും നേടി. ആ നോവലിന്റെ വിജയമാണ് ഉദ്യോഗം ഉപേക്ഷിച്ച് മുഴുവൻസമയ എഴുത്തുകാരനായി ജീവക്കാം എന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
 
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ തലപ്പത്തെത്തിയ സോവിയറ്റ് ഡബിൾ ഏജന്റ് (ഒരു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി അഭിനയിച്ചുകൊണ്ട് ശത്രുരാജ്യത്തിന് വിവരങ്ങൾ നൽകുന്ന വ്യക്തി) കിം ഫിൽബിയെ പിടികൂടുന്നതിനെപ്പറ്റിയുള്ള ടിങ്കർ ടെയ്‌ലർ സോൾജർ സ്‌പൈ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രധാന നോവൽ. അതും അന്തർദേശീയ ബെസ്റ്റ്‌സെല്ലറായിരുന്നു. ഇതിന്റെ തുടർച്ചയായിവന്ന ദ ഓണറബിൾ സ്കൂൾ ബോയ്, സ്‌മൈലീസ് പീപ്പിൾ എന്നീ രണ്ട് നോവലുകളും ബെസ്റ്റ് സെല്ലറുകളായിമാറി.  ഇവയിലെല്ലാം സോവിയറ്റ് യൂണിയനുമായി രഹസ്യാന്വേഷണരംഗത്ത് ബ്രിട്ടന്റെ യുദ്ധമായിരുന്നു ഇതിവൃത്തം. സോവിയറ്റ് യൂണിയനും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ കെ.ജി.ബി.യും 1991-ൽ ഇല്ലാതായി. അതിനും രണ്ടുവർഷം മുമ്പുതന്നെ ഇതിന്റെ സൂചനകൾ നൽകുന്ന നോവലായ റഷ്യ ഹൗസ്, ലെ കാരെ എഴുതി.
സാധാരണ ജനപ്രിയനോവലുകളിൽ നായകന്റെ രാജ്യം നന്മകൾ മാത്രവും ശത്രുവും അവന്റെ രാജ്യവും തിന്മകൾ മാത്രവുമായിരിക്കും ചെയ്യുക. പക്ഷേ, ലെ കാരെയുടെ നോവലുകളിൽ കഥ അങ്ങനെയല്ല. അദ്ദേഹത്തിന്റെ നോവലുകളിലെ നായകന്മാർ പലപ്പോഴും സ്വന്തം പക്ഷത്തിന്റെ പ്രവൃത്തികളിലെ അധാർമികതകളെപ്പറ്റി വേവലാതിപ്പെടുന്നവരാണ്. 
 
മറ്റ് പല എഴുത്തുകാരിൽനിന്നും വിഭിന്നമായി വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള മനുഷ്യനായിരുന്നു ലെ കാരെ. സൽമാൻ റുഷ്ദി സാറ്റാനിക് വേഴ്‌സസ് എഴുതിയപ്പോൾ ഒരു മഹത്തായ മതത്തെ അവഹേളിക്കുന്ന വൃത്തികെട്ട പണിയാണ് റുഷ്ദി ചെയ്തതെന്ന് തുറന്നടിക്കാൻ അദ്ദേഹം മടിച്ചില്ല. 2003-ൽ അമേരിക്ക ഇറാഖ് യുദ്ധം ആരംഭിച്ചപ്പോൾ ഒസാമ ബിൻലാദന് തന്റെ ഏറ്റവും ഹീനമായ സ്വപ്നത്തിൽപ്പോലും സാധിക്കുമെന്ന്  പ്രതീക്ഷിക്കാൻപറ്റാത്ത കാര്യമാണ് ബുഷ് ചെയ്തുകൊടുത്തതെന്ന് അദ്ദേഹം എഴുതി. ഏറ്റവും ഒടുവിലത്തെ നോവലായ ഏജന്റ് റണ്ണിങ്‌ ഇൻ ദ ഫീൽഡിലെ കഥാപാത്രങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ വെറും അഞ്ചാംകിട ചാരൻ എന്നും ഡൊണാൾഡ് ട്രംപിനെ പുതിന്റെ കക്കൂസ് കഴുകുന്നവൻ എന്നുമൊക്കെയാണ് വിശേഷി
പ്പിക്കുന്നത്.