ഓരോ എഴുത്തുകാർക്കും അവർക്കുമാത്രമുള്ള  വായനക്കാർ കാണും. ലൂയിസ് ഗ്ലിക്കിന്റെ ഭാഷയിൽപ്പറഞ്ഞാൽ, ‘ഉത്കടമായ ദാഹത്തോടെ കാത്തിരിക്കുന്ന ചെറിയകൂട്ടം.’ ആ ചെറിയ കൂട്ടത്തിനുവേണ്ടിയാണ് ഗ്ലിക്ക് എഴുതുന്നത്. അത്രതന്നെ ഉത്കടമായി, അത്രതന്നെ തീക്ഷ്ണമായി, അലങ്കാരങ്ങളുടെ ആലഭാരങ്ങളില്ലാതെ. ‘വ്യക്തിയുടെ അസ്തിത്വം സാർവലൗകിക അനുഭൂതിയാക്കിമാറ്റുന്ന സവിശേഷ സൗന്ദര്യം നിറഞ്ഞ’ ആ കാവ്യഭംഗിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ.

ഗ്രീക്ക്, റോമൻ ഇതിഹാസകഥകളും കഥാപാത്രങ്ങളും പ്രതീകങ്ങളും രൂപകങ്ങളുമായെത്തുന്ന, നിരാശകളെയും നിരാകരണങ്ങളെയും നഷ്ടങ്ങളെയും ഒറ്റപ്പെടലിനെയും കുറിച്ച് ചൊല്ലുന്ന കവിതകളാണവ. പുലിറ്റ്‌സർ‌സമ്മാനം നേടിയ ‘ദ് വൈൽഡ്‌ ഐറിസി’ലെപ്പോലെ പൂക്കളും കാറ്റും അരുണവർണമാർന്ന അസ്തമയവുമുള്ളവ. പല നിരൂപകരും അവയെ ആനന്ദരഹിതമെന്നും ഇരുണ്ട കവിതകളെന്നും പറയും. പക്ഷേ, മനസ്സുമനസ്സിനോട് സംസാരിക്കുന്ന ആത്മഭാഷണംപോലുള്ള ആ വായനാനുഭവത്തിനായാണ് ഗ്ലിക്കിന്റെ വായനക്കാർ കാത്തിരിക്കുന്നത്.

2003-ൽ അമേരിക്ക ‘പോയറ്റ് ലോറിയറ്റ്’ ബഹുമതി ഗ്ലിക്കിനു സമ്മാനിച്ചപ്പോൾ ‘ന്യൂയോർക്ക്‌ ടൈംസി’ൽ അവരുടേതായിവന്ന ഉദ്ധരണികളിലൊന്ന് ഇങ്ങനെയായിരുന്നു, ‘കവിത ഉള്ളടക്കത്തിലല്ല, സ്വരത്തിലൂടെയാണു നിലനിൽക്കുന്നത്. സ്വരമെന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ചിന്താശൈലിയാണ്, സംസാരശൈലികൊണ്ട് ഒരിക്കലും പകരംവെക്കാവുന്ന ഒന്നല്ല അത്.’ ആ ചിന്താശൈലിയാണ് നൊബേൽ സമിതി പറഞ്ഞതുപോലെ ‘ഏതാണ്ട് ക്രൂരമാംവിധം ഋജുവായ രൂപകങ്ങൾ’ക്ക്‌ പിറവിയേകുന്നത്. 

1943-ൽ ന്യൂയോർക്ക്‌ നഗരത്തിൽ ജനിച്ച് ലോങ് ഐലൻഡിൽ വളർന്ന ഗ്ലിക്ക്, ബാല്യത്തിലേ കവിതകളെഴുതിത്തുടങ്ങിയിരുന്നു. താൻ പിറക്കും മുമ്പേ മരിച്ചുപോയ സഹോദരിയെക്കുറിച്ചുള്ള വ്യഥയോ അമ്മയിൽ നിന്നു സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മോഹമോ കൗമാരത്തിലുണ്ടാക്കിയ അനെറെക്സിയ (വിശപ്പില്ലായ്മയും അതുമൂലം ശരീരഭാരം ക്രമാതീതമായിക്കുറയുന്നതുമായ അവസ്ഥ) ഗ്ലിക്കിനെ വലച്ചു. ശാരീരികമായും മാനസികമായും വൈകാരികവുമായ ഊർജം വീണ്ടെടുക്കാൻ പ്രയാസപ്പെട്ട ആ ഏഴുകൊല്ലങ്ങളിലാണ് ഗ്ലിക്ക് ആത്മവിമർശകവും ആത്മാർഥവുമായി ചിന്തിക്കാൻ തുടങ്ങിയത്. അവിടെനിന്നാണ് എഴുത്തിനെ കരുത്താക്കിയത്. ജീവിതത്തിൽ പിന്നീടുനേരിട്ട പ്രയാസകാലങ്ങളിലെല്ലാം കവിതകൾ ജനിച്ചു. ആദ്യവിവാഹം പിരിഞ്ഞുകഴിഞ്ഞപ്പോൾ ആദ്യ കവിതാസമാഹാരം (ഫസ്റ്റ്‌ബോൺ-1968) ഇറങ്ങി, വെർമോണ്ടിലെ വീട്‌ കത്തിപ്പോയതിനുപിന്നാലെ ‘ദ ട്രയംഫ് ഓഫ് അക്കിലസ്’ (1985) എത്തി. അച്ഛന്റെ മരണം ‘അറാറത്തി’ന്റെ (1990) രചനയിലേക്കു നയിച്ചു. ഇക്കാലത്തിനിടെ 16 കവിതാസമാഹരങ്ങൾ, കവിതകളെക്കുറിച്ചുള്ള രണ്ട് ലേഖനസമാഹാരങ്ങൾ.  ഗ്ലിക്കിലൂടെ 2011-നുശേഷം (ടൊമസ് ട്രാൻസ്‌ട്രൊമർ) സാഹിത്യനൊബേൽ കവിതയ്ക്കു ലഭിച്ചിരിക്കുന്നു. സാഹിത്യനൊബേലിന്റെ 1901 മുതലുള്ള ചരിത്രത്തിൽ 16-ാം വനിതയ്ക്ക്. 27 കൊല്ലത്തിനുശേഷം (ടോണി മോറിസൺ 1993) അമേരിക്കയിലേക്ക് ആ സമ്മാനം എത്തിയിരിക്കുന്നു.