കവി എന്നു കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിൽ ഒരുരൂപം തെളിയും. കസേരയിൽ ചിന്താമഗ്‌നനായിരുന്ന് മേശപ്പുറത്തുള്ള നോട്ടുബുക്കിൽ എന്തൊക്കെയോ കുറിക്കുന്ന ഒരു രൂപം. എന്നാൽ, നിലത്ത് പായവിരിച്ച് പഴയകാലത്തെ സ്‌കൂൾ കുട്ടിയെപ്പോലെ അതിൽ കമിഴ്ന്നുകിടന്ന് കവിത കുറിക്കുന്ന ഒരു കവിയെ സങ്കല്പിക്കാനാവുമോ? വിഷമമാണ്.

എന്നാൽ, അതായിരുന്നു അക്കിത്തത്തിന്റെ കവിതയെഴുത്തു രീതി. ചെറുകവിതകൾ മുതൽ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം വരെ ഇങ്ങനെ എഴുതിയതാണ്. അതിനുമപ്പുറം ബൃഹത്തായ ഭാഗവതം പരിഭാഷ വരെ ഇങ്ങനെ പൂർത്തിയാക്കിയതാണ്.

അക്കിത്തത്തിന്റെ കവിതയെന്നപോലെ, അദ്ദേഹത്തിന്റെ കാവ്യവ്യക്തിത്വവും നമ്മുടെ സങ്കല്പങ്ങൾക്കു പൂർണമായി പിടിതരാത്ത ഏതോ അജ്ഞേയതലങ്ങളിലാണ് എന്നും വർത്തിച്ചത്. 'നമുക്ക് പിടിതരാത്ത തലത്തിൽ'- എന്നതു വെറുതേ പറഞ്ഞതല്ല. അക്കിത്തത്തെ സമഗ്രതയിൽ മനസ്സിലാക്കാൻ നമുക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ആ വരികൾ തന്നെ എടുത്തുനോക്കാം.

'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'. - ഈ വരികൾ നമ്മുടെ പ്രശസ്ത നിരൂപകരടക്കമുള്ളവർ വായിച്ചത് ഏതർഥത്തിലാണ്? വ്യാഖ്യാനിച്ചത് ഏതു വിധത്തിലാണ്? ആ വിധത്തിലായിരുന്നോ അതു വായിക്കേണ്ടിയിരുന്നത്?
'മരണം പ്രകൃതിശരീരിണാം
വികൃതിർ ജീവിതമൂച്യതൈ ബുധൈ'-
എന്നു കാളിദാസൻ പറഞ്ഞിട്ടില്ലേ? മരണമാണ് പ്രകൃതി. അതിൽ കുമിളപോലെ വന്നുദിച്ചു പൊലിഞ്ഞുപോകുന്ന വികൃതിയാണ് ജീവിതം. ഈ വിധത്തിൽ വളരെ ദാർശനികമായ ഒരുതലത്തിൽ ആയിരുന്നു അക്കിത്തത്തിന്റെ ആ വരികൾ വ്യാഖ്യാനിക്കപ്പെടേണ്ടിയിരുന്നത്. അതിനുപകരം അറിവിനും വെളിച്ചത്തിനും നേർക്ക് വാതിൽ കൊട്ടിയടച്ച് വിധിയുടെ ഇരുട്ടറയ്ക്കുള്ളിൽ ഒതുങ്ങാൻ കല്പിച്ചിരിക്കുകയാണ് കവി എന്നൊക്കെ വ്യാഖ്യാനിച്ചാലോ? അതിനുമപ്പുറത്തേക്കു പോയി കവിയെ ആ ദുർവ്യാഖ്യാനം മുൻനിർത്തി കടന്നാക്രമിക്കുക കൂടി ചെയ്താലോ? പ്രകൃതി അല്ലാത്തതാണു വികൃതി.

മൃതാവസ്ഥയാണു പ്രകൃതി. ശ്വസിക്കൽ, ജീവിക്കൽ വികൃതിയും. ഇതേപോലെ തമസ്സ് പ്രകൃതി, വെളിച്ചം വികൃതിയും. ഈ അർഥത്തിലുള്ള ഭിന്നമായ ഒരു പാരായണ രീതിയാണ് ആ വരികൾ ആവശ്യപ്പെടുന്നത്. എന്നാൽ, നിരൂപകലോകത്തിന് അത് അപ്രാപ്യമായിപ്പോയി? അവർ ആ വഴിക്കു പോയില്ല. ഇതുപോലെ തന്നെയാണ് 'കൈപ്പുണ്യച്ചമ്മന്തി'- തുടങ്ങിയ അക്കിത്തമുദ്രയുള്ള പദചേരുവകളും. തന്റെ വരികൾ വേണ്ടവണ്ണം മനസ്സിലാക്കപ്പെടാതെ പോവുന്നതിൽ അക്കിത്തം ദുഃഖിച്ചിട്ടുണ്ടാവുമോ ആവോ!

ആരുടെ കണ്ണുനീർ
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ്
ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം'- എന്ന് എഴുതിയ കവിയാണല്ലോ അക്കിത്തം. 'പണ്ടത്തെ മേൽശാന്തി'-യിലടക്കം ആ കാവ്യലോകത്തുടനീളം കണ്ണുനീരിന്റെ തിളക്കം കാണാം. എന്തുകൊണ്ട് ഇത്രയേറെ കണ്ണുനീര്? ആ കണ്ണീര് ഒരിക്കലും അദ്ദേഹത്തിന്റേതായിരുന്നില്ല; ആ കാലത്തിന്റേതായിരുന്നു; ലോകത്തിന്റേതായിരുന്നു.
'ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ
ചൊൽപ്പടിക്കിട്ട ബലിമൃഗമല്ലി ഞാൻ' - പണ്ടത്തെ മേൽശാന്തിയിൽ ഇങ്ങനെ ഘനീഭവിച്ചു കാണുന്നതും കണ്ണീരുതന്നെ. ആ കവിതയെ ജന്മിത്വത്തോടുള്ള വാഞ്ഛയായി കാണാനായിരുന്നു ചിലർക്കു നിർഭാഗ്യവശാൽ പ്രിയം.
'നിരത്തിൽ കാക്ക കൊത്തുന്നൂ
ചത്ത പെണ്ണിന്റെ കണ്ണുകൾ,
മുലചപ്പി വലിക്കുന്നൂ
നരവർഗനവാതിഥി!' - ഇത് അക്കിത്തം കവിതയിലെ മറ്റൊരു കണ്ണീർക്കണം! നീറുന്ന ഒരു കാഴ്ചയാണല്ലോ ആ വരികളിലുള്ളത്. സങ്കല്പത്തിലെ കാഴ്ചയായിരുന്നില്ല; അനുഭവകാഴ്ച തന്നെയായിരുന്നു അത്.
ആകാശവാണിയുമായി ബന്ധപ്പെട്ടുള്ള കോഴിക്കോട് വാസകാലം. തകഴിക്കും ഉറൂബിനും മംഗളോദയത്തിലെ ഗോപാലൻനായർക്കുമൊപ്പം ഒരു എമ്പ്രാന്തിരിഹോട്ടലിൽ പോയി ഊണു കഴിച്ചു. തിരികെ നടക്കുമ്പോൾ തകഴിയാണ് അക്കിത്തത്തിന് ആ ദൃശ്യം കാട്ടിക്കൊടുത്തത്. വഴിയോരത്ത് ഒരു പെണ്ണ് ചത്തുകിടക്കുന്നു! കാക്ക അതിന്റെ കണ്ണുകൊത്തുന്നു. ഒരു കുഞ്ഞ് ആ സ്ത്രീയുടെ മുല ചപ്പിവലിക്കുന്നു. പൊള്ളിക്കുന്ന കാഴ്ച. രണ്ടാമതൊന്നു നോക്കാനായില്ല. കണ്ണുനിറഞ്ഞു. ആ കാഴ്ചയുടെ കണ്ണീരാണ് ആ കവിതയായി രൂപപ്പെട്ടത്!

ഇസവും ലോക്കപ്‌ വാസവും
തന്നിലേക്ക് 'കമ്യൂണിസം'- കടന്നുവന്നത് വേദത്തിലൂടെയാണെന്ന് അക്കിത്തം എപ്പോഴും പറയുമായിരുന്നു. ഋഗ്വേദത്തിലെ 'സംഗച്ഛത്വം, സംവദത്വം'- എന്നുള്ള ഭാഗം വിശേഷിച്ചും എടുത്തുപറയും. ഒരുമിച്ചുപോവുക; ഒരുമിച്ചു സംസാരിക്കുക, മനസ്സുകൾപോലും ഐകരൂപ്യത്തോടെ സമഞ്ജസമായി വർത്തിക്കുന്നതാവട്ടെ എന്ന ആശംസയാണല്ലോ അതിലുള്ളത്.

കമ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ടുള്ള ബന്ധമൊന്നുമുണ്ടായിട്ടില്ല. എന്നാൽ, കമ്യൂണിസ്റ്റുകാരെ ഇല്ലത്ത് ഒളിപ്പിച്ചിട്ടുണ്ട്. പാർട്ടിബന്ധത്തിന്റെ പേരിൽ പോലീസ് പിടിച്ചുകൊണ്ടുപോയി അർധരാത്രിവരെ ലോക്കപ്പിൽ ഇരുത്തിയിട്ടുമുണ്ട്. പാർട്ടിസാഹിത്യത്തിനുവേണ്ടി വീട്ടിൽ റെയ്ഡ് നേരിട്ട അനുഭവവുമുണ്ട്. യൂസഫ് എന്നയാളടക്കം മൂന്നുപേരെയാണ് ഈ 'യാഥാസ്ഥിതിക നമ്പൂതിരി' ഇല്ലത്ത് ഒളിപ്പിച്ചത്. പത്തായപ്പുരയിലായിരുന്നു ഒളിപ്പിച്ചത്. ഭക്ഷണമൊക്കെ അവിടേക്കത്തിച്ചു കൊടുക്കും. പോലീസ് രണ്ടുതവണ ഇല്ലത്ത് ചെന്നുനോക്കി. അക്കിത്തം അവിടെയുണ്ടായിരുന്നില്ല. മൂന്നാംതവണ അക്കിത്തത്തെ പിടിച്ചുകൊണ്ടുപോയി.

ഇല്ലത്ത് നടത്തിയ റെയ്ഡിൽ 'പ്രതികാര ദേവത' എന്ന കൃതി കണ്ടതാണു കുഴപ്പമായത്. പേരുതന്നെ പ്രകോപിപ്പിക്കുന്നത്! അതിലാകട്ടെ, 'പതാക പിച്ചിച്ചീന്തും'  എന്നൊരു പ്രയോഗം കൂടിയുണ്ടായിരുന്നു. പോരേ പൂരം! ദേശീയ പതാക പിച്ചിച്ചീന്തും എന്നാണതിന്റെ അർഥം എന്നായിരുന്നു വ്യാഖ്യാനം. ടി.എസ്. പാതിരിപ്പാട് എന്നയാൾ കുന്നംകുളത്തുനിന്ന് ഇറക്കിയിരുന്ന ഒരു പത്രമുണ്ട്. അതിന്റെ പേരാണ് പതാക. ആ പതാക പിച്ചിച്ചീന്തും എന്ന് എഴുതിയതിന്റെ പേരിലായിരുന്നു ആ ലോക്കപ്പ് വാസം! പോലീസ് ഓഫീസർ തമിഴനായിരുന്നു. അയാൾക്കു മലയാളവും ഇംഗ്ലീഷും മനസ്സിലാവുമായിരുന്നില്ല! ഏതായാലും അക്കിത്തം പിന്നീട് 'ഓരോ മാതിരി ചായം മുക്കിയ
കീറക്കൊടിയുടെ വേദാന്തം'- എന്ന് എഴുതിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം!

ഇ.എം.എസും അക്കിത്തവും
ഇ.എം.എസുമായുണ്ടായ അടുപ്പത്തെ അക്കിത്തം എന്നും ഊഷ്മളമായ അനുഭവമായി ഉള്ളിൽ കൊണ്ടുനടന്നു. ഇടമുറിയാതെ എന്നോടു സംസാരിക്കെ  അക്കിത്തത്തെ ഗദ്ഗദകണ്ഠനാക്കി ഒരിക്കൽ ഇഎം.എസ.് സ്മരണ. സംസാരം മുറിഞ്ഞു. കണ്ണുതുടച്ച് മൗനിയായി കുറച്ചുനേരം അദ്ദേഹം.
ഇ.എം.എസിന്റെ കുടുംബത്തിന്റെ ഓതിക്കൻ സ്ഥാനം ഉണ്ടായിരുന്നു അക്കിത്തം കുടുംബത്തിന്. അങ്ങനെ ഓതിക്കന്റെ റോളിൽ ഏലങ്കുളത്തുപോയ ഒരു വേളയിലാണ് അക്കിത്തം ആദ്യമായി പുഴയിലിറങ്ങി തോണികളിച്ചത്. അന്ന് ഇ.എം.എസ്. അവിടെയില്ല.

ഇ.എം.എസിനെയും കെ. ദാമോദരനെയും ആദ്യമായി കാണുന്നത് അടുത്തുള്ള കെ.പി.മാധവമേനോന്റെ വസതിയിൽവെച്ചാണ്. പിന്നീട് രണ്ടുവട്ടം ഇ.എം.എസ്. അക്കിത്തത്ത് ചെന്നു. ഇ.എം.എസ്. പറയുന്നത് കേട്ടെഴുതാൻ ഒരാളെ വേണമായിരുന്നു. ഐ.സി.പി. നമ്പൂതിരി അക്കിത്തത്തെ ഇ.എം.എസിന്റെയടുത്തു കൊണ്ടുചെന്നാക്കി. ഇ.എം.എസ്. പറയും; അക്കിത്തം എഴുതിയെടുക്കും. വള്ളിപുള്ളി തെറ്റാതെ എങ്ങനെ ഒപ്പിക്കുന്നു ഇത് എന്ന് ഒരിക്കൽ ഇ.എം.എസ.് ചോദിച്ചു. വിക്കുള്ളതുകൊണ്ട് എന്ന് അക്കിത്തം മറുപടി നൽകി. ഇ.എം. എസ് ചിരിച്ചു; അക്കിത്തവും. ഇ.എം.എസിന്റെ ആത്മകഥയുടെ മൂന്ന് അധ്യായങ്ങളെങ്കിലും അക്കിത്തം മുഖാമുഖം ഇരുന്ന് എഴുതിയെടുക്കുകയായിരുന്നു.
ഈ ഇ.എം.എസിനുവേണ്ടി അക്കിത്തം ഒളപ്പമണ്ണയുമായി ചേർന്ന് ഒരു കവിത എഴുതിയിട്ടുണ്ട്. ഇ.എം.എസിന് കടുത്തതോതിൽ വസൂരി ബാധിച്ച വേളയിലായിരുന്നു അത്. രണ്ടുവരി അക്കിത്തം; രണ്ടുവരി ഒളപ്പമണ്ണ. ആ ക്രമത്തിൽ അറുപതുവരിയുള്ള കവിത. ഇ.എം. എസിനെ രക്ഷിക്കണേ എന്ന് ഈശ്വരനോടു പ്രാർഥിക്കുന്ന കവിതയായിരുന്നു അത്.