ദൂരദർശനിൽ പഴയ കവിസമ്മേളനം. പൂക്കളത്തെയും മഹാബലിയെയും പൂഴ്ത്തിവെപ്പിനെയും നല്ല നാളെയെയും പറ്റി തുടുത്ത കവിതകൾ വിരിയുന്ന അരങ്ങത്ത് വെറ്റിലത്തരി നുണയ്ക്കുന്ന ഒരുമുഖം തെളിയുന്നു - അക്കിത്തം. കൗതുകവും കുട്ടിക്കുസൃതിയും കൂമ്പിനിൽക്കുന്ന നരച്ച മുഖം.
മൈക്കിന്റെ മുന്നിൽ അദ്ദേഹം നിൽക്കുന്നു. അടിയൊഴുക്കുകളെ ഉള്ളിലടക്കുന്ന സ്വച്ഛചിന്തയുടെ ശാന്തവിചീകൾ ആ മുഖത്തെ വലയംചെയ്യുന്നു. കളിമ്പം വിട്ടൊഴിയുന്നു. മുഴങ്ങുന്ന പരുഷശബ്ദത്തിൽ സ്ഫുടമായി അദ്ദേഹം കവിത ഊന്നിയും നിർത്തിയും ചൊല്ലി നീങ്ങവേ, ഇടയ്ക്കിടെ ആ കണ്ണുകൾ പാതിയടയുന്നു. മുകളിൽ നമുക്കദൃശ്യമായ ഏതോ വിതാനത്തിലേക്ക് നോട്ടം ഉയരുന്നു; വീണ്ടും നമ്മിലേക്ക്, വർത്തമാനത്തിലേക്ക് മടങ്ങുന്നു.

എന്താണ് കവിതയുടെ വിഷയം?
ഗൊർബച്ചേവ്. ത്രിവത്സര ഭഗീരഥനായ ആ റഷ്യൻ നായകനിലൂടെ മുക്തിയുടെ സരളസന്ദേശം, സ്വച്ഛന്ദതയുടെ മാധുര്യം, ഒരുനിമിഷം നാമറിയുന്നു. എന്നാൽ അരത്തോട് അരം ഏറ്റാൽ തീയ് മാത്രമാണ് ഫലം എന്ന സത്യം ഗൊർബച്ചേവ് ഉൾക്കൊണ്ടുവോ? ശമത്തിന്റെ മഹാരഹസ്യം ആ മസ്തിഷ്‌കപത്മത്തിൽ തേൻതുള്ളിയായി ഉറന്നുവോ? കവിക്ക് സംശയമുണ്ട്. അവിടെച്ചെന്ന് കലാശിച്ചാലേ ഏത് പരിണാമവും സാർഥകമാകൂ എന്നതിൽ ശങ്കയൊട്ടില്ലതാനും. ആകയാൽ,
'വെള്ളരിക്ക കണക്കുണ്ണീ!
ബന്ധമുക്തി വരിക്ക നീ.'
എന്ന് ത്ര്യംബക ചൈതന്യം ഉണർത്തിക്കൊണ്ടേ കവിത മുഴുമിക്കാൻ തനിക്കാവൂ. അതാണ് അക്കിത്തം. അതാണ് അച്യുതകാവ്യം.
ആർഷജ്ഞാനമെന്നാൽ, ഏമ്പക്കംവിട്ട് മെത്തയിൽ ചായുന്നവർക്കുള്ള തലയണയല്ല. ഉയരങ്ങളിലേക്ക് കടന്നെത്തുന്ന കാലടിയിലെ കുതിപ്പാണ്. അക്കിത്തത്തെ സംബന്ധിച്ചിടത്തോളം ഈ മഹാപ്രപഞ്ചത്തിൽ തനിക്ക് കാവ്യവിഷയമല്ലാത്ത ഒന്നുമില്ല. അണുതൊട്ട് അണ്ഡമണ്ഡലംവരെ പ്രസരിച്ചുചെല്ലുകയും തൊട്ടതൊക്കെ തിളയ്ക്കുകയും ചെയ്യുന്ന തന്റെ പ്രതിഭാവ്യാപാരത്തിന് കേവലം ഊർജസംഭരണമത്രേ ആർഷജ്ഞാനം.

ഈ ഒരവസ്ഥ അദ്ദേഹം ആർജിച്ചതെങ്ങനെ? മരമൂട്ടിലിരുന്ന് മൂക്കടച്ചുജപിച്ച് കിനാവുകണ്ടിട്ടല്ല. വ്യക്തിപരവും സാമൂഹികവുമായ സമസ്ത ജീവിതാനുഭവങ്ങളെയും ഉൾക്കൊണ്ട്, സ്ഫുടപാകം ചെയ്തുസംഭരിച്ച പ്രാണബലം ആണ് തന്നെ ഇത്തരം പവിത്രമായ രചനാസ്വാസ്ഥ്യങ്ങൾക്ക് അധികാരിയാക്കിയത്. കോളേജിൽ പഠിച്ചല്ല ആഴമേറിയ മനനങ്ങളുടെ സർവകലാശാലയിൽനിന്നാണ് ഈ കവി ഗ്രാജ്വേറ്റ്‌ചെയ്തത്.
പണ്ട് 'മധുവിധു'വിലും 'മധുവിധുവിന്‌ശേഷ'വും സുഗന്ധിയായ യൗവനരതി ഉച്ഛ്വസിക്കുന്ന കവിയുടെ പിഴയ്ക്കാത്ത കണ്ണ് ആകാശത്തേക്ക് ഉന്നീതമായ നിമിഷം ഇങ്ങനെ വെളിപ്പെട്ടു:
അറിഞ്ഞൂർജസ്സേൽപ്പൂ ഞങ്ങൾ-
ഒന്നേ താങ്കളുമെങ്ങളും,
പാലിലെ പതയെപ്പോലെ
തീയിലെ ജ്വാല പോലെയും!
പിൽക്കാലത്ത് ഈ ഊർജസ്സാണ് 'വാടാത്ത താമരയെയും കെടാത്ത സൂര്യ'നെയും നമുക്ക് വിടർത്തിക്കാട്ടിയത്. ബലിഷ്ഠമായ പദശൈലിയിൽ അക്കിത്തത്തിന് ഗുരുവായിരുന്ന ഇടശ്ശേരി ഇക്കവിത ആഴത്തിൽ തന്നെ സ്പർശിച്ചുവെന്ന് രേഖപ്പെടുത്തുന്നു. മനുഷ്യ ഭാഗധേയത്തെ അതിന്റെ എല്ലാ പരുഷസൗന്ദര്യത്തോടും കൂടി എടുത്തുപെരുമാറാനുള്ള തന്റേടം അന്നേ അക്കിത്തം ആർജിച്ചുകഴിഞ്ഞിരുന്നു.
'ഇടിഞ്ഞുപൊളിഞ്ഞ ലോകം', 'വെണ്ണക്കല്ലിന്റെ കഥ' തുടങ്ങിയ കൃതികളിലേക്കെത്തുമ്പോൾ നവീനയുഗ മനുഷ്യന്റെ അന്തർദ്വന്ദ്വത്തെയും ഭയവിഹ്വലതകളെയും വിരൽവിറയ്ക്കാതെ കൈകാര്യം ചെയ്യാനുള്ള കരുത്ത് മലയാള കാവ്യഭാഷ കൈവരിക്കുന്നത് നാം ആദ്യമായി കണ്ടറിയുന്നു. പാരമ്പര്യത്തിന്റെ വിഴുപ്പ് വർജിക്കുകയും അതിന്റെ ജൈവസത്തയെ വീര്യമായി ഉൾക്കൊള്ളുകയും ചെയ്ത കവി ആധുനിക സമസ്യകളോട് പുരുഷമര്യാദയിൽ ഇടയുകയും പിടിച്ചുനിൽക്കാനുള്ള ചുവടുറപ്പ് മനുഷ്യാത്മാവിന്ന് നേടിക്കൊടുക്കുകയും ചെയ്യുന്നു.

മതമെന്താകിലുമാട്ടേ-
മനുജാത്മാവേ! 
കരഞ്ഞിരക്കുന്നേൻ:
നിരുപാധികമാം സ്‌നേഹം
നിന്നിൽ പൊട്ടിക്കിളർന്നു 
പൊന്തട്ടേ!
എന്ന സരളമായ പ്രാർഥനയിൽ തന്റെ ദർശനസാരം ഋഷിനിർവിശേഷമായ ഗൗരവത്തോടേ അക്കിത്തം നിവേദിച്ചിരിക്കുന്നു.
നിരുപാധികമായ ആ സ്‌നേഹത്തിലേക്കുള്ളവഴി, പക്ഷേ, എളുപ്പമായിരുന്നില്ല. അത് ബലമാണെന്നറിഞ്ഞത് ഒറ്റരാത്രികൊണ്ടായിരുന്നില്ല. യോഗക്ഷേമസഭയിലും സ്വാതന്ത്ര്യസമരത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിലും പ്രവർത്തിച്ച്, അവയെല്ലാം എപ്രകാരം മനുഷ്യനെ അവന്റെ ആത്യന്തികവും യഥാർഥവുമായ സമസ്യയിൽനിന്ന് വഴിതെറ്റിക്കുന്നുവെന്ന് ഈ കവി ഉഷ്ണിച്ചറിഞ്ഞിട്ടുണ്ട്. ക്ലിഷ്ടവും ഭീഷണവുമായ ആ അറിവിന്റെ യാത്രയാണ് ഇരുപതാംനൂറ്റാണ്ടിലെ മനുഷ്യന്റെ 'ഇതിഹാസം' എന്ന് പേരിട്ട് അക്കിത്തം അവതരിപ്പിച്ചത്.

കരഞ്ഞുചൊന്നേൻ ഞാനന്ന്
ഭാവിപൗരനോടിങ്ങനെ-
വെളിച്ചം ദുഃഖമാണുണ്ണീ!
തമസ്സല്ലോ സുഖപ്രദം
ഈ മരവിപ്പിക്കുന്ന അവബോധത്തിൽനിന്ന് തപസ്സിലൂടെ അക്കിത്തം ഉണർന്നെണീറ്റത് ഋഷിവിവേകത്തിന്റെ പ്രസാദമധുരമായ പ്രഭാതകാന്തിയിലേക്കാണ്. പിന്നീട് അദ്ദേഹത്തെ ഒരിക്കലും നമ്പൂരിശ്ശങ്ക തീണ്ടിയിട്ടില്ല.