ഇക്കഴിഞ്ഞ ജൂൺ നാലാംതീയതി മദ്രാസ്‌ ഹൈക്കോടതി, സംഗീതരംഗത്തെ മഹാപ്രതിഭയായ ഇളയരാജയ്ക്ക്‌ അനുകൂലമായി സുപ്രധാനമായ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിൽ 4500-ൽപ്പരം പാട്ടുകളാണ്‌ സൃഷ്ടിച്ചത്‌. അദ്ദേഹം ഒരുക്കിയ ഗാനങ്ങളിൽ നിയമപരമായ പകർപ്പവകാശം അദ്ദേഹത്തിന്‌ മാത്രമായിരിക്കുമെന്ന്‌ ഹൈക്കോടതി പറഞ്ഞു. (1) അദ്ദേഹത്തിന്റെ അനുമതിയുണ്ടെങ്കിലേ മറ്റുള്ളവർക്ക്‌ ഈ ഗാനങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനാവൂ എന്നതാണ്‌ വിധിയുടെ സാരാംശം.
സംഗീതത്തിനുപിറകിലെ സർഗാത്മകതയ്ക്കും അധ്വാനത്തിനും അംഗീകാരം നൽകിയ ഈ വിധി ഇന്ത്യയുടെ പകർപ്പവകാശനിയമചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണ്‌. കലാകാരന്റെ സൃഷ്ടികളെ വിലമതിക്കാൻ ഒരു സമൂഹത്തോട്‌ ആവശ്യപ്പെടുകകൂടിയാണ്‌ കോടതി ഈ വിധിയിലൂടെ ചെയ്തത്‌.

എഴുത്തിന്റെ മേഖലയിൽ സമാനമായ ഒരു വിധിയുണ്ടായത്‌ 2001-ൽ അമേരിക്കൻ സുപ്രീംകോടതിയിൽനിന്നാണ്‌.  1990-‘93 കാലഘട്ടത്തിൽ ആറ്‌ എഴുത്തുകാരുടെ ഇരുപത്തൊന്ന്‌ രചനകൾ ചില അമേരിക്കൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പത്രങ്ങളിൽമാത്രം പ്രസിദ്ധീകരിക്കാനായി നൽകിയ ഈ രചനകളെ പത്രങ്ങൾ മറ്റു കമ്പനികളുമായി ചേർന്ന്‌ വാണിജ്യാടിസ്ഥാനത്തിൽ കംപ്യൂട്ടർവത്‌കൃത ഡേറ്റാബേസിൽ പുനരുത്‌പാദിപ്പിച്ച്‌ വിതരണം നടത്തിയത്‌ തങ്ങളുടെ പകർപ്പവകാശത്തിന്റെ ലംഘനമാണ്‌ എന്നതായിരുന്നു, എഴുത്തുകാരുടെ വാദം. ഈ വാദത്തെ അംഗീകരിച്ച കോടതി, എഴുത്തുകാരുടെ രചനകളിന്മേൽ മറ്റുള്ളവർക്ക്‌ തോന്നിയതുപോലെ കൈവെക്കാനും ലാഭത്തിനുവേണ്ടി ദുരുപയോഗംചെയ്യാനും അധികാരമില്ലെന്ന്‌ വ്യക്തമാക്കി. (2)

ഇന്ത്യയിൽ പൊതുവേയും കേരളത്തിൽ വിശേഷിച്ചും പകർപ്പവകാശം സംബന്ധിച്ച കാര്യങ്ങളിൽ ഒരുതരം അരാജകത്വം നിലനിൽക്കുന്നുണ്ട്‌. എഴുത്തിന്റെ, വിശേഷിച്ചും സാഹിത്യത്തിന്റെ മേഖലയിലാണ്‌ ഇതുസംബന്ധിച്ച നിയമലംഘനങ്ങൾ കൊടികുത്തിവാഴുന്നത്‌. മലയാളസാഹിത്യരംഗത്തെ മഹാപ്രതിഭകൾപോലും ലാഭക്കൊതിയന്മാരായ പ്രസാധകരാൽ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്‌ വിശദമായ ഒരു അന്വേഷണാത്മക പത്രപ്രവർത്തനത്തിനുതന്നെ സാധ്യതയുണ്ട്‌. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം പക്ഷേ, എഴുത്തുകാരന്റെ അവകാശങ്ങളെ സംബന്ധിച്ച നിയമതലത്തിലുള്ള ഒരു ഹ്രസ്വപരിശോധനമാത്രമാണ്‌.

നിയമം നൽകുന്ന പരിരക്ഷ

1957-ലെ ഇന്ത്യൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നത്‌ 21.1.1958 മുതൽക്കാണ്‌. 79 വകുപ്പുകൾ അടങ്ങുന്ന ഇന്നത്തെ രൂപത്തിലുള്ള നിയമം യഥാർഥത്തിൽ എഴുത്തുകാർക്കും കലാകാരൻമാർക്കും മറ്റും ശക്തമായ പരിരക്ഷയാണ്‌ നൽകുന്നത്‌. ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോഗ്രാഫിയുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുമെങ്കിലും എഴുത്തിന്റെ മേഖലയിൽ  ഈ നിയമം എങ്ങനെ വർത്തിക്കുന്നു എന്നതാണ്‌ ഈ കുറിപ്പിൽ പരിശോധിക്കുന്നത്‌.

എഴുത്തിന്റെ പരമാധികാരി എഴുത്തുകാരൻ തന്നെയാണ്‌. കർത്തൃത്വത്തെ (Authorship) സംബന്ധിച്ച്‌ ധൈഷണികതലത്തിൽ ഒട്ടേറെ സംവാദങ്ങൾ നടന്നിട്ടുണ്ട്‌. ‘എഴുത്തുകാരന്റെ മരണത്തെ’ക്കുറിച്ച്‌ എഴുതിയ റോളണ്ട്‌ ബാർത്തും ‘ആരാണ്‌ എഴുത്തുകാരൻ’ എന്നു ചോദിച്ച മിഷേൽ ഫൂക്കോയും ദാർശനികരംഗത്തുണ്ടാക്കിയ ചലനങ്ങൾ പക്ഷേ, പകർപ്പവകാശനിയമത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യംചെയ്യാൻ പോന്നവയായിരുന്നില്ല എന്ന്‌ ഒറേൻ ബ്രാച സൂചിപ്പിക്കുന്നുണ്ട്‌.  (3). 

ശരിയാണ്‌; നിയമത്തിന്റെ മൂർത്തതലങ്ങളിൽ എഴുത്തുകാരന്റെ രചനകളിൽ അവന്റെ/അവളുടെ സമ്മതമില്ലാതെ കടന്നുകയറി വിഹരിക്കാൻ നിയമം ആരെയും അനുവദിക്കുന്നില്ല. അന്യഥാ നിസ്സഹായനായ എഴുത്തുകാരന്‌ രാഷ്ട്രം നൽകുന്ന നിയമപരിരക്ഷയാണത്‌. അമൂർത്തമായ ഒട്ടേറെ സ്വാധീനങ്ങൾ എഴുത്തുകാരന്റെ ‘കർത്തൃത്വത്തെ' രൂപപ്പെടുത്തുന്നുണ്ടാകാമെന്നത്‌ അവന്റെ രചനകളുടെ മൂല്യമോ അവയ്ക്കുമേൽ അവനുള്ള അധികാരമോ കുറയ്ക്കുന്നില്ല.
ആശയങ്ങളിലല്ല, അവ പ്രകാശനംചെയ്യുന്ന രീതിയിലാണ്‌ (Expression) പകർപ്പവകാശം കുടികൊള്ളുന്നത്‌. ആശയങ്ങളുടെ കാര്യത്തിൽ ഉടമസ്ഥത വന്നുകഴിഞ്ഞാൽ വൈജ്ഞാനികവികാസംതന്നെ അസാധ്യമായിത്തീരും എന്ന തിരിച്ചറിവാണ്‌ ഈ വ്യവച്ഛേദത്തിനുപിന്നിൽ. ആർ.ജി. ആനന്ദിന്റെ ഒരു നാടകത്തിലെ ചില ആശയങ്ങൾ ഡീലക്സ്‌ ഫിലിംസ്‌ എന്ന സ്ഥാപനം സിനിമയാക്കിയപ്പോൾ അതിൽ നിയമലംഘനമില്ലെന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. എന്നാൽ, പ്രകാശനത്തിലെ മൗലികത (originality) എഴുത്തുകാരന്റെ ഏറ്റവും വിലപ്പെട്ട മൂലധനംതന്നെയാണ്‌. സർഗാത്മകതയും മൗലികതയും എഴുത്തിനുപിന്നിലെ അധ്വാനവും ചേരുമ്പോൾ ഒരു മൂല്യവത്തായ സൃഷ്ടി രൂപമെടുക്കുന്നു. കോടതിവിധികളിൽ ആർക്കും പകർപ്പവകാശമില്ലെങ്കിലും ആ വിധിക്ക്‌ നൽകുന്ന തലക്കുറിപ്പുകളിൽ (head notes) പോലും പകർപ്പവകാശം കുടികൊള്ളുന്നു. മൗലികതയുടെ അംശമെങ്കിലുമുള്ള എഴുത്തിന്റെ ചെറുരൂപങ്ങളിൽപ്പോലും പകർപ്പവകാശം കുടികൊള്ളുന്നുവെന്ന്‌ നിയമത്തിന്റെ 13-ാം വകുപ്പിൽനിന്ന്‌ വായിച്ചെടുക്കാം.

ചൂഷണം ഒരു തുടർക്കഥ

എന്നാൽ, സ്വന്തം രചനകളുടെ മൂല്യത്തെക്കുറിച്ച്‌ ഇന്ത്യയിൽ കേസുപറഞ്ഞ വിദേശ എഴുത്തുകാരുണ്ട്‌. ഇ.എം. ഫോസ്റ്ററുടെ ‘എ പാസേജ്‌ ടു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ ഒരു പ്രസാധകൻ കോളേജ്‌ വിദ്യാർഥികൾക്കായുള്ള ഗൈഡ്‌ ഉണ്ടാക്കിയപ്പോൾ, അത്‌ പകർപ്പവകാശലംഘനമാണെന്നു വാദിച്ചുകൊണ്ടാണ്‌ ഫോസ്റ്റർ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. വാദം കോടതി അംഗീകരിച്ചില്ലെന്നത്‌ വേറെ കാര്യം. (4) എന്നാൽ, തന്റെ രചനകളെ മറ്റുള്ളവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്‌ നിരന്തരം വീക്ഷിക്കാനുള്ള ജാഗ്രത ഫോസ്റ്ററിൽനിന്ന്‌ നമ്മുടെ എഴുത്തുകാർ പഠിക്കേണ്ടതാണ്‌. 

പച്ചയായ പകർപ്പവകാശലംഘനങ്ങളെയും കൊടിയ സാമ്പത്തികചൂഷണങ്ങളെയും കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ എഴുത്തുകാരിൽ പലരും പ്രസാധകരുമായുണ്ടാക്കുന്ന കരാറുകൾ പോലും പൂർണമായി വായിച്ചുനോക്കാറില്ല. പ്രസാധനം തനിക്കുകിട്ടുന്ന സൗജന്യമാണെന്നും തന്നോട്‌ കാണിക്കുന്ന സൗമനസ്യമാണെന്നും കരുതുന്ന എഴുത്തുകാരൻ സ്വയം ചെറുതാക്കുകയും ചെറുതാവുകയുമാണ്‌. ഒരു കരാറിലൂടെ തന്നിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ വിനിമയം ചെയ്യപ്പെടുന്നത്‌ സൃഷ്ടികളിന്മേൽ തനിക്കുള്ള ആത്യന്തികമായ അധികാരവും അവകാശവും തന്നെയാണെന്നും തന്റെ മരണത്തിനുശേഷം അന്യഥാ പ്രയാസപ്പെടുന്ന തന്നെ പരിചരിച്ചിരുന്ന കുടുംബാംഗങ്ങൾക്കുകൂടി അവകാശപ്പെട്ട പലതുമാണ്‌ അന്ധമായി നൽകുന്ന ഒപ്പുകളിലൂടെ നഷ്ടപ്പെടുന്നതെന്നും പല വലിയ എഴുത്തുകാർപോലും വിസ്മരിച്ചിട്ടുണ്ടെന്ന്‌ കേരളീയ അനുഭവങ്ങൾ വ്യക്തമാക്കുന്നു. പ്രസിദ്ധപ്പെടുത്തുന്ന കോപ്പികളുടെ എണ്ണത്തിൽ നടക്കുന്ന വൻകൃത്രിമവും എഴുത്തുകാരനെ നിസ്സഹായനാക്കാറുണ്ട്‌. അവിടെയും ലാഭം പ്രസാധകനുതന്നെ. സ്വകാര്യ പ്രസാധകരെക്കൊണ്ട്‌ സമാധാനം പറയിക്കാൻ കെൽപ്പുള്ള എഴുത്തുകാരുടെ അഭാവം മലയാള സാഹിത്യത്തിന്റെ ഏറെയൊന്നും ചർച്ചചെയ്യപ്പെടാത്ത ശാപമായിത്തുടരുന്നു.

നിഘണ്ടുമുതൽ ചോദ്യപ്പേപ്പർവരെ

നിഘണ്ടു, ഭൂപടം, എൻസൈക്ലോപീഡിയ, ഡയറിയിലെ സവിശേഷമായി സന്നിവേശിക്കപ്പെട്ട വിശദാംശങ്ങൾ എന്നിവയിൽപ്പോലും സാഹിത്യപരമായ പകർപ്പവകാശം കുടികൊള്ളുന്നുവെന്ന നിലയിലാണ്‌ കോടതിവിധികൾ. ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ സവിശേഷമായ രീതിയിൽ വിന്യസിച്ചതിൽപ്പോലും നിയമത്തിന്റെ പരിരക്ഷ അടങ്ങിയിട്ടുണ്ടെന്ന്‌ ഷൗനാക്‌ എച്ച്‌. സത്യയുടെ കേസിൽ സുപ്രീംകോടതി പറഞ്ഞു. (5) ഒരാൾ തയ്യാറാക്കിയ ചോദ്യപ്പേപ്പർ മറ്റൊരാൾ അഥവാ സ്ഥാപനം അപ്പടി പകർത്തിയാൽ അത്‌ നിയമലംഘനമാകും എന്നർഥം.
ഭാവിയിൽ നിർമിച്ചേക്കാവുന്ന സൃഷ്ടികളുടെ വില കണക്കാക്കി അവ വിൽക്കാൻപോലും എഴുത്തുകാർക്കും കലാകാരന്മാർക്കും അവകാശമുണ്ട്. അങ്ങനെയുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിൽ തരാമെന്നേറ്റ ഗാനം വേറെ നൽകിയതിനെതിരേ കേസുകൊടുത്ത് ജയിച്ച അനുഭവമാണ് പി.ആർ.എസ്. ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റേത്. ഈ കേസും നിയമപ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു.
രണ്ടുതരം അവകാശങ്ങളെക്കുറിച്ചാണ് നിയമം എഴുത്തുകാരന് ഉറപ്പുനൽകുന്നത്. നേരത്തേ പറഞ്ഞ, 14-ാം വകുപ്പനുസരിച്ചുള്ള സാമ്പത്തികസ്വഭാവമുള്ള അവകാശമാണ് ആദ്യത്തേത്. തന്റെ സൃഷ്ടി തന്റെ പേരിൽ നിലനിന്നുകാണാനും തനിക്കതിലുള്ള കർത്തൃത്വത്തെ അംഗീകരിച്ചുകിട്ടാനുമുള്ള ധാർമികാവകാശമാണ് രണ്ടാമത്തേത്. നിയമത്തിന്റെ 57-ാം വകുപ്പ് ഇക്കാര്യം പറയുന്നു. രണ്ടാമത്തേതിനെക്കാൾ ആദ്യത്തെ അവകാശമാണ് ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറെയും ലംഘിക്കപ്പെടുന്നത്.

പരിഭാഷകളിലും സംഗ്രഹങ്ങളിലും പകർപ്പവകാശം നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിമയത്തിന്റെ 14-ാം വകുപ്പ്. ഒരു എഴുത്തുകാരന്റെ രചനയെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ തോന്നിയരീതിയിൽ പരിഭാഷപ്പെടുത്താൻ പാടില്ല. വിശ്വപ്രസിദ്ധരചനകളുടെ വ്യത്യസ്തഭാവങ്ങളെ വ്യത്യസ്ത ആളുകളെക്കൊണ്ട് വ്യത്യസ്തശൈലികളിൽ പരിഭാഷപ്പെടുത്തി, ഒടുവിൽ അവ തുന്നിക്കെട്ടി വർണാഭമായ രീതിയിൽ പുറത്തിറക്കുന്ന വ്യവസായസംസ്കാരം കേരളത്തിലും വ്യാപകമായിട്ടുണ്ട്. ഇവയുടെ വായന സൃഷ്ടിക്കുന്ന അസ്വസ്ഥതയെക്കാൾ വലുതാണ് ഈ നിയമലംഘനത്തിന്റെ സാംസ്കാരികമാനങ്ങൾ. 
നിയമത്തിന്റെ 17-ാം വകുപ്പിൽ വിവരിക്കുന്ന പകർപ്പവകാശം സംബന്ധിച്ച ഉടമസ്ഥതയുടെ അരോചകവും അസ്വീകാര്യവുമായ നിഷേധമാണത്.

സമൂഹത്തിനുമുണ്ട് അവകാശങ്ങൾ

കാലാവധി നിശ്ചയിക്കപ്പെട്ട ഒന്നാണ് പകർപ്പവകാശം എന്നതും സാമൂഹികപ്രാധാന്യമുള്ള ഒരു നിയമതത്ത്വമാണ്. നിയമത്തിന്റെ 22 മുതൽ 29 വരെയുള്ള വകുപ്പുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ഒരു എഴുത്തുകാരന്റെ രചനകളിൽ അദ്ദേഹത്തിന്റെ മരണശേഷം 60 വർഷത്തോളംമാത്രമേ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് പകർപ്പവകാശമുണ്ടായിരിക്കൂ. പിന്നീട് ആ രചനകൾ നാടിന്റെ പൊതുസ്വത്തായി മാറുന്നു. അങ്ങനെയാണ് സംസ്കാരങ്ങൾ വികസിക്കുന്നതും മനുഷ്യരാശി ഉയരങ്ങൾ താണ്ടുന്നതും. എന്നാൽ, എഴുത്തുകാരിൽനിന്ന് അഥവാ അനന്തരാവകാശികളിൽനിന്ന്‌ ചെറുതുകയ്ക്ക്‌ പകർപ്പവകാശം വിലയ്ക്കുവാങ്ങുന്ന ചില പ്രസാധകർ എഴുത്തുകാരൻ മരിച്ചുകഴിഞ്ഞ് 60 വർഷങ്ങൾക്കപ്പുറവും ഇത്തരം മഹത്തായ സാഹിത്യസൃഷ്ടികൾ തങ്ങളുടെ സ്വന്തമെന്ന നിലയിൽ പെരുമാറുന്ന വിചിത്രമായ പ്രവണതയും ഇന്ത്യയിൽ കേരളത്തിലും നിലനിൽക്കുന്നു. ചങ്ങമ്പുഴയുടെയും ചന്തുമേനോന്റെയും മാത്രമല്ല, ഒ.വി. വിജയന്റെയും എം.എൻ. വിജയന്റെയും സുകുമാർ അഴീക്കോടിന്റെയുമെല്ലാം രചനകൾക്കുള്ള അവകാശം ഇനിയൊരു നൂറുവർഷത്തിനുശേഷവും തങ്ങൾക്കാണെന്ന വിചിത്രമായ വിധത്തിൽ അവകാശപ്പെടുന്ന പ്രസാധകർ മലയാളി നേരിട്ടേക്കാവുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളി കൂടിയാണ്‌. നമ്മുടെ എഴുത്തുകാരെയും വായനക്കാരെയും നിയമസാക്ഷരതയിലേക്കുയർത്തിയാൽ മാത്രമേ ഇത്തരം അപകടങ്ങൾ മനസ്സിലാക്കാനെങ്കിലും കഴിയൂ.

കുറ്റവും ശിക്ഷയും

നഷ്ടപരിഹാരം ചോദിക്കാവുന്ന സിവിൽ നിയമലംഘനം മാത്രമല്ല പകർപ്പവകാശ നിയമത്തിൽ വിവരിക്കപ്പെട്ടിട്ടുള്ളത്‌. നിയമത്തിന്റെ 63-ാം വകുപ്പ്‌ പകർപ്പവകാശലംഘനത്തിന്‌ മൂന്നുവർഷം വരെയുള്ള തടവും രണ്ടുലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷ വിധിക്കാമെന്നുപറയുന്നു. ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക്‌ വർധിതശിക്ഷ നൽകാമെന്ന്‌ 63 എ. വകുപ്പുപറയുന്നു.
സാങ്കേതികരംഗത്തെ പുതിയ ചലനങ്ങളെയും രചനകളുടെ അന്തർദേശീയ വ്യാപനസ്വഭാവത്തെയും പരിഗണിച്ചുകൊണ്ടുള്ളതാണ്‌ നിയമത്തിലെ വ്യവസ്ഥകൾ. അന്തർദേശീയ പ്രഖ്യാപനങ്ങളിലെയും കരാറുകളിലെയും വ്യവസ്ഥകളും പകർപ്പവകാശനിയമങ്ങൾക്ക്‌ ആഗോളമുഖം നൽകുന്നുണ്ട്‌.

മറ്റുള്ളവരെക്കാൾ എഴുത്ത്‌ ദുഷ്കരമായിത്തോന്നുന്നത്‌ ആർക്കാണോ അയാളാണ്‌ എഴുത്തുകാരൻ എന്ന്‌ തോമസ്‌മാൻ പറഞ്ഞിട്ടുണ്ട്‌. പകർപ്പവകാശലംഘനം സർഗാത്മകലോകത്തെ കവർച്ചയും മോഷണവും പിടിച്ചുപറിയുംതന്നെയാണ്‌. സൃഷ്ടിയുടെ വിശാലമേഖലകളിലും നിയമവാഴ്ച പുലർന്നുകാണണമെങ്കിൽ എഴുത്തുകാരും കലാകാരന്മാരുംതന്നെ മുന്നിട്ടിറങ്ങണം. സ്വന്തം പ്രസക്തിയും മൂല്യങ്ങളും അവകാശങ്ങളും എന്തെന്ന്‌ മറ്റാരെക്കാളും അവർ മനസ്സിലാക്കിയിരിക്കണം. വാണിജ്യവത്‌കരിക്കപ്പെട്ട ഒരു ലോകത്തിന്റെ ത്വരിതഗണിതങ്ങൾ മനസ്സിലാക്കിക്കൊണ്ട്‌ അവർ സ്വയം പ്രതിരോധിക്കണം.

അടിക്കുറിപ്പുകൾ:

1. ദി ഹിന്ദു (ഓൺലൈൻ) 4.6.2019
2. New York Times V. Tasini (2001)
3. Oren Bracha-The Ideology of Authorship Revisited: Authors, Markets and Liberal Values in Early American Copyright-118 Yale Law Journal (2008)
4. EM Forster and Anu V.A.N. parasuram AIR 1964 Mad. 331
5. (2011) 8 Supreme Court Cases 781

(സുപ്രീംകോടതിയിലുംകേരള ഹൈക്കോടതിയിലും  അഭിഭാഷകനാണ്‌ ലേഖകൻ)

Content Highlights: Adv Kaleeshwaram Raj Writes About Copyright for Writers