ലോകാരാധ്യനായ ഒരച്ഛന്റെ മരണത്തെക്കുറിച്ച് മകൻ വിതുമ്പലോടെ എഴുതിയ പുസ്തകമാണ് ‘A FAREWELL TO GABO AND MERCEDES- A Son's  Memoir.’ ഗബ്രിയേൽ ഗാർസ്യ മാർക്കേസ് എന്ന അതിപ്രശസ്തനായ അച്ഛന്റെ  അവസാനനാളുകളും മരണവുമാണ് മകൻ റോഡ്രിഗോ ഗാർസ്യ എഴുതുന്നത്. മകനും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കാൾ, മാർക്കേസ് എന്ന അച്ഛനെയും അദ്ദേഹം മക്കളിൽ ശേഷിപ്പിച്ച പ്രകാശത്തെയും പുസ്തകം പ്രസരിപ്പിക്കുന്നു 

അറുപതാം വയസ്സിന്റെ അവസാനകാലങ്ങളിൽ ഗബ്രിയേൽ ഗാർസ്യ മാർ​േക്കസിനോട് മകനും ചലച്ചിത്രസംവിധായകനുമായ റോഡ്രിഗോ ഗാർസ്യ ചോദിച്ചു:
  ‘‘രാത്രിയിൽ അച്ഛൻ എന്താണ് ആലോചിക്കുന്നത്?’’
   മകന്റെ ചോദ്യത്തിന് മാർേക്കസിന്റെ മറുപടി ഇതായിരുന്നു:
 ‘‘എല്ലാം ഒരുവിധം പൂർത്തിയായെന്ന് തോന്നുന്നു. അതാണ് ആലോചിക്കുന്നത്.’’ ഒന്നുനിർത്തിയശേഷം അദ്ദേഹം തുടർന്നു: ‘‘സമയമിപ്പോഴും ബാക്കിയുണ്ട്, ഇപ്പോഴും. വല്ലാതെ പരിഭ്രമിക്കേണ്ടതില്ല എന്നും തോന്നുന്നു.’’
    അച്ഛന് 80 വയസ്സായപ്പോൾ മകൻ വീണ്ടും ചോദിച്ചു: ‘‘എങ്ങനെയുണ്ട് കാര്യങ്ങൾ?’’
ഗാബോ എന്നും ഗബീറ്റോ എന്നും ലോകം സ്നേഹാദരങ്ങളോടെ വിളിക്കുന്ന ആ അച്ഛൻ പറഞ്ഞു:
  ‘‘എൺപതുവയസ്സിനുമുകളിൽനിന്നുള്ള കാഴ്ച അദ്‌ഭുതകരമാണ്. അവസാനമടുത്തതായി എനിക്കുതോന്നുന്നു.’’
 ‘‘അച്ഛന് പേടിയുണ്ടോ?’’ -റോഡ്രിഗോ ചോദിച്ചു
‘‘അതെന്നെ വല്ലാതെ വിഷാദവാനാക്കുന്നു’’ -മാർക്കേസ്‌ പറഞ്ഞു.
   ‘ഓർമകളുടെ അദ്‌ഭുതമനുഷ്യൻ’  എന്നറിയപ്പെട്ടിരുന്ന മാർേക്കസിന് എഴുപതുവയസ്സായിത്തുടങ്ങുമ്പോഴേക്കും സ്മൃതിക്ഷയം വന്നുതുടങ്ങിയിരുന്നു. ഒരുനാൾ, തന്റെ ജീവിതത്തിന്റെയും വിജയങ്ങളുടെയും നെടുംതൂണായ ഭാര്യ മേഴ്‌സിഡസിനെക്കണ്ട് അദ്ദേഹം മകനോട് ചോദിച്ചു:
‘‘എന്താണ് ഈ സ്ത്രീ ഇങ്ങനെ നിർദേശങ്ങൾ നൽകുന്നത്? ഈ വീട്ടിലെ കാര്യങ്ങളിൽ ഇടപെടുന്നത്?’’
   ഇതുകേട്ട് ഞെട്ടിപ്പോയ അമ്മയോട് മക്കളായ റോഡ്രിഗോയും ഗോൺസാലോയും പറഞ്ഞു:
‘‘അച്ഛന് സ്മൃതിക്ഷയം(Dementia) തുടങ്ങുകയാണ് അമ്മേ...’’
     ഒരിക്കൽ അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു:
‘‘ഓർമകൾകൊണ്ടാണ് ഞാൻ ജോലിചെയ്തിരുന്നത്. ഓർമകളാണ് എന്റെ പണിയായുധങ്ങളും അസംസ്കൃതവസ്തുക്കളും. അവയില്ലാതെ എനിക്ക്‌ ജോലിചെയ്യാൻ സാധിക്കില്ല. എന്നെ സഹായിക്കൂ...’’
മറ്റൊരിക്കൽ സ്വന്തം പുസ്തകങ്ങൾ തുറന്നുനോക്കി അദ്ദേഹം ചോദിച്ചു:
 ‘‘ഇതൊക്കെ എവിടെനിന്ന് വന്നതാണ്?’’ -പിന്നീട് അതുമുഴുവൻ മറിച്ചുനോക്കി. ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു. ഒടുവിൽ, പിൻകവറിൽ സ്വന്തം ഫോട്ടോ കണ്ടപ്പോൾ അദ്‌ഭുതത്തോടെ വീണ്ടും വായിച്ചുതുടങ്ങി...
  ഒടുവിലൊടുവിൽ ഒരുനാൾ മാർേക്കസ് കുടുംബത്തോടുപറഞ്ഞു:
 ‘‘ഇതെന്റെ വീടല്ല. എനിക്കെന്റെ വീട്ടിലേക്കുപോവണം. എന്റെ അച്ഛന്റെ വീട്. അവിടെ അച്ഛന്റെ കിടക്കയ്ക്കരികിൽ എന്റെ കിടക്കയുണ്ട്...’’ അച്ഛൻ എന്ന് മാർേക്കസ് ഉദ്ദേശിച്ചത് തന്നിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മുത്തച്ഛൻ കേണൽ നിക്കോളാസ് മാർേക്കസ് മെജിയയെ (‘ഏകാന്തതയുടെ നൂറുവർഷങ്ങളി’ലെ കേണൽ അറീലിയാനോ ബുവൻഡിയ) ആയിരിക്കാമെന്ന് മക്കൾ സംശയിക്കുന്നു.
വിശാലമായ വീടിന്റെ മുകൾനിലയിൽ ഒന്നുമറിയാതെ, ആരെയും തിരിച്ചറിയാതെ ഗാബോ അനക്കമറ്റ് കിടന്നു. നേരിയ ശ്വാസോച്ഛ്വാസംമാത്രം ജീവന്റെ നൂലിഴയായി. താഴത്തെനിലയിൽ കുടുംബവും സെക്രട്ടറിയും പരിചാരകരും. ഘടികാരശബ്ദം അവർക്ക് മണിമുഴക്കംപോലെ തോന്നി. ഒരുനാൾ വീടിന്റെ ചില്ലുചുമരിൽത്തട്ടി തലതകർന്ന് ചത്ത്‌ ഒരു കുഞ്ഞുപക്ഷി  മാർേക്കസ് പതിവായി ഇരിക്കുന്ന കസേരയിലേക്ക് വീണു. (ഏകാന്തതയുടെ നൂറുവർഷങ്ങളിലെ പ്രസിദ്ധ കഥാപാത്രമായ ഉർസുല ഇഗ്വാറാൻ മരിക്കുമ്പോഴും ചിതറിപ്പറക്കുന്ന പക്ഷികൾ ചില്ലുചുമരുകളിൽത്തട്ടി വീണ് ചാവുന്നുണ്ട് എന്ന് മാർേക്കസിന്റെ മരണശേഷം സെക്രട്ടറിക്ക് കിട്ടിയ ഇ-മെയിലിൽ ഒരാൾ എഴുതി. നോവലിൽ ഉർസുല മരിച്ച അതേദിവസമായിരുന്നു മാർേക്കസിന്റെയും മരണം!). ദിവസങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ വൈദ്യലോകം പറഞ്ഞു: ‘‘മരണമടുത്തെത്തുമ്പോൾ രോഗിക്ക് നൽകുന്ന ജലത്തിന്റെ അശം ഛേദിച്ച്(interrupte water drip) മരണം വേഗത്തിലാക്കുന്ന രീതിയുണ്ട്, അത് ചെയ്യണോ?’’
‘‘വേണ്ടാ, വേണ്ടാ...’’ അമ്മയും മക്കളും ഒരേസ്വരത്തിൽ പറഞ്ഞു.
 അച്ഛന് പ്രിയപ്പെട്ട പാട്ടുകൾകൊണ്ട് പ്രഭാതത്തിൽ മക്കൾ അദ്ദേഹത്തിന്റെ മുറി നിറച്ചു. അദ്ദേഹത്തിന്റെ കുട്ടിക്കാലജീവിതത്തിന്റെ ഭാഗമായ മഗ്ദലീന നദിയുടെ തീരങ്ങളിലെ വയ്യനാറ്റോസ് സംഗീതം, അച്ഛന്റെ സുഹൃത്തുകൂടിയായ റാഫേൽ എസ്കലോനയുടെ സ്വരം... 
ഒരുനാൾ, ഇനി ഇരുപത്തിനാല് മണിക്കൂറിലധികം അച്ഛനില്ല എന്ന് തീരുമാനമായി. വീട് പ്രിയപ്പെട്ടവനെ യാത്രയയയ്ക്കാൻ തയ്യാറായി. മയങ്ങിക്കിടക്കുന്ന മാർക്കേസിന്റെ കിടക്കയ്ക്കരികിൽ റോഡ്രിഗോ ഒരിക്കൽക്കൂടി പോയിനിന്നു. പ്രഭാതവെളിച്ചത്തിൽ അച്ഛൻ മറ്റൊരാളെപ്പോലെ തോന്നിച്ചു. മകൻ അച്ഛനും അച്ഛൻ മകനും ആയതുപോലെ.
ആ ദിനവും കഴിഞ്ഞപ്പോൾ മുകൾനിലയിൽനിന്ന് റോഡ്രിഗോ അമ്മയെ വിളിച്ചു: HIS HEART STOPPED. ലോകം അതറിഞ്ഞു. പരിചിതരും അപരിചിതരുമായ മനുഷ്യർ വീട്ടിലേക്ക് പ്രവഹിച്ചു. അത് കണ്ടിരുന്ന മകൻ കുറിച്ചു: ‘മുന്നിലൂടെ പോകുന്ന കണ്ണീരണിഞ്ഞ മുഖങ്ങൾ ഞാൻ ശ്രദ്ധയോടെ നോക്കി. അച്ഛൻ പറയാറുള്ളത് അപ്പോൾ ഞാൻ ഓർത്തു: ‘എല്ലാവർക്കും മൂന്ന് ജീവിതങ്ങളുണ്ട്: പൊതുജീവിതം, സ്വകാര്യജീവിതം, രഹസ്യജീവിതം. അച്ഛന്റെ രഹസ്യജീവിതത്തിലെ ആരെങ്കിലും ഈ കൂട്ടത്തിലുണ്ടാ
വുമോ?’
വൃത്തിയായി വസ്ത്രംധരിച്ച് ആ വീട്ടിലേക്ക് ഇനി തിരിച്ചുവരാത്ത യാത്രയ്ക്ക് ഗാബോ ഒരുങ്ങി. പൂക്കൾ തുന്നിയ ഒരു വെളുത്ത കിടക്കവിരിമാത്രം ഭാര്യ മേഴ്‌സിഡസ് ആ ശരീരത്തിൽ വെച്ചു. വീടും  നാടും ഗാബോയ്ക്ക്‌ വിടനൽകി. ശ്മശാനത്തിൽ വൈദ്യുതിയുടെ തട്ടിലേക്ക് വെക്കുംമുമ്പേ റോഡ്രിഗോ അവസാനമായി, തനിച്ച് അച്ഛനുമുന്നിലിരുന്നു. മൊബൈലിൽ അച്ഛന്റെ ഒരു ഫോട്ടോയെടുത്തു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒട്ടും ഇഷ്ടപ്പെടാത്ത അച്ഛന്റെ പ്രകൃതമോർത്ത് അടുത്ത നിമിഷം അത് ഡിലീറ്റ് ചെയ്തു. പകരം ആ ശരീരത്തിൽത്തുന്നിയ മഞ്ഞ പനീർപ്പൂവിന്റെ പടമെടുത്ത്‌ സൂക്ഷിച്ചു. മാർകേസിന്റെ സുന്ദരശരീരം അഗ്നിയിലേക്കുനീങ്ങി. തുരങ്കത്തിൽ ഒരു തവണ അത് തടഞ്ഞുനിന്നു. ജോലിക്കാരൻ അദ്ദേഹത്തിന്റെ ചുമൽഭാഗം തള്ളിപ്പിടിച്ച് ഉള്ളിലേക്കാക്കി. അച്ഛൻ മറഞ്ഞു. ഒരു കുടുക്ക ചാരമായി മകന്റെ കൈയിലേക്ക് തിരിച്ചുവന്നു.