മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി. പത്മനാഭന് 90 വയസ്സ്‌ തികയുകയാണ്. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയും  മാറിപ്പോയ സാമൂഹികാവസ്ഥയെക്കുറിച്ചും അവിടെ അതിജീവിക്കുന്ന എഴുത്തുകാരെപ്പറ്റിയും രാഷ്ട്രീയക്കാരെപ്പറ്റിയും അദ്ദേഹത്തിന് നിശിതമായ കാഴ്ചപ്പാടുകളുണ്ട്. ഒൻപതു പതിറ്റാണ്ടിന്റെ ഊതിക്കാച്ചിയ സ്വാനുഭവങ്ങൾ മുൻനിർത്തി വർത്തമാനകാലത്തെകുറിച്ച്‌ അദ്ദേഹം മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിന്  അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുന്നു

ആശങ്കയും അസ്വാസ്ഥ്യവും വിഷമിപ്പിക്കുന്ന വർത്തമാന ഇന്ത്യയിലെ ഒരു എഴുത്തുകാരനാണോ താങ്കൾ. തൊണ്ണൂറിലേക്ക് കാലെടുത്തുവെക്കുന്ന സൂക്ഷ്മദൃക്കായ ഒരു കഥാകാരൻ  എന്നനിലയിൽ ഈ കാലത്തെ എങ്ങനെ കാണുന്നു

ഈ ചോദ്യം വിശാലമായ ഉത്തരം പറയേണ്ട ഒന്നാണ്. കുറച്ചധികം പറയേണ്ടതുണ്ടെനിക്ക്. ഇന്നത്തെ രാഷ്ട്രീയ പരിതോവസ്ഥയിൽ എഴുത്തുകാർക്കും കലാകാരൻമാർക്കും അവരുടെ സത്യസന്ധമായ അഭിപ്രായം തുറന്നുപറയുക ഇത്തിരി വിഷമംതന്നെയാണ്. പറഞ്ഞാൽ പലതും നഷ്ടപ്പെടും. ചിലപ്പോൾ ജീവൻ, അല്ലെങ്കിൽ സ്വാതന്ത്ര്യം. അതുമല്ലെങ്കിൽ സർക്കാർ അംഗീകാരങ്ങളോ പുരസ്കാരങ്ങളോ... എല്ലാ എഴുത്തുകാരും കലാകാരൻമാരും എന്നും ധീരരായിക്കൊള്ളണമെന്നില്ല. മാസങ്ങൾക്കുമുമ്പ്‌ ഇന്ത്യയിലെതന്നെ ലോകപ്രശസ്തരായ 80-ല്പരം കലാകാരൻമാരും എഴുത്തുകാരും ഈ കാലത്തിന്റെ കഠിനയാഥാർഥ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. നമ്മുടെ നാട്ടിലെ സ്ഥിതി അത്ര ആശാവഹമല്ല. ഈ നിലയിൽപ്പോയാൽ വലിയ ദുരന്തം നമ്മൾ നേരിടേണ്ടിവരും. എന്നു തുടങ്ങിയ കത്ത്  ആദരവോടെ കുലീനമായ ഭാഷയിൽ എഴുതിയതായിരുന്നു. ആ കത്തിനോട് എങ്ങനെയായിരുന്നു പ്രതികരണം. സ്വാതന്ത്ര്യസമരസേനാനികൾക്കെതിരേ പണ്ട്‌ സായിപ്പിന്റെ പട്ടാളം ഉപയോഗിച്ച തേഞ്ഞുപോയ വകുപ്പ്. അതേ രാജ്യരക്ഷാവിരുദ്ധ പ്രവർത്തനം ഉപയോഗിച്ച കേസല്ലേ വന്നത്. എഴുത്തുകാരൻ എത്രപെട്ടെന്നാണ് രാജ്യവിരുദ്ധനാവുന്നത്.എത്ര ഭീതിദമാണ് ഇന്നത്തെ കാലാവസ്ഥ. 
 
ദിവസങ്ങൾക്കുമുമ്പ്‌ മുംബൈയിൽനടന്ന വ്യവസായികളുടെ സമ്മേളനത്തിൽ യോഗാധ്യക്ഷനായ ആഭ്യന്തരമന്ത്രി അമിത് ഷായോട് സഭാംഗങ്ങളിൽ ഒരാളായ വ്യവസായി രാഹുൽ ബജാജ് ചില ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ് അമിത് ഷാ.  രാഹുൽ ബജാജിനെയും നമുക്ക് നന്നായി അറിയാം. ഗാന്ധിജിയുടെ ദത്തുപുത്രനായ സേത്ത് ജംനലാൽ ബജാജിന്റെ കൊച്ചുമകൻ. അദ്ദേഹം സ്വന്തം അഭിപ്രായം അമിത് ഷായ്ക്കുമുന്നിൽ തുറന്നുപറഞ്ഞു. നാട്ടിലെ ശോചനീയമായ സാമ്പത്തികസ്ഥിതി. ഭീതിദമായ ആൾക്കൂട്ടക്കൊലപാതകങ്ങൾ. എല്ലാം പറഞ്ഞു. അദ്ദേഹം ഇത്രകൂടി ചേർത്തു. എന്റെ പേര് രാഹുൽ എന്നാണ്. ആ പേര് നിങ്ങൾക്ക് അലർജിയാണെന്ന് എനിക്കറിയാം, ജവാഹർലാൽ നെഹ്രുവാണ് ആ പേരിട്ടത്. പക്ഷേ, ഒരു നല്ല കാര്യം നടന്നു. അമിത് ഷാ കാണിച്ച ആത്മസംയമനമാണത്. ആ വിമർശനങ്ങളൊക്കെ ക്ഷുഭിതനാവാതെ പുഞ്ചിരിയോടെയാണ് ഷാ കേട്ടത്. തുടർന്ന് അദ്ദേഹം പറഞ്ഞു: ഇങ്ങനെ ഭയപ്പെടേണ്ടതില്ല. നിങ്ങൾ പറഞ്ഞ കാര്യത്തെക്കുറിച്ച് വേണ്ടത് ചെയ്യാം. തികച്ചും അന്തസ്സോടെയാണ് അദ്ദേഹം മറുപടിനൽകിയത്. സമാധാനം. പക്ഷേ,  വഷളായ രംഗം വരാനിരിക്കുന്നതേയുള്ളൂ. പാർലമെന്റിൽ മന്ത്രി നിർമലാ സീതാരാമൻ അത്യന്തം ക്ഷുഭിതയായാണ് രാഹുൽ ബജാജിനെക്കുറിച്ച് സംസാരിച്ചത്. അവരുടെ ശരീരഭാഷ കാണികളെ ഭയപ്പെടുത്തുന്നതാണ്. 
 
എഴുത്തുകാരിലെ സത്യസന്ധതയും ഇന്ന് ചോദ്യംചെയ്യപ്പെടുന്നില്ലേ
 
ഞാൻ ഒരു എഴുത്തുകാരനാണ്. ഞാൻ സത്യം വിളിച്ചു പറഞ്ഞാൽ എനിക്ക് പലതും നഷ്ടപ്പെടും. ജ്ഞാനപീഠവും പദ്‌മ പുരസ്കാരവും നഷ്ടപ്പെടും. ചാകുന്നതിനുമുമ്പ്‌ ഇതൊക്കെ കിട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ഇതിനുവേണ്ടി ശയനപ്രദക്ഷിണം ചെയ്യുന്നവനാണ് ഞാൻ. പിന്നെ എങ്ങനെ പ്രതികരിക്കും സുഹൃത്തേ. അത്രവലിയ കാര്യങ്ങളൊന്നും എഴുത്തുകാരൻ പ്രതീക്ഷിക്കരുത്. പക്ഷേ, ചിലരെങ്കിലും ചില പൊട്ടിത്തെറികൾ നടത്തുന്നുണ്ട്. അവരുടെ ശബ്ദങ്ങൾ ഇപ്പോൾ എവിടെപ്പോയിമറഞ്ഞു എന്നറിയില്ല.
 
സത്യസന്ധതയെക്കുറിച്ച് നിങ്ങൾ ചോദിച്ചല്ലോ. ഗാന്ധിജിയുടെ കാര്യംതന്നെയെടുക്കുക. ഭരണാധികാരികളുടെ നല്ല ‘സത്യസന്ധത’ നമുക്കു കാണാം. ഇന്നത്തെ കേന്ദ്രഭരണാധികാരികൾ ഗാന്ധിജിയെ എന്തുമാത്രം ഭയപ്പെടുന്നു. ഇന്ത്യയ്ക്ക് വെളിയിൽപ്പോയി ഗാന്ധിജിയെ പുകഴ്ത്തിപ്പറയുക. നാട്ടിലെത്തിയശേഷം ഗാന്ധിസ്മരണ രാജ്യത്തുനിന്ന്‌ പരമാവധി തുടച്ചുനീക്കുക. ഒരു പാഠപുസ്തകത്തിൽ ഗാന്ധിജി ആത്മഹത്യചെയ്യുകയാണുണ്ടായത് എന്നായിരുന്നു അച്ചടിച്ചത്.  ഒഡിഷയിലെ ഒരു പുസ്തകത്തിൽ സാഹചര്യസമ്മർദത്തിൽ ഗാന്ധിജി മരിച്ചുപോവുകയായിരുന്നു എന്നും എഴുതിവെച്ചിട്ടുണ്ട്. ഗാന്ധിജിയോട് തീർത്താൽതീരാത്ത വെറുപ്പുനിമിത്തം ഒരു ‘സാധ്വി' മഹാത്മജിയുടെ പടത്തിനുനേരെ വെടിയുതിർത്തു. ഗോഡ്‌സെയ്ക്കുവേണ്ടി ഇന്ത്യയുടെ പലഭാഗത്തും ക്ഷേത്രങ്ങൾ നിർമിച്ചു. സ്വാധ്വി പ്രജ്ഞാസിങ്‌ എന്ന വനിതാ നേതാവ് ഗോഡ്‌സെയാണ് മഹാൻ എന്നു  വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ഗാന്ധിജിയെ എതിർക്കുന്നത് ഇത്തിരി കൂടുതലായോ എന്നുതോന്നി കേന്ദ്രസർക്കാർ പാർട്ടി ഒരു ഗാന്ധിസന്ദേശ പദയാത്ര നടത്തി. കണ്ണൂരിൽ ഗാന്ധിഭക്തനായി ഒരു ‘കുട്ടിഭായ്’ ഗാന്ധിത്തൊപ്പിയും ധരിച്ച് രാംദുൻ പാടിനടക്കുന്നത് കണ്ടപ്പോൾ എനിക്ക് വമനേച്ഛവന്നുപോയി. പക്ഷേ, കേരളം വടക്കേയിന്ത്യയല്ല. എത്രകാലം ഗാന്ധിത്തൊപ്പിവെച്ച് തെരുവുകളിലൂടെ രഘുപതിരാഘവ പാടിയാലും ജനങ്ങൾ  ഇവരുടെ വലയിൽ വീഴില്ല. അത് അബ്ദുള്ളക്കുട്ടിയായാലും ആട്ടിൻകുട്ടിയായാലും ആട്ടിൻതോലണിഞ്ഞവരായാലും.      ഇങ്ങനെയൊക്കെ പ്രതികരിക്കാൻ പലർക്കും ഭയം കാണും. സ്വയരക്ഷയും കുടുംബത്തിന്റെ രക്ഷയും പ്രധാനമല്ലേ. എന്നാൽ, സത്യസന്ധരായ എഴുത്തുകാർ ഭയലേശമെന്യേ ഇങ്ങനെ പ്രതികരിക്കും. പ്രതികരിക്കണം.
 
അരനൂറ്റാണ്ട് കൊണ്ട് കേരളം എത്രയോ മാറി. ബഷീറിനെപ്പോലെ തുറന്ന് എഴുതാൻ ഇന്നത്തെ എഴുത്തുകാർക്ക് കഴിയുമോ
 
നിങ്ങൾ എന്തിന് എഴുത്തുകാരനെകുറിച്ച് മാത്രം പറയുന്നു. രാഷ്ട്രീയക്കാർ മാറിയില്ലേ. ജാതിസംഘടനകളെ, മതസംഘടനകളെ പ്രീണിപ്പിക്കാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, പ്രത്യേകിച്ചും വിപ്ലവപ്പാർട്ടികൾ ‘അഹമഹമികയാ’ എന്നുപറഞ്ഞ്‌ മുന്നോട്ടുവരുന്ന കാലമല്ലേ. ബഷീറും ദേവും പൊൻകുന്നം വർക്കിയുമൊക്കെ ഒരുപാട് സഹിച്ചിട്ടുണ്ട്. സഹിച്ചിട്ടാണ് എഴുതിയത്. അവർ ഭയപ്പെട്ടില്ല, ആരെയും. എന്നാൽ, അവരെ പലരും ഭയപ്പെട്ടു. വർക്കിയെ പള്ളിക്കാർപോലും ഭയപ്പെട്ടില്ലേ. ഇന്ന്‌ ഏതെങ്കിലും കവിയും എഴുത്തുകാരനും എഴുതിയതിന്റെപേരിൽ  ജയിലിൽപ്പോകുമോ? പോവില്ല. ഒരിക്കൽ ഒരു പൊതുപരിപാടിയിൽ വേദിയിലെ കത്തിച്ച നിലവിളിക്കിൽനിന്ന് സിഗരറ്റിന് തീകൊളുത്തിയ ബഷീറിന്റെ നിഷ്‌കളങ്കത ഞാൻ ഓർക്കുന്നു. അതുൾക്കൊള്ളാൻ ഇന്നത്തെ സദസ്സിന് കഴിയുമോ? ഇന്നാണെങ്കിൽ സദസ്സ് ഉടൻതന്നെ ഹിന്ദുസദസ്സും മുസ്‌ലിം സദസ്സുമായി വേർതിരിയില്ലേ. കാലം നമ്മളിൽ ആൽമരംപോലെ വളർത്തുന്നത് ഇരുട്ടാണ്, വെളിച്ചമല്ല. ഇരുട്ടു കടഞ്ഞാൽ വെളിച്ചം കിട്ടില്ല. ഉള്ള വെളിച്ചം നന്നായി കത്തിക്കുകയാണ് വേണ്ടത്.
 
ബരിമലയുടെ തലവേദന എഴുത്തുകാരൻ എന്നരീതിയിൽ എങ്ങനെയാണ് അനുഭവിച്ചത്
 
ശബരിമലയുടെ തലവേദന ആ വിഷയം തലയിലേറ്റിനടക്കുന്നവർക്കാണ്. ശബരിമലവിഷയത്തിൽനിന്ന് രാഷ്ട്രീയം കഴുകിക്കളഞ്ഞാൽ പിന്നെയെന്ത് പ്രശ്നം, ഒന്നുമില്ല. എനിക്ക് ശബരിമല വിഷയത്തിൽ സ്വന്തമായ ഒരു അഭിപ്രായമുണ്ട്. ക്ഷേത്രം വിശ്വാസികൾക്കുള്ളതാണ്, ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ളതല്ല. ആരെയും നിർബന്ധിച്ച് കൊണ്ടുപോകാൻ പാടില്ല. താത്പര്യമുള്ളവർ വല്ല ചിട്ടകൾ ഉണ്ടെങ്കിൽ അതനുസരിച്ച് പോകട്ടെ. ഞാൻ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയിൽ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിർത്തിട്ടില്ല. ഞാൻ ഒരു ഗലാട്ടയും കാണിച്ചിട്ടുമില്ല. മലകയറി കണ്ടു മടങ്ങി. 
 
ഒൻപതാമത്തെ വയസ്സിൽ കോൺഗ്രസിന്റെ പദയാത്രയിൽ പങ്കെടുത്ത വ്യക്തിയാണ് താങ്കൾ. എൺപതു വർഷമായി താങ്കൾ കോൺഗ്രസിനെ കാണുന്നു. എന്താണ് ദേശീയ പാർട്ടിയെക്കുറിച്ച് പറയാനുള്ളത്
 
ചിലപ്പോൾ കേരളത്തിലെ ഏറ്റവും പ്രായംകൂടിയ കോൺഗ്രസ് പ്രവർത്തകനായിരിക്കും ഞാൻ. 1943 മുതൽ ഖദർ വസ്ത്രം മാത്രം ധരിക്കുന്നു. വലിയ ബ്യൂറോക്രാറ്റായപ്പോഴും ഖാദി ഉപേക്ഷിച്ചില്ല. മദ്യം, മാംസം, പുകവലി ഇന്നുവരെയില്ല. പച്ചക്കറി മാത്രം കഴിക്കുന്നു. 1940-ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആഹ്വാനംചെയ്തപ്പോൾ അന്ന്‌ കോഴിപ്പുറത്ത് മാധവമേനോനും എ.വി. കുട്ടിമാളു അമ്മയും കുഞ്ഞിരാമൻ മാസ്റ്ററും നേതാക്കളായിരുന്നു. ഒൻപതാമത്തെ വയസ്സിൽ കണ്ണൂർ വിളക്കുംതറ മൈതാനിയിൽനിന്ന്‌ കോൺഗ്രസ് വോളന്റിയർമാരുടെ പദയാത്രക്കാരോടൊപ്പം നടന്നു. രണ്ടുഘട്ടങ്ങളിലായി ചെറുകുന്ന് മൈതാനംവരെ നടന്നിരുന്നു. മരിക്കുന്നതുവരെ ഖദറിടണം. മൃതശരീരം ത്രിവർണപതാകയിൽ പുതയ്ക്കണം. അതാണ് ആഗ്രഹം. പഴയ കോൺഗ്രസ് തിരിച്ചുവരണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, നടക്കുമോ?
 
കമ്യൂണിസ്റ്റുകാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ലോകത്ത് കമ്യൂണിസത്തിന്റെ ഭാവിയിൽ പ്രതീക്ഷയുണ്ടോ
 
സ്വേച്ഛാധിപത്യത്തിന്റെ പടിവാതിൽക്കലിലൂടെയാണ് നാം കടന്നുപോകുന്നത്. നിങ്ങളോർക്കണം ലോകത്ത് ഒരു സ്വേച്ഛാധിപതിയും അധികകാലം ചരിത്രത്തിൽ നിലനിന്നിട്ടില്ല. ഫ്രാങ്കോ, ഹിറ്റ്‌ലർ, മുസ്സോളിനി, സ്റ്റാലിൻ. ഇവരുടെ ഗതിയെന്തായിരുന്നു. സ്റ്റാലിൻ ദീർഘകാലം ഭരിച്ചു. മരണശേഷം റഷ്യ അദ്ദേഹത്തിന്റെ ഓർമകളെേപ്പാലും തുടച്ചുമാറ്റി. ഭയപ്പെടുത്തി നാടിനെ ഭരിച്ച നേതാവിന്റെ പ്രതിമകൾ പിഴുതുമാറ്റി. ഡൽഹി ഒരുപാട് സ്വേച്ഛാധിപതികളുടെ ഉദയവും അസ്തമയവും കണ്ടതാണ്. ആരും അഹങ്കരിക്കരുത്. അത്രയേ പറയുന്നുള്ളൂ. കമ്യൂണിസം ക്യൂബയിലുണ്ടോ, ചൈനയിലുണ്ടോ, ആർക്കറിയാം. ജനാധിപത്യവിരുദ്ധമായി ഭരിക്കുന്ന ഭരണകൂടങ്ങളും നേതാക്കളും തകരുകതന്നെ ചെയ്യും. ജനാധിപത്യത്തിലൂടെ കമ്യൂണിസത്തിന് വേണമെങ്കിൽ തിരിച്ചുവരാം.
 
 മുഖ്യമന്ത്രി പിണറായി വിജയനെ താങ്കൾ എന്നും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ വിമർശിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണോ
 
വിമർശിച്ചിട്ടുണ്ട്. വ്യക്തികളെ ഇഷ്ടപ്പെടുന്നത് അവരുടെ ചില സമീപനങ്ങൾകൊണ്ടാണ്. പിണറായിയെ ഞാൻ ഇഷ്ടപ്പെടുന്നതും അതുകൊണ്ടുതന്നെ. ഞാൻ പിണറായിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരള രാഷ്ട്രീയത്തിൽ ആദരവുതോന്നിയ നേതാക്കളിൽ ഒരാളാണ് പിണറായി. 
 
പ്രായം വ്യക്തിയെ പലപ്പോഴും മൃദുമനസ്കനാക്കാറുണ്ട്. ടി. പത്മനാഭൻ ഈ 90-ാം വയസ്സിലും പക്ഷേ, എഴുത്തിലെ അഹങ്കാരിയാണ്. ഇഷ്ടമില്ലാത്തവരോട്  കലഹം കൂടാനും രോഷം പലിശസഹിതം കൂട്ടിവെക്കാനും കഴിയുന്നത്  എങ്ങനെയാണ്. 
 
എനിക്ക് എന്റെമുന്നിൽ നല്ലവനായി നിൽക്കാനാണാഗ്രഹം, നിങ്ങളുടെമുന്നിൽ നല്ലവനായി നിൽക്കണമെന്നില്ല. വിമർശം ധാരാളമായി നടത്തിയിട്ടുണ്ട്. പലരോടും രോഷംകൊണ്ടിട്ടുണ്ട്. എന്നെയും പലരും പരസ്യമായും രഹസ്യമായും ഉപദ്രവിച്ചിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ നോക്കുക. അശ്ലീലം പറയാത്ത, മദ്യപിക്കാത്ത, വ്യഭിചരിക്കാത്ത കഥാപാത്രങ്ങളാണ്. ഏതെങ്കിലും ഒരു ദുഷ്ടകഥാപാത്രത്തെ കാണിച്ചുതരാൻ പറ്റുമോ. കാരണം ഞാൻ കുടിക്കാറില്ല, കഞ്ചാവടിക്കാറില്ല. ദേഷ്യം തോന്നിയാൽ ചിലത് വിളിച്ചുപറയും. എന്റെ കഥകളെക്കുറിച്ച് എനിക്ക് ഒരു ബോധമുണ്ട്. അത് എന്റെ സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടിക്കോളൂ. എന്നെപ്പോലെ, എന്റെ കഥാപാത്രത്തെപ്പോലെ എല്ലാവരും ആവണമെന്ന വങ്കത്തവും എനിക്കില്ല. പലരോടും പരുഷമായി പെരുമാറിയിട്ടുണ്ട്, ഭാര്യയോടടക്കം. പക്ഷേ, പിന്നീട്  അങ്ങനെ വേണ്ടിയിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. നളിനി ജമീല സെക്സ് എഴുതുന്നതിൽ എതിർപ്പില്ല. അവരുടെ ജീവിതമാണ് പകർത്തുന്നത്. എന്നാൽ മറ്റുചില യുവ എഴുത്തുകാരികൾ അങ്ങനെയാണോ. സെക്സ് എഴുതിയാലേ കഥ പൂർത്തിയാവൂ എന്നുണ്ടോ. അക്കാര്യത്തിൽ ചില എഴുത്തുകാരികളെയും ഞാൻ വിമർശിച്ചിട്ടുണ്ട്. 
എഴുത്തുകാരുടെ സേവപിടിത്തവും കാക്കപിടിത്തവും അധികാരമോഹവും കണ്ട്  ഞാൻ പലതും പലയിടത്തും പറഞ്ഞിട്ടുണ്ട്. അതൊക്കെ അപ്പപ്പോൾ തോന്നുന്നത് പറഞ്ഞതാണ്. സംഗീതത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ഞാൻ ഗുസ്തിയെയും വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. സംഗീതത്തിനും ഗുസ്തിക്കും തമ്മിൽ ഒരു ബന്ധവുമില്ല. ഒരുപാട് തെരുവുനായ്ക്കളെയും പൂച്ചകളെയും കൃത്യമായി ഭക്ഷണം കൊടുത്തു പോറ്റുന്നുണ്ട്. ഗണിതശാസ്ത്രം വെച്ചുകൊണ്ട് പെരുമാറാൻ എനിക്കാവില്ല. എന്റെ പരിമിതികൾക്കുള്ളിലിരുന്നുകൊണ്ടാണ് എന്നിലെ ഞാനും എഴുത്തുകാരനും ചുറ്റുപാടിനെ കാണുന്നത്. തെറ്റുപറ്റുമ്പോൾ നന്നായി പശ്ചാത്തപിക്കാറുണ്ട്.
 
content highlights: 90th birthday of writer t padmanabhan