അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ. എഫ്‌. കെന്നഡി ഒരിക്കൽ പറഞ്ഞിരുന്നു, കൂടുതൽ രാഷ്ട്രീയക്കാർ സാഹിത്യത്തിലേക്കും കൂടുതൽ സാഹിത്യകാരന്മാർ രാഷ്ട്രീയത്തിലേക്കും പോവുകയാണെങ്കിൽ രണ്ടിന്റെയും അവസ്ഥ കുറേക്കൂടി മെച്ചപ്പെടുമായിരുന്നുവെന്ന്‌. ഇക്കാര്യം ഓർക്കുമ്പോൾ നമ്മുടെ ഇന്ത്യാരാജ്യത്തും ഉദ്യോഗസ്ഥരായിട്ടുള്ളവർ സാഹിത്യകാരന്മാരും സാഹിത്യകാരന്മാരായിട്ടുള്ളവർ ഉദ്യോഗസ്ഥരുമായാൽ നമ്മുടെ നാടും ഭരണവും കൂടുതൽ മെച്ചപ്പെടുമായിരുന്നു. ഇതിനൊരു ഉത്തമോദാഹരണമായിരുന്നു യു.കെ.എസ്‌. ചൗഹാൻ. ഒരുപക്ഷേ, അദ്ദേഹം ഐ.എ.എസ്‌. നേടിയില്ലായിരുന്നുവെങ്കിൽ മികച്ച ഒരു ഹിന്ദി-മലയാളം കവിയായി അറിയപ്പെടുമായിരുന്നു. യു.കെ.എസ്‌. ചൗഹാന്റെ നിര്യാണം നമ്മുടെ കൊച്ചുകേരളത്തിന്റെ മാത്രമല്ല നമ്മുടെ ഇന്ത്യാമഹാരാജ്യത്തിന്റെതന്നെ ഭരണരംഗത്തിനും സാഹിത്യലോകത്തിനും ഒരു തീരാനഷ്ടമാണ്‌.

1959 ഏപ്രിൽ ഒമ്പതിന്‌ ദാദുപുർ വില്ലേജിൽ ജനിച്ച്‌ ലഖ്‌നൗ ജില്ലയിലെ സൈനികസ്കൂളിലാണ്‌ എസ്‌.എസ്‌.എൽ.സി. വരെ അദ്ദേഹം പഠിച്ചത്‌. തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ഉത്തർപ്രദേശിൽ സിവിൽസർവീസ്‌ പരീക്ഷയെഴുതി 1986 ഐ.എ.എസ്‌. ബാച്ചിൽ കേരള കേഡറിൽ നിയമിതനായി. ജോലി ലഭിക്കുന്നതിനുമുമ്പുതന്നെ ഹിന്ദിയിൽ കവിതകൾ രചിച്ച്‌ പ്രശസ്തനായിരുന്നു. അദ്ദേഹം മികച്ച ഒരു കവി മാത്രമായിരുന്നില്ല, ആദർശധീരനായ ഒരു ഉദ്യോഗസ്ഥനുംകൂടിയായിരുന്നു. അദ്ദേഹം കളക്ടറായും ഞാൻ കമ്മിഷണറായും 1995-’96 കാലഘട്ടത്തിൽ കോഴിക്കോട്‌ ജില്ലയിൽ ഒരുമിച്ച്‌ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ എന്റെ  ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നു. 

ഇന്ത്യയിൽ ഐ.എ.എസ്‌., ഐ.പി.എസ്‌. ഉദ്യോഗം രണ്ടുരീതിയിൽ ചെയ്യാം. ഓഫീസിൽ പോവുക, ഫയലുകൾ തീർപ്പാക്കുക, തിരിച്ചുവീട്ടിൽ പോവുക എന്നിങ്ങനെ. പക്ഷേ, അദ്ദേഹം വേറെ വഴി കാട്ടിത്തന്നു. സർക്കാറിന്റെ ജോലി നമ്മുടെ സ്വന്തം ജോലിയായും അങ്ങേയറ്റത്തെ അർപ്പണമനോഭാവത്തോടുകൂടിയും ചെയ്യാം.

കോഴിക്കോട്‌ കളക്ടറായിരിക്കെ അദ്ദേഹം ചെയ്ത സേവനങ്ങൾ ഞാൻ ഇവിടെ ഓർക്കുന്നു. കോഴിക്കോട്‌ ടൗണിലെ ജലദൗർലഭ്യം പരിഹരിച്ചത്‌ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. അമിതാഭ്‌കാന്ത്‌ ഐ.എ.എസ്‌. തുടങ്ങിവെച്ച, കോഴിക്കോട്‌ മാനാഞ്ചിറ സ്ക്വയറിലെ വലിയ കുളത്തിന്റെയും മനോഹരമായ പാർക്കിന്റെയും നവീകരണം അദ്ദേഹം കുറേക്കൂടി വിപുലീകരിച്ചു. കോഴിക്കോട്‌ നഗരവാസികൾക്ക്‌ സായാഹ്നങ്ങൾ സകുടുംബം ചെലവഴിക്കാൻ ഈ പാർക്ക്‌ വളരെയധികം പ്രയോജനപ്പെടുന്നു.
അതുപോലെതന്നെ ‘മലബാർ മഹോത്സവം’ ഇത്രയേറെ വിപുലീകരിച്ചതിന്‌ യു.കെ.എസ്‌. പ്രധാന പങ്കുവഹിച്ചിരുന്നു. യാദൃച്ഛികമായി തുടങ്ങിയ ഈ ഉത്സവം ഇപ്പോൾ ദക്ഷിണേന്ത്യയിലെതന്നെ വലിയ ഉത്സവമായി മാറിയിരിക്കുന്നു. ആളുകൾ ഇൗ ഉത്സവാഘോഷത്തിനായി എല്ലാ വർഷവും വളരെ ആവേശത്തോടെയാണ്‌ കാത്തിരിക്കുന്നത്‌.

കേരളത്തിന്റെ പ്രധാന കൃഷിയാണല്ലോ തെങ്ങുകൃഷി. എന്നാൽ, തെങ്ങുകയറ്റ തൊഴിലാളികൾ കേരളത്തിൽ വളരെ കുറവാണ്‌. ഇത്‌ മനസ്സിലാക്കിയ അദ്ദേഹം രാംദാസ് വൈദ്യരുടെ സഹായത്തോടെ തെങ്ങ് കയറ്റത്തിനായുള്ള ഒരു പരിശീലന കേന്ദ്രംതന്നെ തുടങ്ങി. അദ്ദേഹംതന്നെ തെങ്ങുകയറ്റ തൊഴിലാളിയുടെ വേഷം ധരിച്ച് തെങ്ങ്കയറിയ ദൃശ്യം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഒരു തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എത്ര വലുതാണെന്ന് ഈ പ്രവൃത്തിയിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ തൊഴിൽ നിലനിൽക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.

ഉത്തർപ്രദേശിൽനിന്ന്‌ വന്നതാണെങ്കിലും മലയാളത്തിന്റെ തനത് സംസ്കാരം ശരിക്കും പഠിച്ച് അത് അംഗീകരിച്ചയാളാണ് യു.കെ.എസ്. മലയാളത്തിലെ ധാരാളം കൃതികൾ വായിക്കുകയും അവ ഹിന്ദിയിലേക്ക് തർജമ  ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകളായ ‘വെണ്ണക്കല്ലിന്റെ കഥ’, ‘21-ാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘കാട്ടമ്പലം’, ‘നാളത്തെ വിപ്ലവം’, ‘ഭാരതീയന്റെ ഗാനം’, ‘അടയ്ക്കയും കവുങ്ങും’, ‘കരതലാമലകം’ തുടങ്ങിവ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. മലയാള സാഹിത്യരചനകളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സാമൂഹിക സമത്വവും നാടൻശൈലിയുമാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. അദ്ദേഹത്തിന്റെ പ്രധാന ഹിന്ദി രചനകൾ ‘ഗന്ധ്‌ മേ ലൻ ബന്ധ്‌ തോഡി ചാന്ദ്‌നി’, ‘ധാനാ ചുഗ്‌ത്തേ മുർഗി’, ‘ജിൻഹേം ധൻ നഹി ലഗ്‌ത്തേ’, ‘ജതതന്ത്ര്‌ കി അഭിമന്യു’, ‘സൃജൻ സമാജ്‌ ഒൗർ സൻസ്കൃതി’, ‘ഭാരത്‌ മേ ഖാദ്‌ സുരക്ഷാവോം കൃഷി’ എന്നിവയായിരുന്നു. 

കേരളഹൗസ് െറസിഡന്റ് കമ്മിഷണറും ഗവൺമെന്റ് ഓഫ് ഇന്ത്യയിൽ ജോയന്റ് സെക്രട്ടറി (അഗ്രിക്കൾച്ചർ)യുമായി സേവനമനുഷ്ഠിച്ചിരുന്നപ്പോൾ ഹിന്ദി സാഹിത്യരചനകൾക്ക് കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. കേരളഹൗസിൽവെച്ച് എല്ലാ ആഴ്ചയിലും ഹിന്ദി ഭാഷയിലുള്ള സാഹിത്യകൂട്ടായ്മ അദ്ദേഹം സംഘടിപ്പിക്കുമായിരുന്നു.

യു.കെ.എസ്. അവസാനമായി എഴുതിയ ‘അർജുൻ’ എന്ന കവിത അദ്ദേഹത്തിന്റെ സുഹൃത്തും സഹ-ബാച്ചുകാരനുമായിരുന്ന വിശ്വാസ് മേത്തയ്ക്ക്‌ കോഴിക്കോട് പ്രസ്സ് ക്ലബിൽ മാർച്ചിൽ ആലപിക്കാനുള്ള ഭാഗ്യമുണ്ടായി. ചൗഹാൻ തന്റെ വലിയ ദുരന്തം മുന്നിൽ കാണുകയും എന്നിട്ടും മഹാഭാരതത്തിലെ ധീരനായ അർജുനനെപ്പോലെ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകുന്ന രീതിയാണ് ഈ കവിതയിൽ അവസാനമായി പറഞ്ഞിരിക്കുന്നത്. 
ആ മഹാനായ വ്യക്തിയെ ആർക്കും മറക്കാനാകില്ല. കാൻസർ രോഗം പിടിപെട്ട് 2016 മെയ് 4-ാം തിയതി അദ്ദേഹം നമ്മെ വിട്ടുപോയി. യു.കെ.എസ്സിന്റെ നിര്യാണം നമുക്ക് നികത്താനാകാത്ത ഒരു നഷ്ടമാണ്. കീഴുദ്യോഗസ്ഥരുടെയും മേലുദ്യോഗസ്ഥരുടെയും ഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.