പേരിനോട്‌ ചേർത്ത് ചിത്രകാരൻ എന്ന വിശേഷണം വേണ്ടാതിരുന്ന കലാകാരനായിരുന്നു കെ.ജി. സുബ്രഹ്‌മണ്യൻ. ഇന്ത്യൻ കലാരംഗത്തിന്‌ ആധുനികതയിൽത്തട്ടി മുന്നോട്ടുപോകാൻ കഴിയാതിരുന്ന കാലത്ത് പ്രായോഗികവും സൈദ്ധാന്തികവുമായ ഇടപെടലുകളിലൂടെ ഇന്ത്യൻ ആധുനിക ദൃശ്യകലയ്ക്ക്‌ പുതിയ ദിശാബോധം നൽകി അദ്ദേഹം.

ശാന്തിനികേതനത്തിലെ വിദ്യാഭ്യാസത്തിനുശേഷം അവിടെ അധ്യാപകനായെങ്കിലും കെ.ജി.എസ്സിന്‌ ബറോഡയുമായി ബന്ധപ്പെടാനുള്ള ഭാഗ്യം തുടക്കത്തിലേയുണ്ടായി. ശാന്തിനികേതനിന്റെ കലാതന്ത്രങ്ങൾ ബറോഡയിലേക്ക്‌ പറിച്ചുനടുന്നതിനോടൊപ്പം ഇന്ത്യൻ കലയ്ക്ക്‌ ഗ്രാമീണ കലാപാരമ്പര്യങ്ങളിൽ ഉൗന്നിനിന്നുകൊണ്ടുള്ള ആധുനിക കാഴ്ചപ്പാടു സൃഷ്ടിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. നന്ദലാൽ ബോസിന്റെയും ബിനോദ്‌ ബിഹാരി മുഖർജിയുടെയും ചുവർചിത്രകലാ പരീക്ഷണങ്ങളുടെ തുടർച്ചയായി കെ.ജി.എസ്‌. തന്റെ ചുവർ ചിത്രങ്ങളും റിലീഫ്‌ ശില്പങ്ങളും ബറോഡ ഫാക്കൽറ്റി ഓഫ്‌ ഫൈൻ ആർട്‌സിലും ജ്യോതി ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിയിലും സൃഷ്ടിച്ചു. ഇന്ത്യൻ ആധുനിക കലാരംഗത്ത്‌ മ്യൂറലുകൾക്ക്‌  സവിശേഷമായ ഒരു സ്ഥാപനം സൃഷ്ടിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 

ശാന്തിനികേതനിലെ കലാഭാവനയിലുള്ള അദ്ദേഹത്തിന്റെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ മ്യൂറലും മാസ്റ്റർ മൊഷായ്‌ സ്റ്റുഡിയോ മ്യൂറലും പ്രശസ്തമാണ്‌. ലഖ്‌നൗവിലെ രബീന്ദ്രാലയത്തിൽ നിർമിച്ച ‘കിങ്‌ ഓഫ്‌ ഡാർക്ക്‌ ചേംബർ’ എന്ന മ്യൂറൽ ഇന്ത്യയിലെ എക്കാലത്തെയും മികച്ച മ്യൂറലുകളിൽ ഒന്നാണ്‌.

ചിത്രകലയിലാണ്‌ കെ.ജി.എസ്‌. തന്റെ സ്വാഭാവികമായ പകർന്നാട്ടവും തനിയാവർത്തനവും പ്രകടമാക്കിയത്‌. പാശ്ചാത്യമായ ആധുനികത കലാജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ കെ.ജി.എസ്സിനെ സ്വാധീനിച്ചിരുന്നെങ്കിലും ക്രമേണ തന്റേതായ ശൈലിയിലുള്ള കഥാപാത്ര-രൂപ നിർമിതികൾ അദ്ദേഹം കാൻവാസുകളിൽ സാധിച്ചെടുത്തു. രണ്ടുതരത്തിലായിരുന്നു കെ.ജി.എസ്‌. തന്റെ ചിത്രകലാ പ്രപഞ്ചം സൃഷ്ടിച്ചത്‌. ഒന്നാമതായി, തനിക്ക്‌ ചുറ്റും കാണുന്ന സാധാരണ ജീവിതത്തിൽ നിന്നുള്ളരംഗങ്ങൾ നർമവും രതിബോധവും കലർത്തി ശൈലീകൃതമായ ദൃശ്യഭാഷയിൽ പകർത്തി.

രണ്ടാമതായി, തികച്ചും സ്വകാര്യമെന്നുപറയാവുന്ന ചില പുരാണങ്ങൾക്കും മിത്തുകൾക്കും ഇതിഹാസങ്ങൾക്കും അദ്ദേഹം തന്റെ ചിത്രങ്ങളിൽ ദൃശ്യപാഠങ്ങൾ നൽകി. പ്രാദേശികതയിൽ ഊന്നിമാത്രമേ ആഗോളീയതയ്ക്ക്‌ നിലനിൽക്കാൻ കഴിയൂ എന്ന അഭിപ്രായമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. കല എന്നത്‌ ശൂന്യതയിൽനിന്ന്‌ സൃഷ്ടിക്കപ്പെടുന്നതല്ലെന്നും അതിന്‌ ഭൂതകാലവും പാരമ്പര്യകലകളുമായും നാഭീനാള ബന്ധമുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസങ്ങളുടെ സൈദ്ധാന്തിക പ്രമേയങ്ങളാണ്‌ കെ.ജി.എസ്‌.തന്റെ ലേഖന സമാഹാരങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും അവതരിപ്പിച്ചിട്ടുള്ളത്‌.

േഡ്രായിങ്ങുകൾ കെ.ജി.എസ്സിന്റെ സർഗപ്രക്രിയയുടെ അവശ്യഘടകമായിരുന്നു. എന്തുകണ്ടാലും വരയ്ക്കുക എന്നൊരുശീലം കെ.ജി.എസ്സിനുണ്ടായിരുന്നു. വരയ്ക്കുകയെന്നത്‌ മാത്രമാണ്‌ തന്റെ കർമമെന്ന്‌ കെ.ജി.എസ്‌. വിശ്വസിച്ചു.

കലയ്ക്ക്‌ കമ്പോളമില്ലാതിരുന്ന ഒരു കാലത്തിന്റെ പ്രതിനിധി കൂടിയാണ്‌ അദ്ദേഹം. പിൽക്കാലത്ത്‌ കമ്പോളമുണ്ടായപ്പോൾ കെ.ജി.എസ്സിന്റെ ചിത്രങ്ങൾ കളിമൺ പാത്രങ്ങളിൽ വരച്ച്‌ ചുട്ടുവിൽക്കാൻ കൂടി ഗാലറികൾ തയ്യാറായി. ‘സരസ്‌’ എന്ന പേരിലുള്ള ഈ പാത്രങ്ങൾ ഇപ്പോൾ പിച്ചളയിൽ വാർക്കാൻ ഗാലറികൾ ശ്രമിക്കുന്നു. 

കലാരംഗത്തെ അതികായരുടെ തലമുറയിലെ അവസാന കണ്ണികളിൽ ഒന്നാണ്‌ കെ.ജി.എസ്സിന്റെ മരണത്തോടെ പൊട്ടിപ്പോയിരിക്കുന്നത്‌.