ആധുനിക ഭാരതീയകല 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിൽ അഭൂതപൂർവമായ വളർച്ച പ്രകടിപ്പിച്ചു. രണ്ടുതരത്തിലാണ് അതുണ്ടായത്. ഒന്ന്, പാശ്ചാത്യ ആധുനികതയുമായി ബന്ധപ്പെട്ട ശൈലിയും വീക്ഷണവും. രണ്ട്, ഭാരതീയസംസ്കാരവും ഭാരതീയ നാടൻകലാമേഖലയും തമ്മിൽ ബന്ധപ്പെടുത്തി സൃഷ്ടിച്ചെടുത്ത ഭാരതത്തിന്റെ തനത് ആധുനികത.

ഭാരതത്തിൽ രണ്ട് പ്രധാന സർവകലാശാലകളാണ് ആധുനികതയുടെ മുന്നിൽ നിൽക്കുന്നത്. കെ.ജി. സുബ്രഹ്‌മണ്യൻ എന്ന അതിപ്രഗല്‌ഭനായ അധ്യാപകന്റെ സേവനം ബറോഡ സർവകലാശാലയ്ക്കും ശാന്തിനികേതനും ലഭിക്കുകയുണ്ടായി. 

കലാകാരൻ എന്ന നിലയ്ക്ക് നാടൻ കലാകാരന്മാരുമായി ബന്ധപ്പെടുകയും വസ്ത്രങ്ങളിൽ ഡിസൈൻ ചെയ്യുന്നവരുടെ അതിബൃഹത്തായ മേഖല കണ്ടെടുക്കുകയും ചെയ്തു കെ.ജി. സുബ്രഹ്‌മണ്യൻ. സാമ്പ്രദായികമായി നാടൻകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അദ്ദേഹം ചെയ്തത്. വസ്ത്രങ്ങളിൽ ചെയ്യുന്ന പലവിധ മോട്ടിഫുകൾ ഓരോ പ്രദേശത്തും തനതു സ്വഭാവം കാണിക്കുന്നത് അദ്ദേഹം മനസ്സിലാക്കി. ആ ശൈലിയിൽ അനേകം പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം തന്റെ ചിത്രകലയിൽ അതിന്റെ പ്രാഭവം ശക്തമായി പ്രകടിപ്പിച്ചു. മുറിച്ച രൂപങ്ങളും മുറിച്ച ചിത്രപ്രതലവും സുബ്രഹ്‌മണ്യന്റെ ചിത്രങ്ങളുടെ സവിശേഷതയാണ്.

ഏത് ഗൗരവവിഷയം കൈകാര്യം ചെയ്യുമ്പോഴും നർമവും ഫലിതവും അദ്ദേഹം ഒരുക്കാറുണ്ട്. മനുഷ്യരോടൊപ്പം കുരങ്ങുകളെപ്പോലുള്ള മൃഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന അനേകം ചിത്രങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 

സൗന്ദര്യാത്മകം മാത്രമല്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾ. പലപ്പോഴും രാഷ്ട്ര, രാഷ്ട്രീയ ബോധം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം. കാൻവാസിലെ ചിത്രങ്ങൾ കൂടാതെ ടെറാക്കോട്ട മ്യൂറലുകൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാധ്യമമായിരുന്നു. 

ഭാരതീയസംസ്കാരത്തെയും കലയെയും കുറിച്ച് അസാമാന്യപാണ്ഡിത്യമുള്ള കെ.ജി. സുബ്രഹ്‌മണ്യൻ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. മലയാളി എന്ന നിലയ്ക്ക് നമുക്കഭിമാനിക്കാൻ കഴിയുന്ന പണ്ഡിതനും ചിത്രകാരനും അധ്യാപകനും വാഗ്മിയും എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായിരുന്നു അദ്ദേഹം. ഏതിനെയും സ്വതന്ത്രബുദ്ധിയോടെ മാത്രമേ അദ്ദേഹം സ്വീകരിക്കുമായിരുന്നുള്ളൂ.

2007-ൽ ബറോഡ സർവകലാശാലയിലെ ഒരു വിദ്യാർഥിക്കെതിരെ മതമൗലികവാദികൾ അക്രമം നടത്തി. അതിനെതിരെ മറ്റുപല കലാകാരന്മാർക്കുമൊപ്പം തന്റെ അനാരോഗ്യം പോലും പരിഗണിക്കാതെ കെ.ജി. സുബ്രഹ്‌മണ്യൻ പ്രവർത്തിക്കുകയുണ്ടായി. സുബ്രഹ്‌മണ്യന്റെ നിര്യാണത്തോടെ ഭാരതീയ ആധുനിക കലയുടെ ഒരു പ്രധാന അധ്യായം അവസാനിക്കുകയാണ്.