ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപതാംവർഷംആഘോഷിക്കാനൊരുങ്ങുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ആ യാത്രയിലാണ്‌ 'മാതൃഭൂമി' പിറവികൊണ്ടത്‌. 
സ്വാതന്ത്ര്യവഴിയിലെ സഹയാത്രയിലൂടെ...

 

കേരളത്തിന്റെ സാമൂഹികവികാസചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായമാണ്‌ വൈക്കം സത്യാഗ്രഹം. നിരവധിമാറ്റങ്ങൾക്ക്‌ നാന്ദികുറിച്ച അയിത്തോച്ചാടന സത്യാഗ്രഹസമരം 1924 മാർച്ച്‌ 30-ന്‌ വൈക്കത്ത്‌ ആരംഭിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുനിരത്തുകൾ ‘അയിത്തജാതിക്കാർക്ക്‌’ തുറന്നുകൊടുക്കുന്നതിനുള്ള യത്നമായിരുന്നു സമരം. ‘മാതൃഭൂമി’ക്ക്‌ വൈക്കം സത്യാഗ്രഹത്തിൽ പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. ഈ സത്യാഗ്രഹത്തിന്റെ രണ്ട്‌ പ്രമുഖ നേതാക്കളിൽ ഒരാൾ മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോനും മറ്റേയാൾ മാനേജരായ കെ. കേളപ്പനുമായിരുന്നു. 
  1924 മാർച്ച്‌ 30-ന്‌ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. സവർണരും ദേവസ്വം അധികാരികളും സമരത്തെ തകർക്കാനുള്ള നീക്കങ്ങളും തുടങ്ങി. കുഞ്ഞപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിങ്ങനെ ദളിത്‌, ഈഴവ, നായർ സമുദായത്തിൽപ്പെട്ട മൂന്നംഗങ്ങളാണ്‌ ഒന്നാമത്തെ സമരത്തിൽ മുമ്പിലുണ്ടായിരുന്നത്‌. കോടതി ഇവരെ ആറുമാസത്തെ തടവിന്‌ ശിക്ഷിച്ചു.
 പ്രശ്നപരിഹാരത്തിന്‌ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു ശ്രമവും ഉണ്ടാകാത്തതിനാൽ ഏപ്രിൽ ഏഴിന്‌ കെ.പി. കേശവമേനോനും ടി.കെ. മാധവനും ഒരു ദളിത്‌ വൊളന്റിയറോടുകൂടി നിരോധനാജ്ഞ ലംഘിച്ച്‌ മുന്നോട്ടുപോയി. 500 രൂപ ജാമ്യം കെട്ടിവെക്കാൻ അവർ തയ്യാറാകാത്തതിനാൽ മജിസ്‌ട്രേറ്റ്‌ ആറുമാസം തടവിന്‌ ശിക്ഷ വിധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്‌ എ.കെ.പിള്ള, കെ. കേളപ്പൻ, കെ. വേലായുധമേനോൻ എന്നിവരെ അറസ്റ്റുചെയ്ത്‌ കോട്ടയത്തേക്ക്‌ കൊണ്ടുപോയി. അവിടെനിന്ന്‌ നാലുമാസം തടവിനുശിക്ഷിച്ച്‌ അവരെയും പൂജപ്പുര ജയിലിലേക്ക്‌ അയച്ചു. അങ്ങനെ മാതൃഭൂമി പത്രാധിപരും മാനേജരും ജയിലിലായി. വൈക്കം സത്യാഗ്രഹസമരം 1926 ജനുവരി 21-ന്‌ വിജയകരമായി അവസാനിച്ചു.
തയ്യാറാക്കിയത്‌: എം. ജയരാജ്‌