മാതൃഭൂമി- സ്വാതന്ത്ര്യസമര നാളുകളില്‍

സ്വാതന്ത്ര്യസമരത്തിന്‌ കേരളത്തിൽ ശക്തിപകരുന്നതിൽ മഹാകവി വള്ളത്തോൾ രചിച്ച ‘പോരാ പോരാ നാളിൽ നാളിൽ’ എന്ന ദേശഭക്തിഗാനം നിർണായകപങ്കാണ്‌ വഹിച്ചത്‌. 1923 ജൂലായ്‌ അഞ്ചിലെ മാതൃഭൂമിയിലാണ്‌ ഈ ഗാനം പ്രത്യക്ഷപ്പെടുന്നത്‌. കേരളത്തിലെ സ്വാതന്ത്ര്യഭടന്മാരുടെ സമരവേദികളിലും ജാഥകളിലും മുഴങ്ങിക്കേട്ട വഞ്ചിപ്പാട്ടിന്റെ ഈണത്തിലുള്ള ഈ ഗാനം മലയാളികളുടെ സ്വാതന്ത്ര്യതൃഷ്ണയെ ജ്വലിപ്പിച്ചുനിർത്തി.
 ഈ കവിതയെഴുതാൻ മഹാകവിക്ക്‌ പ്രേരകശക്തിയായത്‌ നാഗ്‌പ്പുരിൽ നടന്ന വിഖ്യാതമായ പതാകസത്യാഗ്രഹമായിരുന്നു. ഒരു തീപ്പൊരി കാട്ടുതീയായതുപോലെയായിരുന്നു ഈ സത്യാഗ്രഹസമരത്തിന്റെ തുടർന്നുണ്ടായ വികാസം. ഗാന്ധിജിയുടെ  നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ഉണർത്തിയ ദേശീയബോധം രാജ്യത്തെ ഇളക്കിമറിച്ച സന്ദർഭത്തിലായിരുന്നു
നാഗ്‌പ്പുരിൽ പതാകസത്യാഗ്രഹം നടന്നത്‌. ഗാന്ധിജിയെ അറസ്റ്റുചെയ്ത്‌ ഒരുവർഷം തികയുന്ന ദിവസം നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ഒരു ഘോഷയാത്രയെ അധികൃതർ തടയുകയും സ്വരാജ്യക്കൊടി ഉപേക്ഷിച്ചാലല്ലാതെ കന്റോൺമെന്റിലേക്കു പോകാൻ അനുവദിക്കുകയില്ലെന്ന്‌ ശാഠ്യംപിടിക്കുകയും ചെയ്തതിനെത്തുടർന്നാണ്‌ സമരം ആരംഭിച്ചത്‌.
ഒരു ജനതയ്ക്ക്‌ മുഴുവൻ ദേശസ്നേഹത്തിന്റെ ഊർജവും ശക്തിയും പകർന്ന സമരത്തിന്റെ മൂർധന്യത്തിലാണ്‌ മഹാകവി ഈ പ്രശസ്തഗാനം രചിക്കുന്നത്‌. 1923 ഓഗസ്റ്റ്‌ 18-ന്‌ പതാകസത്യാഗ്രഹസമരം വിജയകരമായി അവസാനിച്ചു. പണ്ഡിറ്റ്‌ മഖൻലാൽ ചതുർവേദിയുടെ നേതൃത്വത്തിൽ നൂറുവൊളന്റിയർമാർ സ്വരാജ്യക്കൊടിയും പിടിച്ചുകൊണ്ട്‌ അഭിമാനപൂർവം അധികാരികൾ നിരോധിച്ച സ്ഥലങ്ങളിലൂടെ പ്രകടനം നടത്തി. ആരും അവരെ തടഞ്ഞില്ല.
തയ്യാറാക്കിയത്‌: എം. ജയരാജ്‌