കേരളത്തിൽ പൊതുജനവിദ്യാഭ്യാസം വ്യാപകമാകുന്നത് ഏതാണ്ട് പതിനാറാം നൂറ്റാണ്ടോടുകൂടിയാണ്. എഴുത്തുപള്ളി, ആശാൻ കളരി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഗ്രാമവിദ്യാലയങ്ങൾ വഴിയാണത് സാധ്യമായത്. ഇവ ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു. ചട്ടമ്പിമാർ എന്നറിയപ്പെട്ടിരുന്ന മുതിർന്നവിദ്യാർഥികളുടെ സഹായത്തോടെയാണ് എഴുത്തച്ഛന്മാർ വിവിധ പ്രായത്തിലുള്ളവരും വിവിധ വിഷയങ്ങൾ പഠിക്കുന്നവരുമായ വിദ്യാർഥികളെ വ്യാകരണവും ഗണിതവും ജ്യോതിഷവുമൊക്കെ പഠിപ്പിച്ചുകൊണ്ടിരുന്നത്. 1823-ൽ മലബാറിൽ മാത്രം ഇത്തരം 759 വിദ്യാലയങ്ങളുണ്ടായിരുന്നതായി അന്നത്തെ കളക്ടർ വൗഘൻ റിപ്പോർട്ട് നൽകുന്നുണ്ട്. ഇംഗ്ളണ്ടിലെ അത്ര വരില്ലെങ്കിലും തൊട്ടടുത്ത കാലംവരെ പല യൂറോപ്യൻ രാജ്യങ്ങൾക്കും മുകളിലായിരുന്നു ഇവിടത്തെ സാക്ഷരതയെന്ന് മദിരാശി ഗവർണർ തോമസ് മൺറോ 1826-ൽ അഭിപ്രായപ്പെടുന്നുണ്ട്. 

എഴുത്തുപള്ളികളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പുതന്നെ നിലത്തെഴുത്താശാന്മാരെ സമീപിച്ച് അക്ഷരം ഉറപ്പിക്കുന്നതായിരുന്നു നമ്മുടെ രീതി. പതിന്നാലുവർഷം കേരളത്തിലുണ്ടായിരുന്ന ബർത്തലോമിയോ എന്ന കാർമലൈറ്റ് മിഷണറി  ‘വോയേജ് റ്റു ഈസ്റ്റ് ഇൻഡീസ്’ എന്ന കൃതിയിൽ (1796-റോം) നിലത്തെഴുത്ത് പഠനത്തിന്റെ രീതികൾ വിവരിക്കുന്നുണ്ട്. കുട്ടികൾ അർധനഗ്നരായി വൃക്ഷച്ഛായയിൽ ഇരിക്കുകയും മുന്നിൽ വിരിച്ച മണലിൽ വലതുകൈയുടെ ചൂണ്ടുവിരൽകൊണ്ട് അക്ഷരങ്ങൾ എഴുതുകയും ഇടതുകൈകൊണ്ട് മായ്ക്കുകയും വീണ്ടും എഴുതുകയും ചെയ്യുന്നു. ആശാൻ കുട്ടികൾക്കഭിമുഖമായി നിന്നുകൊണ്ട് അക്ഷരങ്ങൾ പരിശോധിക്കുകയും വേണ്ടനിർദേശങ്ങൾ നൽകുകയും ചെയ്യും. ലോകത്തിലെതന്നെ ഏറ്റവും ചെലവുകുറഞ്ഞ വിദ്യാദാന പ്രക്രിയയാണിത് എന്നാണ് ബർത്തലോമിയോയുടെ നിരീക്ഷണം. കുട്ടികളുടെ എഴുത്തിലും വായനയിലും ആശങ്കാകുലരായിരിക്കുന്ന രക്ഷിതാക്കളെ പരാമർശിക്കുന്ന അലക്സാണ്ടർ വാക്കർ എന്ന ഇംഗ്ളീഷ് പടനായകന്റെ കുറിപ്പുകളും നമ്മുടെ മുന്നിലുണ്ട് (1790). വിദ്യയഭ്യസിക്കുന്ന ധാരാളം സ്ത്രീകളുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ രണ്ട് വിദേശീയരുടെയും കാലത്ത് കുട്ടിക്കാലം ചെലവഴിച്ച തന്റെ വല്യമ്മാവിക്ക് എഴുത്തും വായനയും നിശ്ചയമുണ്ടായിരുന്നുവെന്ന് സി.വി. കുഞ്ഞുരാമൻ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കൈയക്ഷരകലയിൽ കേരളീയരെ അതിശയിക്കാൻ യൂറോപ്യൻ ജനതയ്ക്കും കഴിയില്ല എന്നെഴുതിയത് 17-ാം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി ഇവിടെ ഉണ്ടായിരുന്ന ന്യൂഹാംഫ് ആയിരുന്നു. മണലിലും ഓലയിലും എഴുതിപ്പഠിച്ച അക്ഷരങ്ങൾ ജീവിതസായാഹ്നത്തിലും മനോമണ്ഡലത്തിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിനിൽക്കുന്നതായി ചെറുകാട് എഴുതിയിട്ടുണ്ട്. 

ഗുണ്ടർട്ടിന്റെ കാലം

മലയാള ലിപി (ആര്യ എഴുത്ത്) പഠനത്തിന് പുതിയ ഒരു സമീപനം വികസിപ്പിച്ചെടുത്തത് ‘മഹാനായ മലയാളി’ എന്ന വിശേഷണത്തിനർഹനായ ഹെർമൻ ഗുണ്ടർട്ടാണ്. ‘വലിയ പാഠാരംഭം’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം അധ്യാപകർക്കു നൽകുന്ന നിർദേശം കാണാം: ‘ഒരു മാസംകൊണ്ട് സകല എഴുത്തുകളും രണ്ടാം മാസത്തിൽ സ്വരയുക്ത വർഗങ്ങളും  മൂന്നാമത്തേതിൽ കൂട്ടുവായനയോളവും നാല്‌, അഞ്ച്‌, ആറ്‌ മാസങ്ങളിൽ കൂട്ടുവായനയും പ്രയാസം കൂടാതെ ഏതു കുട്ടിക്കും പഠിക്കേണ്ടതിന് ഗുരുക്കന്മാർ ഉത്സാഹിക്കണം. ഴകാരം ശ കാരമായും രകാരം റകാരമായും ൻകാരം നകാരമായും ങ്ങകാരം ഞകാരമായും ഉച്ചരിപ്പിക്കാൻ ഒരിക്കലും ന്യായമില്ല. ഈ കുട്ടികൾ താണജാതിക്കാരാണല്ലോ; അവന്റെ നെല്ലും പണവും മുണ്ടും ഇനിക്ക് കിട്ടിയാൽ മതി; ഈ പ്രകാരത്തിൽ ചൊല്ലിക്കൊടുത്താൽ പോരും എന്നും മറ്റും നിനയ്ക്കുന്ന ഗുരുക്കന്മാർ തന്റെ നിലയെ അപമാനിച്ചു സത്യത്തെ വിട്ടുനടക്കുന്നവരെന്നു നിശ്ചയം.’ 
1817-ൽ തിരുവിതാംകൂറിൽ വിദ്യാഭ്യാസം സ്റ്റേറ്റ് ചുമതലയാക്കിയപ്പോൾ അക്ഷരത്തിലും മറ്റു പാഠ്യവസ്തുക്കളിലുമുള്ള പുരോഗതി തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് മാസത്തിൽ ഒരുതവണ റാണി പാർവതീബായിയെ അറിയിക്കാൻ ചട്ടംകെട്ടിയിരുന്നു. 1866-’67 കാലത്ത് കേരളവർമ വലിയ കോയിത്തമ്പുരാൻ  പാഠപുസ്തകസമിതി അധ്യക്ഷനായിരിക്കേ നിർമിച്ച ഒന്നാംപാഠത്തിൽ ‘പദലത’ എന്ന ശീർഷകത്തിൽ പ്രാധാന്യത്തോടെ അക്ഷരമാല പരിചയപ്പെടുത്തുന്നു. അക്ഷരങ്ങളിൽനിന്ന്‌ സങ്കീർണമായ വാക്യങ്ങളിലെത്തുമ്പോൾ ശാസ്ത്രബോധനവും ധാർമികപരിശീലനവും ഒന്നിച്ചുനടന്നു. അവിടത്തെ പരീക്ഷയിൽ കേട്ടെഴുത്തും ഓലയിലും കടലാസിലുമുള്ള അക്ഷരവടിവും പരിശോധിക്കപ്പെട്ടിരുന്നു. വാചാപരീക്ഷയിൽ പദ്യം ചൊല്ലലും

ഗാർത്‌വെയ്‌റ്റ്‌ പറയുന്നത്‌

ഗുണ്ടർട്ടിനുശേഷം മലയാളഭാഷാ പഠനത്തിന്‌ നിസ്തുലമായ സംഭാവനകൾ നൽകിയത്‌ ലിസ്റ്റൻ ഗാർത്‌വെയ്‌റ്റ്‌ എന്ന ഇംഗ്ലീഷുകാരനായിരുന്നു. കോഴിക്കോട്‌ പ്രൊവിൻഷ്യൽ സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം വിദ്യാഭ്യാസവകുപ്പിൽ ഉന്നതോദ്യോഗം വഹിച്ചിരുന്നു. അദ്ദേഹം എഴുതുന്നതു കാണുക: ‘ഒരു രീതിശാസ്ത്രം എന്ന നിലയിൽ നൈസർഗികവും അപഗ്രഥനാത്മകവുമായ രീതിയാണ്‌ (ഭാഷബോധനത്തിൽ) ഞാൻ അവലംബിക്കുന്നത്‌. അതിൽ കൃത്രിമമായ മാർഗങ്ങൾ തള്ളിക്കളയണം. ഉച്ചരിക്കുന്നതിനുമുമ്പ്‌ നാം ചിന്തിക്കുന്നു. അക്ഷരമെന്നത്‌ കേവലം ചിഹ്നങ്ങളല്ല ചിന്താശകലങ്ങളെ സ്ഥിരമായി സൂക്ഷിച്ചുവെക്കാനുള്ള സംവിധാനമാണ്‌. പദങ്ങൾക്കും വാചകങ്ങൾക്കും നൽകേണ്ട ഊന്നലുകൾ, ഉച്ചാരണത്തിലെ ശ്രദ്ധ, ഉപയോഗിക്കുന്ന ചിഹ്നങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയൊക്കെ പരിശീലിപ്പിക്കേണ്ടത്‌ അധ്യാപകരുടെ കർത്തവ്യമാണ്‌ (The Essentials of Malayalam Grammar Deduced from Sentences). മറ്റൊരു കൃതിയിൽ ഗാർത്‌വെയ്‌റ്റ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു. എല്ലാ ക്ളാസിലും വായന നന്നാവേണ്ടതുണ്ട്‌. ഉച്ചാരണശുദ്ധിയില്ലായ്മ പ്രശ്നംതന്നെയാണ്‌. മലയാളത്തിലെ പല അക്ഷരങ്ങളും സന്ദർഭംകൊണ്ടു ശബ്ദത്തെ സൂചിപ്പിക്കുന്നതാകയാൽ ഇംഗ്ലീഷ്‌ പദകോശങ്ങളിലെപ്പോലെ വിശദീകരണം നൽകുന്നതു നന്നായിരിക്കും. കൈയക്ഷരം നന്നാവാൻ പ്രത്യേകം പാഠഭാഗങ്ങൾ എഴുതിപ്പഠിപ്പിക്കണം. കുട്ടികൾ തെറ്റായി എഴുതിയാൽ അധ്യാപകർ ബോർഡിൽ ശരിതെറ്റുകൾ വേർതിരിച്ചെഴുതിക്കാണിക്കണം.’

മലയാളത്തെക്കുറിച്ച്‌ പരാമർശിക്കുമ്പോൾ ‘നമ്മുടെ ഭാഷ’ എന്നുപറയുന്ന ഗുണ്ടർട്ടിന്റെയും അക്ഷരത്തെറ്റും ഉച്ചാരണവൈകല്യവും കാണുമ്പോൾ വേദനിക്കുന്ന ഗാർത്‌വെയ്‌റ്റിന്റെയുമൊക്കെ പാത പിന്തുടർന്നാണ്‌ തൊണ്ണൂുറുകളുടെ മധ്യംവരെ നമ്മുടെ പാഠപുസ്തകങ്ങൾ നിർമിച്ചിരുന്നത്‌. തുടർന്നുവന്ന പരിഷ്കാരങ്ങൾ ഭാഷാപഠനത്തിനേൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. അക്കാര്യം ദീർഘദർശനം ചെയ്തവരും പ്രതിഷേധിച്ചവരുമുണ്ടായിരുന്നു. ഫലമുണ്ടായില്ല എന്നതാണ്‌ വാസ്തവം. അക്ഷരാഭ്യാസം ലഭിച്ച തലമുറകളുടെ പിന്മുറക്കാർക്ക്‌ അക്ഷരബോധം കുറയുന്നു എന്നത്‌ അപരാധംതന്നെയാണ്‌. ഔപചാരികവും സുഘടിതവുമായ ഒരു പാഠ്യപദ്ധതി തിരിച്ചുനടന്നതിന്റെ പരിണതിയാണിത്‌. നിലവിലുള്ള വ്യാകരണനിയമങ്ങൾ അതേപടി അനുസരിക്കണമെന്ന നിർബന്ധം തനിക്കില്ലെന്നു വ്യക്തമാക്കുന്ന സാക്ഷാൽ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഇപ്രകാരം പറയുന്നുണ്ട്‌: ‘ലംഘിക്കേണ്ടവ ലംഘിക്കാം. പക്ഷേ, ലംഘിക്കേണ്ടവ ഏതെല്ലാം എന്നു തീരുമാനിക്കാനുള്ള ഒരു പണ്ഡിതസദസ്സുണ്ടായിരിക്കണം. അങ്ങനെ മാത്രമേ ഭാഷയെ പരിഷ്കരിക്കാനും പുഷ്ടിപ്പെടുത്താനും കഴിയൂ.’ ഭാഷയിൽ അരാജകത്വം സൃഷ്ടിക്കുന്നത്‌ അഭികാമ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്‌. അദ്ദേഹം സൂചിപ്പിച്ചതുപോലെ പണ്ഡിതസദസ്സിൽനിന്ന്‌ അക്ഷരബോധത്തെ സംബന്ധിച്ച്‌ ഉയർന്നിട്ടുള്ള അഭിപ്രായങ്ങൾ സന്തോഷം പകരുന്നു. അവയൊക്കെയും പാഠ്യപദ്ധതി പരിഷ്കരണകാലത്ത്‌ ക്രോഡീകരിക്കപ്പെടുമെന്ന്‌ പ്രത്യാശിക്കുകയും ചെയ്യുന്നു.

(ചരിത്രാധ്യാപകനായ ലേഖകന്റെ ഗവേഷണബിരുദം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാണ്‌)