മലയാളഭാഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സമകാലികസംഭവങ്ങൾ കേരളത്തിലെ ഭാഷാനയം എത്രമാത്രം അശാസ്ത്രീയമാണെന്ന കാര്യം വ്യക്തമാക്കുന്നു. പ്രാഥമികവിദ്യാലയങ്ങളിൽ മലയാളം ആരു പഠിപ്പിക്കണം? മലയാളം ലക്‌സിക്കൻ തലപ്പത്ത് ആര്‌ ഇരിക്കണം? തൊഴിൽ നേടുന്നതിനുള്ള പൊതുപരീക്ഷകളിൽ മലയാളം എത്രത്തോളമാകാം? ഔപചാരികമായി മലയാളം എപ്രകാരം ഉപയോഗിക്കാം? ബോധനമാധ്യമമായി മലയാളം ഏതേതെല്ലാം തലങ്ങളിൽ പ്രായോഗികമാക്കണം? എന്നിങ്ങനെ പുതിയതും പഴയതുമായ ധാരാളം കാര്യങ്ങളിൽ തീർപ്പുകല്പിക്കാനാവാത്ത അവസ്ഥ; അതാണ് ചൂണ്ടിക്കാണിക്കുന്നത്. മറുനാട്ടിലിരുന്ന്‌ ഇക്കാര്യം നോക്കിക്കാണുമ്പോൾ കേരളത്തിലെ ഭാഷാനയം അത്ര ശുഭകരമല്ലെന്നു തോന്നുന്നു.


തമിഴ്‌നാട്ടിലെ സർവകലാശാലകളിലെ ഗവേഷകവിദ്യാർഥികളെല്ലാം പ്രബന്ധസംഗ്രഹ(സിനോപ്‌സിസ്)ത്തിന്റെ ഒരു കോപ്പി നിർബന്ധമായും തമിഴിലും സമർപ്പിക്കണമെന്ന സർക്കാരിന്റെ ഉത്തരവ് സർവകലാശാലകൾ നടപ്പാക്കിക്കഴിഞ്ഞു. മാതൃഭാഷ തമിഴ് അല്ലാത്ത വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇരട്ടമൊഴിത്തമുള്ള തമിഴ് പഠിച്ചെടുത്ത് അതിൽ പ്രബന്ധസംഗ്രഹമെഴുതുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെങ്കിലും എതിർപ്പുകളില്ലാതെ അത്  സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തമിഴിനെ സമ്പൂർണമായ തോതിൽ വിജ്ഞാനഭാഷയാക്കുന്നതിനും സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ തമിഴ് അറിയുന്നവർക്കെല്ലാംതന്നെ മനസ്സിലാക്കിയെടുക്കാനും ഇക്കാര്യം സഹായിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.   ഭാഷാസങ്കുചിതവാദത്തിന്റെ അംശംകലർന്നിട്ടുണ്ടെങ്കിലും ഇപ്രകാരം തമിഴ്‌നാട്ടിലെ ഭാഷാനയം ഓരോ അടിയും മുന്നോട്ടുതന്നെ. 
സമീപനങ്ങളിൽ പുതുമ പിന്തുടരാനുള്ള ശ്രമം കേരളത്തിലെ വിദ്യാഭ്യാസരംഗത്തു നടക്കുന്നില്ലെന്നു പറയാനാകില്ല. നടപ്പാക്കുന്ന കാര്യങ്ങളിൽ ചില പാളിച്ചകൾ കാണാമെന്നുമാത്രം.  പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ അക്ഷരമാല നേരിട്ടു പഠിപ്പിക്കേണ്ടതില്ല എന്ന ചിന്താഗതി അതിന് ഉത്തമദൃഷ്ടാന്തമാണ്. ‘ആശയത്തിൽനിന്ന് പദത്തിലേക്ക്’ എന്ന ക്രമത്തിൽനിന്ന് അക്ഷരജ്ഞാനം നേടിയ കുട്ടികളിൽ അക്ഷരമാലാക്രമം ഉറപ്പിക്കേണ്ടതുണ്ട്. എന്നാൽ, നേരിട്ട്‌ അക്ഷരമാല പഠിപ്പിക്കേണ്ടതില്ലെന്നാണ് പുതിയ പാഠ്യപദ്ധതി അനുശാസിക്കുന്നത്. എഴുത്ത് എന്ന നൈപുണി പൂർണമായി ആർജിക്കാൻ ഈ പദ്ധതികാരണം സാധിക്കുന്നില്ലെന്ന അഭിപ്രായമാണ് പൊതുവേ അധ്യാപകർ പങ്കിട്ടത്. ഈ പാഠ്യപദ്ധതിയുടെ അപാകം മനസ്സിലാക്കുന്ന അധ്യാപകർ മനോധർമത്തിനും സന്ദർഭത്തിനുമനുസരിച്ച്‌ അക്ഷരമാല കുട്ടികളിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു. 


 കേട്ടുമുട്ടുന്ന അക്ഷരങ്ങൾ
പദാർജനത്തിലൂടെ അക്ഷരപരിചയം. അതാണ് ശാസ്ത്രീയമെന്ന് കേരളം കരുതുന്നു. അതാണ് അവർ കഴിഞ്ഞ കുറേക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭാഷാധ്യാപനത്തിലെ പുതുരീതിയാണിത്. ചെറിയ ക്ലാസുകളിൽ പാട്ടിലൂടെയും മറ്റും പദപരിചയം നടത്തി ഒടുവിൽ അവയിലെ അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്ന രീതി. ഇത് അനായാസമായി അക്ഷരം പഠിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നുവെന്നാണ് വിദ്യാഭ്യാസചിന്തകരുടെ അഭിപ്രായം. പുതുമ ഇഷ്ടപ്പെടുന്നവർക്ക് ഈ സമീപനം തെറ്റാണെന്നു തോന്നാൻ ഇടയില്ല.  കേട്ടെഴുത്തിനുമുമ്പ്‌, ഭാഷയെ കേട്ടുമുട്ടി പരിചയിച്ച്, അതു പ്രയോഗിച്ച് ഒടുവിൽ എഴുത്തിലേക്കു തിരിയുന്ന രീതി വളരെ മുമ്പുതന്നെ നടപ്പാക്കിയതാണ്; ശാസ്ത്രീയവുമാണ്. പക്ഷേ, ഇപ്പോഴത്തെ രീതിയിൽനിന്ന് അതിനുള്ള പ്രധാനവ്യത്യാസം ഒടുവിൽ അക്ഷരമാല പരിചയപ്പെടുത്തുന്നുവെന്നതാണ്. അതിന്‌ അനുശാസിക്കുന്ന എല്ലാ അനുക്രമീകരണതത്ത്വങ്ങളും പാലിച്ചുകൊണ്ടുതന്നെ. അതിനാൽ പാഠപുസ്തകങ്ങളിൽ അക്ഷരമാലയ്ക്ക് സ്ഥാനമുണ്ട്. 

അക്ഷരങ്ങൾ മുഴുവൻ പഠിപ്പിച്ചതിനുശേഷം പദപരിചയം എന്ന നിലപാടിന്റെ ആവശ്യമില്ലെങ്കിലും ഒരു ഭാഷയിലെ അക്ഷരസംഖ്യ മുഴുവനും ഉപലിപികളോടൊപ്പം, ഉപചിഹ്നങ്ങളോടൊപ്പം പരിചയപ്പെടുത്തുന്ന തരത്തിലായിരിക്കണം പദപരിചയം. ലാളിത്യത്തിൽനിന്ന് സങ്കീർണതയിലേക്ക്, സാമാന്യത്തിൽനിന്ന് സൂക്ഷ്മത്തിലേക്ക് എന്ന അനുക്രമീകരണം പാലിച്ചുകൊണ്ടാണത് നടപ്പാക്കേണ്ടത്. തമിഴ്‌നാട്ടിലെ മലയാളപഠനവും തമിഴ് പഠനവും അക്ഷരമാലയ്ക്ക് പ്രാധാന്യംകൊടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. കർണാടകത്തിലും അപ്രകാരംതന്നെ; ചെറിയ ക്ലാസുകളിൽ പ്രത്യേകിച്ചും. കർണാടകത്തിൽ പത്താംതരത്തിലെ പാഠപുസ്തകത്തിലും അക്ഷരമാല കൊടുത്തിട്ടുണ്ട്.  
തമിഴ്‌നാട്ടിൽ രണ്ടാംതരംമുതൽ അക്ഷരമാല പഠിപ്പിച്ചുകൊണ്ടുതന്നെയാണ് തമിഴും മലയാളവും പഠിപ്പിക്കുന്നത്. അക്ഷരത്തിൽനിന്ന് പദത്തിലൂടെ വാക്യത്തിലേക്ക് എന്ന രീതി പഴഞ്ചനാണെന്നു വാദിക്കാം. പക്ഷേ, പുതുമയ്ക്കുവേണ്ടി അക്ഷരമാലയേ വേണ്ടാ എന്നു പറയുന്നതിൽ അർഥമില്ല. ഭാഷയുടെ ഗോത്രബന്ധവും ഘടനയും നോക്കിവേണം വിദേശങ്ങളിൽ നടപ്പാക്കുന്ന ഭാഷാപരിഷ്കാരങ്ങൾ നാം ഉൾക്കൊള്ളാൻ.


 ഭാഷാസൂത്രണം
അക്ഷരമാലാജ്ഞാനം ഭാഷാസൂത്രണവുമായി ബന്ധപ്പെട്ട കാര്യമാണ്. എഴുത്തുഭാഷയെയാണ് ആസൂത്രണം ലക്ഷ്യമാക്കുന്നത്. അതിനാൽ അത് ലിപിയുമായും അച്ചടിയുമായും ബന്ധപ്പെട്ടിരിക്കുന്നു.  ഭാഷയ്ക്കുള്ളിലെ ആസൂത്രണമാണ് മാനകീകരണം. വരമൊഴിയെ നിലവാരപ്പെടുത്തലാണിത്. എഴുത്തുമായി ബന്ധപ്പെട്ട എല്ലാ തലത്തിലും ബാധകമായ ഒന്ന്. ലിപി, ഫോണ്ട്, ചിഹ്നനം, അകലം, സന്ധി, പദഘടന, സമാസം, സംഹിത, സാങ്കേതികപദാവലി, പരകീയപദങ്ങൾ, വിവർത്തനരീതി, കത്തുകൾ എന്നിങ്ങനെ എല്ലായിടങ്ങളിലും ഈ ആസൂത്രണം ബാധകമാകുന്നു. ഇക്കാര്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് അക്ഷരമാല. ഇതാണ് പുതിയ പാഠ്യപദ്ധതി വിട്ടുകളഞ്ഞത്.


 കേരളവും തമിഴ്‌നാടും
മലയാളികളിൽനിന്ന് തികച്ചും വ്യത്യസ്തമായ മാതൃഭാഷാബോധമാണ് തമിഴ് ഭാഷകർക്കുള്ളത്. ഭാഷാ ഷോവനിസംപോലുള്ള പ്രതിലോമകാര്യങ്ങളെ പിന്തള്ളി മാതൃഭാഷാ ഉന്നമനത്തിനുവേണ്ടി ജനങ്ങളും സർക്കാരും കൈക്കൊള്ളുന്ന ചില കാര്യങ്ങൾ കേരളസർക്കാരിനും പിന്തുടരാവുന്നതാണ്. 
തമിഴ് ഭാഷാവികസനവുമായി തമിഴ്‌നാട് സർക്കാർ ചെയ്യുന്ന പ്രധാനകാര്യങ്ങൾ, തമിഴ് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ വിഭാഗ(തമിഴ് വളർച്ചിത്തുറൈ)ത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്‌ സ്റ്റഡീസ്, തമിഴ് യൂണിവേഴ്‌സിറ്റി, ഡയറക്ടറേറ്റ് ഓഫ് തമിഴ്‌ എറ്റിമോളജിക്കൽ പ്രോജക്ട്, അറിവിയൽ തമിഴ്‌ മൻട്രം, സെക്രട്ടേറിയറ്റിലെ വിവർത്തനവിഭാഗം എന്നീ സ്ഥാപനങ്ങൾ ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. 


തമിഴ് വളർച്ചിത്തുറൈയുടെ മേൽനോട്ടത്തിൽ ധാരാളം കാര്യങ്ങൾ നടപ്പാക്കുന്നുണ്ട്. സർക്കാർ എഴുത്തുകൾ തമിഴിലാക്കുക, തമിഴ് ചെയർ സ്ഥാപിക്കുക, തമിഴ്‌സാഹിത്യത്തെ ദേശസാത്കരിക്കുക, ഇതരസംസ്ഥാനങ്ങളിൽ തമിഴ്ഭാഷയുടെ ഉന്നമനത്തിനായി സാമ്പത്തികസഹായം നൽകുക. ഭാഷാസ്ഥാപനങ്ങൾ രൂപവത്‌കരിക്കുക, തമിഴ്‌നാടിന്റെ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കുക, തമിഴ്‌സാഹിത്യചിന്തയുടെ സർവവിജ്ഞാനകോശം നിർമിക്കുക, നഗരങ്ങൾക്ക് തമിഴ് നാമകരണം നൽകുക, തമിഴ് ലോകസമ്മേളനം, ഇന്റർനാഷണൽ സ്റ്റഡീസിനുള്ള സാമ്പത്തികസഹായം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തമിഴ്‌ ട്രാൻസ്‌ലേഷൻ വിങ്,വിവർത്തനങ്ങൾക്കായിമാത്രം നിലകൊള്ളുന്നു. തമിഴ് വെർച്വൽ യൂണിവേഴ്‌സിറ്റിയാണ് ഭാഷാവികസനത്തിനായി നിലകൊള്ളുന്ന മറ്റൊരു സ്ഥാപനം. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിനിണങ്ങുന്ന തരത്തിൽ നടപ്പാക്കിയാൽ ഏറെ ചോർച്ചയില്ലാത്തൊരു ഭാഷാനയം രൂപവത്‌കരിക്കാനാകും.

മദ്രാസ്‌ സർവകലാശാല മലയാളവിഭാഗം മേധാവിയാണ്‌ ലേഖകൻ