രേഖകൾക്കിടെ

നമ്മുടെ രണ്ടു വലിയ കാർട്ടൂണിസ്റ്റുകളുടെ ജന്മശതാബ്ദി ഈ വർഷമാണ്. നൂറുവർഷംമുമ്പ് സെപ്‌റ്റംബറിൽ പി.കെ.എസ്. കുട്ടി ഒറ്റപ്പാലത്തും  ഒക്ടോബറിൽ ആർ.കെ. ലക്ഷ്മൺ മൈസൂരുവിലും ജനിച്ചു.
57 കൊല്ലം പലയിടത്തു വരച്ച കുട്ടിയെക്കാൾ ആറുദശാബ്ദം ഒറ്റപത്രത്തിൽ വരച്ച ലക്ഷ്മണെ ഓർക്കാൻ ആളുണ്ടാവും. പോരാഞ്ഞ് ഇന്ത്യ മുഴുവൻ കണ്ടാലറിയുന്ന സാധാരണക്കാരൻ (Common Man)  എന്ന കാർട്ടൂൺ കഥാപാത്രം ഒന്നുമതി ലക്ഷ്മണിനു ചിരസ്മാരകമായി. ഇത്തരം സ്ഥിരനിക്ഷേപങ്ങളൊന്നും കുട്ടി നടത്തിയിട്ടില്ല. അന്നന്നത്തെ വാർത്തയോട്  പ്രതികരിച്ചു രാഷ്ട്രീയ കാർട്ടൂണുകൾമാത്രം വരച്ചു.

ഒരല്പം കൂടിപ്പോയ ഈ അച്ചടക്കത്തിനു പിന്നിൽ പരിശീലനമുണ്ട്, ചെറുതല്ലാത്ത പാരമ്പര്യവും. മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് സഞ്ജയനാണ്. അദ്ദേഹം പത്രാധിപരായി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വിശ്വരൂപ’ത്തിലാണ് വരച്ചുതുടങ്ങിയത്. ഡൽഹിയിൽ എത്തിയത് ശങ്കറിന്റെ പ്രഥമശിഷ്യനാവാനാണ്. പണി പഠിപ്പിക്കുക മാത്രമല്ല, പരിശീലനകാലത്ത് മാന്യമായ സ്റ്റൈപ്പെൻഡും തുടർന്നു നല്ല ശമ്പളമുള്ള ജോലിയും ഉറപ്പുവരുത്തിയതും ശങ്കർതന്നെ. കാർട്ടൂണിങ്ങിനപ്പുറം ഒരു തൊഴിലിനെപ്പറ്റി കുട്ടി ചിന്തിച്ചില്ല.

അമ്പതുവർഷം ഡൽഹിയിൽ താമസിച്ചാൽ സ്വാഭാവികമായി ഉണ്ടാകാവുന്ന ആധികാരികത ഈ കാർട്ടൂണിസ്റ്റിൽ കണ്ടിട്ടില്ല. വൻ ബന്ധങ്ങളുടെയും മുൻവിധികളുടെയുമൊക്കെ ഭാരം ഒട്ടും ഇല്ലാതിരുന്നതുകൊണ്ട് ഒരുപാടുകാലം മധ്യവയസ്സിനപ്പുറം പ്രായംതോന്നിയില്ല. രാവിലെ കാർട്ടൂൺ കൊടുക്കാൻ റഫി മാർഗിലെ ഐ.എൻ. എസ്. കെട്ടിടത്തിലേക്ക് കാറോടിച്ചുവരും. പല പത്രങ്ങളുടെ പ്രതിനിധികൾ ജോലിചെയ്യുന്ന ഇവിടെ അതിശൈത്യത്തിൽപ്പോലും പകൽ എട്ടരയോടെ എത്തും. പത്തുമണിയോടെ വിടവാങ്ങുമ്പോൾ പറയും: ‘‘സഞ്ചരിക്കുന്ന മുഖപ്രസംഗങ്ങളെത്തുന്നതിനുമുമ്പ് സ്ഥലം വിടട്ടെടോ.’’

കുട്ടി കാർട്ടൂണിനെ ദ്രുതരചനയായി കണ്ടു.  സുഗമമായി വരയ്ക്കുന്നതിനെക്കുറിച്ച് ഒരു സൂചന ഒരിക്കൽ കിട്ടി. ‘മുഖങ്ങൾ സാധകം ചെയ്തെടുക്കുക...’ കാരിക്കേച്ചർ എന്ന യൂറോപ്യൻ കലയോട് സാധകം എന്ന ഇവിടത്തെ കലാപരിശീലനത്തെ ചേർത്തുപറഞ്ഞത് ഒരു വൻ കണ്ടുപിടിത്തം അവതരിപ്പിക്കുന്ന പോലല്ല. ഒറ്റപ്പാലത്തെ ചെറുപ്പകാലത്തും തുടർന്നും നന്നായി കഥകളി ആസ്വദിച്ചിരുന്ന ആളുടെ സാദാ അനുഭവം എന്ന മട്ടിലാണ്. വലിയൊരു പാഠം ആയത്‌ കേട്ട ആൾക്കാണ്.

നെഹ്രുവിനപ്പുറം വ്യാപിച്ച ഇന്ത്യൻ രാഷ്ട്രീയം കുട്ടി പെട്ടെന്ന് പിടിച്ചെടുത്തു. കോൺഗ്രസിനകത്തും  പുറത്തുമുള്ള സംസ്ഥാനനേതാക്കളുടെ നീണ്ടനിര നേരത്തേ വരച്ചിട്ടു. ഒരുപാടു മുഖങ്ങൾ ഒരു മുന്നറിയിപ്പുമില്ലാതെ കയറിയിറങ്ങുന്ന രാഷ്ട്രീയമാണ് നമ്മുടേത്, സായ്പിന്റെ അടുക്കും ചിട്ടയുമുള്ള ദ്വികക്ഷി, ത്രികക്ഷി ജനാധിപത്യം അല്ലയിത്. ഈ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ കാർട്ടൂണിസ്റ്റിനു സാധകംതന്നെ വേണം.

ആവർത്തിച്ച് വരച്ചുറപ്പിച്ചതുകൊണ്ടാണ് ഒരുപറ്റം നേതൃരൂപങ്ങൾ ആ വിരൽത്തുമ്പിൽ നിന്നത്. വേണ്ടനേരത്ത് അനായാസേന ഓർത്തെടുക്കുമ്പോൾ കൃത്യമായ പകർപ്പല്ല നടക്കുക. ഏതു കടലാസിലും ഏതു പേനകൊണ്ടുവരച്ചാലും കുട്ടിയുടെ രൂപങ്ങൾ മനോധർമത്തോടെ, പുതുമയോടെ അമ്പരപ്പിക്കുന്ന ലാളിത്യത്തോടെ തെളിഞ്ഞുവരുന്നതു കണ്ടിട്ടുണ്ട്.  ഇതുപോലെ എടുത്തുപറയേണ്ട അടിവരയിടാത്ത നേട്ടങ്ങൾ പലതുണ്ട്.

ഡൽഹിയിലെക്കാൾ പ്രശസ്തി കൊൽക്കത്തയിലായിരുന്നു. ബംഗാളി പോയിട്ട് ഹിന്ദിപോലും ശരിക്കറിയാത്ത ഈ മലയാളി 1975 മുതൽ ബംഗാളിന്റെ സ്വന്തം കാർട്ടൂണിസ്റ്റാണ്. ‘ആനന്ദ ബസാർ പത്രിക’യിലും തുടർന്നു ‘ആജ്കൽ’ പത്രത്തിലും വരയ്ക്കുമ്പോൾ നിത്യേന നടന്നതു ബഹുഭാഷകൾ താണ്ടിയ അദ്‌ഭുതക്കുതിപ്പാണ്. കാർട്ടൂണിസ്റ്റ് ഒന്നാംഭാഷയായ മലയാളത്തിൽ ചിന്തിച്ചു കർമഭാഷയായ ഇംഗ്ലീഷിൽ എഴുതിയ അടിക്കുറിപ്പ് കൊൽക്കത്തയിലെ പത്രമോഫീസിലെ  മർമജ്ഞർ വെടിപ്പായി ബംഗാളിയിൽ മാറ്റിയെഴുതി.

വിവർത്തനത്തിന്‌ എളുപ്പം വഴങ്ങാത്ത നർമം വരയോടൊപ്പം നിൽക്കുമ്പോൾ മറിച്ചാവുന്ന ചരിത്രം ‘അസ്റ്റെറിക്സ്’ (Asterix) കോമിക്സ് സൃഷ്ടിച്ചിട്ടുണ്ട്. കോമിക്കുകൾ തൊട്ടു കാഫ്കവരെ ഇംഗ്ലീഷിലേക്കാക്കിയ അന്തിയാ ബെൽ എന്ന ബ്രിട്ടീഷുകാരി എൺപത്തിരണ്ടാം വയസ്സിൽ 2018-ൽ മരിച്ചു. ഇവരെപ്പോലുള്ള വിവർത്തകർ ഉണ്ടെങ്കിൽ നമ്മുടെ ഒരുപാടു കുട്ടിമാരുടെ കാർട്ടൂണുകൾ ഇന്റർനെറ്റിൽ പല ഭാഷകളിലേക്ക് സഞ്ചരിക്കും.