"ഒന്നുകിൽ അടയ്ക്കേണ്ടിവരും ഇല്ലെങ്കിൽ നന്നാകും രണ്ടുവഴിയേ മുന്നിലുള്ളൂ"

കിഫ്ബി ഫണ്ടിൽനിന്ന്‌ വാങ്ങുന്ന ബസുകൾ ഓടിക്കാൻ തുടങ്ങുന്ന പുതിയ കമ്പനിയായ സ്വിഫ്റ്റിന് പിന്നിലെന്ത്

ഒളിക്കാൻ ഒന്നുമില്ല. എല്ലാ സുതാര്യം. വ്യവസ്ഥകൾ എല്ലാം വ്യക്തമാക്കി എല്ലാവരുമായും ചർച്ച ചെയ്‌തേ മുന്നോട്ടു നീങ്ങുകയുള്ളൂ. കിഫ്ബിയിൽ നിന്നും സഹായധനം വാങ്ങുന്നതിന് ചില നിബന്ധനകളുണ്ട്. സ്വിഫ്റ്റ് രൂപവത്‌കരിച്ചാൽ മാത്രമേ സർക്കാരിൽനിന്നും തുടർന്നും സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.

സ്വിഫ്റ്റിൽ വരുന്ന മാറ്റം?

ദീർഘദൂരബസുകൾ ഓടിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സ്വിഫ്റ്റ്. നിർമിതബുദ്ധിയിൽ നിയന്ത്രിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് ബസുകൾ വിന്യസിക്കുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസുകൾ ക്രമീകരിക്കും. നിലവിൽ ഓരോ ഡിപ്പോമേധാവികളും അവരുടെ ഇഷ്ടം അനുസരിച്ചാണ് ബസുകൾ ഓടിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ബസുകൾ പരസ്പരം മത്സരിച്ച് ഓടുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും. അഞ്ച്‌ താത്കാലിക ജീവനക്കാർ മാത്രമാകും സ്വിഫ്റ്റിന്റെ നടത്തിപ്പിനുണ്ടാകുക.

അഞ്ചുശതമാനം ജീവനക്കാരാണ് പ്രശ്നക്കാരാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നോ?

ജീവനക്കാരില്ലാത്തപ്പോൾ പകരം ഡ്യൂട്ടിക്ക് പോകേണ്ട സ്റ്റാൻഡ് ബൈ ജീവനക്കാരനെ സമയമാകുമ്പോൾ കാണാനില്ല. ഡ്യൂട്ടിയിലുള്ളയാൾ വയനാട്ടിൽ കൃഷിചെയ്യാൻ പോയിരിക്കുകയാണ്. ബസ് മുടങ്ങി. നഷ്ടം കെ.എസ്.ആർ.ടി.സി.ക്കാണ്. ഇത്തരക്കാരെ െവച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല. തിരുവനന്തപുരത്ത് ജീവനക്കാരില്ലാതെ ബസ് മുടങ്ങുമ്പോൾ ചേർത്തലയിൽ കുറച്ചുപേർ വെറുതേ ഇരിക്കുകയാണ്. ഒരു വിഭാഗം ആൾക്കാർക്ക് ഇതൊരു നേരംപോക്കാണ്. ആ ഒരു വിഭാഗത്തിനുവേണ്ടി എല്ലാവരും പ്രതിഷേധിക്കുമെന്ന് കരുതുന്നില്ല. നിങ്ങളാരും വിചാരിക്കുന്നതുപോലെയല്ല തൊഴിലാളികളും  സംഘടനകളും. അവർ നൽകിയ നല്ല നിർദേശങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. കാര്യക്ഷമതയില്ലാത്ത മേലുദ്യോഗസ്ഥരും കോർപ്പറേഷൻ ഇങ്ങനെ കിടന്നാൽ മാത്രമേ മറ്റു ജോലികളും ഇതോടൊപ്പം കൊണ്ടുപോകാൻ കഴിയൂ എന്ന് ധരിക്കുന്ന ചിലരുമാണ് സ്ഥാപനത്തെ തകർക്കുന്നത്. ഒരുവിഭാഗം മാത്രമാണ് അഴിമതിക്കാർ. 95 ശതമാനം ജീവനക്കാരും സ്ഥാപനത്തെക്കൊണ്ട് ജീവിക്കുന്നവരാണ്. മഞ്ഞൾ കൃഷിയും ലോട്ടറി വിൽപ്പനയും ഡ്യൂട്ടിക്കിടയിൽ ചെയ്യരുത്. അധികവരുമാനം നേടുന്നതിൽ തെറ്റില്ല. പക്ഷേ, അത് ജോലിക്കിടയിൽ ആകരുത്. പിരിച്ചുവിടേണ്ടത് മേൽത്തട്ടിലെ കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെയും ഇത്തരം ക്രമക്കേട് കാട്ടുന്നവരെയുമാണ്.

കിഫ്ബിക്ക് ഭൂമി കൈമാറുന്നതിലെ വിവാദം. കെ.എസ്.ആർ.ടി.സി.യുടെ സ്ഥലം നഷ്ടമാക്കുന്നുവെന്നാണ് ആരോപണം?

കിഫ്ബിയിൽനിന്ന്‌ വായ്പ കിട്ടാൻ വേണ്ടിയല്ല സ്ഥലം വിട്ടുകൊടുക്കുന്നത്. നിഷ്‌ക്രിയ ആസ്തികളിൽനിന്നും വരുമാനം കണ്ടെത്താനുള്ള ശ്രമമാണ്. വികാസ് ഭവനിൽ 2.89 ഏക്കർ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഒന്നോ രണ്ടോ ഷെഡ്യൂളുകൾ മാത്രമാണ് അവിടെനിന്ന്‌ ഓടുന്നത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി ആ സ്ഥലം വികസിപ്പിക്കണം. 8000 കോടി രൂപ കടത്തിൽ മുങ്ങിനിൽക്കുന്ന സ്ഥാപനത്തിന് അവിടെ മുതൽമുടക്കാൻ കഴിയില്ല. സ്വകാര്യ സ്ഥാപനങ്ങളെയൊന്നും സമീപിച്ചില്ല.  രണ്ടുലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് കിഫ്ബിയുടെ ആസ്ഥാന മന്ദിരത്തിനായി നിർമിക്കുന്നത്. ഇതിൽ ഒരു ലക്ഷം ചതുരശ്രയടി സ്ഥലം കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കും. അവിടെ സ്ത്രീകൾക്ക്
താമസിക്കാനുള്ള സൗകര്യമുണ്ടാകും.

സി.എൻ.ജി., എൽ.എൻ.ജി. തുടങ്ങിയ ഇന്ധനങ്ങളിലേക്ക് മാറുന്നതിൽ എതിർപ്പുണ്ടോ

ഡീസൽ മോഷ്ടിക്കുന്നവരാണ് ഇതിനെ എതിർക്കുന്നതെന്ന് സംശയമുണ്ട്. ബസുകളുടെ ഇന്ധനക്ഷമത നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉപഭോഗം ശാസ്ത്രീയമായി കണക്കാക്കാൻ കഴിയുന്നില്ല. മഹാവോയേജിൽനിന്നും വാടകയ്ക്ക് എടുത്ത ബസുകൾക്ക് ഇന്ധനക്ഷമത നിശ്ചയിക്കാതെയാണ് ഡീസൽ നൽകിയിരുന്നത്. ബെംഗളൂരിൽ ചെല്ലുന്ന ബസ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിരുന്നത് കെ.എസ്.ആർ.ടി.സി.യുടെ ഡീസലിലാണ്. സ്വകാര്യ കമ്പനിയുടെ ജീവനക്കാർ ബസിന്റെ എ.സി.ഓണാക്കി അതിൽ കിടന്നാണ് ഉറങ്ങിയിരുന്നത്. ഇതിന് കത്തിച്ചത് കെ.എസ്.ആർ.ടി.സി.യുടെ ഡീസലാണ്. സി.എൻ.ജി.യിലേക്ക് മാറിയാൽ ഇത്തരം ക്രമക്കേടുകൾ നടക്കില്ല. സി.എൻ.ജി.കന്നാസിൽ കൊണ്ടുപോകാൻ കഴിയില്ല.

സ്വകാര്യവത്കരണമാണോ ലക്ഷ്യം?

റെയിൽവേ ഉൾപ്പെടെ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നുണ്ട്. ലോകത്തെങ്ങും ഈ പ്രവണത വ്യാപകമാണ്. സർക്കാർ നയമാണ് നടപ്പാക്കുന്നത്. സ്വിഫ്റ്റിൽ ബസുകൾ മാത്രം വാടകയ്ക്ക് എടുക്കുന്ന ഡ്രൈ ലീസ് പദ്ധതി പരീക്ഷിക്കാവുന്നതാണ്. ജീവനക്കാർ കെ.എസ്.ആർ.ടി.സി.യുടേതായിരിക്കും. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളുണ്ട്. ഇവരിൽനിന്ന്‌ ബസുകൾ വാങ്ങാവുന്നതാണ്. ജീവനക്കാർ കുറയുമ്പോൾ ഡ്രൈലീസ് ഫലപ്രദമായി നടപ്പാക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി ഇതിൽനിന്ന്‌ പിന്തിരിഞ്ഞ് നിൽക്കാൻ കഴിയില്ല. ഇങ്ങനെപോയാൽ സ്വന്തമായി എറെക്കാലം പിടിച്ചുനിൽക്കാൻ കഴിയില്ല. ഒന്നുകിൽ അടയ്ക്കേണ്ടിവരും. ഇല്ലെങ്കിൽ നന്നാകും. രണ്ടുവഴിയേ മുന്നിലുള്ളൂ,

ടിക്കറ്റ് നിരക്ക് കുറച്ച പരീക്ഷണം വിജയമോ

തിരക്ക് കുറഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ചത് ഒരു പരീക്ഷണമായിരുന്നു. ഇനിയും കുറയ്ക്കും. പറ്റുമെങ്കിൽ സൗജന്യമാക്കും. ഡൽഹി മോഡലിൽ യാത്ര സൗജന്യമാക്കുകയാണ് ലക്ഷ്യം. എന്നാൽ, മാത്രമേ യാത്രക്കാരെ പൊതുവാഹനങ്ങളിലേക്ക് ആകർഷിക്കാനാകുകയുള്ളൂ. ടിക്കറ്റേതര വരുമാനം വർധിപ്പിച്ചാൽ ഭാവിയിൽ അതിലേക്ക് നീങ്ങാനാകും. ഡീസൽ ഉപയോഗം കുറയ്ക്കുന്നതോടെ മാസം 25 കോടി ലാഭിക്കാനാകും. 30 ലക്ഷത്തിൽനിന്നും യാത്രക്കാരുടെ എണ്ണം 50 ലക്ഷമായി ഉയർത്തും. ടിക്കറ്റിലും സീറ്റിനുപിന്നിലും പരസ്യം വരും. 25 കോടി രൂപ പ്രതിമാസം ടിക്കറ്റിതരവരുമാനത്തിൽനിന്ന്‌ ലഭിക്കും. ലോജിസ്റ്റിക്ക് സർവീസ് സർക്കാരിന്റെ ഔദ്യോഗിക പാഴ്‌സൽ സർവീസായി മാറും. 25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പരിഷ്കരണ നടപടികൾ കൃത്യമായി നടപ്പാക്കിയാൽ കടക്കെണിയിൽ നിന്ന്‌ കരകയറാനാകും.