കേരള ചരിത്രത്തിലാദ്യമായി ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഈ വർഷം നാലുപ്രാവശ്യം തുറക്കേണ്ടിവന്നത്‌ കെ.എസ്‌.ഇ.ബി.യുടെ വാട്ടർ മാനേജ്മെൻറിന്‌ സംഭവിച്ച പാളിച്ചയല്ല; മറിച്ച്‌ മാനേജ്മെൻറിന്റെ സമയോചിതമായ ഇടപെടലാണ്‌. കാലവർഷത്തിന്റെ ഈ വർഷത്തെ സ്വഭാവമനുസരിച്ച്‌ നദീതീരത്ത്‌ താമസിക്കുന്നവർക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തതരത്തിൽ ഏറ്റവും കുറച്ച്‌ വെള്ളം തുറന്നുവിടാനുള്ള ഫലപ്രദമായ നടപടിയുടെ ഭാഗമായാണ്‌.

ജലവർഷത്തിന്റെ ആരംഭത്തിൽ (ജൂൺ ഒന്നാം തീയതി) എല്ലാ സംഭരണികളിലുംകൂടി 500 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളംമാത്രമേ ആവശ്യമുള്ളൂ എന്ന വാദഗതി തെറ്റാണ്‌.2000-2010 കാലഘട്ടങ്ങളിൽ ഈ കരുതൽശേഖരം ഏകദേശം 350 ദശലക്ഷം യൂണിറ്റായിരുന്നു. അതിനുശേഷം 550 ദശലക്ഷം യൂണിറ്റ്‌ കരുതൽശേഖരം എന്ന തീരുമാനം എടുത്തിരിക്കുന്നത്‌ ആറേഴുവർഷംമുമ്പാണ്‌. ജൂണിൽ മഴ വൈകിയാലുണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങൾ/പ്രതിസന്ധി തരണംചെയ്യാനായിട്ടാണ്‌ ഇത്‌ കരുതിവെക്കുന്നത്‌. താഴെപ്പറയുന്ന കാര്യങ്ങൾ ഈയവസരത്തിൽ ചിന്തിക്കേണ്ടതാണ്‌.

ജൂണിൽ മഴലഭ്യമാകുന്നത്‌ വൈകുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കരുതലും കൂട്ടേണ്ടതുണ്ട്‌. ഇപ്പോഴത്തെ ശരാശരി ഉപഭോഗം ഉയർന്നതിനാൽ കരുതൽശേഖരം കൂട്ടേണ്ടതായിട്ടുണ്ട്‌.  കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ജൂണിൽ കാലവർഷം യഥാസമയം തുടങ്ങുന്നുണ്ടെങ്കിലും ജൂണിലെ മഴയുടെ അളവ്‌ ഗണ്യമായി കുറയുകയും ജൂലായ്‌മുതൽ കനത്ത മഴലഭിക്കുന്നതുമായാണ്‌ കണ്ടുവരുന്നത്‌. ഈ സാഹചര്യത്തിൽ ജൂൺ ഒന്നാം തീയതിയിലെ കരുതൽശേഖരം കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്‌. 

വാർഷിക വൈദ്യുതിവാങ്ങൽനിരക്ക്‌ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുവേ വൈദ്യുതി കമ്മിയുള്ള മാർച്ചുമുതൽ മേയ്‌വരെയുള്ള കാലഘട്ടങ്ങളിൽ വൈദ്യുതി പുറമേനിന്ന്‌ വാങ്ങി, അതേ അളവ്‌ വൈദ്യുതി ജൂലായ്‌മുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ തിരികെക്കൊടുക്കുന്ന ‘സ്വാപ്‌’ സംവിധാനം ബോർഡ്‌ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി അനുവർത്തിച്ചുവരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട്‌ അത്രയും വൈദ്യുതിക്ക്‌ ഫിക്സഡ്‌ ചാർജ്‌ കൊടുക്കേണ്ടതായിവരുന്നില്ല.

കാലവർഷത്തിൽ മഴ കുറയുന്ന സാഹചര്യമുണ്ടായാലും ഇപ്രകാരം ലഭ്യമാക്കിയ വൈദ്യുതി തിരികെക്കൊടുക്കാനുള്ള ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്‌. ഇത്‌ ജൂൺ ഒന്നാം തീയതിയിലെ കരുതൽ കൂട്ടേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ നയിക്കുന്നു.ആവശ്യത്തിനുള്ള വൈദ്യുതി പുറമേനിന്ന്‌ എത്തിക്കാനുള്ള പ്രസരണലൈനുകൾ നിലവിലുണ്ടെങ്കിലും മേൽപ്പറഞ്ഞപ്രകാരം ഒപ്‌റ്റിമൈസേഷൻ നടത്തിയില്ലെങ്കിൽ വൈദ്യുതിയുടെ വില അനിയന്ത്രിതമായി ഉയരും. വൈദ്യുതിയുടെ വില നിയന്ത്രിക്കുന്നതിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ജൂൺമുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിലെ വൈദ്യുതി ആവശ്യകത ഒരു പ്രധാന കാരണമാണ്‌.

എല്ലാ വർഷവും ജൂൺ ഒന്നാം തീയതി കരുതിവെക്കുന്ന വെള്ളത്തിന്റെ അളവ്‌ അടുത്തകാലവർഷക്കാലത്ത്‌ സ്‌പില്ലിലേക്ക്‌ പോകാതിരിക്കാനുള്ള സേഫ്‌ റിസർവോയർ ലെവലിന്‌ അനുസൃതമായി ക്രമീകരിക്കുന്നു. വർഷത്തിൽ എല്ലാ ദിവസവും വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുള്ള ജലവൈദ്യുതി ഉറപ്പാക്കിക്കൊണ്ടുള്ള കണക്കനുസരിച്ചാണ്‌ ജലവൈദ്യുത ഉത്‌പാദനം ക്രമീകരിക്കുന്നത്‌.

2021 മേയ്‌മാസത്തിൽ 136 ദശലക്ഷം യൂണിറ്റ്‌ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്‌ 653 ദശലക്ഷം യൂണിറ്റ്‌ നീരൊഴുക്കുണ്ടായി. 2021 മേയ്‌മാസമുണ്ടായ അഭൂതപൂർവമായ മഴകാരണം ഉപഭോഗത്തിൽ ഏകദേശം 517 ദശലക്ഷം യൂണിറ്റിന്റെ അധികനീരൊഴുക്കുണ്ടായിട്ടും ഉപഭോഗത്തിൽ 500 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായിട്ടും (ആകെ മാറ്റം 1017 ദശലക്ഷം യൂണിറ്റ്‌) മാർക്കറ്റ്‌ ഓപ്പറേഷന്റെ സന്ദർഭോചിതമായ ഇടപെടൽ കാരണം 391 ദശലക്ഷം യൂണിറ്റിന്റെ വർധനമാത്രമാണ്‌ 2020 ജൂൺ ഒന്നാം തീയതിയിലെ സ്റ്റോറേജിൽ ഉണ്ടായിട്ടുള്ളത്‌. 

മഴകാരണം ലഭിച്ച അധികജലം ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടികൾ ബോർഡ്‌ സ്വീകരിച്ചിരുന്നു. ഇതനുസരിച്ച്‌ ഇടുക്കി, ശബരിഗിരി ജലവൈദ്യുതനിലയങ്ങളിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ പുനഃക്രമീകരിക്കുകയും അധിക ഉത്‌പാദനശേഷിവഴി വരുമാനം നേടാനായി ഉപയോഗിക്കുകയും ചെയ്തു.

‘മെറിറ്റ്‌ ഓർഡർ’ പ്രകാരമാണ്‌ വൈദ്യുതിയുടെ വാങ്ങലും വിൽപ്പനയും കെ.എസ്‌.ഇ.ബി.യുടെ മാർക്കറ്റ്‌ ഓപ്പറേഷൻ നടത്തിവരുന്നത്‌. ഇതനുസരിച്ച്‌ വിലകുറഞ്ഞ വൈദ്യുതി ലഭ്യമാകുന്ന സമയങ്ങളിൽ വൈദ്യുതിവാങ്ങി കരാർപ്രകാരം ലഭ്യമാകുന്ന വിലകൂടിയ വൈദ്യുതി വേണ്ടെന്നുവെക്കുകയും (സറണ്ടർ ചെയ്യുകയും) അതിൽ കൂടുതൽ നിരക്ക്‌ പവർ എക്സ​്‌ചേഞ്ചിൽ നിലനിൽക്കുന്നപക്ഷം വിൽക്കുകയും ചെയ്യുന്നു. മാത്രമല്ല പവർ പർച്ചേസ്‌ കോസ്റ്റ്‌ കമ്മിഷൻ കണക്ക്‌ കൂട്ടിയതിനുശേഷമാണ്‌ താരിഫ്‌ തീരുമാനിക്കുന്നത്‌.

വിപണിയിൽ വിലകുറയുന്ന സമയങ്ങളിൽ ഓപ്പൺ ആക്‌സസ്‌ കൺസ്യൂമേഴ്‌സ്‌ വാങ്ങുന്ന വൈദ്യുതിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ബോർഡിനെ  ബാധിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, 2021 ജൂൺ മുതൽ 2021 ഡിസംബർവരെ ഓപ്പൺ ആക്സസ്‌ കൺസ്യൂമേഴ്‌സ്‌ വാങ്ങിയ വൈദ്യുതിയുടെ കണക്കുകൾ പരിശോധിച്ചാൽ ഒക്ടോബറിൽ 11.831 ദശലക്ഷം യൂണിറ്റും ജൂലായിൽ 40.754 ദശലക്ഷം യൂണിറ്റും ആണ്‌. റൂൾ കർവ്‌ അനുസരിച്ചാണ്‌ ഡാമുകളുടെ തുറക്കൽ നിയന്ത്രിക്കുന്നത്‌.

കെ.എസ്‌.ഇ.ബി., കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റി, കേരള സർക്കാർ എന്നിവർ അടങ്ങുന്ന വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ്‌ ഡാമുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്‌. പ്രളയസാധ്യത മുന്നിൽക്കണ്ടുകൊണ്ട്‌ വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ്‌ ഡാമുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യിട്ടുള്ളത്‌. സെപ്റ്റംബർ പകുതിക്കുശേഷംവന്ന അഭൂതപൂർവമായ മഴയും മുല്ലപ്പെരിയാറിൽനിന്നും അപ്രതീക്ഷിതമായിവന്ന അധികനീരൊഴുക്കും ഡാം തുറക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌. പലപ്രാവശ്യം തുറന്നടച്ചതുമൂലം ഒരുമിച്ച്‌ തുറന്ന്‌ കൂടുതൽ ജലം പാഴാക്കിക്കളയുന്നതിനുള്ള സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്‌.

(കെ.എസ്‌.ഇ.ബി.യിലെ ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ ഡയറക്ടറാണ്‌ ലേഖകൻ)