കേരള ചരിത്രത്തിൽ ആദ്യമായി ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഈ വർഷം നാലുപ്രാവശ്യം തുറക്കേണ്ടിവന്നത് കെ.എസ്.ഇ.ബി.യുടെ വാട്ടർ മാനേജ്‌മെന്റിന് സംഭവിച്ച  പാളിച്ചയാണ്.  രണ്ടാമത്തെ വലിയ ജലസംഭരണിയായ കക്കി അണക്കെട്ടും ഇതേ കാരണത്താൽ ഈ വർഷം തുറക്കേണ്ടതായി വന്നു. ജലവർഷത്തിന്റെ (ജൂൺ ഒന്നുമുതൽ മേയ് 31 വരെ) അവസാനദിവസമായ മേയ് 31-ന് എല്ലാ ജലസംഭരണികളിലുംകൂടി 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളംമാത്രമേ സംഭരിക്കേണ്ട ആവശ്യമുള്ളൂ. എന്നിരുന്നാലും ഈ ജലവർഷത്തിന്റെ ആദ്യം എല്ലാ ഡാമുകളിലുമായി 1483.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ശേഖരിച്ചിരുന്നു; ശേഖരിക്കേണ്ടതിൽനിന്ന്‌ 983 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം അധികമായി സംഭരിക്കുകയും ചെയ്തു. ഏതെങ്കിലും കാരണവശാൽ കാലവർഷം വൈകിയാൽ വൈദ്യുതിപ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് ഡാമുകളിൽ ജലവർഷത്തിന്റെ അവസാനം 500 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം സംഭരിക്കുന്നത്.

തുറക്കേണ്ട സാഹചര്യമുണ്ടായിരുന്നോ
നമുക്കാവശ്യമുള്ള മുഴുവൻ വൈദ്യുതിയും കേരളത്തിൽ എത്തിക്കാൻവേണ്ടിയുള്ള ഇന്റർ‌സ്റ്റേറ്റ് ട്രാൻസ്മിഷൻ ലൈനുകൾ ഇപ്പോൾ നിലവിലുണ്ട്. അക്കാരണത്താൽത്തന്നെ കാലവർഷം നീളുന്നതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ പുറത്തുനിന്ന് വൈദ്യുതി എത്തിക്കാവുന്നതാണ്;  ഇപ്പോൾ ഇന്ത്യ ഒരു വൈദ്യുതിമിച്ച രാജ്യമായതിനാൽ പ്രത്യേകിച്ചും.  ഇങ്ങനെയൊക്കെയായിട്ടും  ഇടുക്കി ജലസംഭരണിയിൽമാത്രം ജലവർഷത്തിന്റെ അവസാനദിവസമായ മേയ് 31-ന് കെ.എസ്.ഇ.ബി. സംഭരിച്ചിരുന്നത് 813 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമായിരുന്നു. ഇത് ഇടുക്കിയുടെ സംഭരണശേഷിയുടെ 37 ശതമാനംവരും. അതായത്, 2339.44 അടി വെള്ളം. ഇതേദിവസം കക്കി ജലസംഭരണിയിൽ 399 ദശലക്ഷം യൂണിറ്റിനുള്ള ജലം സംഭരിച്ചിരുന്നു. അത് കക്കി ഡാമിന്റെ 47 ശതമാനത്തിനടുത്തുവരും. ജലവർഷം അവസാനം കെ.എസ്.ഇ.ബി.യുടെ ഈ രണ്ട് ഡാമുകളിൽമാത്രമായി 1212 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം സംഭരിച്ചിരുന്നു. ഇതുതന്നെ കേരളത്തിലെ എല്ലാ ജലസംഭരണികളിലുംകൂടി സംഭരിക്കേണ്ടിയിരുന്ന 500 ദശലക്ഷം യൂണിറ്റിനെക്കാൾ 712 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള അധികവെള്ളമുണ്ടായിരുന്നു. 

കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷം നവംബറിലും ഡിസംബറിലുമായി ഇടുക്കി ഡാമും കക്കി ഡാമും ഒരിക്കലും തുറക്കേണ്ട സാഹചര്യമില്ല എന്നാണ്. അവിടെനിന്ന് തുറന്നുവിട്ട വെള്ളം ഈ അധിക സംഭരണത്തിനെക്കാൾ വളരെക്കുറവുമാത്രമേ പുറത്തേക്ക്‌ ഒഴുക്കിവിടേണ്ടതായി വന്നിട്ടുള്ളൂ. അതുമൂലമുള്ള വൈദ്യുതി ഉത്പാദനനഷ്ടം ബോർഡിന് തീർച്ചയായും ഒഴിവാക്കാവുന്നതായിരുന്നു.   

ലാഭത്തിലേക്കു കുതിക്കാം
അധികമായി കരുതിയിരുന്ന വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വിറ്റാൽപ്പോലും ബോർഡിന് കോടിക്കണക്കിനുരൂപ വരുമാനമുണ്ടാക്കാമായിരുന്നു. പ്രത്യേകിച്ചും ഏപ്രിൽ-മേയ് മാസങ്ങളിൽ വൈദ്യുതിയുപയോഗം കൂടുന്ന സമയത്ത്. ഈ വർഷം ഒക്ടോബറിൽ 1062 ദശലക്ഷം യൂണിറ്റും നവംബറിൽ 1144 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിച്ച ബോർഡ് ആവശ്യത്തിലേറെ വെള്ളം കരുതലുണ്ടായിട്ടും 2021 ഏപ്രിലിൽ 655-ഉം മേയിൽ 653-ഉം ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ജലവൈദ്യുതിനിലയങ്ങളിൽ ഉത്പാദിപ്പിച്ചിട്ടുള്ളൂ. ജലവർഷം അവസാനിക്കാൻ ഈ വർഷമിനി അഞ്ചുമാസംമാത്രം ബാക്കിയിരിക്കെ ഇടുക്കിയും കക്കിയും ഇപ്പോഴേ നിറഞ്ഞുകിടക്കുന്നത് അടുത്ത മഴക്കാലത്തേക്ക് കേരളത്തെ വീണ്ടും പ്രളയഭീതിയിലാക്കുന്നു. ഡിസംബർ 18-ന്‌ കേരളത്തിലെ ജലസംഭരണികളിൽ എല്ലാംകൂടി 3809 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭ്യമാണ്. ഇത് ആകെ സംഭരണശേഷിയുടെ 92 ശതമാനംവരും. ഇന്നേ ദിവസത്തെ ഈ ജലസംഭരണം കേരളചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിലവാരമാണ്. 

 കെ.എസ്.ഇ.ബി.യുടെ ചരിത്രത്തിൽ ആദ്യമായി പതിനായിരത്തിനുമുകളിൽ ദശലക്ഷം യൂണിറ്റ് വൈദ്യുതി ജലവൈദ്യുതനിലയങ്ങളിൽനിന്നുമാത്രമായി ഉത്പാദിപ്പിക്കാവുന്ന  അവസരം വന്നുചേർന്നിരിക്കയാണ്. ഈ വർഷം ബോർഡുതന്നെ പ്രതീക്ഷിച്ചിരുന്ന ജലവൈദ്യുതി ഉത്പാദനം 6800 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. ഏകദേശം 3450 ദശലക്ഷം യൂണിറ്റിനുള്ള വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതുവഴി 1700 കോടിയോളം രൂപ അധികവരുമാനം കൈവരിക്കാൻ കെ.എസ്.ഇ.ബി.ക്ക് സാധിക്കും.  ഈ സുവർണാവസരം അവസരോചിതമായി വിനിയോഗിച്ചാൽ നിരക്കുവർധനയെന്ന അധികഭാരത്തിൽനിന്ന് പ്രത്യേകിച്ചും ഈ കോവിഡ് സാഹചര്യത്തിൽ ഉപഭോക്താക്കളെ ഒഴിവാക്കാം.

ഈ സാമ്പത്തികവർഷം പ്രതീക്ഷിച്ച രീതിയിൽ വൈദ്യുതിയുപഭോഗം ഉയരാതിരുന്നതിനാൽ നമുക്കർഹതപ്പെട്ട കേന്ദ്രവിഹിതത്തിൽനിന്ന് ഡിസംബർ 18 വരെ 1753 ദശലക്ഷം യൂണിറ്റ് വൈദ്യുതി നമുക്ക് വേണ്ടെന്നുവെക്കേണ്ടിവന്നു. അതും 1.80 മുതൽ 3.08 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതിയായിരുന്നു. ഇതേ കാലയളവിൽ പൊതുവിപണിയിൽ 1688 ദശലക്ഷം യൂണിറ്റ് വൈദ്യുതി നാം വിൽക്കുകയുമുണ്ടായി.  പ്രതീക്ഷിച്ച രീതിയിൽ വൈദ്യുത ഉപഭോഗമില്ലാതിരുന്നതിനാലാണ് അത് സംഭവിച്ചത്. യഥാർഥത്തിൽ ഇങ്ങനെയാരു സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം ഉയരാനുള്ള നടപടികളാണ് കെ.എസ്.ഇ.ബി. നടപ്പാക്കേണ്ടത്. ഒരു പരിധിയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുമ്പോൾ വൈദ്യുതിനിരക്കിൽ ഇളവുനൽകി അതിനെ പ്രോത്സാഹിപ്പിക്കണം. ഉപഭോക്താക്കളുടെ ശരാശരി ഉപയോഗം കണക്കാക്കി അതിനുമുകളിൽ വൈദ്യുതി ഉപയോഗിച്ചാൽ ആ വൈദ്യുതിനിരക്കിൽ ഇളവനുവദിക്കുന്ന രീതി ബോർഡിന് ആലോചിക്കാവുന്നതാണ്. വൈദ്യുതി മിച്ചാവസ്ഥയിൽ തീർച്ചയായും വൈദ്യുതിയുപഭോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് അഭിലഷണീയം. 

(കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ 
പ്രസിഡന്റാണ് ലേഖകൻ)