സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചോ, അത് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചോ തുറന്നു സമ്മതിക്കുന്നതിന് ഇടതുപക്ഷത്തിനോ, അത് നേതൃത്വംനൽകുന്ന സർക്കാരിനോ ഒരു മടിയുമില്ല. എന്നുമാത്രമല്ല, ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുവേണ്ട തുറന്ന ചർച്ചകളോടും സർക്കാരിന് അനുഭാവപൂർണമായ സമീപനമാണുള്ളത്. അങ്ങനെയുള്ള ചർച്ചകളിലൂടെ മാത്രമേ കൂടുതൽ ക്രിയാത്മകമായ ആശയങ്ങൾ ഉയർന്നുവരുകയുള്ളൂ.

പ്രതിസന്ധി കേരളത്തിനു മാത്രമല്ല കേന്ദ്രത്തിനും

ലേഖനങ്ങളിൽ ചിലത് സാമ്പത്തികപ്രതിസന്ധി കേരളത്തിന്റേതു മാത്രമാണ് എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാലത് കേരളത്തിനുമാത്രം ഉണ്ടായ ഒരു പ്രതിസന്ധിയല്ല. മറിച്ച്, കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഈയിടെ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ. അതായത്, ദൈനംദിന ചെലവുകൾക്കടക്കം പണം കണ്ടെത്തുന്നതിന് പൊതുമേഖലാസമ്പത്ത് വിറ്റഴിക്കുകയോ, പാട്ടത്തിനു നൽകുകയോ ചെയ്യുന്ന   അവസ്ഥ. ഇവയെ ആർക്കാണ് വിൽക്കുന്നത്! കഴിഞ്ഞ ഏഴുവർഷംകൊണ്ട് 8.75 ലക്ഷം കോടിയുടെ വായ്പബാധ്യത എഴുതിത്തള്ളി കേന്ദ്രസർക്കാർ രക്ഷിച്ച കോർപ്പറേറ്റുകൾക്ക്. കേന്ദ്രം ഇത്ര ഭീമമായ കടക്കെണിയിലേക്ക് വീഴുന്നതിനുകാരണം കേന്ദ്ര സർക്കാരിനു ലഭിച്ചുകൊണ്ടിരുന്ന നികുതിവരുമാനത്തിൽ ഉണ്ടായ വലിയ കുറവാണ്. ഏതാണ്ട് ഒരുലക്ഷം കോടിയോളം  രൂപയുടെ കോർപ്പറേറ്റ് ടാക്സ് ആണ് കഴിഞ്ഞവർഷംമാത്രം കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. നികുതിവരുമാനത്തിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെമേൽ ഭാരം അടിച്ചേൽപ്പിച്ചുകൊണ്ടാണ്.

കേന്ദ്രം പിഴിയുന്നതെങ്ങനെ

കേന്ദ്രത്തിന്റെ സാമ്പത്തികവരുമാനം ഇടിഞ്ഞതിന്റെ മറ്റൊരു തെളിവാണ് പെട്രോളിയം ഉത്‌പന്നങ്ങൾക്കേർപ്പെടുത്തിയ ഭീമമായ സെസും  സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയും. പെട്രോളിന് ലിറ്ററിന് 31.5 രൂപയും ഡീസലിന് ലിറ്ററിന് 30 രൂപയും സെസും  സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുമായി കേന്ദ്രം ഈടാക്കുന്നുണ്ട്. വില ഭീമമായി വർധിച്ചതിന് ഇതാണു കാരണം. ഈ പ്രതിസന്ധിയുടെ ആഴം കുറച്ചുകാണിക്കാനാണ് ജി.എസ്.ടി. പരിധിയിൽ പെട്രോളിയം ഉത്‌പന്നങ്ങളെ  ഉൾപ്പെടുത്തണമെന്ന വാദം. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയുമെന്ന വാദമാണ് ചിലർ ഉയർത്തുന്നത്. ഇതു തെറ്റാണെന്ന് പാചകവാതകത്തിന്റെ വില പരിശോധിച്ചാൽത്തന്നെ മനസ്സിലാകും. ജി.എസ്.ടി. പരിധിയിൽ ഉൾപ്പെട്ട അഞ്ചുശതമാനം നികുതിമാത്രമുള്ള പാചകവാതകത്തിന്റെ വില വർധിച്ച് ആയിരം രൂപയുടെ അടുത്തെത്തി. എക്സൈസ് ഡ്യൂട്ടി ചുമത്തിയാൽ അതിന്റെ വരുമാനത്തിന്റെ ഒരംശം സംസ്ഥാന സർക്കാരുകൾക്ക് നൽകണം എന്നുള്ളതുകൊണ്ടാണ് പ്രത്യേക സെസ് ചുമത്തുന്നത്. 

ജി.എസ്.ടി.യും നഷ്ടങ്ങളുടെ കഥയും

ജി.എസ്.ടി. നടപ്പാക്കുമ്പോൾ അന്ന് അംഗീകരിച്ച തത്ത്വം റവന്യൂ ന്യൂട്രൽ റേറ്റ് നടപ്പാക്കും എന്നതായിരുന്നു. അതായത്, സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. നടപ്പാക്കുന്നതിനു മുമ്പ്‌ കിട്ടിക്കൊണ്ടിരുന്ന അതേ നികുതി ലഭിക്കണം. ഇപ്പോൾ ശരാശരി നികുതി  11.3 ശതമാനമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കി കുറച്ച നികുതി വൻകിട കമ്പനികൾക്ക് ലാഭം വർധിപ്പിച്ചു. പക്ഷേ, ഉപഭോക്താക്കൾക്ക് വില കുറഞ്ഞിട്ടില്ല എന്നതാണ് അനുഭവം. ഇന്ത്യയിൽ ഒരുമാസം ഏകദേശം ഒരു ലക്ഷംകോടി രൂപ ജി.എസ്.ടി. ഇനത്തിൽ  ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതായത്, വർഷം 12 ലക്ഷം കോടി രൂപ. ഇതിൽ ആറുലക്ഷം കോടിരൂപ കേന്ദ്ര സർക്കാരിനും ആറുലക്ഷം കോടി രൂപ സംസ്ഥാനസർക്കാരുകൾക്കുമായി വീതംവെക്കപ്പെടും. നികുതിനിരക്ക് 11.3 ശതമാനത്തിനുപകരം 16 ശതമാനം ആയിരുന്നെങ്കിൽ  12 ലക്ഷം കോടിയുടെ സ്ഥാനത്ത് 18 ലക്ഷം കോടി രൂപ രാജ്യത്തിന് നികുതിയായി ലഭിക്കുമായിരുന്നു. അധികമായി ലഭിക്കുന്ന ആറുലക്ഷം കോടിയിൽ മൂന്നുലക്ഷംകോടി രൂപ സംസ്ഥാന സർക്കാരുകളുടെ വിഹിതമായി മാറും. ഈ നികുതിയുടെ നാലുശതമാനം നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുമായിരുന്നു. അതായത് 12,000 കോടി രൂപയുടെ നഷ്ടമാണ് നികുതിനിരക്ക് കുറച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്. കൂടാതെ, കേന്ദ്രത്തിന്റെ വിഹിതമായ മൂന്നുലക്ഷം കോടിയുടെ 41 ശതമാനം സംസ്ഥാന സർക്കാരിന് അർഹതപ്പെട്ടതാണ്. അതായത് 1,20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതാണ്. അതിൽ 1.92 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഏതാണ്ട്  2500 കോടി രൂപയോളം ഇപ്രകാരവും സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. അതായത് 14,500 കോടി രൂപയോളമാണ് സംസ്ഥാനത്തിന് സംഭവിക്കുന്ന നഷ്ടം. 

കേന്ദ്രത്തിനും ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. 1,80,000 കോടി രൂപയാണ് കേന്ദ്രത്തിന്റെ നഷ്ടം. വരുമാനനികുതി വെട്ടിക്കുറച്ചതിലൂടെയും നികുതിയിതര വരുമാനം കുറഞ്ഞതിലൂടെയും നാലുലക്ഷത്തോളം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസർക്കാരിന് ഉണ്ടായിട്ടുള്ളത്. കൂടാതെ, കോവിഡിന്റെ സവിശേഷ സാഹചര്യംകൂടി വന്നതോടെയാണ് കേന്ദ്രസർക്കാരിന് പൊതു ആസ്തികൾ കൂട്ടമായി വിൽക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവന്നത്. കോവിഡ് കാലത്ത് കേരളത്തിൽ മാത്രം ഉണ്ടായ വാർഷിക നികുതിനഷ്ടം 15,000 കോടിയിലധികമാണ്. ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്; അത് കേന്ദ്രം കേരളത്തിന്  നൽകുന്ന നികുതിവിഹിതത്തിൽ വന്നിരിക്കുന്ന വലിയ കുറവാണ്. 1970-കളിലും ’80-കളിലും 3.92 ശതമാനം ആയിരുന്നു കേരളത്തിന്റെ വീതമെങ്കിൽ ഇപ്പോഴത് 1.93 ശതമാനം മാത്രമാണ്. ഇത് നീതീകരിക്കാവുന്നതല്ല. ഈ നിരക്ക് തീരുമാനിക്കുന്നതിന്റെ മാനദണ്ഡം, മുമ്പ്‌ 1971-ലെ ജനസംഖ്യ ആയിരുന്നെങ്കിൽ ഇപ്പോഴത് 2011-ലെ ജനസംഖ്യയാണ്. 

ദുർഘടമാവുന്ന വഴികൾ

അതായത്, പ്രതിവർഷം കേരളത്തിന് കിട്ടേണ്ടിയിരുന്ന മുപ്പതിനായിരത്തിലധികം കോടി രൂപയാണ് നികുതിഘടന കാരണവും കേന്ദ്ര വിഹിതത്തിലെ കുറവുമൂലവും നഷ്ടമായിരിക്കുന്നത്. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. കർണാടകത്തിൽ ഉൾപ്പെടെ ഇതേ രീതിയിൽ നികുതിവിഹിതം കേന്ദ്രം വെട്ടിച്ചുരുക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രിതന്നെ പറയുകയുണ്ടായി. ജി.എസ്.ടി. നഷ്ടപരിഹാരമായി 13,000 കോടി രൂപയും ഡെഫിസിറ്റ് ഗ്രാന്റായി ആയി 19,500 കോടി രൂപയും കിട്ടിയതുകൊണ്ടാണ് കഴിഞ്ഞവർഷം നമുക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞത്. എന്നാൽ, ഇനിയങ്ങോട്ട് വഴികൾ കൂടുതൽ ദുർഘടമാവുകയാണ്. 2022 ജൂലായോടുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം ഇല്ലാതാകും. അതായത്, കഴിഞ്ഞവർഷം 13,000 കോടി കിട്ടിയ സ്ഥാനത്ത് ഇനിയങ്ങോട്ട് ഒന്നും കിട്ടാതാകും. ഒറ്റത്തവണ ഗ്രാന്റ്‌ ആയി കഴിഞ്ഞതവണ കിട്ടിയ 19,500 കോടിയും ഇനി പ്രതീക്ഷിക്കാനാവില്ല.വരുമാനത്തിൽ 32,000-ത്തിലധികം കോടി രൂപയുടെ കുറവുണ്ടാകുമ്പോൾ വലിയ പ്രതിസന്ധി രൂപപ്പെടും. സംസ്ഥാനത്തിന്റെ ആകെ ­ജി.എസ്.ഡി.പി.യുടെ മൂന്നുശതമാനം മാത്രമേ കടമെടുക്കാൻ കഴിയൂ എന്നിരിക്കേ ധനകാര്യസ്ഥിതി കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ സംഗതിയാകും. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ജി.എസ്.ഡി.പി.യിൽ പ്രതീക്ഷിച്ച വരുമാനം വരാതെയാകുമ്പോൾ, അതിന്റെ  ഫലമായും കടമെടുക്കാനുള്ള തുകയുടെ വലുപ്പം കുറയും, കടം എടുക്കാനുള്ള പരിധി മറികടക്കുന്നു, സംസ്ഥാനത്തിന് അർഹമായി കിട്ടേണ്ടത് കിട്ടാതിരിക്കുന്ന സ്ഥിതി ഉണ്ടാകുന്നു, കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം ഇല്ലാതാകുന്നു. ഇതെല്ലാംകൂടി ഒരുമിച്ചുവരുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്തിന്റെ നിത്യനിദാന  ചെലവിന് പണമില്ലാതാകും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കാത്തിരിക്കുന്നത് ഏറക്കുറെ ഇതേ സ്ഥിതിതന്നെയാണ്. പഞ്ചായത്തുകളോട് ഉൾപ്പെടെ ആസ്തികൾ വിറ്റഴിക്കാനാണ് നീതി ആയോഗ് ആവശ്യപ്പെടുന്നത്. ഈ പ്രതിസന്ധിയെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടത്താൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണം.