ദേശീയകവി വള്ളത്തോളിന്റെ സ്വപ്നമായിരുന്നു കേരള കലാമണ്ഡലം. സമുജ്ജ്വലമായ ദേശീയ പ്രസ്ഥാനത്തിന്റെ ആശയാഭിലാഷങ്ങളെന്തെന്ന് ദൃഢബോധ്യമുള്ള ഏതൊരാളുടെയും അക്കാലസ്വപ്നം എന്നുകൂടെ അതിന് അർഥമുണ്ട്.
ജന്മി-നാടുവാഴിത്തകാലഘട്ടത്തിന്റെ സംഭാവനയാണ് കഥകളിയെങ്കിലും അതിനെ ചിട്ടചെയ്തെടുത്ത പ്രതിഭാശാലികളായ കലാകാരന്മാർ പട്ടിണിക്കാരോ അർധപട്ടിണിക്കാരോ ആയിരുന്നു. ബ്രിട്ടീഷ് ഭരണവും അനന്തര നടപടികളും ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്കു നാടിനെ നയിച്ചപ്പോൾ താളപ്പിഴ സംഭവിച്ച ഭൂപ്രഭുവർഗം സ്വരക്ഷയ്ക്കായി പൊരുതുന്നതിനിടെ കൈയൊഴിഞ്ഞവയിൽ കഥകളിയും കൂടിയാട്ടവും മോഹിനിയാട്ടവും എന്നല്ല കേരളത്തിന്റെ ക്ലാസിക്കൽ കലകളെന്ന് അഭിമാനിക്കുന്നവ എല്ലാമുണ്ടായിരുന്നു. രക്ഷകർത്താക്കളെ നഷ്ടപ്പെട്ട അരക്ഷിതരായ കലാകാരന്മാരെ കൂട്ടിയിണക്കി ആ കലകൾക്കായി വള്ളത്തോൾ ഒരുക്കിയ ആധുനികക്ഷേത്രംതന്നെ കേരള കലാമണ്ഡലം.
ചുവടുമാറ്റം
സർക്കാർ പ്രതിനിധികൾ കലാമണ്ഡലം ഭരണം കൈയാളാൻ തുടങ്ങിയതോടെ, പലതരത്തിലുള്ള ഒത്തുതീർപ്പുകളായി. കലാമേന്മയുടെ നിലവാരത്തകർച്ചയ്ക്ക് ഇതൊരു നിമിത്തമായി. മാറിമാറി വരുന്ന ഭരണാധിപരുടെ കലോചിതമല്ലാത്ത പരിഷ്കാരങ്ങളും കലയോടെന്നതിനെക്കാൾ അധികാരികളോടുള്ള വിധേയത്വവും പരിക്കുകളേറെ ഉണ്ടാക്കി. പരിഷ്കൃത കാലഘട്ടത്തിൽ ക്ലാസിക്കൽ കലകൾ പഠിക്കാൻ വിദ്യാർഥികളെ കിട്ടായ്ക വന്നതോടെ, വലിയൊരു ചുവടുമാറ്റത്തിലേക്കു സ്ഥാപനത്തിനു നീങ്ങേണ്ടിവന്നു. കലാപഠനത്തിനൊപ്പം സ്കൂൾ പഠനവും സമാരംഭിച്ചു. സാമാന്യ വിദ്യാഭ്യാസം ഒരാകർഷണമാകുമല്ലോ. കളരികളും ക്ലാസും എന്ന സംവിധാനത്തോടെ, കുട്ടികൾക്ക് ലോകകാര്യങ്ങളെക്കുറിച്ചറിയാൻ അവസരമായി. തൊണ്ണൂറുകളിൽ വന്ന ഈ മാറ്റത്തോടെ കലാമണ്ഡലത്തിൽ ഹൈസ്കൂളും പിന്നെ ഹയർസെക്കൻഡറിയും തുടങ്ങി. സർവകലാശാലാഘടനയിലേക്കുള്ള മാറ്റത്തിന്റെ കേളികൊട്ടും ഇതുതന്നെ.
കളരികളുടെ പ്രാധാന്യത്തിൽനിന്ന് ഹൈസ്കൂൾ ക്ലാസുകൾ മുഖ്യമായതോടെ കലാപഠനത്തിനു സമയനഷ്ടം വന്നു. കഥകളിക്കും കൂടിയാട്ടത്തിനും വന്നിരുന്ന കുട്ടികൾ ‘എട്ടാംക്ലാസിൽ,’ ചേരാൻ തുടങ്ങി! ഗുരുവും ശിഷ്യനുമെന്ന പാരസ്പര്യത്തിൽ മുമ്പ് ഇല്ലാതിരുന്ന സമയനിബന്ധന കടന്നുവന്നു. കളരികളിലെ ക്ലേശകരമായ അധ്വാനത്തിനു ശേഷമുള്ള സ്കൂൾ ക്ലാസുകൾ കുട്ടികൾക്കു പീഡനമായി. ഉറക്കം തൂങ്ങാൻ ക്ലാസുമുറിയെന്ന ചിട്ട വന്നു!
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു സൗജന്യ പഠനമെന്നു വന്നതോടെ പ്രവേശനത്തിനു വൻ ശുപാർശയായി. ചില സമയങ്ങളിൽ വൻതുക കൈക്കൂലി വാങ്ങി കുട്ടികൾക്കു പ്രവേശനം നടത്തിയ ആക്ഷേപംതന്നെ കേൾക്കാനിട വന്നു. കാരണം എട്ടാംക്ലാസിൽ പ്രവേശനം ലഭിച്ചാൽ പിന്നെ എട്ടു വർഷത്തേക്കു കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്കു ബേജാറു വേണ്ടെന്ന സ്ഥിതി ആകർഷകമാണ്‌ല്ലോ. എട്ടാം ക്ലാസിൽ എട്ടു സീറ്റുമാത്രമുള്ളിടത്താണ് ഒരുവർഷം ഇരുനൂറോളം അപേക്ഷകൾ വരുന്നത്. അതതു കാലത്ത് ഭരണത്തിന്റെ സമ്മർദത്തിൽപ്പെട്ട് അത് 12 വരെ ആയിരിക്കുന്നു. ഒരേസമയം ഒരു ടീച്ചർക്ക് കളരിയിൽ നാലു കുട്ടികളെ പഠിപ്പിക്കാനേ പറ്റൂ. കുട്ടികളുടെ എണ്ണം കൂടിയതോടെ കളരികളുടെ എണ്ണം കൂടിക്കൂടി പണിയാൻ ഇനി സ്ഥലമില്ലെന്ന അവസ്ഥയായി. നാലു കുട്ടികൾക്കുപകരം ഇരുപതു കുട്ടികളെ കളരിയിൽ നിർത്തി പഠിപ്പിക്കുന്നത് നിലവാരം കുറച്ചു. നാലുവർഷവും ആറു വർഷവും കൊണ്ട് ഡിപ്ലോമ എടുത്തു വലിയ കലാകാരന്മാർ വളർന്നുവന്നിടത്ത് ഓരോ വിഷയവും പത്തുവർഷം വലിച്ചുനീട്ടി പഠിക്കേണ്ടിവരുന്നു.
പ്രതിസന്ധികളുടെ ഭാരം
കളരിച്ചിട്ടയുടെ ഭാഗമായുള്ള ഗുരുവിന്റെ കണിശതയും കാർക്കശ്യവും പുതിയകാലത്ത് പ്രയാസമായി. പീഡനക്കേസുകളും പോക്സോ പോലുള്ളവയും ഭീഷണിയായതോടെ ഗുരുശിഷ്യബന്ധം ഗാഢമല്ലാതായി. പഴയകാലത്തെപ്പോലെ കലാമണ്ഡലത്തിലെ കുട്ടികൾക്കുള്ള മെയ്‌വഴക്കം പുതിയവർക്കു ലഭിക്കുന്നുണ്ടോയെന്നു സംശയമാണ്. കാമ്പസിൽ മുൻകാലങ്ങളിൽ നടന്നിരുന്ന സായാഹ്നക്ലാസും അവതരണങ്ങളുമെല്ലാം കേട്ടുകേൾവി മാത്രം. സിനിമ, വീഡിയോ, മൊബൈൽ തുടങ്ങിയ പുത്തൻ മാധ്യമങ്ങളുടെ സ്വാധീനംകൂടെ വന്നതോടെ ഒരു കലാകാരനുവേണ്ടതായ ഏകാഗ്രതയും മനോവിചാരഗുണവും പ്രതിസന്ധിയിലായിട്ടുണ്ട്. ഇതിനൊപ്പം അവതരണങ്ങളുടെ സമയക്കുറവും ഗൗരവമില്ലാത്ത ആസ്വാദനവും കലാഗുണത്തെ പിറകോട്ടു വലിക്കുന്നു. ക്ലാസിക്കൽ കലകൾ അഭ്യസിക്കുന്നതിന് പിന്നെയും സ്ഥാപനങ്ങൾ ആരംഭിച്ചത് കലാമണ്ഡലത്തിന്റെ മേൽക്കൈ നഷ്ടമാവുന്നതിനു കാരണമായിട്ടുണ്ട്.
റെസിഡൻഷ്യൽ സ്ഥാപനമാണ് കലാമണ്ഡലം. മുഴുവൻ കുട്ടികളും കാമ്പസിൽ താമസിച്ചു പഠിക്കുന്നു. തൊണ്ണൂറുകളിൽ നൂറോളം കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അറുനൂറിലധികമാണ്. അതും എട്ടു മുതൽ എം.എ. ക്ലാസ് വരെ ഇടകലർന്ന് ഒരേ ഇടത്തിൽ താമസിക്കുന്നതിന്റെ സങ്കീർണതകളുണ്ട്. അഞ്ചു ഹോസ്റ്റലുകളിലായി തിങ്ങിനിറഞ്ഞു കുട്ടികൾ. പലപ്പോഴും അനഭിലഷണീയമായ പ്രവണതകൾ കുട്ടികൾക്കിടയിൽ വളർന്നുവരുന്നത് ആശങ്കാജനകമാണ്
സർവകലാശാലാതലത്തിലുള്ള കുട്ടികൾക്ക് പുതിയ കാമ്പസ് എന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ഉത്സാഹപൂർണമായ പ്രവർത്തനം മുന്നോട്ടുപോയിട്ടില്ല. ആവശ്യമായ അധ്യാപക-അനധ്യാപകജീവനക്കാരെ പുതുതായി അനുവദിച്ചു നൽകുന്നതിലും മാറിവന്ന സർക്കാരുകൾ മടിച്ചുനിന്നു. എം.എ. ബേബി സാംസ്കാരിക മന്ത്രി ആയിരിക്കേ രണ്ടു ഡസനോളം അധ്യാപകതസ്തികകൾ അനുവദിച്ചതുമാത്രമാണ് എടുത്തുപറയാനുള്ളത്.
ഇത്തിരിവട്ടം കാണ്മവർ
കലാമണ്ഡലം ഒരു കലാസ്ഥാപനമാണ്. അതിന്റെ ഭാഗമായുള്ള കലാപഠനവും കലാ ഗവേഷണാദികൾക്കുമാണവിടെ പ്രാമുഖ്യം. അതും പൂർണമായും മലയാളികൾ നൽകുന്ന നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന സ്ഥാപനം. സാംസ്കാരിക കലാപ്രവർത്തനങ്ങൾ ധൂർത്താണെന്നു വിചാരിക്കുന്നവരും ഏതെങ്കിലും തരത്തിലുള്ള കലാപരിചയമോ അക്കാദമിക് പരിചയമോ ഇല്ലാത്തവരും സ്ഥാപനത്തിന്റെ ഭരണതലങ്ങളിലേക്ക് കടന്നുവരാൻ അവസരമൊരുക്കിയ സർവകലാശാലാഘടന വലിയൊരു ശാപമായി തീർന്നിരിക്കയാണ്. കലാമണ്ഡലത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നുപോലും പലർക്കുമറിയില്ല.
ക്ലാസിക്കൽ കലാരംഗത്തെ അതുല്യരായ കലാകാരന്മാരെ രൂപപ്പെടുത്താനാവില്ലെങ്കിൽ എന്തിന് സർവകലാശാലാ പദവി എന്നത് ഒരു ചോദ്യമാണ്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം തുടങ്ങിയ വിഭാഗങ്ങളിൽ നിലനിന്നിരുന്ന ‘കലാമണ്ഡലം ശൈലി’യിൽ വെള്ളം ചേർക്കപ്പെടുന്നു. യഥാർഥ കലാസ്വാദകരും അഭ്യുദയകാംക്ഷികളും നിസ്സഹായരാണ് ഇതിനു മുന്നിൽ.
‘കല്പിത’ പദവി
കലാമണ്ഡലത്തിന്റെ കല്പിത സർവകലാശാലാ പദവി പൊതുസ്ഥിതി കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ബിരുദ ബിരുദാനന്തരമുള്ളവരായി മാറാനും ഗവേഷണബിരുദമെടുക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഇതുപയോഗിച്ച് സർവകലാശാലാ തലങ്ങളിലെ ഉദ്യോഗങ്ങൾ കുറച്ചുപേർക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഈ രംഗത്ത് ഉത്തമകലാകാരന്മാരെ വാർത്തെടുക്കുന്നതിനോ ക്ലാസിക്കൽ ചിട്ടകൾ നഷ്ടമാക്കാതെത്തന്നെ അവയുടെ ആധുനികീകരണത്തിനോ ഭവനാപരമായ ഒരു പരിശ്രമംപോലും നടന്നിട്ടില്ല
തൊണ്ണൂറുവർഷത്തെ പാരമ്പര്യവും അന്താരാഷ്ട്ര പ്രശസ്തിയുമുള്ള ഈ സ്ഥാപനം പത്തോ പതിനഞ്ചോ വർഷം പഴക്കമുള്ള ചില സ്ഥാപനങ്ങൾക്കൊപ്പം കല്പിതസർവകലാശാലാപദവി വഹിക്കുന്നതുകൊണ്ട് എന്താണ് അഭിമാനിക്കാനുള്ളത്. കലാമണ്ഡലം എത്ര എം.എ. ക്കാരെ, എത്ര പിഎച്ച്. ഡിക്കാരെ സൃഷ്ടിച്ചുവെന്നല്ല എത്ര പ്രഗല്‌ഭരായ കലാകാരന്മാരെ വാർത്തെടുത്തു എന്നതിനാണ് നാളെ ഉത്തരം പറയേണ്ടത്.
ഐക്യകേരള പിറവിയിൽ മലബാർ കേരളത്തിനു സമ്മാനിച്ച മൂന്നു സ്ഥാപനങ്ങളാണ് കേരള കലാമണ്ഡലവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും മാതൃഭൂമി മാധ്യമസ്ഥാപനവും. സ്വകാര്യസംരംഭങ്ങളാണ് അവസാനത്തെ രണ്ടു സ്ഥാപനങ്ങളും. ഇക്കാലയളവിൽ അവ നേടിയ വളർച്ചയും നവീകരണവുമായി തുലനം ചെയ്താൽ സർക്കാർ സംരംഭമായ കലാമണ്ഡലം വളരെ പിറകിലാണെന്നു കാണാം.
അങ്ങനെയുള്ള അവസരങ്ങളിൽ വള്ളത്തോൾ മനസ്സിൽ തെളിയണം. കഥകളി പരിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ പ്രശസ്തമായ ഒരു മറുപടിയുണ്ട്. ‘‘കണ്ണാടിയിൽ പറ്റിയ പൊടി തുടച്ചുകളയുന്നതുപോലെ ഒരു പ്രവൃത്തിയാണത്. വൃത്തിയാക്കുന്നതിനിടെ നിങ്ങളുടെ കൈയിലെ ചളി അതിൽ പുരളാതിരിക്കാൻ ശ്രദ്ധ വേണം’’. കലാമണ്ഡലത്തിന്റെ നവീകരണത്തിലും അടിസ്ഥാനം ഇതായിരിക്കണം. കലാമണ്ഡലത്തെ നമ്മളിലേക്കു ചുരുക്കുകയല്ല അതിന്റെ മഹിമയിലേക്കു വളരുകയാണു വേണ്ടത്. അത്തരമൊരു കാലമാണ് നവതിയുടെ പ്രതീക്ഷ.
വള്ളത്തോൾ വാണ കാലം
വള്ളത്തോളിന്റെയും സംഘത്തിന്റെ കൈകളിൽ സ്ഥാപനവും കലകളും ഭദ്രമായി വളർന്നുവന്നു. പ്രഭുഗൃഹങ്ങളിൽ കയറിയിറങ്ങിയുള്ള യാചനായാത്രകളും ഉദ്യോഗസ്ഥരെ കണ്ടുള്ള നിവേദനങ്ങളും ലോട്ടറി ഏർപ്പെടുത്തിയുള്ള ധനസമാഹരണവും, രാജാക്കന്മാരുടെ മുൻപിലെ അഭ്യർഥനകളും ആയി വള്ളത്തോൾ ജീവിതത്തിന്റെ മുപ്പതാണ്ടുകൾ ഇതിനായി മാറ്റിവെച്ചു. ഐക്യകേരളം രൂപപ്പെട്ട് ആദ്യത്തെ ജനകീയ സർക്കാരിനെ ഏൽപ്പിച്ചാണ് വള്ളത്തോൾ വിടപറഞ്ഞത്. എല്ലായ്‌പ്പോഴും മികവുള്ള കലാകാരന്മാരെ കണ്ടെത്തി കലാമണ്ഡലത്തിൽ നിയമിക്കാനും കലകളുടെ വളർച്ചയ്ക്ക് ആവശ്യമുള്ള നിർദേശങ്ങൾ നൽകാനും കെൽപ്പുണ്ടായിരുന്ന വള്ളത്തോൾ വാണകാലം ക്ലാസിക് കലകൾക്കു അധിഷ്ഠാനമുറപ്പിക്കാൻ ഉപകാരപ്പെട്ടു. ആ കാലത്തിന്റെ ഫലശ്രുതിയെന്നോണം ഉന്നതശീർഷരായ കലാകാരന്മാരെ കേരളത്തിനു ലഭിച്ചു. കലാമണ്ഡലം കൃഷ്ണൻ നായർ, കല്യാണിക്കുട്ടിയമ്മ, രാമൻകുട്ടി നായർ, ഗോപി, ശിവൻ നമ്പൂതിരി, രാമചാക്യാർ, സത്യഭാമ, ക്ഷേമാവതി, ലീലാമ്മ, അപ്പുക്കുട്ടി പൊതുവാൾ, കൃഷ്ണൻകുട്ടി പൊതുവാൾ, പരമേശ്വര മാരാർ, നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണക്കുറുപ്പ്, ഹൈദരാലി, ശങ്കരൻ എമ്പ്രാന്തിരി, ഗംഗാധരൻ ഇങ്ങനെ ഒട്ടേറെ പ്രതിഭാധനരെ സംഭാവന ചെയ്തു ഈ കലാക്ഷേത്രം.
(കലാമണ്ഡലം മുൻസെക്രട്ടറിയും പ്രഥമ രജിസ്ട്രാറും ആയിരുന്ന ലേഖകൻ ഇപ്പോൾ ഭരണസമിതി അംഗമാണ്)