keralam
പ്രതീകാത്മക ചിത്രം

അതിതീവ്രമായ ജീവിതാവസ്ഥയും അത്, മനുഷ്യനിർമിതമോ പ്രകൃതിദുരന്തമോ ഏതായാലും നേരിട്ടനുഭവിക്കാത്ത കേരളത്തിന്റെ നിസ്സംഗതയെ പിടിച്ചുലച്ചാണ് 2021 കടന്നുപോകുന്നത്. മഴമാപിനിയും മനുഷ്യത്വമാപിനിയും ജീവസ്പന്ദമാപിനിയും അതിതീവ്രബിന്ദുക്കളെ തൊട്ടുപോയ വർഷമാണ് കടന്നുപോകുന്നത്. കെട്ടകാലമെന്ന് പഴിക്കുമ്പോഴും പ്രതീക്ഷകളിൽ കാർമേഘമിരുളുമ്പോഴും പുതിയ ആകാശത്തേക്ക് കണ്ണും നട്ടിരുന്നവരാണ് ഒരുപക്ഷേ, എല്ലാ മലയാളികളും. ഒന്നു സൂക്ഷിച്ചുനോക്കിയാൽ ഓരോ സന്ദർഭങ്ങളിലെയും നമ്മുടെ പ്രതികരണങ്ങളിൽ, ഇടപെടലുകളിൽ എല്ലാം ചില സമാനതകൾ കാണാം.

മഹാമാരിക്കാലത്ത് സാന്നിധ്യംകൊണ്ടും കരുതൽ കൊണ്ടും ആതുരസേവനത്തിന്റെ പുതിയ കൈവഴികൾ തീർത്തവർ നിയന്ത്രണ ഇളവുവരുന്ന നാൾമുതൽ അലംഭാവത്തിന്റെ ആലസ്യത്തിലാകുന്നത് നാം ഇക്കൊല്ലം കണ്ടു. ലോകം ഇവിടേക്ക് നോക്കുന്നു എന്ന് ഊറ്റംകൊള്ളുമ്പോഴും ഉയർത്തിപ്പിടിച്ച കണക്കുകളിലെ കൂട്ടലുകൾ പാളിക്കൊണ്ടേയിരുന്നു. ആദ്യ കോവിഡ് രോഗിക്കുവേണ്ടി റൂട്ടുമാപ്പ് തയ്യാറാക്കി കാത്തിരുന്ന നമ്മളിൽ അരക്കോടി മനുഷ്യരിൽ കോവിഡ് കൂടുകെട്ടിയ വാർത്തയും അരലക്ഷത്തോളം മനുഷ്യർ വീണുപോയ വാർത്തയും ഒരു ചലനവും ഉണ്ടാക്കാതെ കടന്നുപോയി. ക്വാറൻറീൻ, ആർ.ടി.പി.സി.ആർ., ആൻറിജൻ, പി.പി.ഇ. കിറ്റ്, മാസ്ക്, സാമൂഹിക അകലം, സാനിെറ്റെസിങ് എന്നീ പ്രയോഗങ്ങൾ പൊതുസമൂഹത്തിന്റെ പുതിയ വിനിമയശീലങ്ങളായി. അപ്പോഴും നയിക്കേണ്ടവർ ഭരണ-പ്രതിപക്ഷ ഭേദമെന്യേ മഹാമാരിക്കാലത്തെ ജനായത്ത പോരിൽ നിരത്തുനിറച്ച് മനുഷ്യരെ ഇറക്കി പ്രചാരണവും പ്രസരണവും തുല്യവേഗത്തിലാക്കി. മികച്ച മഹാമാരിപ്രതിരോധത്തിന്റെ നിലവിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വലിയ വ്യാപനത്തിലേക്ക് കൊച്ചുകേരളം പതിച്ചത്‌ കൊല്ലമൊടുങ്ങുമ്പോൾ നമ്മളറിഞ്ഞു.

ഒരു തുള്ളി വാക്സിൻപോലും പാഴാക്കാതെ പബ്ലിക് നഴ്സുമാർ പരിചരണത്തിന്റെ മാതൃകകളായ അതേ സംസ്ഥാനത്ത് ഒരുവിഭാഗം അധ്യാപകർ വാക്സിനെടുക്കാതെ വാശിപിടിച്ചുനിന്നു. ഓൺലൈൻ പഠനരീതികൾ സാമ്പത്തിക പരിമിതിക്കുള്ളിലും കുടിലുകളിലടക്കം സാങ്കേതികവിപ്ലവം തീർക്കുമ്പോഴും ഓൺലൈൻ ഗെയിമുകൾ മരണക്കെണിയൊരുക്കി കരുതലിത്ര പോരാ എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. നെറ്റ്‌വർക്കിൽ വിശാലത വരുത്തുമ്പോഴും സാമൂഹിക ബന്ധങ്ങൾ ഇടിഞ്ഞും ഇടുങ്ങിയും ചെറുതായിക്കൊണ്ടിരുന്നു. വീടകങ്ങളിലെ പീഡനങ്ങളിൽ നീതി മരവിച്ച് അട്ടപ്പള്ളവും ലിംഗനീതിയിലേക്ക് ഒരു പ്രകാശവർഷം ദൂരമുണ്ടെന്ന് ഓർമപ്പെടുത്തി സ്ത്രീധനമരണംകൊണ്ട് വിസ്മയയും അടയാളപ്പെടുത്തിയ വർഷമാണിത്. അരുംകൊലയുടെ ക്രിമിനൽ ചരിത്രത്തിലേക്ക് ഉത്രമോഡൽ കൊലപാതകത്തെ സംഭാവനചെയ്തതും 2021 തന്നെ. പാമ്പിൻവിഷത്തെക്കാൾ മാരകമായ ദുരമൂത്ത മനുഷ്യർ ഇന്നാട്ടിലുണ്ടെന്ന് വെളിവായ കാലം. എത്ര കൊണ്ടിട്ടും എത്ര അനുഭവിച്ചിട്ടും വിവാഹക്കമ്പോളത്തിലെ ചരക്കു കൈമാറ്റമിനിയും രക്ഷിതാക്കൾ തുടരുമെന്ന് തീർപ്പാക്കിയതുപോലെ വീണ്ടും സമാനവാർത്തകൾ ഇടമുറിയാതെ എത്തിക്കൊണ്ടേയിരിക്കുന്നു.  

ഏതു കൊടുങ്കാറ്റിലും ഉലയാതെ വേരൂന്നുമ്പോഴും  ഇളംകാറ്റിൽ വേരടർത്തുന്ന ശീലം നമ്മൾ ഇക്കുറിയും ഉപേക്ഷിച്ചില്ല. തുടർച്ചയായ ഇരട്ടക്കൊലപാതകങ്ങൾ വടക്ക് പെരിയയിലും തെക്ക് വെഞ്ഞാറമൂട്ടിലുമടക്കം ഭരണ-പ്രതിപക്ഷ പാർട്ടികളെ വാൾത്തലപ്പിൽ പ്രതിഫലിപ്പിച്ചു. ഒരുരാത്രി ദൂരത്തിൽ ഒരേ നഗരം രണ്ടുനേതാക്കളുടെ കൊലപാതകങ്ങളിൽ നടുങ്ങിയുണർന്നു. മാവോവാദി ‘ഏറ്റുമുട്ടൽ’കൊല, കസ്റ്റഡി കൊലപാതകം, പോലീസ് ആക്ടിലെ ഭേദഗതി, മോൻസൺ ബന്ധം തുടങ്ങി രണ്ടാമൂഴത്തിലും ആഭ്യന്തരവകുപ്പ് തുടർച്ചയായി പ്രതിക്കൂട്ടിലായ കാലം ഒരു തുടർച്ചയായി. മഹാമാരിക്കാലത്തും പേമാരിക്കാലത്തും കാവലായ പോലീസുതന്നെ വേഷംമാറി സദാചാര പോലീസ്, ഉരുട്ടിക്കൊല പോലീസ്, കുഞ്ഞിനെ മാനഹാനി നടത്തിയ പിങ്ക് പോലീസ് എന്നിങ്ങനെ സമൂഹത്തിനുമുന്നിൽ തലതാഴ്ത്തിനിൽക്കുന്നതും കണ്ടു.   

മഹാപ്രളയങ്ങളിൽ മതംമറന്ന് മനസ്സിന്റെ കുടനിവർത്തി കരുണയുടെ ബ്രാൻഡ്‌ അംബാസഡർമാരായവർ മഴ മാറിയാൽ മതംപൊട്ടി വർഗീയതയുടെ പ്രളയമൊരുക്കുന്നതിനും 2021 സാക്ഷിയായി. പ്രളയകാലത്ത് തുറന്നുകൊടുത്ത മനസ്സിന്റെ ദേവാലയമേടകൾ പിന്നെപ്പിന്നെ ആടഞ്ഞടഞ്ഞ് ആട്ടിപ്പായിച്ചുതുടങ്ങി. ലൗ ജിഹാദ്മുതൽ ന്യൂനപക്ഷ സ്കോളർഷിപ്പുവരെ മതവർഗീയതയുടെ പ്രചാരണവിഷയമായി വിഷം വമിപ്പിച്ച് നവോത്ഥാനപ്രതീക്ഷകളെ കെടുത്താൻ ശ്രമിച്ചതും നമ്മൾ കേട്ടു. 

സത്യാനന്തര കാലത്തെ ഓർമിപ്പിച്ച് പൊതുമണ്ഡലം രാഷ്ട്രീയചർച്ചകളിൽ പക്ഷംപിടിച്ച കാലം ഇക്കുറിയും ആവർത്തിച്ചു. തിരഞ്ഞെടുപ്പിന് അങ്കംകുറിക്കുംമുമ്പേ കേളികൊട്ടുണർത്തിയ നയതന്ത്ര സ്വർണക്കടത്ത് കേസ്, അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ വാർത്താ പ്ലാന്റിങ്ങിന് അനുകൂലമായ മണ്ണൊരുക്കി. തിരഞ്ഞെടുപ്പനന്തരം നൂറ്റൊന്നു ദിവസം കടന്ന് കസ്റ്റംസും ഇ.ഡി.യും എൻ.ഐ.എ.യും പൂരിപ്പിക്കാനാകാത്ത പദപ്രശ്നമായി കടത്തുകേസ് വഴിയിലുപേക്ഷിക്കുന്നതും കണ്ടു. 

ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴിവിട്ട നീക്കങ്ങൾക്കൊടുവിൽ ജയിലിലായതും കേസിലെ സ്ത്രീയുടെ സാന്നിധ്യം വാർത്തകൾക്ക് മസാലക്കൂട്ട് ഒരുക്കിയതും ഒടുവിൽ ജനം ആ വാർത്തകളെ അവഗണിച്ചതും നമ്മൾ കണ്ടു. എല്ലാ സന്നാഹവുമൊരുക്കി എല്ലാ അന്വേഷണ ഏജൻസികളെയും സായുധസജ്ജരാക്കി പ്രതിപക്ഷ സഖ്യമൊരുക്കിയ യുദ്ധം പിണറായി വിജയനും ടീമും ക്ഷേമരാഷ്ട്രീയത്തിന്റെ ഒരു കിറ്റുമായി പോയി ജയിച്ചു ചരിത്രത്തിലേക്ക് കയറിയത് 2021-ന്റെ ഏറ്റവും വലിയ പൊളിറ്റിക്കൽ ത്രില്ലറായി. റാഷണൽ ചോയ്‌സ് തിയറി പ്രകാരം വോട്ട് രേഖപ്പെടുത്തുന്ന പൊളിറ്റിക്കൽ കൺസ്യൂമർ സ്വീകരിച്ച ഏറ്റവും റാഷണലായ തീരുമാനമായി മാറി അത്. തീവ്രനിലപാടുകൾക്ക് പകരം മധ്യവർഗതാലോലവും ക്ഷേമരാഷ്ട്രീയവും രാഷ്ട്രീയവിപണിയിലെ ലാഭകരമായ ബിസിനസാണെന്ന് ഉറപ്പാക്കിയ വർഷമാണ് 2021. ഭരണപക്ഷത്തുനിന്നു പ്രതിപക്ഷം രാഷ്ട്രീയശീലങ്ങൾ പഠിക്കാൻ തുടങ്ങിയ കാലംകൂടിയാണിത്. ചുരുക്കത്തിൽ ആധുനികതയിലും യാഥാസ്ഥിതികത്വത്തിലും ഊയലാടുന്ന, തരംപോലെ ഇടതും വലതുമായി ചാഞ്ചാടുന്ന, സ്വകാര്യത്തിലും പൊതുകാര്യത്തിലും വൈരുധ്യനിലപാടുകളുള്ള  മധ്യവർഗമനസ്സ് തീവ്രമായ അനുഭവങ്ങളിൽപ്പോലും അതു പ്രളയമാകട്ടെ, മഹാമാരിയാകട്ടെ അതേ വൈരുധ്യങ്ങളാൽ സ്വയം നിർവചിച്ച വർഷമാണ് ഇവിടെ അസ്തമിക്കുന്നത്.

(​മാധ്യമപ്രവർത്തകനും അധ്യാപകനും സാമൂഹിക നിരീക്ഷകനുമാണ്‌ ലേഖകൻ)