kavalamകാലം കാവാലത്തിനുവേണ്ടി പൂക്കൈതയാറിന്നോരത്ത് ഒരുനിമിഷം നിശ്ചലമായി.കാവാലം നാരായണപ്പണിക്കരുടെ ഭൗതികശരീരം വിശ്രമംകൊള്ളുന്ന കാവാലം ശ്രീഹരിയിൽ സോപാനം കലാകാരന്മാരും കുരുന്നുകൂട്ടം കളരിയിലെ കുട്ടികളും രക്ഷാകർത്താക്കളും അടങ്ങുന്ന സദസ്സ് വികാരനിർഭരമായ ഒരു ചടങ്ങിനാണ് കഴിഞ്ഞ നവംബർ ഏഴിന് സാക്ഷിയായത്. കാവാലം രചിച്ച നാടൻശീലുകളുടെ താളസമന്വയത്തിൽ അദ്ദേഹം ഭൂമിയിൽ വിലയംപ്രാപിച്ച ആറടിമണ്ണിലെ തരികൾ മൂന്ന്‌ മൺകുടങ്ങളിലേക്ക് ഞങ്ങൾ പകർന്നെടുത്തു. കാവാലത്തിന് പ്രിയമേറിയ പമ്പയിൽ നിലാവ് വീഴുന്നതിനുമുൻപുള്ള സായംസന്ധ്യയിൽ കുഞ്ഞോളങ്ങളിലൂടെ അവയ്ക്ക് യാത്രാമൊഴിചൊല്ലി. 

കാവാലമില്ലാതെ, ഒരു നീണ്ട ഇടവേളയ്ക്കുശേഷം വാരാണസിയിലും കാളിദാസന്റെ കേളീഗൃഹമായ ഉജ്ജയിനിയിലും സംസ്കൃത-മലയാള നാടകങ്ങൾ അരങ്ങേറാനുള്ള ഒരു യാത്രയുടെ  നാന്ദിയായിരുന്നു അത്. കാവാലത്തിന്റെ സഹധർമിണി- എന്റെ ചേട്ടത്തിയമ്മ-  ശാരദാമണിയും സോപാന ത്തിന്റെ നേതൃസ്ഥാനം ചുമലിലേറ്റിയ കാവാലത്തിന്റെ കൊച്ചുമകളായ കല്യാണി കൃഷ്ണനും സോപാനം എക്സിക്യൂട്ടീവ് അംഗമായ ഗോപാലകൃഷ്ണനും ഞാനും ഉൾപ്പെടുന്ന ഇരുപത്താറംഗസംഘം യാത്രയ്ക്കൊരുങ്ങുമ്പോൾ സോപാനമക്കളെ യാത്രയാക്കാൻ കുരുന്നുകൂട്ടങ്ങൾ പാടിയ‘അക്കരെനിന്നിക്കരയ്ക്ക് പോരുന്നോ’ എന്ന സംഘഗാനം ഇക്കരെനിന്നക്കരയ്ക്കു പോകുന്നതിന് നിമിത്തമായപോലെ തോന്നി.

ആദ്യത്തെ അരങ്ങ് വാരാണസി എന്ന പുണ്യഭൂമിയിലായിരുന്നു. നവംബർ ഒമ്പതിന് വൈകീട്ട് ഏതാണ്ട് മുന്നൂറ്റമ്പതോളം വരുന്ന സംസ്കൃത ചിത്തരായ ഒരു സദസ്സിന് മുന്നിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ശാസ്ത്രീയ നാടകോത്സവത്തിന്റെ ഭരതവാക്യമായി ഞങ്ങൾ ‘ശാകുന്തളം’ അവതരിപ്പിച്ചു. സംസ്കൃതത്തിൽത്തന്നെ അവതരിപ്പിക്കുന്ന നാടകത്തിൽ അത് ഒന്നാമത്തേതായിരുന്നു. പ്രസിദ്ധ താന്ത്രിക്-സംസ്കൃതാചാര്യനായ കമലേഷ്ദത്ത് ത്രിപാഠിയും ജയ്‌പുരിൽനിന്നെത്തിയ ഭാരതരത്നം ഭാർഗവ്ജിയും കാണികളായി മുൻനിരയിലുണ്ടായിരുന്നു. 

നാടകത്തിനുമുമ്പേ, നാടക കുതുകികളായിട്ടുള്ള കുട്ടികൾക്കായി കാവാലം നാടക സംസ്കാരത്തെപ്പറ്റി ഇവർ ഇരുവരും അനൗപചാരിക ക്ളാസുകളെടുത്തു. നാടകാന്ത്യത്തിൽ, കാവാലത്തിന്റെ ഓർമ പുതുക്കിയ ത്രിപാഠിജി അദ്ദേഹത്തിന്റെ സഹധർമിണിയെ ഒരു ഗുരുപത്നി എന്നനിലയ്ക്കാണ് സദസ്സിന് പരിചയപ്പെടുത്തിയത്. ഗിരീശൻ, മോഹിനി, കോമളൻ, സജികുമാർ, ശിവകുമാർ, രഘുനാഥ്, മണികണ്ഠൻ, പഴവീട് അനിൽ, രാംദാസ്, മനേക് ഷാ എന്നിവരെ ഓരോരുത്തരായി അദ്ദേഹം അഭിനന്ദിച്ചു. 

കാവാലത്തിന്റെ അദൃശ്യസാന്നിധ്യം അനുഭവിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു കലാകാരന്മാരെല്ലാം കാഴ്ചവെച്ചത്. കാണികൾക്കും അതേ ചേതോവികാരം തന്നെയായിരുന്നു. കാവാലത്തിനുശേഷം കാവാലം നാടകങ്ങൾക്ക് മരണമില്ലെന്ന് തോന്നിപ്പിക്കുന്ന അവതരണമായിരുന്നു വാരാണസിയിലേത്. നവംബർ 10-ന് രാവിലെ ഗംഗയുടെ പുണ്യതീരമായ ദശാശ്വമേധഘാട്ടിൽ സോപാനമക്കളൊന്നിച്ചു. അന്നത്തെ ഒരു ആകസ്മികത, ആ ദിവസം കാവാലം മരിച്ച പൂരുരു ട്ടാതിനക്ഷത്രം തന്നെയായിരുന്നു എന്നുള്ളതാണ്‌. പഴവീട് അനിലിന്റെ നേതൃത്വത്തിൽ രാംദാസിന്റെ ഇടയ്ക്കയുടെ അകമ്പടിയോടെ കാവാലത്തിന്റെ രചനയായ ഗംഗാതത്ത്വം എല്ലാ കലാകാരന്മാരും ഏറ്റുപാടി.

ഏതാണ്ട് അഞ്ചുപതിറ്റാണ്ടിനുമേലെയായി ഒരു തപസ്യയെന്നോണം കാവാലം നെഞ്ചിലേറ്റിയ സോപാനസേവാപദ്ധതിയിൽ പെടുന്ന ഒരു തത്ത്വം-‘തത്ത്വം-ഗംഗാതത്ത്വം-ശിവഗംഗാതത്ത്വം...’ അവിടെ മുഴങ്ങി. പ്രകൃതിയും പുരുഷനും ലയിച്ചുചേരുന്ന താളനിബദ്ധമായ തത്ത്വത്തിൽ ദശാശ്വമേധഘാട്ട് മുഖരിതമായി. ഈ അകമ്പടിയോടെ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന മൺകുടത്തിലെ പമ്പാജലവുമായി കൂടിച്ചേർന്ന കാവാലത്തെ മൺതരികൾ അവിടെ ഗംഗയുമായി ചേർന്നലിഞ്ഞു.

കാവാലത്തിന്റെ സാമീപ്യംതന്നെയാണ്, എനിക്ക് കാവാല ത്താറ്റിൽ മുങ്ങുന്ന അതേ ഗൃഹാതുരതയോടെ അതിശൈത്യത്തിലും ഗംഗയിൽ മുങ്ങാൻ ത്രാണിതന്നത്. ചേട്ടനോടൊപ്പം എത്രയോവട്ടം വാരാണസിയിൽ വന്നുപോയിട്ടുള്ള കലാകാരന്മാരിലും ഇതേഭാവംതന്നെയാണ് നിഴലിച്ചിരുന്നത്.അടുത്ത ലക്ഷ്യം ക്ഷിപ്രയുടെ തീരത്തുള്ള ഉജ്ജയിനി നഗരമായിരുന്നു. കാളിദാസന്റെ കർമഭൂമിയായിരുന്ന നഗരം. കാളിദാസസമ്മാനം ഏറ്റുവാങ്ങിയ കാവാലത്തെയും നെഞ്ചിലേറ്റുന്ന നാട്. ആണ്ടോടാണ്ട് ഒരു ഉത്സവംപോലെ കൊണ്ടാടുന്ന കാളിദാസ സമാരോഹ് ആണ് വേദി.

പർവീൺ സുൽത്താന തുടങ്ങി അനേകംപേർ വന്ന് സംഗീതവും നൃത്തവും നാടകങ്ങളും അവതരിപ്പിക്കുന്ന മഹാമേള. മൂന്നുനാടകങ്ങളാണ് ഇവിടെ അരങ്ങേറിയത്. നവംബർ 12-ന് ശാകുന്തളം, 13-ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ബോധായനന്റെ പ്രഹസനമായ ഭഗവദജ്ജുകം, 15-ന് മഹാകവി ഭാസന്റെ കർണഭാരം... സോപാനം കലാകാരന്മാരുടെ ഭാഗമെന്നോണം, ഭോപ്പാലിൽനിന്ന്‌ പ്രസിദ്ധ ഹിന്ദികവി ഉദയൻ വാജ്‌പേയിയും സംസ്കൃതനാടക ഗവേഷണകുതുകിയായ സംഗീത ഗുച്ചയും സംഘത്തോടൊപ്പം ചേർന്നു.

ഭാഷ നാടകത്തിന് തടസ്സമല്ലെന്ന് സ്ഥിരീകരിക്കുന്ന അരങ്ങുകളായിരുന്നു മൂന്നുനാടകങ്ങളുടേതും; പ്രത്യേകിച്ച്, കുറച്ച് മലയാളികളും ഏറെ ഹിന്ദിക്കാരും അടങ്ങുന്ന സദസ്സിൽ മലയാള വിവർത്തനമായ ഭഗവദജ്ജുകം എന്ന ബോധായനന്റെ പ്രഹസനം അവതരിപ്പിച്ചപ്പോൾ ജനം ഒരുപോലെ കൈയടിച്ച് സ്വീകരിച്ചു. ഗുരുവായി ഗിരീശനും ശിഷ്യനായി സജികുമാറും വസന്തസേനയായി മോഹിനിയും  രാമിലകനായി രഘുനാഥും വൈദ്യനായി ശിവകുമാറും യമനായി മണികണ്ഠനും നിറഞ്ഞാടി. 

നാടകത്തിന്റെ ചട്ടക്കൂടിൽ ഒരു സമ്പൂർണനാടകമെന്ന് വിവക്ഷിക്കുന്ന മഹാകവി ഭാസന്റെ കർണഭാരം മൂന്നാംദിവസത്തെ അരങ്ങ് ജീവസ്സുറ്റതാക്കിമാറ്റി. ‘ദിവസോയം ആഗതഃ’ -ആ ദിവസം സമാഗതമായി- എന്ന കർണന്റെ വ്യത്യസ്തഭാവ ങ്ങൾ കാണികൾ ഉദ്വേഗപൂർവമാണ് ഉൾക്കൊണ്ടത്. പിന്നണിയിൽ, വായ്പാട്ടുമായി അനിൽ പഴവീടും വാദിത്രവുമായി രാംദാസും മനേക് ഷായും സാബുവും വെളിച്ചം പകരാൻ   മുരളിയും സ്തുത്യർഹമായി പ്രവർത്തിച്ചു.നവംബർ 14-ന് രാവിലെ എല്ലാവരും ക്ഷിപ്രാനദിയുടെ രാമഘട്ടിൽ കാവാലം ഓർമകളുമായി ഒത്തുചേർന്നു.

മിക്ക കാവാലം നാടകങ്ങളുടെയും ആദ്യ അരങ്ങൊരുക്കിയ നാടായിരുന്നു ഉജ്ജയിനി. സംസ്കൃതനാടകം സംസ്കൃതത്തിൽ ആദ്യമായി ആധുനികവേദിയിൽ അവതരിപ്പിച്ചുതുടങ്ങിയത് 1978-ൽ കാളിദാസ സമാരോഹിൽ മഹാകവി ഭാസന്റെ മധ്യമവ്യായോഗത്തോടെയാണ്. അതിനുമുൻപേ ആരും കൈവെയ്ക്കാത്ത ഈ ഉദ്യമത്തിന് എല്ലാ പ്രേരണകളും നൽകിയത് അന്നത്തെ സമാരോഹിന്റെ രക്ഷാധികാരിയായിരുന്ന കെ.ഡി. ത്രിപാഠിയും കവി അശോക് വാജ്‌പേയിയുമായിരുന്നു.

കാവാലത്തിനല്ലാതെ ഇത് സാധ്യമല്ല എന്നുള്ള ഒരു ചലഞ്ച് ഏറ്റെടുത്തതിനുശേഷം ഉജ്ജയിൻ മാത്രമല്ല ലോകനാടകവേദിതന്നെ കാവാലത്തെ നെഞ്ചിലേറ്റി. ഉജ്ജയിൻ നഗരം കാവാലത്തിന് രണ്ടാം വീടുപോലെയായിരുന്നു. കാവാലത്തുനിന്നുള്ള രണ്ടാം മൺകുടത്തിലെ ഭൗതികാവശിഷ്ടം ക്ഷിപ്രാനദി വായ്ത്താരികളുടെ അകമ്പടിയോടെ ഏറ്റുവാങ്ങി.നവംബർ 16-ന് സോപാനം അംഗങ്ങൾ പത്തുദിവസത്തെ യജ്ഞം പൂർത്തിയാക്കി മടങ്ങി. സോപാനകുടുംബാംഗങ്ങളെ യാത്രയാക്കിയശേഷം ഞാൻ എന്റെ ഭാര്യ ഉഷയുമായി പോയത് ഹരിദ്വാറിലേക്കാണ്.

എന്നെ സംബന്ധിച്ച് എന്റെ േജ്യഷ്ഠസഹോദരനോട് ഒരു കടംകൂടെ ബാക്കിയുണ്ടായിരുന്നു. ഞങ്ങളുടെ അമ്മ മരിച്ചശേഷമുള്ള അന്ത്യകർമങ്ങൾ 1994-ൽ ഞാനും രണ്ടുവർഷങ്ങൾക്കുമുൻപേ മൺമറഞ്ഞുപോയ ഞങ്ങളുടെ മൂത്തസഹോദരൻ ചാലയിൽ കേശവപ്പണിക്കരുമായി ചെയ്യുമ്പോൾ കൊച്ചേട്ടന് (കാവാലം) പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം വളരെയേറെയുണ്ടായിരുന്നു. കൊച്ചേട്ടന്റെ ഒരു വൃക്ക മാറ്റിയവിവരം കോഴിക്കോട്ടുനിന്ന് ഞാൻ ആലപ്പുഴവന്ന് അറിയിച്ച അതേ രാത്രിതന്നെയാണ് അമ്മ ഞങ്ങളോട് യാത്രപറഞ്ഞത്. അമ്മയുടെ ജീവൻതന്നെയാണ് തങ്ങളുടെ ബാക്കിജീവിതമെന്ന് കൊച്ചേട്ടനും ഞങ്ങളും വിശ്വസിച്ചിരുന്നു. ഞാൻ അമ്മയുടെ ആണ്ടുബലിയിടാൻ ഹരിദ്വാറിലും ബദരിയിലുമാണ് പോയത്.

അന്നുതന്നെ, ഗഡുവാൾ ഹിമാലയസാനുക്കൾ സന്ദർശിക്കാനുള്ള ആഗ്രഹം േജ്യഷ്ഠനുെണ്ടന്നറിയാം. ഹിമാലയം പടിയാറും കയറിയെത്തേണ്ട സോപാനതത്ത്വമായി ഗുരുതുല്യനായ േജ്യഷ്ഠ സഹോദരൻ വിശ്വസിച്ചിരുന്നു. പിന്നീട് നാടകസംഘവുമായി ഹരിദ്വാർതൊട്ട്‌ കാളിദാസന്റെ ജന്മസ്ഥലമെന്ന്‌ വിശ്വസിക്കുന്ന ഗുപ്തകാശിയിലെ കാളീമഠ്‌വരെ സഞ്ചരിച്ച അനുഭവങ്ങൾ ഞങ്ങൾ പരസ്പരം പങ്കുവെച്ചിട്ടുണ്ട്. അതും ഞങ്ങളെ സംബന്ധിച്ച് പൊക്കിൾക്കൊടിയിലൂടെയുള്ള മാതാതത്ത്വമായി മാറും. ഹരിദ്വാറിലും പോയി എന്റെ േജ്യഷ്ഠനുവേണ്ടി ബലികർമങ്ങൾ ചെയ്യാൻ സാധിച്ചത് ജീവിതത്തിലെത്തന്നെ അതുല്യമുഹൂർത്തമായി ഇപ്പോൾ അനുഭവപ്പെടുകയാണ്.

pupanicker@gmail.com