'രുണ്ടാക്കി ജെന്‍ഡര്‍ റോള്‍സ്' എന്ന ചോദ്യം ഇന്നത്തെക്കാലത്ത് വളരെയധികം പ്രസക്തമാണ്. ഈ ചോദ്യം ഒരു പാട്ടിലൂടെ അവതരിപ്പിച്ച കാര്‍ത്തിക് കൃഷ്ണന്‍ ഇപ്പോള്‍ ഒരു താരമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം 6 മില്യണിലധികം ആളുകള്‍ കാര്‍ത്തിക്കിന്റെ കുറിക്കുകൊള്ളുന്ന വീഡിയോ കണ്ടുകഴിഞ്ഞു. 

താനും പണ്ട് പാട്രിയാര്‍ക്കിയില്‍ വിശ്വസിച്ചിരുന്നു, പക്ഷേ, പിന്നീട് മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് കാര്‍ത്തിക് പറയുന്നത്. സമൂഹത്തില്‍ കാലങ്ങളായി നിലനിന്നുപോരുന്ന മിഥ്യാധാരണകളെക്കുറിച്ചും ജീവിതത്തിന്റെ ഭാഗമായ പാട്ടിനെക്കുറിച്ചുമെല്ലാം 'ദി ഹംബിള്‍ മ്യൂസീഷ്യന്‍' മനസ്സുതുറക്കുന്നു.

സത്യത്തില്‍ ജെന്‍ഡര്‍ റോള്‍സ് ആരാണ് ഉണ്ടാക്കിയത് ?

അതിന്റെ ഉത്തരം കൃത്യമായി എനിക്കും അറിയില്ല. എങ്കിലും കുറേ വര്‍ഷങ്ങളായി നമ്മള്‍ പിന്‍തുടര്‍ന്നുപോരുന്ന ചില രീതികള്‍ ഉണ്ട്. നമ്മുടെ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്താണോ, അതെല്ലാം പാലിച്ചുപോരുന്നവരാണ്. മാറി ചിന്തിക്കാനായി അവര്‍ക്ക് സോഴ്‌സുകള്‍ ഇല്ല. നമ്മള്‍ ജീവിക്കുന്നത് സോഷ്യല്‍ മീഡിയകളുടെയും ഇന്റര്‍നെറ്റിന്റെയും ലോകത്താണ്. പണ്ടെപ്പോഴോ എഴുതപ്പെടാത്ത നിയമമായി വന്നുപോയതാണ് ഇവയെല്ലാം. ഇനിയങ്ങോട്ട് മാറ്റത്തിന്റെ ജനറേഷന്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

ഒറ്റരാത്രി കൊണ്ട് തലവര മാറിയ അനുഭവം

കുറച്ച് പേര്‍ കാണും എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഇത്രയധികം ആളുകള്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. മുന്‍പും എന്റെ പാട്ടുകള്‍ക്ക് റീച്ച് കിട്ടിയിട്ടുണ്ട്. പക്ഷേ, ജെന്‍ഡര്‍ റോള്‍സിന് കിട്ടിയ പ്രതികരണം പ്രതീക്ഷിച്ചതിലും അപ്പുറമാണ്. അച്ഛനും അമ്മയും ഇന്‍സ്റ്റാഗ്രാമിലില്ലാത്ത ആളുകളാണ്. വീഡിയോ ഇറങ്ങിയതിന് ശേഷം അവരുടെ സുഹൃത്തുക്കൾ വാട്ട്‌സാപ്പ് സ്റ്റാറ്റസുകള്‍ കണ്ട് രണ്ട് പേരേയും വിളിക്കാന്‍ തുടങ്ങി. ഉടനെ അച്ഛന്‍ എന്നെ വിളിച്ച് നിന്റെ വീഡിയോ എന്തെങ്കിലും ഇറങ്ങിയോ, ഇവിടെ ഫോണ്‍കോളുകളുടെ ബഹളമാണ് എന്നുപറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. 35നും 40നും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാരുടെ മെസേജുകള്‍ എനിക്ക് ലഭിച്ചു. പാട്ട് കേട്ടപ്പോള്‍ ഇമോഷണല്‍ ആയെന്നും അവര്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും പറഞ്ഞു. ഇനിയെങ്കിലും കാലഹരണപ്പെട്ട ഈ രീതികള്‍ക്ക് മാറ്റം വരട്ടെ എന്നാണ് അവരുടെയും ആഗ്രഹം. 

പാട്ടിലെ പരീക്ഷണങ്ങള്‍ 

ജെന്‍ഡര്‍ റോള്‍സ് എന്റെ വ്യത്യസ്ത പരീക്ഷണമായിരുന്നു. ആദ്യം റാപ്പ് ആയി ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷേ, പുതിയതായി വാങ്ങിയ ഉക്കുലേലെയെ സീനിലേക്ക് കൊണ്ടുവരാമെന്ന് വിചാരിച്ചു. റീലിന്റെ സമയപരിധി ഒരുമിനിറ്റ് ആയതിനാല്‍ അത്രയും സമയത്തിനുള്ളില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമായിരുന്നു. അങ്ങനെയാണ് ജെന്‍ഡര്‍ റോള്‍സ് ഉണ്ടായത്. 

മുന്‍പ് 'സ്റ്റോപ്പ് സെക്ഷ്വലൈസിംഗ് വുമണ്‍' എന്നൊരു വീഡിയോ ചെയ്തിരുന്നു. അത്യാവശ്യം നോട്ടീസ് ചെയ്യപ്പെട്ട ആ വീഡിയോയില്‍ പാട്ടിലൂടെയല്ല, സംസാരത്തിലൂടെയാണ് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. സംസാരത്തിനേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താൻ പാട്ടിലൂടെയുള്ള അവതരണത്തിന് കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഒരുപക്ഷേ, ജെന്‍ഡര്‍ റോള്‍സ് വീഡിയോയില്‍  ഞാന്‍ സംസാരിക്കുകയായിരുന്നെങ്കില്‍ ആളുകള്‍ ഇത്ര ശ്രദ്ധിക്കില്ലായിരുന്നു. താളത്തിലും ഈണത്തിലും അവതരിപ്പിക്കുമ്പോള്‍ അത് കാണാന്‍ ആകര്‍ഷണീയമായി തോന്നാറുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

പാട്ടിലേക്കുള്ള കടന്നുവരവ് 

യു.കെ.ജി.യില്‍ പഠിക്കുമ്പോള്‍ അച്ഛനാണ് എന്നെ കര്‍ണാട്ടിക് സംഗീത ക്ലാസ്സില്‍ കൊണ്ടുചെന്നിരുത്തുന്നത്. അച്ഛന് മ്യൂസിക് ഭയങ്കര ഇഷ്ടമാണ്. മക്കാളായി ഞാനും അനിയനുമാണുള്ളത്. ആരെങ്കിലും ഒരാള്‍ പാട്ട് പഠിക്കണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. ട്രിനിറ്റിയുടെ സിക്‌സ്ത് ഗ്രേഡ് പിയാനിസ്റ്റ് ആണ് ഞാന്‍. വെസ്റ്റേണ്‍ റോക്ക്- പോപ്പ് കുറച്ച് പഠിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ബേര്‍ണി ഇഗ്നേഷ്യസ് സാറിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. പാട്ടിന്റെ മേഖലയില്‍ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് പ്ലസ്ടൂ കഴിഞ്ഞപ്പോള്‍ ചെന്നൈയിലെ സ്റ്റീഫന്‍ ദേവസിയുടെ കോളേജില്‍ സംഗീതം പഠിക്കാന്‍ വിട്ടതും അച്ഛനാണ്. 

'അണ്ടർ റേറ്റഡ് മ്യുസിഷ്യൻ'  എന്ന കമന്റ് ഒരു യാഥാര്‍ഥ്യമാണോ ? 

അത് പറയേണ്ടത് ഞാനല്ലല്ലോ, കാഴ്ചക്കാരോ കേള്‍വിക്കാരോ അല്ലേ. പലരും എന്നോട് സിനിമയില്‍ പാടിയിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. പാടിയിട്ടില്ല, പാടാന്‍ ഒരുപാട് ആഗ്രഹമുണ്ട് എന്നാണ് ഞാന്‍ മറുപടി പറയാറ്. അതിനുള്ള ഒരു സാഹചര്യം എന്നെങ്കിലുമൊരിക്കല്‍ വന്നുചേരുമെന്നാണ് വിശ്വസിക്കുന്നത്. ലൈവ് പ്രോഗ്രാമുകള്‍ ഒരുപാട് ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, നാലു പേര്‍ കൂടുന്നിടത്ത് പാടാന്‍ പറഞ്ഞാല്‍ ഇപ്പോഴും എന്റെ നെഞ്ചിടിക്കും. 

വ്ളോ​ഗിങ്ങിലേക്ക്..​ 

ഞാന്‍ ചെന്നൈയില്‍ പഠിക്കുന്നത് 2012ലാണ്. ആ സമയത്താണ് യൂട്യൂബ് കാര്യമായി കണ്ടുതുടങ്ങുന്നത്. ഒരു യുട്യൂബ് ചാനല്‍ തുടങ്ങണം എന്ന ചിന്തയുണ്ടാവുന്നതും ആ സമയത്താണ്. പക്ഷേ അന്ന് വല്ലാത്ത അപകര്‍ഷതാബോധം ആയിരുന്നു മനസ്സില്‍. ആളുകള്‍ എന്ത് പറയും, നെഗറ്റീവ് കമന്റുകൾ വന്നാല്‍ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചിരുന്നു. ഇത്തരം ചിന്തകളൊക്കെ മാറാന്‍ കുറേ സമയമെടുത്തു. ഒടുവില്‍ 2017ലാണ് ചാനല്‍ തുടങ്ങുന്നത്. ആകെ അറിയാവുന്നത് പാട്ട് പാടാനാണ്. അതുകൊണ്ടുതന്നെ മ്യൂസിക് ചാനല്‍ ആയി മുന്‍പോട്ട് കൊണ്ടുപോവാം എന്നാണ് വിചാരിച്ചിരുന്നത്. പിന്നീട് സുജിത് ഭക്തന്‍ ചേട്ടനൊക്കെ വ്‌ളോഗിംഗ് ചെയ്യുന്നത് കണ്ടപ്പോഴാണ് ക്യാമറയുടെ മുന്നില്‍ സംസാരിക്കണം എന്ന ആഗ്രഹമുണ്ടാവുന്നത്. പഴയ പേടി പിന്നെയും മനസ്സില്‍ തട്ടിയെങ്കിലും കാലക്രമേണ ഞാന്‍ അതിനെ മറികടന്നു. പിന്നീടങ്ങോട്ട് മുഴുവന്‍ പരീക്ഷണങ്ങളായിരുന്നു, ട്രാവല്‍ വ്‌ളോഗിംഗ്, കുക്കിങ്, ചാലഞ്ച് അങ്ങനെ ചെയ്യാത്ത കാര്യങ്ങള്‍ വളരെ കുറവാണ്. 

മാറ്റം വന്ന ചിന്തകളെക്കുറിച്ച് 

സെക്‌സ് എജ്യൂക്കേഷന്‍ റാപ്പിലും കല്യാണം റാപ്പിലും ജെന്‍ഡര്‍ റോള്‍സിലുമൊക്കെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്തോ അതാണ് പ്രതിഫലിക്കുന്നത്. പക്ഷേ മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്ന രീതി ഇങ്ങനെയായിരുന്നില്ല. പാട്രിയാര്‍ക്കിയില്‍ വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. കാരണം നമ്മള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ അങ്ങനെ ആയിരുന്നു. പെണ്ണുങ്ങള്‍ ആണുങ്ങളുടെ അധീനതയിലുള്ളവരാണ്, കല്യാണം കഴിഞ്ഞുള്ള ജീവിതത്തില്‍ ഭര്‍ത്താവിനെ അനുസരിച്ച് നില്‍ക്കേണ്ടവളാണ് ഭാര്യ എന്നുള്ളതൊക്കെ ടീനേജ് പ്രായത്തില്‍ ഞാന്‍ ശരിവെച്ചിട്ടുള്ള കാര്യങ്ങളാണ്. വിവരം വെച്ചുതുടങ്ങിയപ്പോള്‍ എനിക്കുതന്നെ ഇതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിത്തുടങ്ങി. പലരും നമ്മള്‍ അറിയാതെതന്നെ നമ്മളെ എഡ്യൂക്കേറ്റ് ചെയ്യുന്നുണ്ട്. മല്ലു അനലിസ്റ്റിന്റെ യൂട്യൂബ് ചാനലൊക്കെ കണ്ടപ്പോള്‍ ചിന്തിക്കുന്നരീതികള്‍ തന്നെ തെറ്റാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് നേരത്തെ പഠിച്ചുവെച്ചിരുന്നതെല്ലാം അണ്‍ലേണ്‍ ചെയ്യാന്‍ തുടങ്ങിയത്. നമ്മള്‍ തുടര്‍ന്നുപോന്നിരുന്ന രീതികളെ ചോദ്യം ചെയ്യാനും തുടങ്ങി. കാലക്രമേണയാണ് ചിന്താരീതികള്‍ മാറി ഈയൊരു അവസ്ഥയിലേക്ക് ഞാന്‍ എത്തിയത്. 

ഫെമിനിസ്റ്റ് ആണോ ?

ആണ്. ഫെമിനിസം പോട്ടെ, ഇക്വാളിറ്റി വരട്ടെ എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഫെമിനിസത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ലാത്തതാണ് നമ്മളുടെ പ്രധാന പ്രശ്‌നം. ഉദാഹരണത്തിന്, സെക്‌സ് എഡ്യൂക്കേഷന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ പോകുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റായി വന്നപ്പോള്‍ അതിനുതാഴെ ഒത്തിരി പേര്‍ മോശമായി കമന്റ് ചെയ്തു. പ്രാക്ടിക്കല്‍ ഉണ്ടാവുമോ എന്നായിരുന്നു ചിലരുടെയൊക്കെ സംശയം. അങ്ങനെയുള്ള ആളുകള്‍ക്ക് സെക്‌സ് എഡ്യൂക്കേഷന്‍ എന്താണെന്നുള്ള ബോധവത്കരണം ആദ്യം നല്‍കണം. ആണുങ്ങളുടെ മുകളിലെത്താനുള്ള പെണ്ണുങ്ങളുടെ ശ്രമമായാണ് ഫെമിനിസത്തെ പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഇക്വാളിറ്റി ആണ് ഫെമിനിസമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഒരു ഫെമിനിസ്റ്റാണ്. 

ജെൻഡർ റോൾ‌സ്

എന്റെ വീട്ടില്‍ ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ്. ചെറുപ്പത്തില്‍ എല്ലാ ആണ്‍കുട്ടികളും കേട്ടുവളര്‍ന്ന കാര്യങ്ങളാണ് ഞങ്ങളും കേട്ടിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ യാത്ഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മാറി ചിന്തിക്കാന്‍ തുടങ്ങി. ഒരു കാര്യത്തിനും മാതാപിതാക്കൾ ഞങ്ങളെ നിര്‍ബന്ധിക്കാറില്ല. അത് അവരുടെ വലിയ ക്വാളിറ്റി ആണ്. വീട്ടില്‍ എല്ലാം തുല്യമായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ അച്ഛനും അമ്മയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അവരെ കഴിവതും എഡ്യൂക്കേറ്റ് ചെയ്ത മുന്‍പോട്ട് പോകുകയാണ് ചെയ്യാറ്. 

യൂട്യൂബിലെ ഇനിയുള്ള നിലനില്‍പ്പ്

ഞാന്‍ ഒരു കോംപറ്റീഷന്‍ ആയി ഇതിനെ കാണുന്നില്ല. മീന്‍ പിടിക്കുന്നത് പോലെയാണ് യൂട്യൂബില്‍ വീഡിയോ ഇടുന്നത്. കായലില്‍ കുറേ മീനുകളുണ്ടാവാം. മീന്‍ പിടിക്കാനുള്ള നമ്മുടെ കഴിവ്, ചൂണ്ടയിലെ ഇര, ഇതൊക്കെ നന്നായാലാണ് നമുക്ക് കൂടുതല്‍ മീന്‍ കിട്ടുക. വെറുതെ കുറച്ച് വീഡിയോകള്‍ ഇട്ട് പൈസയുമായി പോകാമെന്നത് നടക്കുന്ന കാര്യമല്ല. നല്ല പാഷന്‍ വേണം. ഒന്നോ രണ്ടോ വീഡിയോ ചെയ്യാന്‍ ആര്‍ക്കും പറ്റും. പക്ഷേ നിരന്തരം ചെയ്തുകൊണ്ടിരിക്കുക എന്നത് നിസ്സാര കാര്യമല്ല. ലോക്ഡൗണ്‍ തുടങ്ങിയ സമയം ഒത്തിരി ചാനലുകള്‍ പൊട്ടിമുളച്ചു. പക്ഷേ അതില്‍ എത്ര എണ്ണം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട് ? ട്രൂ പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്കിവിടെ മുന്നോട്ട് പോകാന്‍ പറ്റൂ. അതുകൊണ്ട് നിലനില്‍പ്പിനെ പറ്റി ഞാന്‍ ആലോചിക്കാറില്ല. 

ജെന്‍ഡര്‍ റോള്‍സ് ചെയ്യുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് 57k ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. 60k ഉണ്ടായിരുന്നതാണ്. ജോലിത്തിരക്ക് മൂലം കണ്ടന്റ് ഇടാന്‍ പറ്റാതെ വന്നപ്പോള്‍ സ്വാഭാവികമായും ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു. അതിന്റെ അല്‍ഗോരിതം അങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത്. പക്ഷേ എനിക്ക് അതില്‍ ഒട്ടും ഉത്കണ്ഠയുണ്ടായില്ല. സ്ഥിരമായി കണ്ടന്റ് ഇട്ടാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവൂ എന്ന് എനിക്കറിയാം. എന്തെങ്കിലും അപ്ലോഡ് ചെയ്തിട്ട് തന്നെ കുറേ നാള്‍ ആയിരുന്നു. ഒരു അനക്കം തട്ടാന്‍ വേണ്ടിയാണ് ജെന്‍ഡര്‍ റോള്‍സ് ഇട്ടത്. 

വൈകി തിരിച്ചറിഞ്ഞ കഴിവുകള്‍

എഴുതാന്‍ കഴിവുണ്ടെന്ന് വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. മുന്‍പെഴുതിയ റാപ്പുകളുടെ വരികള്‍ കിടിലന്‍ ആണെന്ന് ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴും അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ എനിക്കാവുന്നില്ല. ഞാന്‍ വളരെ ലളിതമായാണ് എഴുതാറ്,ഒരുപാട് കാവ്യാത്മകമായിട്ടല്ല. അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളാണ് എഴുത്തിലൂടെ പുറത്തുവരിക. 'വയലാര്‍ എഴുതുമോ ഇതുപോലെ' എന്നുള്ള കമന്റ് ഒക്കെ കാണാറുണ്ട്. പക്ഷേ ഇനിയും എനിക്ക് മെച്ചപ്പെടാനുണ്ട്. എഴുതിയത് നല്ലതാണെന്നു കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്. 

ക്രഷുകളെക്കുറിച്ച്
 
സെലിബ്രിറ്റികളോടും നമ്മുടെ ഫ്രണ്ട്‌സിനോടുമൊക്കെ നമുക്ക് ക്രഷ് തോന്നാം. റീല്‍സില്‍ ഞാന്‍ പറയുന്ന ക്രഷ് ഒരു സാങ്കല്‍പിക കഥാപാത്രമാണ്. ഒരു സാഹചര്യവുമായി ബന്ധിപ്പിച്ച് പാട്ട് പാടുമ്പോള്‍ ആളുകള്‍ക്ക് അത് ഇഷ്ടമാവുന്നുണ്ടെന്ന് തോന്നി. അതുകൊണ്ടാണ് ക്രഷിനെ ഞാന്‍ ഒരു സ്ഥിരം കഥാപാത്രമാക്കിയത്. 

ജനങ്ങളുടെ പ്രതികരണം 

ചേട്ടന്റെ ശബ്ദം ഒരു മൂഡ് ചേഞ്ചര്‍ ആണ്, വിഷമിച്ചിരുന്നപ്പോഴാണ് ചേട്ടന്റെ പാട്ട് കേട്ടത്, കേട്ടപ്പോള്‍ എന്റെ മൂഡ് ചേഞ്ച് ആയി എന്നൊക്കെ ആളുകള്‍ പറയുന്നത് എന്നെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന ഒരു കല, അത് കണ്ട് ആളുകള്‍ സന്തോഷിക്കുന്നെണ്ടെങ്കില്‍ അത് തന്നെയാണ് എനിക്ക് ഏറ്റവും വലിയ കാര്യം. അത്തരം മെസ്സേജുകളാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. 

നന്ദി, നമസ്‌കാരം

ഞാന്‍ ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഒരുപാട് ആളുകള്‍ കാണുന്നതും, വിളിച്ച് അഭിനന്ദിക്കുന്നതുമൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. അതൊരു യാത്ഥാര്‍ഥ്യമായതില്‍ ഒത്തിരി കണ്ടിട്ടുണ്ട്. ധാരാളം സമയമെടുത്ത് ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തത് കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ജെന്‍ഡര്‍ റോള്‍സ് വെറും അഞ്ച് മിനിറ്റില്‍ ചെയ്ത പാട്ടാണ്. വളരെ വലിയ ഇംപാക്ട് ഉണ്ടാക്കി എന്നറിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. മൂന്ന് ലക്ഷം പേര്‍ വീഡിയോ ഷെയര്‍ മാത്രം ചെയ്തിട്ടുണ്ട്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Content Highlights: karthik krishnan singer, karthik krishnan viral song, karthik krishnan gender roles