"ഇനിയുമൊരു സമരമുഖത്തേക്ക്‌ കർഷകരെ തള്ളിവിടാതെ അവർക്ക്‌ മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാനുള്ള സത്വരനടപടികൾ സ്വീകരിച്ചേ മതിയാവൂ. സംസ്ഥാനങ്ങളുമായും കർഷകനേതാക്കളുമായും കൂടിയാലോചിച്ച്‌ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം."

വിവാദമായ മൂന്ന്‌ കാർഷികനിയമങ്ങൾ പിൻവലിക്കുകയും സമരംചെയ്ത കർഷകർ ആഹ്ലാദംപങ്കിടുകയുംചെയ്യുന്ന വാർത്തകളും ചിത്രങ്ങളും നാം കണ്ടു. ഈ സമരവിജയത്തിന്റെ ആഹ്ലാദത്തിൽ മുങ്ങി നമ്മൾ വെറുതേയിരിക്കരുത്‌. ഈ വിജയം ഇനിയുള്ള സമരങ്ങൾക്ക്‌ ഊർജമാകണം. ഇങ്ങനെ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ്‌  ഇവിടെ വിശദീകരിക്കുന്നത്‌.ഇന്നും നിലനിന്നുപോരുന്ന പല നിയമങ്ങളും പല പരിഷ്കാരങ്ങളും അതിലുപരി കാർഷികരംഗത്ത്‌ കുത്തകകളുടെ കടന്നുകയറ്റങ്ങളും നാം കാണാതെപോവുകയാണ്‌. ഇതിന്റെ പരിണതഫലമായി ആത്മഹത്യചെയ്യുന്ന കർഷകരുടെ എണ്ണവും കൃഷി ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നു.ഇപ്പോൾ ജയിച്ച ഈ സമരംപോലും എന്തിനുവേണ്ടിയായിരുന്നെന്ന്‌ നമ്മുടെ രാജ്യത്തെ ഭൂരിഭാഗം കർഷകർക്കും അറിയില്ല. കാരണം, അവർ ഈ നിയമത്തിന്റെ സാങ്കേതികവശങ്ങളോ അതിന്റെ പ്രത്യാഘാതങ്ങളോ ഒന്നുംതന്നെ മനസ്സിലാക്കാതെ മുഴുവൻസമയവും കൃഷിയിടങ്ങളിൽ പണിയെടുക്കുകയായിരുന്നു. ശമ്പളവർധനയ്ക്കും മറ്റ്‌ ആനുകൂല്യങ്ങൾക്കുമായി സമരംചെയ്യുന്ന സർക്കാർജീവനക്കാരോ മറ്റുമേഖലയിലുള്ള ജീവനക്കാരോ തൊഴിലാളികളോ ആരുമായിക്കൊള്ളട്ടെ, അവർ ജോലിയിൽനിന്നുമാറിയാണ്‌ സമരംചെയ്യുന്നത്‌ എന്നോർക്കുക. 

വേണം, മാന്യമായ സ്ഥിരവരുമാനം

കർഷകരുടെ ക്ഷേമത്തിനും വരുമാനവർധനയ്ക്കുമായി അനേകവകുപ്പുകളും കോർപ്പറേഷനുകളും നിലവിലുണ്ട്‌. ഇതിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ പത്തിലൊന്നുപോലും കർഷകർക്ക്‌ ലഭിക്കുന്നുണ്ടോ എന്ന്‌ നാം പരിശോധിക്കണം. 2016-ലെ സാമ്പത്തികസർവേ പരിശോധിച്ചാൽ ഒരു കർഷകന്റെ ശരാശരി വാർഷികവരുമാനം  വെറും 20,000 രൂപയാണ്‌. അതായത്‌, പ്രതിമാസം 1700 രൂപയിൽത്താഴെ. കഴിഞ്ഞ സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ സിറ്റുവേഷണൽ അസസ്‌മെന്റ്‌ സർവേ 2019-ലെ റിപ്പോർട്ടുപ്രകാരം ഒരു കർഷകന്‌ തന്റെ കൃഷിയിൽനിന്നുള്ള ശരാശരി വരുമാനം പ്രതിദിനം വെറും 27 രൂപമാത്രമാണ്‌. രാജ്യത്ത്‌ 308 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളും 325 ദശലക്ഷം ടൺ പഴങ്ങളും പച്ചക്കറികളും വിളവെടുക്കുന്ന സമയത്താണ്‌ ഈ തുക എന്നത്‌ നാം മനസ്സിലാക്കണം. ഐക്യരാഷ്ട്രസഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ കണക്കുപ്രകാരം, ഇന്ത്യയിലെ ഭക്ഷ്യോത്പാദനത്തിന്റെ ആകെമൂല്യം 400,722,025 ഡോളറാണ്‌. അതായത്‌, 1999 മുതൽ ശരാശരി 8.25 ശതമാനം പ്രതിവർഷ വളർച്ചയാണ്‌ സൂചിപ്പിക്കുന്നത്‌. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്‌ കാർഷികവിഭവങ്ങളിലൂടെ ഇത്രയധികം സാമ്പത്തികവളർച്ചയുണ്ടാകുമ്പോൾ നമ്മുടെ കർഷകന്‌ കുമ്പിളിൽത്തന്നെയാണ്‌ കഞ്ഞി എന്നുള്ളതാണ്‌. 

ഇന്ത്യയിൽ കർഷകർക്ക്‌ താങ്ങുവില (എം.എസ്‌.പി.) നിയമപരമായ അവകാശമാക്കണമെന്ന ആവശ്യം വലിയ സാമ്പത്തികാർഥമുള്ളതാണ്‌. കർഷകർ ആവശ്യപ്പെടുന്നത്‌ മുഴുവൻ ഉത്‌പന്നങ്ങളും സർക്കാർ വാങ്ങണമെന്നല്ല. മറിച്ച്‌, പ്രഖ്യാപിച്ച എം.എസ്‌.പി.യെക്കാൾതാഴെ ഒരു കച്ചവടവും നടക്കുന്നില്ല എന്നെങ്കിലും ഉറപ്പുവരുത്തണം. അഗ്രിക്കൾച്ചർ കോസ്റ്റ്‌ ആൻഡ്‌ പ്രൈസ്‌ കമ്മിഷൻ (സി.എ.സി.പി.) പോലും അതിന്റെ സമീപകാല നയറിപ്പോർട്ടുകളിലൊന്നിൽ നിർദേശിച്ചത്‌ ഇതാണ്‌. ചില സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നതുപോലെ ഇതൊരു ക്ഷേമനടപടിയല്ല. മറിച്ച്‌, കാർഷികമേഖല ആവശ്യപ്പെടുന്ന യഥാർഥ പരിഷ്കരണമാണ്‌. അധിക സാമ്പത്തികബാധ്യത പ്രതിവർഷം 1.5 ലക്ഷം കോടിമുതൽ 2.5 ലക്ഷം കോടി രൂപവരെ കവിയില്ലെന്ന്‌ പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്‌. എന്നാൽ, അതിലും പ്രധാനമായി, അത്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ നൽകുന്ന കുതിച്ചുചാട്ടത്തെക്കുറിച്ച്‌ നിശ്ശബ്ദരായിരിക്കയാണ്‌.

ഉത്‌പാദനച്ചെലവ്‌ എങ്ങനെ?

ഇനി എങ്ങനെയാണ്‌ കാർഷികോത്‌പാദനച്ചെലവ്‌ കണക്കാക്കുന്നതെന്ന്‌ പരിശോധിക്കാം? ഉത്‌പാദനച്ചെലവ്‌ കണക്കാക്കുന്നതിനുള്ള അധികാരം കാർഷികവില നിർണയ കമ്മിഷനാണ്‌. പ്രധാനമായി ഉത്‌പാദനച്ചെലവ്‌ കണക്കാക്കുന്നത്‌ A2, FL, C2 എന്നീ മൂന്നുഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഇവ എന്താണെന്ന്‌ മനസ്സിലാക്കാം.A2 ഘടകത്തിൽ ഉൾപ്പെടുന്ന പ്രധാന ചെലവുകൾ ഉത്‌പാദനവുമായി നേരിട്ട്‌ ബന്ധമുള്ളവയാണ്‌. ഉദാഹരണമായി വിത്തുകൾ, തൊഴിലാളിക്കുനൽകുന്ന കൂലി, വളങ്ങൾ, ഇന്ധനം, ജലസേചനം, വൈദ്യുതി, ഉപകരണങ്ങളുടെ വാടക തുടങ്ങിയവയാണ്‌.

FL ഘടകത്തിൽ ഉൾപ്പെടുന്നത്‌ പ്രധാനമായും കൃഷിയുമായി നേരിട്ട്‌ ബന്ധമുള്ള കുടുംബാംഗങ്ങളുടെ കൂലിയാണ്‌ 
C2 മേൽ സൂചിപ്പിച്ച രണ്ടുഘടങ്ങൾ ഉൾപ്പെടെ കൃഷിഭൂമിയുടെ വാടക, മുതൽമുടക്കിന്റെ പലിശ എന്നിവ ഉൾപ്പെടും. 
ഉത്‌പാദനച്ചെലവ്‌ കണക്കാക്കുമ്പോൾ C2 ഘടകം എപ്പോഴും A2+FL ഘടകത്തെക്കാൾ കൂടുതലായിരിക്കും. എം.എസ്‌. സ്വാമിനാഥൻ ഉത്‌പാദനച്ചെലവായി C2വിനെ പരിഗണിക്കാനും അതിന്റെ ഒന്നരമടങ്ങ്‌ താങ്ങുവിലയായി കർഷകർക്ക്‌ നൽകണമെന്നുമാണ്‌ ശുപാർശ ചെയ്തിരുന്നത്‌. ഇതുതന്നെയാണ്‌ കർഷകരും കർഷകസംഘടനകളും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതും. എന്നാൽ, ഇതിൽനിന്ന്‌ വ്യത്യസ്തമായി താങ്ങുവിലയായി കേന്ദ്രം പ്രഖ്യാപിച്ചത്‌ A2+FL എന്ന ഘടകങ്ങളുടെ ഒന്നരമടങ്ങാണ്‌. സ്വാഭാവികമായും നേരത്തേ സൂചിപ്പിച്ചതുപോലെ ഇത്‌ C2 ഘടകത്തിന്റെ ഒന്നരമടങ്ങിനെക്കാളും കുറവായിരിക്കും. 

മറ്റൊരുകാര്യം, ഇവിടെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ രീതിയിലാണ്‌ ഉത്‌പാദനച്ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇതും ന്യായീകരിക്കാൻ കഴിയുന്നതല്ല. കാരണം, ഉദാഹരണമായി കർഷകത്തൊഴിലാളിക്കുനൽകുന്ന കൂലിതന്നെ എടുക്കാം. കേരളത്തിൽ നൽകുന്ന കൂലി മറ്റുസംസ്ഥാനങ്ങളെക്കാളും കൂടുതലാണ്‌. അതുപോലെത്തന്നെയാണ്‌ മറ്റ്‌ അനുബന്ധവസ്തുക്കളുടെ വിലകളും. ഏകീകരിച്ച ഉത്‌പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നൽകിയാൽ ഏറ്റവും നഷ്ടം കേരളത്തിലെ കർഷകർക്കുതന്നെയായിരിക്കും.പുതുക്കിയ താങ്ങുവില പ്രഖ്യാപനത്തിലൂടെ കർഷകർ വിഡ്ഢികളാക്കപ്പെട്ടു എന്നുപറയാൻ കാരണം പല ഉത്‌പന്നങ്ങൾക്കും 2017-’18ൽ പ്രഖ്യാപിച്ച താങ്ങുവിലയെക്കാളും വലിയ വ്യത്യാസം ഒന്നുംതന്നെ ഇപ്പോൾ പ്രഖ്യാപിച്ചതിലില്ല എന്നുള്ളതാണ്‌. ഉത്‌പാദനച്ചെലവ്‌ എന്ന സാങ്കല്പികകണക്കിന്റെ 50 ശതമാനം വർധന മാറ്റിനിർത്തിയാൽ കഴിഞ്ഞ വർഷങ്ങളിലെ താങ്ങുവിലയെക്കാൾ നിസ്സാരമായ വർധനയാണുണ്ടായിട്ടുള്ളത്‌. 

കണക്കിലെ കളികൾ

കഴിഞ്ഞ കുറെ വർഷങ്ങളായി പ്രധാന വിളകളുടെ ഉത്‌പാദനം സ്തംഭനാവസ്ഥയിലാണ്‌. 2014-നുശേഷം പരുത്തി ഉത്‌പാദനത്തിൽ ഏതാണ്ട്‌ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നെല്ലുവിളവ്‌ പ്രതിവർഷം ശരാശരി ഒരു ശതമാനം എന്ന തോതിലും ഗോതമ്പ്‌ വിളവ്‌ ശരാശരി 2.5 ശതമാനം എന്ന തോതിലുംമാത്രമാണ്‌ വർധിച്ചത്‌.അധികചെലവും വിളകളുടെ ഉത്‌പാദനമുരടിപ്പും കണക്കിലെടുക്കുമ്പോൾ, കാർഷിക വരുമാനം വർധിപ്പിക്കാനുള്ള ഏകമാർഗം കുറഞ്ഞത്‌ പണപ്പെരുപ്പനിരക്കിന്‌ മുകളിൽ താങ്ങുവില വർധിപ്പിക്കുക എന്നതാണ്‌. വിലക്കയറ്റത്തിനനുസൃതമായി താങ്ങുവില വർധനയുണ്ടായില്ല എന്നതാണ്‌ കർഷകരുടെ അവസ്ഥ വഷളാക്കിയതിന്റെ പ്രധാന ഘടകം.കർഷകന്‌ തന്റെ ഉത്‌പന്നങ്ങൾക്ക്‌ വില നിർണയിക്കാനുള്ള സംവിധാനമില്ലെന്ന്‌ അറിയുക; കാർഷികമേഖലയിൽ പതിറ്റാണ്ടുകളായി സ്വതന്ത്രവിപണി പ്രവർത്തിക്കുന്ന അമേരിക്കയിൽപ്പോലും കർഷകർക്ക്‌ വലിയ തിരിച്ചടിയാണ്‌ ലഭിച്ചത്‌. ഉപഭോക്തൃവില നിർണയിക്കുന്നത്‌ വിപണികളല്ല എന്ന ലളിതമായ കാരണത്താൽ വ്യാവസായികോത്‌പന്നങ്ങളിൽ ഇത്‌ സംഭവിക്കുന്നില്ല. അസംസ്കൃതവസ്തുക്കളുടെ വില ഉയരുന്നതിനാൽ വിലക്കയറ്റം ഒഴിവാക്കാനാവില്ലെന്നാണ്‌ മറ്റുവ്യവസായകമ്പനികളുടെ വാദം. ഇങ്ങനെ ലക്ഷക്കണക്കിന്‌ സ്ഥാപനങ്ങളാണ്‌ അനുദിനം വിലവർധനയിലേക്ക്‌ തിരിയുന്നത്‌. എന്നാൽ, വിപണിയുമായി തളച്ചിട്ടിരിക്കുന്ന കർഷകന്‌ വില വർധിപ്പിക്കാനുള്ള അവകാശമില്ല. വിത്തിനും വളങ്ങൾക്കും ഇന്ധനങ്ങൾക്കും തുടങ്ങി അവനെ ബാധിക്കുന്ന ഏത്‌ ‘ഇൻപുട്ട്‌’ വില വർധിച്ചാലും വിപണിവിലയ്ക്ക്‌ അടിമപ്പെട്ട്‌ ജീവിക്കാനാണ്‌ അവന്റെ വിധി. എന്നാൽ, ഒരു കർഷകൻ എന്നനിലയ്ക്ക്‌ എനിക്ക്‌ മുന്നോട്ടുെവക്കാനുള്ള നിർദേശം ഇതാണ്‌: ഇന്നത്തെ  സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു കുടുംബത്തിന്‌ ജീവിക്കാനുള്ള (മിനിമം ഒരു ക്ലാസ്‌ ഫോർ ജീവനക്കാരന്റെ ശമ്പളം എങ്കിലും) തുക നിശ്ചയിച്ച്‌ പ്രതിമാസം ലഭിക്കാനുള്ള പദ്ധതികൾ അഥവാ ഒരു വരുമാനനയം തയ്യാറാക്കുക. രാജ്യത്തെ കർഷകരിൽ കേവലം ആറുശതമാനത്തിനുമാത്രമാണ്‌ താങ്ങുവിലയുടെ ഗുണം ലഭിക്കുന്നത്‌. ബാക്കി 94 ശതമാനവും വിപണിയെ ആശ്രയിച്ചും ഇടനിലക്കാരുടെ ചൂഷണത്തിന്‌ വിധേയമായുമാണ്‌ ജീവിക്കുന്നത്‌ എന്നതുകൂടി നാം ഓർക്കണം.

പുതിയ ഫോർമുലവേണം

കാർഷികവിളകളുടെ താങ്ങുവിലയെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകൾ കണക്കിലെടുത്ത്‌, താങ്ങുവില നിശ്ചയിക്കുന്നതിൽ ഒരു പുതിയ ഫോർമുലയിലൂടെ കൂടുതൽ സുതാര്യത കൊണ്ടുവരേണ്ടത്‌ അത്യാവശ്യമാണ്‌. ഇപ്പോഴത്തെ സങ്കീർണമായ ഉത്‌പാദനച്ചെലവ്‌ അടിസ്ഥാനമാക്കിയുള്ള താങ്ങുവില നിശ്ചയിക്കുന്ന രീതി മാറ്റി പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി, പുതിയ ഫോർമുല ഉപയോഗിച്ച്‌ താങ്ങുവില നിശ്ചയിക്കണം.നിലവിൽ ഉപഭോക്തൃവിലസൂചികകളിൽ വർഷാവർഷം ഉണ്ടാകുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക്‌, ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡി.എ.), ശമ്പള പരിഷ്കരണം, വേതനപരിഷ്കരണം തുടങ്ങിയ വരുമാനവുമായി ബന്ധപ്പെട്ട സൂചകങ്ങളിൽ വർധന തീരുമാനിക്കുന്നതിനുള്ള ഒരു പ്രധാന കാര്യമാണെന്ന്‌ ഓർക്കുക. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുന്നതിനുള്ള പുതിയ ഫോർമുലയും അതിന്റെ വിശദമായ രീതിശാസ്ത്രവും പാർലമെന്റിൽ നിയമം പാസാക്കി, നിയമപരിരക്ഷയോടുകൂടി അനുവദിക്കേണ്ടതാണ്‌.
ഇത്തരം പദ്ധതികൾ സർക്കാരിന്‌ വൻ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാൽ, സർക്കാരിന്‌ അധികബാധ്യതയില്ലാതെതന്നെ ഇത്‌ പരിഹരിക്കാൻ കഴിയും. കർഷകരുടെ ക്ഷേമത്തിനായി ഏർപ്പെടുത്തിയിരുന്ന ‘കൃഷികല്യാൺ സെസ്‌’ ജി.എസ്‌.ടി.യുടെ വരവോടെ നിർത്തലാക്കി. കർഷകരുടെ ക്ഷേമത്തിനായി പകരം ഒരു വരുമാന സ്രോതസ്സ്‌ നിലവിലില്ല. ഇതിന്‌ നിർദേശിക്കാനുള്ളത്‌, തുക കണ്ടെത്തുന്നതിന്‌ കർഷകരുടെ ഉത്‌പന്നങ്ങളിൽനിന്ന്‌ കോടികൾ ലാഭംകൊയ്യുന്ന കമ്പനികളുടെ ലാഭത്തിന്റെ ഒരു ശതമാനം അവകാശലാഭമായി കർഷകരുടെ ക്ഷേമത്തിനായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്‌. അല്ലെങ്കിൽ വീണ്ടും ഒരു പുതിയ സെസ്‌ ഏർപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച്‌ ചിന്തിക്കണം. 
ഇനിയുമൊരു സമരമുഖത്തേക്ക്‌ കർഷകരെ തള്ളിവിടാതെ അവർക്ക്‌ മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാനുള്ള സത്വരനടപടികൾ സ്വീകരിച്ചേ മതിയാവൂ. സംസ്ഥാനങ്ങളുമായും കർഷകനേതാക്കളുമായും കൂടിയാലോചിച്ച്‌ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം.. അതിനുവേണ്ട വരുമാനസ്രോതസ്സുകൾ കണ്ടെത്തുന്നതിന്‌ നിതി ആയോഗിനെ ചുമതലപ്പെടുത്തണം. 

ഉത്തരമുണ്ടോ....

കർഷകരുടെ സമരത്തിനുവഴങ്ങി കേന്ദ്രസർക്കാർ നിയമങ്ങൾ 
പിൻവലിച്ചപ്പോൾ സമൂഹത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം ഇതാണ്‌: ‘സർക്കാർ കീഴടങ്ങിയില്ലേ, ഇനിയും കർഷകർ 
കരയേണ്ടതുണ്ടോ.’ അവരോട്‌ കർഷകരുടെ ചോദ്യമിതാണ്‌:

ഒരു ദിവസം 27 രൂപകൊണ്ട്‌ ജീവിക്കാൻ സാധിക്കുമോ?
പത്തുവർഷത്തിനുള്ളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും കർഷകരുടെ വരുമാനത്തിലും എത്ര ശതമാനം വർധനയാണുണ്ടായത്‌?
ഞങ്ങളുടെ മക്കൾക്കും ഉന്നതവിദ്യാഭ്യാസം നൽ​േകണ്ടേ? 
നല്ല ചികിത്സ ലഭി​േക്കണ്ടേ?

കർഷകർക്കൊഴികെ സമൂഹത്തിലെ ബാക്കി എല്ലാവർക്കും ദിവസവരുമാനവും മാസവരുമാനവും ലഭിക്കുന്നു.  ഞങ്ങൾക്കുമാത്രം വിപണിവിലയെ ആശ്രയിച്ചും വിളവെടുപ്പിനെ ആശ്രയിച്ചും വരുമാനം ലഭിക്കുന്നു. അതുവരെ എങ്ങനെ ഞങ്ങൾ ജീവിക്കും?
കയറിക്കിടക്കാൻ ഒരു വീടുവേണ്ടേ?

ഇതിനൊന്നും ഉത്തരം തരാൻ ഒരു സാമ്പത്തികവിദഗ്‌ധനും കഴിയില്ല. വിപണിയിൽ 
തക്കാളിക്കോ ഉള്ളിക്കോ 10 രൂപ കൂടിയാൽ ഈ വിദഗ്ധരെല്ലാം വില കുറയ്ക്കുന്നതിനുള്ള  ആശയങ്ങളുമായി വരുന്ന കാഴ്ചയും നാം കാണുന്നുണ്ട്‌. 

സമൂഹത്തിൽ വിപണിവില പിടിച്ചുനിർത്തുമ്പോൾ അന്നം മുട്ടുന്നത്‌ കർഷകനാണ്‌ എന്നുകൂടി നാം ഓർക്കണം

(സംസ്ഥാന വൈദ്യുതി മന്ത്രിയാണ്‌ ലേഖകൻ)