കെ-റെയിലിനെപ്പറ്റി വലിയ ചർച്ചനടക്കുകയാണ്. വികസനത്തിന് ഞാൻ എതിരല്ല; അതിവേഗം വികസിക്കണമെന്ന അഭിപ്രായക്കാരനാണ്. കെ-റെയിലിനെ എതിർക്കുന്നവർ ഒരു ബദൽ നിർദേശംവെക്കാൻ തയ്യാറാകണം. അത് ഇതുവരെ കണ്ടില്ല. നമ്മുടെ കൊങ്കൺ റെയിൽവേയിലൂടെ ഇതുവരെ 365 ദിവസം തുടർച്ചയായി വണ്ടിയോടിക്കാൻ റെയിൽവേക്ക്‌ കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളത്. അതുകൊണ്ട് കൊങ്കൺ റെയിൽവേയുടെ പല ഭാഗത്തും മണ്ണിടിച്ചിലും മറ്റുമുണ്ടാവാറുണ്ട്. അതിനാൽ കാലാവസ്ഥയ്ക്കനുസരിച്ച്‌ ട്രെയിനുകളുടെ സമയം മാറ്റേണ്ടിവരുന്നു. ചിലപ്പോൾ ഗതാഗതം നിർത്തേണ്ടിവരുന്നു. കൊങ്കൺ റെയിൽവേയുടെ അതേ അവസ്ഥ കെ-റെയിൽ പദ്ധതിക്കും വരുമോ എന്നാണ് എന്റെ ആശങ്ക. പദ്ധതിയെപ്പറ്റി പൂർണമായി പഠിച്ചിട്ടില്ല. ടണലിൽക്കൂടിയും മറ്റും ട്രെയിൻ പോകുമെന്നൊക്കെ പറയുന്നുണ്ട്. ഈ പദ്ധതി നടപ്പാക്കാൻ അഞ്ചുകൊല്ലത്തിനുമീതെയെടുക്കും.

ഒരു പദ്ധതി നടപ്പാക്കുമ്പോൾ സാമ്പത്തികവശമൊന്നും ആലോചിച്ചിട്ട് കാര്യമില്ല. പദ്ധതി നടപ്പാക്കിക്കഴിഞ്ഞാലേ അത് നഷ്ടമാണോ ലാഭമാണോ എന്ന് വിലയിരുത്താൻ കഴിയൂ. പക്ഷേ, എതിർക്കുമ്പോൾ ഒരു ബദൽനിർദേശം സർക്കാരിനുമുന്നിൽ വെക്കണം. വെറുതേ എതിർത്താൽ പോരാ. എക്സ്പ്രസ് ഹൈവേ വന്നപ്പോൾ എതിർത്തു. ഫലമെന്തായി? നമുക്ക് നല്ലൊരു റോഡ് നഷ്ടപ്പെട്ടു. അത് വന്നിരുന്നെങ്കിൽ ഇന്ന് ഈ ദേശീയപാതയുടെ വികസനം വേണ്ടിവരില്ലായിരുന്നു. 

കെ-ഫ്ളൈറ്റ്

കെ-ഫ്ളൈറ്റ്, അതായത് കേരള എയർലൈൻസ് തുടങ്ങണം. 100 കോടി രൂപയുണ്ടെങ്കിൽ 48 പേർക്ക് ഇരിക്കാവുന്ന അഞ്ച് ഫ്ളൈറ്റുകൾ ഒരു കൊല്ലം പറത്താം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ ഇപ്പോഴുണ്ട്. പത്തനംതിട്ട വരുകയും ചെയ്യും. ഈ ചെറിയ ഫ്ളൈറ്റുകൾ ഇറങ്ങാൻ ചെറിയ എയർപോർട്ട് മതി. 2000 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയിലുമുള്ള ഒരു റൺവേ ഉണ്ടായാൽ മതി. കാഞ്ഞങ്ങാടിന്റെയും കാസർകോടിന്റെയും ഇടയിൽ ഒരു എയർപോർട്ടുകൂടി ആലോചിക്കാവുന്നതാണ്.

അതുപോലെത്തന്നെ ടൂറിസം വികസനത്തിനായി ഈ  എയർലൈൻസിന്റെകൂടെ ഹെലികോപ്റ്ററും എടുക്കാം. ഒരു വർഷം ഫ്ളൈറ്റ് ഓടിക്കാനുള്ള ചെലവ് ലൈസൻസ് ഫീയടക്കം 100 കോടിയിൽ താഴെയേ ‌വരു. ഇതിനുവരുന്ന വലിയ ചെലവ് കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിലുള്ള എയർപോർട്ട് ഉണ്ടാക്കാൻമാത്രമാണ്. അത് സാവധാനം മതി. കാസർകോട്ടുകാർക്ക് നിലവിൽ മംഗലാപുരം എയർപോർട്ട് ഉപയോഗിക്കാം.

മംഗലാപുരം, കോയമ്പത്തൂർ, മധുര, ചെന്നൈ, ഗോവ എന്നീ എയർപോർട്ടുകളുമായി ഇതിനെ ബന്ധിപ്പിച്ച്‌ വലിയൊരു ശൃംഖലയുണ്ടാക്കാൻ കഴിയും. ഇപ്പോൾത്തന്നെ കാസർകോട്ടുള്ള ഒരു വ്യക്തിക്ക് മംഗലാപുരം എയർപോർട്ടിലെത്താൻ ഒന്നരമണിക്കൂറും ഫ്ളൈറ്റ് കാത്തിരിക്കാൻ ഒരു മണിക്കൂറും ഫ്ളൈറ്റ് തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറും വേണം. അതായത്‌, മൂന്നരമണിക്കൂർകൊണ്ട് എത്താം. പയ്യന്നൂരിൽനിന്നുള്ള ഒരാൾക്ക് കണ്ണൂർ എയർപോർട്ടിലെത്താൻ ഒരു മണിക്കൂറും ഫ്ളൈറ്റ് കാത്തിരിക്കാൻ ഒരു മണിക്കൂറും തിരുവനന്തപുരത്തെത്താൻ 50 മിനിറ്റും മതിയാകും. കോഴിക്കോട്ടുകാർക്കും എറണാകുളത്തുകാർക്കും ഇതൊരു വലിയ പ്രശ്നമേയല്ല. കോയമ്പത്തൂരുമായും ചെന്നൈ, െബംഗളൂരുവുമായും വാണിജ്യബന്ധം സ്ഥാപിക്കാൻ ഇതു സഹായിക്കും.

കേന്ദ്രസർക്കാർ എയർലൈൻസ് വിൽക്കുമ്പോൾ കേരള സർക്കാർ എയർലൈൻസ് ആരംഭിക്കുന്നു എന്നുള്ള ഒരു സന്ദേശം കൊടുക്കാനും സാധിക്കും. നമ്മൾ തിരുവനന്തപുരം എയർപോർട്ടിന്‌ ടെൻഡർചെയ്ത സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി വലിയ വിജയമായിരിക്കും. വിദഗ്ധരുമായി സംസാരിച്ച് 120 ദിവസം കൊണ്ട് ഇതുതുടങ്ങാൻ കഴിയും. ഒരു കൊല്ലം 100 കോടി രൂപ നഷ്ടം വന്നാൽ 10 കൊല്ലത്തേക്ക്‌ 1000 കോടിരൂപമാത്രമാണ് നഷ്ടം വരിക. ഈ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും വിദഗ്ധരും തയ്യാറുണ്ടോ എന്നതാണ് ചോദ്യം. പ്രകൃതിക്ക് ഒരു ദോഷവും ഈ പദ്ധതികൊണ്ട് വരുന്നില്ല.

ദിവസം 480 യാത്രക്കാർ

ഒരു ഫ്ളൈറ്റിൽ 48 ആളുകൾ. ഒരു ദിവസം ഒരു എയർപോർട്ടിൽനിന്ന്  10 ഫ്ളൈറ്റുണ്ടെങ്കിൽ 10 ട്രിപ്പ് എടുക്കാൻ കഴിയും. എങ്കിൽ ഒരു ദിവസം 480 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. ടിക്കറ്റ് ചാർജായി കുറഞ്ഞത് 2000 രൂപ ഈടാക്കിയാൽ സുഖസുന്ദരമായി പദ്ധതി വിജയിപ്പിക്കാം. 480 ആളുകൾക്ക് 2000 രൂപവെച്ച്‌ 10 ട്രിപ്പ്  ഓടിക്കുമ്പോൾ ഒരു ദിവസം 96 ലക്ഷം രൂപ വരുമാനം ലഭിക്കും. ഒരു മാസം ഏകദേശം 29 കോടിയും ഒരു വർഷം ഏകദേശം 346 കോടിയും വരുമാനമുണ്ടാക്കാം. എല്ലാ ദിവസവും മുഴുവൻ ടിക്കറ്റും ചെലവാകണമെന്നില്ല. എന്നിരുന്നാലും, ഒരു വർഷം വരുമാനത്തിന്റെ 50 ശതമാനം എടുത്താൽപ്പോലും വർഷത്തിൽ വൻ ലാഭമായിരിക്കും. 10 ട്രിപ്പ് എന്നുള്ളത് 12-14 ട്രിപ്പാക്കി സർവീസ് ഉയർത്താനും കഴിയും.

ഓരോ ഫ്ളൈറ്റിലും ഒരു ടണ്ണിന് തുല്യമായ പാർസലുകൾ കൊണ്ടുപോകാൻ കഴിയും. അതിൽനിന്നും വരുമാനമുണ്ടാക്കാം. വിമാനത്തിന്റെ പുറത്തും വിമാനത്തിനുള്ളിലും സീറ്റുകളിലും പരസ്യം കൊടുക്കാൻ അനുവദിച്ചാൽ പരസ്യദാതാക്കളിൽനിന്നും വരുമാനമുണ്ടാക്കാം. ഇതിനുപുറമേ ബെംഗളുരു, ചെന്നൈ, ഗോവയിലേക്കുള്ള അഡിഷണൽ ചാർജ് കെ-എയർലൈൻസിന്‌ വാങ്ങാവുന്നതാണ്.
ഈ പദ്ധതി ആലോചിക്കാൻ ആളുകൾ തയ്യാറുണ്ടോ, സർക്കാർ തയ്യാറുണ്ടോ?

  • ഒരു ഫ്ളൈറ്റ് = 48 പേർ
  • 10 ഫ്ളൈറ്റ് = 480 പേർ
  • ചാർജ്  2000 രൂപ | പത്തുട്രിപ്പ് 
  • ഒരു ദിവസം 480 X  10 X  2000 =₨96,00,000
  • ഒരു മാസം 96,00,000 X 30 =₨28,80,00,000 
  • ഒരു വർഷം 28,80,00,000 x 12 =₨345,60,00,000
  • ഒരു വർഷം മുഴുവൻ ടിക്കറ്റും ചെലവായില്ലെങ്കിൽ 50 ശതമാനം വരുമാനം  345,60,00,000/2=₨172,80,00,000

    കേരള ലാൻഡ്‌ റിഫോംസ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി (ലാഡർ) ചെയർമാനാണ്‌ ലേഖകൻ

Content Highlights : K-Flight, an alternative to K-Rail