മേയ് 15, പലസ്തീൻ ജനതയും അവരെ പിന്തുണയ്ക്കുന്നവരും ‘അൽ നഖ്ബ’ അഥവാ മഹാദുരന്തത്തിന്റെ ദിനമെന്ന് വിശേഷിപ്പിക്കുന്ന അതേദിവസമാണ് ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചത്.  കുടുംബഭാരമേറ്റെടുത്ത് ഏഴുവർഷം മുന്പാണ് സൗമ്യ ഇസ്രയേലിലെത്തിയത്. ഭർത്താവുമായി ഫോണിൽ സംസാരിക്കവേ ഇസ്രയേലിന്റെ അത്യാധുനിക മിസൈൽവേധ സംവിധാനമായ അയൺ ഡോമും തുളച്ചെത്തിയ ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തു. വിദൂരപ്രശ്നമായിരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിലേക്ക് എത്ര പെട്ടെന്നാണ്, എത്ര അപ്രതീക്ഷിതമായാണ് സൗമ്യയുടെ കുടുംബം വലിച്ചിഴയ്ക്കപ്പെട്ടത്. സന്തോഷിനും അവരുടെ കുഞ്ഞിനും മേയ് 11 ആണ് ഇനി ‘അൽ നഖ്ബ’.

തങ്ങൾ ജോലിക്കായി തിരഞ്ഞെടുക്കുന്ന രാജ്യത്ത് നേരിടേണ്ടിവരുന്ന ഭീഷണികളെക്കുറിച്ച് പ്രവാസികളെ ബോധവത്കരിക്കാനുള്ള സംവിധാനങ്ങളുണ്ടാകേണ്ടത് അത്യാവശ്യമാണ്. സംഘർഷബാധിത മേഖലകളെക്കുറിച്ചുള്ള പൊതുവിവര സംവിധാനങ്ങളുണ്ടാക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടിനൽകാനുള്ള സംവിധാനമുണ്ടാക്കുന്നതും പുതിയ കേരളസർക്കാർ പരിഗണിക്കണം.

 ചരിത്രത്തിലൂടെ
ശരിയുടെയും തെറ്റിന്റെയും നീതിയുടെയും അനീതിയുടെയും അനേകം അടിസ്ഥാനപരമായ ചോദ്യങ്ങൾ ചേരുന്നതാണ് പലസ്തീൻപ്രശ്നം. ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1947-ൽ യു.എൻ. പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അന്ന് ഇന്ത്യ എതിർക്കുകയാണുണ്ടായത്. പാകിസ്താന്റെ സ്ഥാപിതനേതാക്കളുടേതിന് സമാനമായ വിശ്വാസമാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ കൈക്കൊണ്ടിരുന്നതെന്നതാണ് അതിനുകാരണം. ഇന്ത്യാവിഭജന വിഷയത്തിലെന്നപോലെ ഇസ്രയേൽ രൂപവത്‌കരണത്തെയും ഗാന്ധിജി ശക്തമായി എതിർത്തിരുന്നു.

വിവിധ സമാധാനചർച്ചകളിലൂടെയും കരാറുകളിലൂടെയും പലസ്തീന്റെ മേഖലകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും സായുധ ജൂതകുടിയേറ്റക്കാർക്ക് അവിടങ്ങളിൽ സെറ്റിൽമെന്റുകൾ സ്ഥാപിക്കാനുള്ള നിയമമുണ്ടാക്കി പലസ്തീൻ പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചുകൊണ്ടിരിക്കയാണ് ഇസ്രയേൽ. ഇത്തരത്തിൽ കിഴക്കൻ ജറുസലേമിൽ ജൂതർക്ക് അധിനിവേശത്തിന് പാതയൊരുക്കാനായി പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഇസ്രയേൽ തുടങ്ങിയതാണ് പെട്ടെന്നുള്ള സംഘർഷത്തിന്റെ പ്രധാന കാരണം.

 നിലപാട് വീണ്ടുമുറപ്പിച്ച് ഇന്ത്യ
സംഘർഷത്തിലൂടെയോ അക്രമങ്ങളിലൂടെയോ ഒരിക്കലും പരിഹരിക്കാനാവുന്നതല്ല ഇസ്രയേൽ-പലസ്തീൻ പ്രശ്നം. ഇസ്രയേലിന്റെ ജനവാസകേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണങ്ങളും അപലപനീയമാണ്. എന്നാൽ, ഹമാസിനെ തകർത്ത് ഗാസ കീഴടക്കാൻ സന്തുലിതരഹിത ബലപ്രയോഗം നടത്തുന്ന, വൻതോതിൽ സിവിലയൻമാരുടെ കൂട്ടക്കൊലയ്ക്ക് കാരണമാകുന്ന ഇസ്രയേൽ നടപടിയെയും നീതീകരിക്കാനാവില്ല.
രാഷ്ട്രപദവിയും പരമാധികാരവുമെന്ന പലസ്തീന്റെ സ്വപ്നം സാധ്യമാക്കുന്നതും ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളെ ദൂരീകരിക്കുന്നതുമായ ദ്വിരാഷ്ട്രപരിഹാരത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ ഇക്കാര്യത്തിലെ നിലപാട്. ഐക്യരാഷ്ട്രസഭ ഇക്കാലമത്രയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അതുതന്നെ. എന്നാൽ, യു.എൻ. പ്രമേയങ്ങൾ നടപ്പാക്കുന്നതിൽ തികഞ്ഞ പരാജയമാണ് ഇസ്രയേൽ.

 ശാശ്വതപരിഹാരം അകലെ
ഗാസയിൽ താത്‌കാലികമായെങ്കിലും ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുകഴിഞ്ഞു. മേഖലയിലെ പുതിയ സംഘർഷം ഒരുപക്ഷേ നയതന്ത്രമാർഗങ്ങളിലൂടെ പരിഹരിക്കാനും നേരത്തേയുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനും കഴിയുമായിരിക്കും. എന്നാൽ, ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ചക്രം ഇങ്ങനെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നതുവരെ ഇരുഭാഗത്തും വിദ്വേഷം വർധിച്ചുകൊണ്ടുമിരിക്കും.

ഇന്ത്യയിലും പ്രബലസാന്നിധ്യമുള്ള മൂന്ന് മതങ്ങളുടെ വിശുദ്ധനാട്, അവിടത്തെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ പ്രാർഥനയും പ്രവർത്തനങ്ങളുമുണ്ടാകണം. യു.എൻ. പ്രമേയങ്ങളിലാവശ്യപ്പെട്ടതുപോലെ പലസ്തീൻ വിഷയത്തിന് ന്യായപൂർണ പരിഹാരമെന്ന നിലപാടിൽത്തന്നെ ഇന്ത്യ തുടർന്നുപോകണം. കാലങ്ങളായി ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് തുല്യതയും സമാധാനവും ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്താൻവേണ്ടിമാത്രമല്ല, മറിച്ച് വിഭിന്നമതങ്ങളുടെയും വിഭിന്ന സംസ്കാരങ്ങളുടെയും ബഹുസ്വര സമൂഹങ്ങളുടെയുമെന്ന വിശ്വാസധാരയിൽ ഇന്ത്യയ്ക്കുള്ള താത്പര്യം കാത്തുസൂക്ഷിക്കാൻകൂടി വേണ്ടിയാവണമത്.

നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ​ ലേഖകൻ എഴുത്തുകാരനുമാണ്‌