ജഡ്ജിമാരെ നിയമിക്കുന്നതിനായി വിവിധ ഹൈക്കോടതി കൊളീജിയം നടത്തിയിട്ടുള്ള 164 ശുപാർശകളിൽ 126-ഉം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നാണ് കേന്ദ്ര നിയമമന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. താങ്കളുടെ പേര് ശുപാർശചെയ്തപ്പോഴും സമാനമായ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതേക്കുറിച്ച് പറയാനുള്ളത്
= സർക്കാർതലത്തിൽ തീരുമാനം വൈകുന്നതല്ല, നിയമനരീതിയാണ് പ്രധാന പ്രശ്നം. ജഡ്ജിമാർതന്നെ ജഡ്ജിമാരെ നിയമിക്കുന്നത് ലോകത്തൊരിടത്തുമില്ല. ഭരണഘടനാഭേദഗതിയിലൂടെ നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മിഷൻ നിലവിൽവന്നപ്പോൾ ആ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നുപറഞ്ഞ് റദ്ദാക്കി. വീണ്ടും ഭേദഗതി കൊണ്ടുവരാൻ ബി.ജെ.പി. സർക്കാരും തയ്യാറായില്ല. ഇതിന് തടസ്സമുണ്ടായിരുന്നില്ല. അവർക്കും ജഡ്ജിമാരുടെ നിയമനത്തിന് സ്ഥിരമായ ഒരു സംവിധാനം ആവശ്യമായിരുന്നില്ല. 
ഓരോരുത്തർക്കും ഓരോരുത്തരെ ഏറ്റെടുക്കാൻ കഴിയുന്ന സംവിധാനത്തോടായിരുന്നു ഏവർക്കും താത്‌പര്യം. ഹൈക്കോടതി കൊളീജിയം, സുപ്രീംകോടതി കൊളീജിയം, നിയമമന്ത്രി, ഭരണകക്ഷി എന്നിങ്ങനെ ഒട്ടേറെ തത്‌പരകക്ഷികൾ അതിനായി ഉണ്ടായി. 
ആർക്കും സ്ഥിരമായ സംവിധാനം ആവശ്യമായിരുന്നില്ല. സ്ഥിരമായ സംവിധാനം ഉണ്ടാകുന്നതുവരെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കും. കാര്യക്ഷമതയല്ല ഈ കാലതാമസത്തിനു കാരണം, മറിച്ച് രാഷ്ട്രീയമാണ്.  ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടതാണ് ജനങ്ങൾക്ക് അറിയാത്ത ഏറ്റവും വലിയ രഹസ്യം.

 കോടതിമുറിയിൽ ജഡ്ജിമാർ പറയുന്ന വാക്കാലുള്ള പരാമർശങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. കൈയടിക്കുവേണ്ടിയാണ് ചില ജഡ്ജിമാർ സംസാരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്
= ഉത്തരവുകളിൽ ഉൾപ്പെടുത്താത്ത പരാമർശങ്ങൾ കോടതിയിൽനിന്നുണ്ടാകുന്നത് ആശാസ്യമല്ല. ഉത്തരവുകൾ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുന്നത്. അടുത്തിടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്ജി, സർക്കാരിന്റെ വിശദീകരണം തൊട്ടടുത്തദിവസം ഫയൽ ചെയ്തില്ലെങ്കിൽ പ്രസിഡന്റ് ഭരണത്തിന് ശുപാർശ ചെയ്യുമെന്നുപോലും പറയുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താനാകില്ല. പ്രതിപക്ഷപാർട്ടിയെപ്പോലെ ജുഡീഷ്യറിക്ക്‌ പ്രവർത്തിക്കാനാകില്ല. ഭരണഘടനാപരമായി നിയന്ത്രിക്കപ്പെട്ടതാണ് കോടതിയുടെയും അധികാരം.

 ഏഴുവർഷം മാത്രമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചത്. 96,000 ഉത്തരവുകളാണ്  ഇക്കാലത്ത്‌ പുറപ്പെടുവിച്ചത്. ഇതെങ്ങനെ സാധ്യമായി
= മദ്രാസ് ഹൈക്കോടതിയിൽ ജഡ്‌ജിയായി ചുമതലയേൽക്കുമ്പോൾ ആറുലക്ഷത്തോളം കേസുകൾ തീർപ്പാക്കാതെയുണ്ടായിരുന്നു. ഇപ്പോൾ ഏഴുലക്ഷത്തോളം കേസുണ്ട്. കാരണമില്ലാതെ കേസുകൾ നീട്ടിവെക്കുന്ന രീതിയുണ്ട്. ഇതിന് അനുവദിച്ചിരുന്നില്ല. ഇതിനാൽ അഭിഭാഷകർക്ക് അനിഷ്ടംപോലും ഉണ്ടായിരുന്നു. അരമണിക്കൂർ മുന്പേ കോടതിയിൽ എത്തുമായിരുന്നു. കോടതിസമയംകഴിഞ്ഞ് രണ്ടുമണിക്കൂറിലധികം കേസ് കേൾക്കാനായി ഇരിക്കുമായിരുന്നു. ഓരോദിവസവും ലിസ്റ്റുചെയ്ത കേസുകൾ പരിഗണിക്കാതെ മടങ്ങുമായിരുന്നില്ല. കേസുകൾ പഠിച്ചിട്ടുമാത്രമേ കോടതിയിലേക്ക് എത്തിയിരുന്നുള്ളൂ. കോടതിമുറിയിൽ ഉത്തരവുകൾ എഴുതുന്ന രീതിയും ഉണ്ടായിരുന്നില്ല. അത് വീട്ടിൽവെച്ചാണ് ചെയ്തിരുന്നത്. കോടതിയിലും വീട്ടിലും ഏഴുമണിക്കൂർവീതം ജോലിചെയ്യുമായിരുന്നു.

 മലയാള സിനിമകളായ ‘തുലാഭരവും’, ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യും ഏറെ സ്വാധീനിച്ച സിനിമകളാണെന്നു പറഞ്ഞിരുന്നു. കേരളവും മലയാളവുമായുള്ള അടുപ്പം എങ്ങനെ
= ബിരുദവിദ്യാർഥിയായി ചേർന്നപ്പോൾ ദ്രവീഡിയൻ രാഷ്ട്രീയവുമായി അകലുകയും പകരമായി എന്തെന്ന അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നതൊക്കെ അങ്ങനെയാണ് ശ്രദ്ധിക്കുന്നത്. തൊഴിലാളി യൂണിയനുമായും മറ്റും ബന്ധപ്പെട്ട് ഒട്ടേറെ മലയാളിസുഹൃത്തുക്കളെ പരിചയമുണ്ടായിരുന്നു. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിനേതാക്കളിൽ ചിലരും മലയാളികളായിരുന്നു. കോളേജിലും ഏറെ മലയാളി വിദ്യാർഥികളുണ്ടായിരുന്നു. മലയാളം സിനിമകൾ കാണാനും പോകുമായിരുന്നു. അങ്ങനെയാണ് തോപ്പിൽ ഭാസിയുടെ ‘തുലാഭാരം’, ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ തുടങ്ങിയ സിനിമകൾ കാണുന്നതും സ്വാധീനിക്കുന്നതും.
താൻ ജനങ്ങൾക്കിടയിൽ പോപ്പുലർ ആകുന്നത് ‘ജയ് ഭീമി’ലൂടെയാണെങ്കിൽ ഇടത് രാഷ്ട്രീയത്തിലേക്കു തന്നെ നയിക്കുന്നത് ‘തുലാഭാര’മായിരുന്നു. ഇതിനുപിന്നാലെ നിങ്ങൾ എന്ന കമ്യൂണിസ്റ്റാക്കി എന്ന സിനിമ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ‘സഖാക്കാളേ മുന്നോട്ട്’ എന്നത് ഞങ്ങളുടെയും മുദ്രാവാക്യമായിരുന്നു.

 പഠനകാലത്ത് ഇടത് വിദ്യാർഥിപ്രസ്ഥാനങ്ങളുടെ സജീവപ്രവർത്തകനായിരുന്നല്ലോ. തമിഴ്നാട് ഇടത് പ്രസ്ഥാനങ്ങൾക്ക്‌ വളരാൻ അനുയോജ്യമായ മണ്ണായിട്ടും എന്തേ അതു സംഭവിച്ചില്ല
= കേരളം, തമിഴ്നാട്, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലൊക്കെ പാർട്ടിക്ക്‌ വലിയ സ്വാധീനമുണ്ടായിരുന്നു. പക്ഷേ, ജനാധിപത്യരീതിയിൽനിന്ന് സായുധപോരാട്ടം എന്ന ആത്മഹത്യാപരമായ നിലപാട് ആദ്യം സ്വീകരിച്ചത് വലിയ അബദ്ധമായി. അത് ഉപേക്ഷിച്ച് തിരിച്ചുവന്നപ്പോഴേക്കും പാർട്ടിയെ നിരോധിക്കുകയും ചെയ്തു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. കോൺഗ്രസിന് പകരമായി ഉയർന്നുവരാൻ സാധിക്കുന്നഘട്ടം വന്നപ്പോൾ പാർട്ടിയുടെ നേതാക്കൾ ജയിലിലുമായി. അതോടെ മറ്റു രാഷ്ട്രീയകക്ഷികൾ ആ സ്ഥാനത്തേക്ക്‌ കടന്നുവന്നു. കമ്യൂണിസ്റ്റ് പാർട്ടിയെ മാറ്റിനിർത്തുന്നതിനായി കോൺഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ അർഥത്തിൽ കമ്യൂണിസ്റ്റ് മൂവ്‌മെന്റിനെ തകർക്കാൻ ബ്രിട്ടീഷുകാർ മാത്രമല്ല കോൺഗ്രസും ശ്രമിച്ചെന്നു പറയാം.

 ‘ജയ് ഭീം’ എന്തു മാറ്റമാണ് ഉണ്ടാക്കിയത്?
= 30 വർഷം അഭിഭാഷകനും ഏഴുവർഷം ജഡ്ജിയുമായിരുന്നപ്പോൾ കിട്ടാത്ത പ്രശസ്തി സിനിമ സമ്മാനിച്ചു. പക്ഷേ, ആദിവാസികളുടെ ജീവിതം പറയാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും സന്തോഷം. ഇപ്പോൾ അവർ അവകാശങ്ങൾക്കായി തെരുവിലേക്ക് സമരവുമായി എത്തുന്നു. അതാണ് യഥാർഥപരിഹാരം, സിനിമയല്ല. പഠിക്കണമെന്ന ആഗ്രഹം അവരിലുണ്ടാക്കാനായാൽ അതാണ് നേട്ടം. കോടതിയെ ഒരുപരിധിവരെ യാഥാർഥ്യത്തോടെ ചിത്രീകരിക്കാൻ കഴിഞ്ഞു. 

 ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുമായി പരിചയപ്പെടുന്നതും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും എങ്ങനെ
= 1975-ൽ അവസാനവർഷ നിയമവിദ്യാർഥിയായിരിക്കുന്പോൾമുതൽ ­വി.ആർ. കൃഷ്ണയ്യരെ അറിയാം. മദ്രാസ് അദ്ദേഹത്തിന് രണ്ടാം വീടുപോലെയായിരുന്നു. ഇടയ്ക്കിടെ അവിടെ വരുമായിരുന്നു. അവിടെ അദ്ദേഹം ‘തമിഴ്നാട് ലീഗൽ എയ്ഡ് അഡ്വൈസ് ബോർഡ്’ എന്ന പേരിലൊരു സന്നദ്ധസംഘടനയും ആരംഭിച്ചു. പാവപ്പെട്ട മനുഷ്യർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെതന്നെ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു അത്. കൃഷ്ണയ്യരുടെ ഈ ശ്രമങ്ങൾ വലിയതോതിൽ സ്വാധീനിച്ചു. അഭിഭാഷകവൃത്തി തിരഞ്ഞെടുക്കുന്നതിനുപോലും അതാണ് കാരണമായത്. 
പാവപ്പെട്ടവർക്ക് ആവശ്യമായ നിയമസഹായവുമായി മുന്നോട്ടുപോകാനും അതാണ് കരുത്തായത്. ഇതോടെയാണ് കൃഷ്ണയ്യരുമായി അടുത്തു പ്രവർത്തിക്കുന്നത്. പ്രാക്ടീസ് തുടരുന്നതിനുപകരം ജഡ്ജിയാകണം എന്നു പറഞ്ഞത് അദ്ദേഹമാണ്. അനുകൂലമായി പ്രതികരിച്ചതോടെ എന്നെ ജഡ്ജിയാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. 2001-ൽ കൃഷ്ണയ്യർ പങ്കെടുത്ത ചടങ്ങിൽ അന്നത്തെ ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ ഗുരുവെന്നു വിളിച്ചു. ഗുരുവാണെങ്കിൽ ഗുരുദക്ഷിണ വേണമെന്നായി കൃഷ്ണയ്യർ. ചന്ദ്രുവിനെ ജഡ്‌ജിയാക്കണം എന്നായിരുന്നു അദ്ദേഹം ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്.  
 ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ കൃഷ്ണയ്യരാണ് എന്റെ വഴികാട്ടിയെന്നു പറഞ്ഞിരുന്നു. ജഡ്ജിയായിരിക്കേ എന്റെ വിധിന്യായങ്ങൾ പ്രകീർത്തിച്ച് അദ്ദേഹം കത്തെഴുതുമായിരുന്നു. 
എന്റെ വഴികാട്ടിയും സുഹൃത്തും ഫിലോസഫറുമെല്ലാം ആയിരുന്നു അദ്ദേഹം. ഇന്ത്യക്ക്‌ അകത്തും പുറത്തുമായി അദ്ദേഹവുമൊത്ത് ഒട്ടേറെ യാത്രകൾ നടത്തി.  ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ കൊച്ചിയിലെത്തി കൃഷ്ണയ്യരെ സന്ദർശിച്ചിരുന്നു.