International Mother Language Dayഅന്തർദേശീയ മാതൃഭാഷാദിനം ഇന്ന്‌

ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്താൽ എന്നും സമ്പന്നമായിരുന്നു നമ്മുടെയീ പൗരാണികഭൂമി. നൂറ്റാണ്ടുകൾകൊണ്ട്, നൂറുകണക്കിന് ഭാഷകളും ഭാഷാഭേദങ്ങളും തളിർത്തു പൂക്കുന്നതും വർണശബളമായ നമ്മുടെ സാംസ്കാരികഭൂവിൽ അവ ശക്തമായും സചേതനമായും നിലനിൽക്കുന്നതും ഇന്ത്യ കണ്ടു. ആശയവിനിമയത്തിന്റെ പ്രാഥമിക സങ്കേതമെന്നതിനെക്കാളുപരി മാതൃഭാഷയെന്നത് ഓരോ വ്യക്തിയുടെയും ഓരോ സമൂഹത്തിന്റെയും സാംസ്കാരിക സ്വത്വവുമായി വേർപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നത് മറന്നുപോകരുത്. അതുകൊണ്ടുതന്നെ മാതൃഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ നയരൂപവത്‌കരണം നടത്തേണ്ടതും അവ അടിത്തട്ടിൽ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

 ഭാഷകൾ അപ്രത്യക്ഷമാവരുത്
പല പുരാതനഭാഷകളും അപകടകരമാംവിധം നാശത്തിലേക്ക് നീങ്ങുകയും അവയിൽ പലതും അപ്രത്യക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഭാഷാവൈവിധ്യം സംരക്ഷിക്കുകയെന്ന ദൗത്യത്തിനായി 1999 നവംബറിലാണ് ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി ആചരിക്കാൻ യുനെസ്കോ തീരുമാനിച്ചത്. ലോകത്തെ ഭാഷകളിൽ പകുതിയെണ്ണത്തിന്റെയും ഭാവി ഇരുളടഞ്ഞു കഴിഞ്ഞുവെന്നും അവ ഈ നൂറ്റാണ്ടു കടക്കില്ലെന്നും യുനെസ്കോ പ്രവചിച്ചിട്ടുമുണ്ട്. ‘വിദ്യാഭ്യാസത്തിലും സമൂഹത്തിലും ഉൾപ്പെടുത്തി ബഹുഭാഷാവാദം വളർത്തുക’ എന്നതാണ് ഇക്കൊല്ലത്തെ മാതൃഭാഷാദിനം മുന്നോട്ടുവെക്കുന്ന ആശയം. ബഹുഭാഷാവാദം സകലതിനെയും ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണിത്.

 മാറണം, മനോഭാവം
ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ച് മാതൃഭാഷാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഇന്ത്യൻ നാഗരികതയുടെ അടിസ്ഥാനശിലതന്നെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തിലൂന്നിയതാണ്.
മാതൃഭാഷയ്ക്ക് പുച്ഛത്തോടെ അതിർത്തി കല്പിക്കുകയും ഇംഗ്ലീഷ് പരിജ്ഞാനത്തെ അമിതമായി വിശുദ്ധവത്കരിക്കുകയും ചെയ്യുന്ന മനോഭാവം നമ്മുടെ സ്കൂൾവിദ്യാഭ്യാസകാലം തൊട്ടേ തുടങ്ങുന്നുണ്ട്. ഈ മനോഭാവം മാനസികമായ അടിമത്തത്തിന്റെ പ്രതീകമാണെന്ന് പലയിടങ്ങളിലും ഞാൻ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ‘ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർ മുമ്പ്‌ ചെയ്തിട്ടുള്ളതും ഇപ്പോഴും ചെയ്യുന്നതുപോലെയും മാതൃഭാഷയോടുള്ള അവഗണന തുടർന്നാൽ ഭാഷാപരമായ ദാരിദ്ര്യം എക്കാലവും നിലനിൽക്കുക തന്നെ ചെയ്യും’ എന്ന് ഗാന്ധിജി ദീർഘവീക്ഷണത്തോടെ മുമ്പേ പറഞ്ഞിരുന്നു.

ഒരാൾ ജീവിക്കുന്ന പരിതഃസ്ഥിതിയുടെ ഏറ്റവും അടുത്തുള്ള ഭാഷ എന്നതിൽനിന്ന് ഒരാൾക്ക് ഏറ്റവും അടുപ്പമുള്ള ഭാഷയെന്നതിലേക്ക് ‘മാതൃഭാഷ’ എന്ന സംജ്ഞ മാറിയിരിക്കുന്നു. ‘നമ്മുടെ അമ്മമാരിൽനിന്ന് നാം പഠിച്ച ഭാഷകളാണ് നമ്മുടെ ആന്തരിക ചിന്തകളുടെ ജന്മദേശം’ എന്ന് യുനെസ്കോയുടെ മുൻ ഡയറക്ടർ ജനറൽ കൊയ്ചിറോ മാറ്റ്‌സുര പറയുന്നു. മനുഷ്യജീവിതത്തെപ്പോലെത്തന്നെ മാറ്റി പ്രതിഷ്ഠിക്കാൻ കഴിയാത്തത്രയും മൂല്യമേറിയതും വ്യതിരിക്തമായതുമാവണം ഓരോ ഭാഷയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 പുനരുജ്ജീവിപ്പിക്കാം ഭാഷകളെ
കുറഞ്ഞത് ഒരു ദേശീയഭാഷയും വിദേശഭാഷയെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ അവരുടെ ലോകവീക്ഷണം വർധിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നാണ് ഞാൻ കരുതുന്നത്. ലോകത്തിന്റെ പലഭാഗത്തും കുട്ടികൾ രണ്ട് ഭാഷകളെങ്കിലും സ്വായത്തമാക്കി ദൈനംദിന ജീവിതം എളുപ്പമാക്കുന്നുണ്ട്. ബഹുഭാഷാവാദത്തിലും ബഹുസംസ്കാരത്തിലുമൂന്നിയ പരിതഃസ്ഥിതി നമ്മുടെ രാജ്യത്തെ വിവിധയിടങ്ങളിലും കാണാം. ഇത്തരത്തിലുള്ള ഭാഷാപരമായ കഴിവ് കുട്ടികളിൽ മെച്ചപ്പെട്ട ധാരണാവികാസത്തിലേക്ക് നയിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാതൃഭാഷയ്ക്കുപുറമേ മറ്റു ഭാഷകളിലുമുള്ള പരിചയം വിജ്ഞാനത്തിന്റെ നവലോകത്തേക്കുള്ള ജാലകങ്ങൾ അവർക്കു മുന്നിൽ തുറക്കുന്നു.

19,500 ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ് ഇന്ത്യയെന്നാണ് 2018-ലെ ഭാഷാ സെൻസസ് സൂചിപ്പിക്കുന്നത്. പതിനായിരത്തിലോ അതിലേറെയോ ആളുകൾ സംസാരിക്കുന്ന 121 ഭാഷകൾ നമ്മുടെ രാജ്യത്തുണ്ട്. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 196 ഭാഷകൾ ഇന്ത്യയിലുണ്ടെന്നും സെൻസസ് സൂചിപ്പിക്കുന്നു. ഭരണതലത്തിലേക്ക് നമ്മുടെ മാതൃഭാഷകൾ കടന്നുവരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. പ്രാദേശിക ഭാഷകളിൽ പരീക്ഷകൾ നടത്താനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ഇടപെടലുകളെ പൂർണമായും സ്വാഗതം ചെയ്യുന്നു. രാജ്യസഭാംഗങ്ങൾക്ക് 22 ഭാഷകളിൽ സഭയെ അഭിസംബോധന ചെയ്യാനുള്ള അവസരവും അടുത്തിടെ അവതരിപ്പിക്കപ്പെട്ടു. സുപ്രീംകോടതിയുടെ വിധികൾ ആറു ഭാഷകളിൽക്കൂടി ലഭ്യമാക്കിയ തീരുമാനവും ബഹുഭാഷാ മൂല്യങ്ങളിലേക്കുള്ള ആദ്യപടികളിലൊന്നാണ്.

ഏതൊരു സംസ്കാരത്തെയും അതിന്റെ ശരിയായ അർഥത്തിൽ അറിയുകയും ചേർന്നിരിക്കുകയും ചെയ്യണമെങ്കിൽ അതുൾക്കൊള്ളുന്ന ഭാഷയെ നിങ്ങളറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ വ്യക്തിഗത, പ്രാദേശിക, ദേശീയ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്ന നമ്മുടെ ബഹുഭാഷാ, ബഹുസംസ്കാര സമൂഹത്തെ ഊർജസ്വലമായ നാഗരികമൂല്യങ്ങളിലൂടെ നമുക്ക് ശാക്തീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം.