ലോക ഭിന്നശേഷി ദിനം ഇന്ന്‌

ഡിസംബർ മൂന്നിന്‌ ലോകഭിന്നശേഷിദിനമാചരിക്കുമ്പോൾ കേരള സർക്കാരിൽനിന്ന്‌ അവർക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഒാരോ ഭിന്നശേഷിക്കാരനും അവരുടെ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്‌. 1995-ലെ ഭിന്നശേഷി നിയമം പുതുക്കി 2016-ൽ റൈറ്റ്‌ ടു പേഴ്‌സൺസ്‌ വിത്ത്‌ ഡിസെബിലിറ്റി ആക്ട്‌ നിലവിൽവന്നപ്പോൾ ഏഴിൽനിന്ന്‌ 22 തരം ആളുകൾ ഭിന്നശേഷി വിഭാഗത്തിപ്പെട്ടവരായി ഉയർന്നു. 2015-ലെ കേരള സർക്കാർ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സർവേ റിപ്പോർട്ട്‌ പ്രകാരം 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്‌.

അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന്‌ സാമൂഹ്യനീതി വകുപ്പ്‌, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, എംപ്ലോയ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ മുഖന ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പുനരധിവാസ പദ്ധതികളുടെ വിവരങ്ങൾ ഏതാനും ചുവടെക്കൊടുക്കുന്നു.

 വിദ്യാർഥികൾക്ക്‌  സ്കോളർഷിപ്പ്‌ 
ഒന്നാം ക്ലാസ്‌ മുതൽ പ്രൊഫഷണൽ പി.ജി. കോഴ്‌സുകൾക്ക്‌ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ സ്കോളർഷിപ്പ്‌ നൽകുന്ന പദ്ധതി.  കുടുംബവാർഷികവരുമാനം 36,000 രൂപയിൽ അധികമാകരുത്‌. സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന്റെ മുൻവർഷം കുറഞ്ഞത്‌ 40 ശതമാനം മാർക്ക്‌ നേടിയിരിക്കണം. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക്‌ അധ്യയനവർഷം ആരംഭിച്ച്‌ മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കണം. അർഹരായ അപേക്ഷകർക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾമുഖേന സ്കോളർഷിപ്പ്‌ വിതരണംചെയ്യുന്നു.

 വിദ്യാകിരണം പദ്ധതി
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക്‌ ഒന്നാംക്ലാസ്‌ മുതൽ പി.ജി./പ്രൊഫഷണൽ കോഴ്‌സുകൾക്ക്‌ പഠിക്കുന്നതിനായി സർക്കാർ/എയ്ഡഡ്‌ സ്ഥാപനങ്ങളിലെ സർക്കാർ അഗീകൃത കോഴ്‌സുകൾ വരെ  സ്‌കോളർഷിപ്പ്‌ നൽകുന്ന പദ്ധതി. ഒരു ലക്ഷം രൂപ വരുമാനപരിധി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക്‌ സമർപ്പിക്കണം.

 വിദ്യാജ്യോതി പദ്ധതി
ഗവ. എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്‌ മുതൽ പി.ജി. കോഴ്‌സ്‌ വരെ 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്‌ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള സഹായധനം നൽകുന്ന പദ്ധതി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക്‌ സമർപ്പിക്കണം.

 മാതൃജ്യോതി പദ്ധതി
ഭിന്നശേഷിക്കാരിയായ മാതാവിന്‌ പ്രസവാനന്തരം തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിന്‌ പ്രതിമാസം 2000 രൂപ നിരക്കിൽ കുട്ടിക്ക്‌ രണ്ടുവയസ്സാകുന്നതുവരെ സഹായധനം നൽകുന്ന പദ്ധതി. വേണ്ടകാര്യങ്ങൾ.
വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റിന്റെ പകർപ്പ്‌
ആശുപത്രിയിൽനിന്നുള്ള ഡിസ്‌ച്ചാർജ്‌ സർട്ടിഫിക്കറ്റ്‌
വരുമാന സർട്ടിഫിക്കറ്റ്‌ (ബി.പി.എൽ. ആണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്‌)
ബാങ്ക്‌ പാസ്ബുക്കിന്റെ ബന്ധപ്പെട്ട പേജ്‌
വരുമാനപരിധി ഒരു ലക്ഷം രൂപ 

 പരിണയം പദ്ധതി
ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള ഭിന്നശേഷിക്കാരായ വനിതകളെയും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കളെയും നിയമാനുസൃതം വിവാഹം ചെയ്തയക്കുന്നതിനുള്ള ചെലവിലേക്ക്‌ സാമ്പത്തികസഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ്‌ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ്‌ പരിണയം. ഗുണഭോക്താക്കൾക്ക്‌ ഒറ്റത്തവണ സഹായധനമായി 30,000 രൂപ വിതരണംചെയ്യുന്നു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമാകരുത്

 സ്വാശ്രയ പദ്ധതി
തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എൽ. കുടുംബത്തിൽപ്പെട്ട മാതാവിന്/രക്ഷകർത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയംതൊഴിൽ ആരംഭിക്കുന്നതിന്‌ ഒറ്റത്തവണ സഹായധനം നൽകുന്ന പദ്ധതി. ഒറ്റത്തവണ സഹായധനമായി 35,000 രൂപ അനുവദിക്കുന്നു. ശാരീരിക, മാനസിക വെല്ലുവിളി 70 ശതമാനമോ അതിൽക്കൂടുതലോയുള്ള വ്യക്തികളുടെ മാതാവാകണം വിധവകൾ; ഭർത്താവ്‌ ഉപേക്ഷിച്ചുപോയ സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ്‌ ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽനിന്നു സഹായം ലഭ്യമാകാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക്‌ അപേക്ഷിക്കാം. സ്വയംതൊഴിൽ സംബന്ധിച്ച്‌ വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക്‌ സമർപ്പിക്കണം.

 വിജയാമൃതം പദ്ധതി
വൈകല്യത്തോട്‌ പൊരുതി വിദ്യാഭ്യാസസ്ഥാപനങ്ങളിൽപ്പോയി/വീട്ടിലിരുന്ന്‌ പഠിച്ച്‌ ഡിഗ്രി, പി.ജി./പ്രൊഫഷണൽ കോഴ്സ്‌ എന്നീ തലത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ പ്രോത്സാഹനം എന്നതരത്തിൽ കാഷ്‌ അവാർഡ്‌ നൽകുന്ന പദ്ധതി. ഡിഗ്രി തലത്തിൽ ആർട്സ്‌ വിഷയത്തിൽ 60 ശതമാനവും സയൻസ്‌ വിഷയത്തിൽ 80 ശതമാനവും/അതിൽ കൂടുതൽ മാർക്ക്‌ കരസ്ഥമാക്കിയവരുമായ വിദ്യാർഥികളാണ്‌ ഗുണഭോക്താക്കൾ. പി.ജി. പ്രൊഫഷണൽ കോഴ്‌സുകൾക്ക്‌ 60 ശതമാനവും/അതിൽ കൂടുതൽ മാർക്ക്‌ കരസ്ഥമായിരിക്കണം. അപേക്ഷകർ സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/കോളേജുകൾ, മറ്റ്‌ അംഗീകൃതസ്ഥാപനങ്ങൾ (പാരലൽ കോളേജ്‌, വിദൂരവിദ്യാഭ്യാസം) എന്നിവിടങ്ങളിൽനിന്ന്‌ ആദ്യ അവസരത്തിൽത്തന്നെ പാസായിരിക്കണം.

 സഹചാരി പദ്ധതി
പരസഹായം ആവശ്യമായ 40 ശതമാനത്തിനുമുകളിൽ വൈകല്യമുള്ള കുട്ടികളെ പഠനത്തിലും മറ്റു കാര്യനിർവഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന എൻ.എസ്‌.എസ്‌./എൻ.എസ്‌.സി./എസ്‌.പി.സി. യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. സർക്കാർ/എയ്‌ഡഡ്‌/പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന യൂണിറ്റിനെയാണ്‌ ആദരിക്കുന്നത്‌. ജില്ലയിൽനിന്ന്‌ മികച്ച മൂന്നു യൂണിറ്റിനാണ്‌ അവാർഡ്‌ നൽകുന്നത്‌. വിദ്യാഭ്യാസസ്ഥാപനം ഭിന്നശേഷി സഹൃദമാക്കുന്നതിന്‌ സഹായിക്കുന്ന യൂണിറ്റിനെയും അവാർഡിന്‌ പരിഗണിക്കും.

 നിരാമയ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി
നാഷണൽ ട്രസ്റ്റ്‌ നിയമത്തിലുൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധികവെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ചവർക്കായുള്ള സമഗ്രആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി. കേന്ദ്രസർക്കാർ പദ്ധതിയാണെങ്കിലും ഇതിൽ അംഗങ്ങളാകുന്നതിന്‌ ഗുണഭോക്താവ്‌ അടയ്ക്കേണ്ട പ്രീമിയം തുക കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്‌ വഴി അടച്ച്‌ സൗജന്യ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പുനൽകുന്നു. ഇൻഷുറൻസ്‌ എല്ലാ വർഷവും പ്രീമിയം അടച്ച്‌ പുതുക്കേണ്ടതുണ്ട്‌. ഇതും സർക്കാർ തന്നെയാണ്‌ അടയ്ക്കുന്നത്‌. പദ്ധതിയിൽ ചേരുന്നതിന്‌ എ.പി.എൽ. വിഭാഗം 500 രൂപയും ബി.പി.എൽ. വിഭാഗം 250 രൂപയും പദ്ധതിപുതുക്കുന്നതിന്‌ യഥാക്രമം 250, 50 എന്നിങ്ങനെയുമാണ്‌ പ്രീമിയം തുക അടയ്ക്കേണ്ടത്‌.

 റീജണൽ ഏർളി ഇന്റർവെൻഷൻ സെന്റർ
ഭിന്നശേഷികൾ എത്രയും നേരത്തേ കണ്ടെത്തുന്നതിനും തെറാപ്പികൾ, പരിശീലനങ്ങൾ, ചികിത്സകൾ ഉൾപ്പെടെയുള്ള അനുയോജ്യമായ ഇടപെടൽ നടത്തുന്നതിനുമായി സംസ്ഥാനത്തെ അഞ്ച്‌ മെഡിക്കൽ കോളേജുകളിൽ (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്‌) റീജണൽ ഏർളി ഇന്റർവെൻഷൻ സെന്ററുകൾ സ്ഥാപിച്ച്‌ പ്രവർത്തിച്ചുവരുന്നു. അംഗപരിമിത സ്‌ക്രീനിങ്‌, ഏർളി ഇന്റർവെൻഷൻ, തെറാപ്പി, പരിശീലനങ്ങൾ തുടങ്ങിയവ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നു. മെഡിക്കൽ കോളേജിലെ ശിശുചികിത്സാ വിഭാഗത്തിലെ ഡോക്ടറാണ്‌ ഈ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ, കൂടാതെ ഓഡിയോളജിസ്റ്റ്‌ കം തെറാപ്പിസ്റ്റ്‌, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌, ഒപ്റ്റോമെട്രിസ്റ്റ്‌, സ്റ്റാഫ്‌ നഴ്‌സ്‌, ഡെവലപ്മെന്റ്‌ തെറാപ്പിസ്റ്റ്‌, ഫിസിയോ തെറാപ്പിസ്റ്റ്‌, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സ്പെഷ്യൽ എജ്യുക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ വിദഗ്ധരുടെ സേവനം ഈ സെന്ററുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്‌.

 കാതോരം
കുട്ടികളിലെ കേൾവിവൈകല്യം നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിനായി കാതോരം എന്ന പദ്ധതി  നടപ്പാക്കിവരുന്നു. കുഞ്ഞ്‌ ജനിച്ചയുടൻ കേൾവിപരിശോധന നടത്തുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ 62 സർക്കാർ ഡെലിവറി പോയന്റുകളിൽ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്‌.  വിദഗ്ധപരിശോധനയിലൂടെ കേൾവിവൈകല്യം സ്ഥിരീകരിക്കുന്നതിനുള്ള ബി.ഇ.ആർ.എ. സംവിധാനം  എല്ലാ ജില്ലാകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്‌. ജില്ലകളിലെ എൻ.പി.പി.സി.ഡി. (National Programme for Prevention and Control of Deafness-N.P.P.C.D.) കേന്ദ്രങ്ങളിലാണ്‌ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്‌. പ്രതിവർഷം 1000-1500 കുട്ടികൾ ബി.­ഇ.ആർ.എ.യിലൂടെ ഈ പരിശോധനയ്ക്ക്‌ വിധേയരാകുന്നു. 

 സഹായോപകരണങ്ങൾ
ഈ പദ്ധതിയനുസരിച്ച്‌ 1,00,000 രൂപയിൽത്താഴെ പ്രതിവർഷവരുമാനമുള്ള ഭിന്നശേഷിക്കാർക്ക്‌ സഹായോപകരണങ്ങൾ സൗജന്യമായി അനുവദിക്കുന്നു. മൂന്നുവർഷത്തിലൊരിക്കലാണ്‌ ഇവ നൽകുന്നത്‌. ഹൈടെക്‌ ലിംപ്‌, ഇലക്‌ട്രോണിക്‌ വീൽച്ചെയർ, വോയ്സ്‌ എൻഹാൻസ്ഡ്‌ സോഫ്‌റ്റ്‌വേറോടുകൂടിയ ലാപ്ടോപ്‌, വീൽച്ചെയർ, മൂന്നുവീൽ സൈക്കിൾ, ആർട്ടിഫിഷ്യൽ ലിംപുകൾ. കാലിപ്പർ, ശ്രവണസഹായി ഡി.വി.ഡി.പ്ളെയറുകൾ, കുടലിൽ കാൻസർ ബാധിച്ചവർക്കുള്ള കൊളോസ്റ്റമി ബാഗുകൾ, വൈറ്റ്‌ കെയിൻ, കുട്ടികൾക്കുള്ള സി.പി. ചെയറുകൾ, വാക്കർ തുടങ്ങി നൂറോളം ഉപകരണങ്ങൾ കോർപ്പറേഷനിൽനിന്ന്‌ നൽകുന്നു. സർക്കാർ ഡോക്ടറുടെ ശുപാർശയോടുകൂടിയ നിശ്ചിത അപേക്ഷയോടൊപ്പം രണ്ട്‌ പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോയും റേഷൻ കാർഡ്‌, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ്‌ സർട്ടിക്കിഫിക്കറ്റ്‌ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.

ഭിന്നശേഷിക്കാരുടെ തുല്യതയും വേർതിരിവില്ലായ്മയും പ്രാപ്യതയിലും സമ്പൂർണമായ ഉൾക്കൊള്ളലും എന്ന അടിസ്ഥാന അവകാശ പ്രഖ്യാപനം ആദ്യമായി അംഗീകരിച്ച്‌ നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇത്തരം മഹത്തായ ലക്ഷ്യങ്ങൾ ഉറപ്പാക്കുന്നതിന്‌ ലക്ഷ്യമിട്ടാണ്‌ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ്‌ പ്രവർത്തിക്കുന്നത്‌. 

# എസ്‌.എച്ച്‌. പഞ്ചാപകേശൻ - സംസ്ഥാന ഭി​ന്നശേഷി കമ്മിഷണർ

(നാഷണൽ ട്രസ്റ്റ്‌ സംസ്ഥാന  കോ-ഓർഡിനേഷൻ കമ്മിറ്റിയംഗവും കോഴിക്കോട്‌ ജില്ലാസമിതി കൺവീനറുമാണ് ലേഖകൻ)

ഹെൽപ്പ്‌  ഡെസ്ക്‌
അംഗപരിമിതർക്കുള്ള സേവനങ്ങൾ, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സാമൂഹിക സുരക്ഷാമിഷന്റെ ഹെൽപ്പ്‌ ഡെസ്കിൽ വിളിക്കാം

1800 120 1001