മലപ്പുറം: 'മനോഹരമായ ചിത്രങ്ങള്‍ ഇനിയും ക്യാപ്ച്ചര്‍ ചെയ്യണം, അതാണെന്റെ ആഗ്രഹം. ബഹുമതികള്‍ പിന്നാലെ വരുന്ന കാര്യങ്ങള്‍'-ഫോട്ടോഗ്രഫിയില്‍ ആദ്യ അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷത്തില്‍ നില്‍ക്കുമ്പോഴും കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള  ആവേശത്തിലാണ് മലപ്പുറം പൊന്നാനി സ്വദേശി അഭിലാഷ് വിശ്വ.

abhilash viswa
അഭിലാഷ് വിശ്വ

ഡി.ജെ. മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ സണ്‍സെറ്റ്/ സണ്‍റൈസ് വിഭാഗത്തിലാണ് അഭിലാഷിന്റെ ഫോട്ടോ സമ്മാനം നേടിയത്. 39 രാജ്യങ്ങളില്‍നിന്നുള്ള നാലായിരത്തോളം എന്‍ട്രികളില്‍നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. 2017-ല്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനം സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ, സൂര്യശോഭയുടെ പശ്ചാത്തലത്തില്‍ ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്ന ഫോട്ടോയാണ് അഭിലാഷിന് പുരസ്‌കാരം നേടിക്കൊടുത്തത്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഫോട്ടോഗ്രഫിയോടു താത്പര്യമുണ്ടായിരുന്നു. ട്രാവല്‍ ഫോട്ടോഗ്രഫിയിലും വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയിലും തല്‍പ്പരനായിരുന്നെങ്കിലും തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധി പിറകോട്ടു വലിച്ചു. എന്നാല്‍ ഫോട്ടോഗ്രഫിയാണ് ഇപ്പോള്‍ അഭിലാഷിന്റെ അന്നദാതാവ്. ഡിഗ്രിക്കു പഠിക്കുന്ന സമയത്തു ലോണെടുത്തു വാങ്ങിയ ക്യാമറയിലാണ്, വര്‍ഷങ്ങള്‍ക്കിപ്പുറം പുരസ്‌കാരത്തിന് അര്‍ഹമാക്കിയ ചിത്രമെടുത്തെതെന്നു പറയുമ്പോള്‍ അഭിലാഷിന് ആഹ്ലാദം ഇരട്ടി.  

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മുന്‍പും ഒട്ടേറെ മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട് അഭിലാഷ്. ചുറ്റുമുള്ള പച്ചയായ ജീവിതങ്ങളേയും ചുറ്റുപാടുകളേയും ക്യാമറയില്‍ പകര്‍ത്താന്‍  അഭിലാഷിനെ സഹായിച്ചത് യാത്രകള്‍ ചെയ്യുന്നതിലുള്ള താത്പര്യം.

abhilash viswa
തേനിക്കടുത്ത് ഒരു ഗ്രാമക്കാഴ്ച.

ഫോട്ടോ ഫീച്ചറുകളും അഭിലാഷിന്റെ ഇഷ്ടമേഖല. ഏഴു വര്‍ഷമായി പ്രൊഫഷണല്‍ ഫോട്ടോഗ്രഫി രംഗത്തു സജീവമായ  അഭിലാഷിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ കൊടുങ്ങല്ലൂരിലെ ഭരണി ഉത്സവവും തമിഴ്നാട്ടിലെ ജല്ലിക്കെട്ടും മഥുരയിലെ ഹോളി ഫെസ്റ്റിവലുമൊക്കെ ഉണ്ട്. 

ഇക്കാലത്ത് മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഫോട്ടോഗ്രഫറാകാം. പക്ഷേ, ഒരു കലയായി കണ്ട്, സബ്ജക്റ്റിനെ ക്രിയാത്മകമായി ലെന്‍സില്‍ ഒപ്പിയെടുക്കാന്‍ കഴിയണം. ഇതാണ് റിയല്‍ ഫോട്ടോഗ്രഫി. അഭിലാഷ് പറയുന്നു.

ലോകപ്രശസ്തനായ സ്റ്റീവ് മക്കറിയും മലയാളിയായ ഹരി മേനോനുമാണ് അഭിലാഷിനെ സ്വാധീനിച്ചിട്ടുള്ളത്. മക്കറി ഇന്ത്യയില്‍നിന്നു പകര്‍ത്തിയ ചിത്രങ്ങളുടെ ബാക്കിയേ ഏതു ഫോട്ടോഗ്രഫര്‍ക്കും പകര്‍ത്താനുള്ളൂ എന്നാണ് അഭിലാഷിന്റെ അഭിപ്രായം.

abhilash viswa
രാജസ്ഥാനിലെ പുഷ്‌ക്കറില്‍നിന്ന്.

ഒരു ഫോട്ടോഗ്രാഫറുടെ അമൂല്യനിമിഷങ്ങളാണ് കാഴ്ച്ചക്കാരുമായി സംവദിക്കുന്നത്.  ഇക്കാലത്ത് സോഷ്യല്‍ മീഡിയയാണ് ഏറ്റവും വലിയ വേദിയെങ്കിലും സോളോ എക്സിബിഷന്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷ്. 

വെഡിംഗ് ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന  'പിക്കാസോ വെഡിംഗ്സ്' എന്ന ഫോട്ടോഗ്രഫി കമ്പനിയുടെ ഉടമയാണ് അഭിലാഷ്. കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അഭിലാഷിന് അമ്മ അംബികയാണ് പ്രോത്സാഹനങ്ങളെല്ലാം നല്‍കിയത്. രണ്ടു സഹോദരന്‍മാരും അച്ഛനും അമ്മയും അടങ്ങുന്നതാണ് അഭിലാഷിന്റെ കുടുംബം.  

abhilash viswa
കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തില്‍നിന്ന്.
abhilash viswa
ജല്ലിക്കെട്ട്.
abhilash viswa
കുലശേഖപട്ടണത്തിലെ ദസറ ആഘോഷത്തില്‍നിന്ന്. 
Abhilash Viswa
കാളപൂട്ട് മത്സരത്തില്‍നിന്ന്.

Content Highlights: International award winner abhilash viswa