1971 ഡിസംബർ ഒമ്പത്. ഗുജറാത്തിനടുത്ത് ദിയു തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഖുക്രിക്കുനേരെ ടോർപിഡോ ആക്രമണം. കീഴടങ്ങാനവസരമുണ്ടായിട്ടും ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുള്ളയുടെ കീഴിലുള്ള സൈനികർ ദേശക്കൂറിന്റെ വാഹകരായി മരണം വരിക്കാൻ തീരുമാനിച്ചു. 18 നാവിക ഉദ്യോഗസ്ഥരും 176 സൈനികരും ധീര രക്തസാക്ഷികളായി. പാകിസ്താൻ മുങ്ങിക്കപ്പൽ പി.എൻ.എസ്. ഹംഗറിൽനിന്നുള്ള ആക്രമണമാണ് നാശം വിതച്ചത്.

13 ദിവസം മാത്രം നീണ്ടുനിന്ന 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യൻ നേവിക്ക് നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പലായി ഖുക്രി മാറിയതും സൈനികരുടെ ജീവത്യാഗവും യുദ്ധചരിത്രത്തിലെ മായാത്ത മുദ്രയാണ്. ദേശാഭിമാനം വാനോളമുയർത്തി വീരമൃത്യു വരിച്ചവരിൽ പതിനെട്ടോളം മലയാളികളുമുണ്ടായിരുന്നു. അവരിൽ ചിലരുടെ പിൻതലമുറയിലെ കണ്ണികൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിലൂടെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. 

ജോൺ തോമസ് 

ചെങ്ങന്നൂർ ആലയിലെ വീട്ടിൽ ജോൺ തോമസിന്റെ ധീരകൃത്യം അഭിമാനമാക്കി, തെല്ലും പതറാത്ത വാക്കുകളുമായി സാറാമ്മ തോമസ് എന്ന 75 കാരിയുണ്ട്. ഖുക്രി ദുരന്തത്തിൽപ്പെടുമ്പോൾ 30 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ ഭർത്താവ് ജോൺ തോമസിന്. എല്ലാവർഷവും ഡിസംബറിൽ കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥർ സാറാമ്മ തോമസിനരികിലെത്തും. ഡൽഹിയിൽ പുതുതായി കഴിപ്പിച്ച യുദ്ധസ്മാരകത്തിൽ 2020 മാർച്ച് ഒന്നിന് പ്രിയതമന് റീത്ത് സമർപ്പിക്കാനുള്ള ഭാഗ്യവും അവർക്കുണ്ടായി. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി തുടക്കംകുറിച്ച ദീപശിഖാ പ്രയാണം വീട്ടിലെത്തിയതും ജ്വലിക്കുന്ന ഓർമയായി സാറാമ്മ തോമസിന്റെ ഉള്ളിലുണ്ട്. 

ഈശോ ജോൺ 

കുഞ്ഞ് എന്ന് വിളിപ്പേരുള്ള ഈശോ ജോണെന്ന 21-കാരൻ മരണത്തെ പുൽകി രാജ്യത്തിനുവേണ്ടി വീരനായകനായി. മാവേലിക്കര പൈനുംമൂടിൽ സഹോദരൻ വർഗീസ് ജോണിന്റെ വാക്കുകളിൽ നോവോർമകൾക്കു മീതെ ദേശസ്നേഹത്തിന്റെ തിരകളടിക്കുന്നു. റോയൽ ഇന്ത്യൻ നേവിയിൽ ചേർന്ന പിതാവ് പി.ഇ. ജോണിന്റെ വഴി തന്നെ കുഞ്ഞും തിരഞ്ഞെടുത്തു. തേവര സേക്രഡ് ഹാർട്ട് കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ നേവിയിലെത്തി. മൂന്ന് വർഷത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഖുക്രിയിലെ സേവനം. മരണത്തിന് തൊട്ടുമുമ്പ് ഈശോ ജോൺ വീട്ടിലേക്കയച്ച കത്ത് ഇന്നും നെഞ്ചോടു ചേർത്തുവെച്ചിട്ടുണ്ട് വർഗീസ് ജോൺ. 

കെ.പി. മൊയ്തീൻ 

കൊയിലാണ്ടി മുചുകുന്ന് കിഴക്കേപാലയുള്ള കണ്ടി മൊയ്തീൻ 18-ാം വയസ്സിലാണ് നേവിയിൽ ചേരുന്നത്. ഖുക്രി കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ രാജ്യയശസ്സുയർത്തിയ ആ പോരാളി 22-ന്റെ ഊർജസ്വലതയിലായിരുന്നു. അന്ന് 13 വയസ്സുണ്ടായിരുന്ന സഹോദരൻ കെ.പി. ആസാദിന്റെ ഓർമകൾക്ക് മൊയ്തീന്റെ രക്തസാക്ഷിത്വം തെളിച്ചമേറ്റുന്നു. നേവി ഉദ്യോഗസ്ഥനായ പിതാവ് പരീക്കുട്ടിയിൽനിന്ന് പ്രചോദനംകൊണ്ടാണ് മൊയ്തീനും സേനയിലെത്തിയത്. ഖുക്രി അപകടത്തിൽ തകർന്ന് മൊയ്തീന്റെ പ്രാണൻ പോയപ്പോൾ കറാച്ചി തുറമുഖം കീഴടക്കി തിരിച്ചടിച്ച ഇന്ത്യയുടെ ഐ.എൻ.എസ്. മൈസൂർ കപ്പലിൽ പിതാവുമുണ്ടായിരുന്നുവെന്നത് ചരിത്രനിയോഗം. ദേശത്തിനുവേണ്ടി ബലിയർപ്പണം ചെയ്ത സഹോദരന്റെ പിൻഗാമിയാകാൻ കഴിഞ്ഞത് സുകൃതമായാണ് ആസാദ് കണക്കാക്കുന്നത്. 

വി.കെ. രാമദേവൻ പിള്ള 

പന്തളം വെട്ടിയാർ സ്വദേശി രാമദേവൻ പിള്ളയുടെ വീരചരമത്തിന്റെ നാൾവഴികൾ പിൻതലമുറയ്ക്കും നാട്ടുകാർക്കും ആവേശമേറ്റുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ശശിധരൻ പിള്ള രണ്ടുമാസം മുമ്പാണ് മരിച്ചത്. ശശിധരൻ പിള്ളയുടെ മകൻ രമേഷ് കുമാർ അച്ഛനിലൂടെ കേട്ടറിഞ്ഞ ചരിത്ര സത്യങ്ങളുടെ മൂല്യങ്ങൾ ചേർത്തുവെച്ച് പുതുതലമുറയിലുണ്ട്. 22-ാം വയസ്സിലാണ് രാമനാഥൻപിള്ളയുടെയും വിയോഗം. 

എം.കെ. വിജയൻ 

അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരുണയെ ബന്ധുക്കളെത്തി സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടിലെ ആൾക്കൂട്ടവും ചർച്ചകളും പതിയെ ആ സത്യം കാതുകളിലെത്തിച്ചു. അച്ഛൻ എം.കെ. വിജയൻ ഖുക്രി ദുരന്തത്തിൽപ്പെട്ടിരിക്കുന്നു. ബാല്യത്തിലേ അച്ഛൻ നഷ്ടപ്പെട്ട വേദന കൂടെയുണ്ടെങ്കിലും ജീവത്യാഗത്തിന്റെ ഓർമകൾ അരുണയെ പുളകംകൊള്ളിക്കുന്നു. ഇരിങ്ങാലക്കുട എടമുട്ടം ചെന്ത്രാപ്പിന്നിയിലെ കുടുംബജീവിതത്തിൽനിന്ന് വിജയൻ നടന്നുകയറിയത് ദേശാഭിമാനികളുടെ ഉന്നത നിരയിലേക്കാണ്. 2014-ലാണ് ഭാര്യ പദ്‌മിനി മരിച്ചത്. 

കെ.രാധാകൃഷ്ണൻ 

പാലക്കാട് ചുണ്ടമ്പറ്റ ഗ്രാമത്തിന് അഭിമാനമേറ്റി വീരചരമം പ്രാപിച്ച കെ. രാധാകൃഷ്ണനും ഖുക്രിയുടെ ചരിത്രപഥങ്ങളിൽ തെളിച്ചത്തോടെ നിൽക്കുന്നു. തന്റെ അമ്മയുടെ സഹോദരന്റെ ദീപ്തസ്മരണകൾക്കു മുമ്പിൽ കൈകൂപ്പി കാലിക്കറ്റ് സർവകലാശാലയിലെ രസതന്ത്രവിഭാഗം മേധാവി ഡോ. രവീന്ദ്രനുണ്ട്. പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് രാധാകൃഷ്ണൻ നേവിയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതി ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടത്. 23-വയസ്സു മാത്രമുണ്ടായിരുന്ന അമ്മാമയുടെ ജീവൻ നഷ്ടപ്പെട്ട വിവരമടങ്ങിയ ടെലിഗ്രാം രവീന്ദ്രന്റെ അച്ഛന്റെ അടുക്കലാണെത്തിയത്.

സൈനുദ്ദീൻ 

പാലക്കാട്-മലപ്പുറം അതിർത്തി പങ്കിടുന്ന പടിഞ്ഞാറങ്ങാടി ഒതളൂരിനും ദേശസ്നേഹത്തിന്റെ വീറുറ്റ അധ്യായത്തിൽ ഒരിടമുണ്ട്. കക്കാട്ടിൽ കുടുംബത്തിലെ 20-കാരൻ സൈനുദ്ദീനും വീരമൃത്യു വരിച്ചത് ഖുക്രിയോടൊപ്പം ആഴങ്ങളിലാണ്. പത്താം ക്ലാസ്‌ പഠനംകഴിഞ്ഞ് പുണെയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് അദ്ദേഹം ഖുക്രിയിൽ സേവനത്തിനെത്തിയത്. 
ദുരന്തത്തിൽപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ, റിട്ട. തഹസിൽദാർ മൂസക്കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. സൈനുദ്ദീന്റെ ധീരതയെക്കുറിച്ച്‌ വാചാലമായ ഓർമകൾ പങ്കുെവക്കുമ്പോഴും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അയച്ച കത്തടക്കമുള്ള ചില രേഖകൾ നഷ്ടപ്പെട്ടതിന്റെ വിഷമവുമുണ്ട്.