തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പ്രവർത്തനവും സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുള്ള തീരുമാനത്തെ സ്വാഗതംചെയ്ത് വ്യവസായമേഖല

സ്വാഗതം ചെയ്യുന്നു- തോമസ് ജോൺ മുത്തൂറ്റ് 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും പ്രവർത്തനവും സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതംചെയ്യുന്നു. മെച്ചപ്പെട്ട ഫ്ലൈറ്റ് കണക്ടിവിറ്റിക്കും  വിമാനങ്ങളുടെ എണ്ണം കൂടുന്നതിനും ഈ  നടപടി  സഹായിക്കും.  ഒരു സ്വകാര്യനിക്ഷേപകൻ വിമാനത്താവളത്തിലെ  സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും  അധികമൂലധനം കൊണ്ടുവരുമ്പോൾ  അതിലൂടെ വരുമാനം വർധിക്കും. വിമാനത്താവളത്തിനുചുറ്റുമുള്ള സ്ഥലങ്ങൾപോലും പരോക്ഷമായി വികസിക്കും.

(സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പിന്റെ സി.എം.ഡി.യും)

 അട്ടിമറിക്കരുത്-ജി. വിജയരാഘവൻ.


പതിറ്റാണ്ടുകളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അനുഭവിക്കുന്ന അവഗണന, നിക്ഷിപ്ത താത്‌പര്യങ്ങൾ അട്ടിമറിച്ചില്ലെങ്കിൽ ഇതുമൂലം  അവസാനിക്കും.  സംസ്ഥാനസർക്കാർ ഭരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും അതിന്റെ വിഭവങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയും കാര്യക്ഷമമല്ലാത്ത ബിസിനസുകൾ നടത്താതിരിക്കുകയും വേണം.  ഇതിനെ എതിർക്കുന്ന എല്ലാവരും വിവേകം കാണിക്കുകയും വിമാനത്താവളത്തിന്റെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണം. 

( ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒ., മുൻ ആസൂത്രണബോർഡംഗം)

നിക്ഷേപങ്ങൾ വരണ്ടേ?- ടോണി തോമസ്

ഏതൊരു  വിമാനത്താവളവും അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താൻ സ്വകാര്യവത്‌കരണം സഹായിക്കും.  അപ്പോൾ മേഖലയിലേക്ക് കൂടുതൽ വ്യവസായങ്ങൾ വരികയും തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യും. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും അത്  ഉപകാരപ്രദമാവും. തുറമുഖവും വിമാനത്താവളവും റെയിൽവേയും ദേശീയപാതയും റിങ്‌റോഡുകളും അതിനോടൊപ്പം വിപുലീകരിച്ച ഉൾനാടൻ ജലഗതാഗതവും സിൽവർലൈൻ പദ്ധതിയും മെട്രോ പദ്ധതിയും തിരുവനന്തപുരത്തെ ആഗോളനിലവാരത്തിൽ നിക്ഷേപങ്ങൾക്കായി മത്സരിക്കാൻശേഷിയുള്ള നഗരമാക്കും.

 (കൺസൾട്ടന്റ്, ബോസ്റ്റൺ കൺസൽട്ടിങ്‌ ഗ്രൂപ്പ്)

ഈ അവസരം കളയരുത്- വി.കെ. മാത്യൂസ്

ഒരു വിമാനത്താവളം ഒരു വാണിജ്യ-ഉപഭോക്തൃസേവന സംരംഭമാണ്. അതിനാൽ സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാരുകൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ മേഖലയല്ലത് എന്നാണ് അനുഭവം തെളിയിക്കുന്നത്.  സർക്കാർ നടത്തുന്ന എയർ ഇന്ത്യ, കെ.എസ്.ആർ.ടി.സി. എന്നിവ ഉദാഹരണങ്ങൾ. കാര്യക്ഷമവും സൗകര്യപ്രദവും അത്യാധുനികവുമായ വിമാനത്താവളം എയർ കണക്ടിവിറ്റി വർധിപ്പിക്കും. അത് സാമ്പത്തികവികസനത്തെ ത്വരപ്പെടുത്തും. തിരുവനന്തപുരം മേഖലയുടെയും കേരളത്തിന്റെ തെക്കൻ ജില്ലകളുടെയും വികസനത്തിന് തിരുവനന്തപുരം വിമാനത്താവളവികസനം നിർണായകമാണ്.  വിജ്ഞാനാധിഷ്ഠിത ഡിജിറ്റൽ ഹബ്ബായി തിരുവനന്തപുരത്തെ  വികസിപ്പിക്കാനുള്ള  കാഴ്ചപ്പാട് വിമാനത്താവളത്തെയും അതിന്റെ എയർ കണക്ടിവിറ്റിയെയും ആശ്രയിച്ചിരിക്കുന്നു.   വിമാനത്താവളത്തിനായി ഒരു സ്വകാര്യ നിക്ഷേപകൻ വന്നാൽ അത് അതിന്റെ നേട്ടത്തിനായിരിക്കും. എന്നാൽ എതിർപ്പ്, പ്രത്യേകിച്ച് രാഷ്ട്രീയ എതിർപ്പ് ഉണ്ടെങ്കിൽ നിക്ഷേപകർ മുന്നോട്ടുവരില്ല.  രാജ്യത്തെ ഒട്ടേറെ വിമാനത്താവളങ്ങൾക്ക് സ്വകാര്യ മുതൽമുടക്കിനാൽ വളരെയധികം പ്രയോജനം ലഭിച്ചു. എന്തുകൊണ്ട് അത് തിരുവനന്തപുരത്തിനും ആയിക്കൂടാ?  ഇത് ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കാൻ നമ്മൾക്ക് ഇപ്പോൾ ഒരു അവസരമുണ്ട്.  ഈ അവസരം നാം നഷ്ടപ്പെടുത്തരുത്
 

(എക്സിക്യുട്ടീവ് ചെയർമാൻ ഐ.ബി.എസ്. ഗ്രൂപ്പ്)

 

ടൂറിസംമേഖലയ്ക്ക് കുതിപ്പുണ്ടാവും-ഇ.എം. നജീബ്

വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ കോൺഫെഡറേഷൻ ഓഫ്  കേരള ടൂറിസം (സി.കെ.ടി.ഐ.) സ്വാഗതംചെയ്യുന്നു. ഈ തീരുമാനം തെക്കൻ കേരളത്തിന്റെ സമഗ്രവികസനത്തിന്റെ വളർച്ചയെ ഗണ്യമായി സഹായിക്കും.
 വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുകയും ദേശീയ, അന്തർദേശീയ ബന്ധങ്ങൾ വർധിപ്പിക്കുകയും ചെയ്താൽ ടൂറിസം മേഖലയ്ക്ക് തീർച്ചയായും പ്രയോജനംലഭിക്കും. തുടർന്നുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അഭ്യർഥന
 (പ്രസിഡന്റ്‌, കോൺഫെഡറേഷൻ ഓഫ്‌ കേരള ടൂറിസം  ഇൻഡസ്‌ട്രി)

വികസനം വരും-രഘുചന്ദ്രൻ നായർ

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും മാനേജ്‌മെന്റും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഇത് വർഷങ്ങളായി അവഗണിക്കപ്പെടുന്ന തലസ്ഥാനമേഖലയുടെ വികസനം ഊർജിതപ്പെടുത്തും.  സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെയുണ്ടായ ഈ തീരുമാനം  സർക്കാരും പ്രതിപക്ഷപാർട്ടികളും രാഷ്ട്രീയസംഘടനകളും യൂണിയനുകളും ഒറ്റക്കെട്ടായി അംഗീകരിക്കണം

'വിമാനത്താവളങ്ങൾ ഒരു രാജ്യത്തിലേക്കോ സംസ്ഥാനത്തിലേക്കോ ഉള്ള കവാടമാണ്.  കിടയറ്റ അന്തരീക്ഷവും കാര്യക്ഷമമായ ഉപഭോക്തൃസേവനവുമുള്ള ഒരു യാത്രികസൗഹൃദ വിമാനത്താവളമുള്ളത് ഏതുസംസ്ഥാനത്തിനും ഒരു മുതൽക്കൂട്ടാണ്. യാത്രക്കാരെ സ്വാഗതംചെയ്യാനുള്ള ജനതയുടെയും  സർക്കാരിന്റെയും മനോഭാവത്തെയാണ്  അത്‌ വെളിപ്പെടുത്തുക.
 അനുഭവത്തിന്റെ വെളിച്ചത്തിൽ കൊച്ചി വിമാനത്താവളത്തിന്റെ സ്വകാര്യവത്‌കരണം സംസ്ഥാനത്തിന്റെ മുഖഛായതന്നെ മാറ്റിമറിച്ചു.  തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും കാലത്തിന്റെ ആവശ്യകതയാണ്.  ഒരു സ്വകാര്യ സംരംഭത്തിന്റെ  മേൽനോട്ടംകൊണ്ട്  മൾട്ടി സ്കില്ലിങ്ങും മൂല്യവർധിത സേവനങ്ങളും ചെലവുനിയന്ത്രണവും ജീവനക്കാരുടെ കാര്യക്ഷമതയും ഉറപ്പുവരുത്താം.
ആരോഗ്യസംരക്ഷണമേഖലയുടെ പ്രതിനിധിയെന്നനിലയിൽ, സ്വകാര്യവത്‌കരിച്ച ഒരു വിമാനത്താവളം സംസ്ഥാനത്തേക്കുള്ള ചികിത്സാസേവനങ്ങൾക്കായുള്ള യാത്ര മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.

(പ്രസിഡന്റ്‌, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രി)