കൊച്ചിയിലെ ഗതാഗതാക്കുരുക്കഴിക്കുക എന്നത് വലിയ സമസ്യയാണ് എന്നും... കുരുക്കഴിക്കാനുള്ള വിപുലമായ പദ്ധതിയായിരുന്നു ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ഫ്ലൈഓവറുകളുടെ നിർമാണം. കൊച്ചിയുടെ അഭിമാന നിര്‍മിതികളായാണ് ഈ ഫ്ലൈഓവറുകളെ കാണുന്നത്. ഇവയുടെ നിര്‍മാണ ഉദ്ഘാടനം പോലും കൊച്ചി കൊണ്ടാടി. ഇടപ്പള്ളിയിലും പാലാരിവട്ടത്തും ഫ്ലൈഓവറുകള്‍ പൂര്‍ത്തിയായപ്പോഴും കൊച്ചിക്കാര്‍ ആഘോഷിച്ചു.

ഡി.എം.ആര്‍.സി. നിര്‍മിച്ച ഇടപ്പള്ളി ഫ്ലൈഓവറിലൂടെ വാഹനങ്ങള്‍ സുഗമമായി നീങ്ങിയപ്പോള്‍ യാത്രികര്‍ സന്തോഷിച്ചു. പക്ഷേ, ബൈപ്പാസിലൂടെ ഒഴുകിയെത്തിയ വാഹനങ്ങള്‍ക്ക് പാലാരിവട്ടം ഫ്ലൈഓവറിലൂടെയുള്ള യാത്ര അത്ര സുഖകരമായി തോന്നിയില്ല. എന്തോ ഒരു കുഴപ്പം ആദ്യമേ തോന്നിയിരുന്നു... പക്ഷേ, വലിയ ഗൗരവം നൽകിയില്ല. വണ്ടി ഓടി കുറച്ചുകഴിഞ്ഞപ്പോള്‍ ടാറിങ് തകര്‍ന്നതേുടെ പന്തികേട് മണത്തു. പലതവണ പിന്നീട് ടാറിങ് നടത്തി... അപ്പോഴും പ്രശ്നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

അതിനിടയിലാണ്, പാലാരിവട്ടം ഫ്ലൈഓവര്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതായി പോലീസിന്റെ അറിയിപ്പ് ഏപ്രിലില്‍ വരുന്നത്. രണ്ടര വര്‍ഷം മുന്‍പ് മാത്രം ഉദ്ഘാടനം ചെയ്ത ഫ്ലൈഓവറില്‍ ഒരുമാസം നീളുന്ന അറ്റകുറ്റപ്പണി എന്നത് അദ്ഭുതത്തോടെയാണ് കൊച്ചിക്കാര്‍ കേട്ടത്.

ഒറ്റനോട്ടത്തില്‍
തറക്കല്ലിട്ടത് -2014 ജൂണില്‍
നിര്‍മാണം നടത്തിയത് -റോഡ്സ്‌ ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍
കരാര്‍ കമ്പനി -ആര്‍.ഡി.എസ്, ഡല്‍ഹി
ഡിസൈന്‍ തയ്യാറാക്കിയത് -നാഗേഷ് കണ്‍സള്‍ട്ടന്റ്, ബെംഗളൂരു
ഡിസൈന്‍ പരിശോധിച്ച് അംഗീകരിച്ചത് -കിറ്റ്‌കോ
ആകെ നീളം -632 മീറ്റര്‍, വീതി -15 മീറ്റര്‍ (നാലു വരിപ്പാത)
ഫ്ലൈഓവറിനുള്ളത് -20 പില്ലറുകള്‍
ഉദ്ഘാടനം -2016 ഒക്ടോബറില്‍
അടച്ചത് -2019 മേയ് ഒന്നിന്.

പാലംപണിത ‘റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ (ആർ.ബി.ഡി.സി.) ഭാഗത്തുനിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചതേയില്ല. ‘ടാറിങ് പൂര്‍ണമായും നീക്കി ഒരുമാസത്തെ അറ്റകുറ്റപ്പണി, അതിലൂടെ തീര്‍ക്കാവുന്ന പ്രശ്നം...’ എന്നുമാത്രമായിരുന്നു അവരുടെ വിശദീകരണം. പ്രശ്നങ്ങൾ അത്ര ചെറുതല്ല എന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.

പാലത്തില്‍ അറ്റകുറ്റപ്പണിയല്ല പുനഃസ്ഥാപിക്കലാണ് നടക്കുന്നതെന്ന് മന്ത്രിയടക്കം വ്യക്തമാക്കിയതോടെ ഒരു കാര്യം വ്യക്തമായി... പാലാരിവട്ടം ഫ്ലൈഓവര്‍ അപകടത്തിലാണ്.

1984-ല്‍ ആണ് മലയാളത്തിലെ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ ‘പഞ്ചവടിപ്പാലം’ റിലീസ് ചെയ്യുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലം നിര്‍മിക്കുന്നതും ഉദ്ഘാടന ദിവസംതന്നെ അത് തകരുന്നതും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം. സിനിമ സംവിധാനം ചെയ്ത കെ.ജി. ജോര്‍ജ് കൊച്ചി നഗരത്തിലുണ്ട്. തന്റെ സിനിമയ്ക്ക് ഇതിവൃത്തമായ കഥപോലെയൊരു സംഭവം പുതിയകാലത്ത് സംഭവിക്കുന്നതു കണ്ട് അദ്ഭുതപ്പെടുന്നുണ്ടാകും അദ്ദേഹം.

കണ്ടെയ്‌നര്‍ ലോറികളടക്കം യഥേഷ്ടം സഞ്ചരിക്കുന്ന പാതയില്‍ ഫ്ലൈഓവര്‍ പണിതപ്പോള്‍ സിമിന്റും കമ്പിയും മെറ്റലുമൊന്നും ആവശ്യത്തിന് ഉപയോഗിച്ചില്ലെന്ന് അറിയുമ്പോള്‍ പാലാരിവട്ടത്തെ ഫ്ലൈഓവര്‍ പുതിയകാലത്തെ ‘പഞ്ചവടിപ്പാലം’ ആണോ എന്നു സംശയിച്ചാല്‍ തെറ്റുപറയാനാകുമോ.

* ‘ഇപ്പോ ശരിയാക്കിതരാം...’

രണ്ടര വര്‍ഷം മുന്‍പ് തുറന്ന ഫ്ലൈഓവറില്‍ ‘ഒരുമാസത്തെ അറ്റകുറ്റപ്പണി’ എന്ന അറിയിപ്പ് വന്നപ്പോള്‍ എന്തുപറ്റി എന്ന അന്വേഷണം എല്ലായിടത്തുനിന്നും ഉണ്ടായി. പാലം പണിത ആര്‍.ബി.ഡി.സി. യോടായി സ്വാഭാവികമായ ചോദ്യം. ‘ഏയ് വലിയ പ്രശ്നമൊന്നുമില്ല, ഒരുമാസത്തെ അറ്റകുറ്റപ്പണി അത്രയേ ഉള്ളൂ...’ എന്നായിരുന്നു ആദ്യ വിശദീകരണം. ‘പാലത്തിലെ ടാറിങ് പൂര്‍ണമായി നീക്കംചെയ്ത് പുതിയ ടാറിങ്. എക്സ്പാന്‍ഷന്‍ ജോയിന്റില്‍ 12 ഇടത്ത് പ്രശ്നമുണ്ട്. അവ മാറ്റി പഴയരീതിയില്‍ തന്നെയുള്ള പുനര്‍നിര്‍മാണം. സ്കൂളുകൾ തുറക്കുന്നതോടെ ഫ്ലൈഓവര്‍ റെഡി...’ പക്ഷേ, കാര്യങ്ങള്‍ അങ്ങനെ പരിഹരിക്കാവുന്നതല്ലെന്ന വിവരങ്ങളായിരുന്നു പിന്നാലെ എത്തിയത്.

* പൊട്ടിത്തെറിച്ച് മന്ത്രി

പാലാരിവട്ടം ഫ്ലൈഓവറില്‍ കാര്യങ്ങള്‍ ശരിയായിട്ടല്ല നടന്നതെന്ന് ആദ്യം തുറന്നുപറഞ്ഞത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തന്നെയാണ്. ഫ്ലൈഓവര്‍ നിര്‍മാണത്തില്‍ അടിമുടി വീഴ്ച വരുത്തിയെന്നായിരുന്നു മന്ത്രി തുറന്നടിച്ചത്. ഇതിന് പിന്നാലെ മന്ത്രി, നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കാന്‍ ഉത്തരവുമിട്ടു. അതിനുശേഷമാണ് അദ്ദേഹം പാലാരിവട്ടം ഫ്ലൈഓവര്‍ സന്ദര്‍ശിച്ചത്.

പാലത്തിന്റെ രൂപകല്പന മുതല്‍ വീഴ്ചയുണ്ടായി എന്ന് ഈ സന്ദര്‍ശനവേളയില്‍ മന്ത്രി പറഞ്ഞു. ആർ.ബി.ഡി.സി, കിറ്റ്കോ, കരാർ കമ്പനിയായ ആർ.ഡി.എസ്... എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആരേയും വെറുതേവിടില്ലെന്നും മന്ത്രി പറഞ്ഞു.

* പൊളിച്ചുപണിയേണ്ടി വരുമോ?

ഫ്ലൈഓവര്‍ അപകടത്തിലാണെന്ന് മന്ത്രിയടക്കം സമ്മതിക്കുന്നുണ്ട്. മദ്രാസ് ഐ.ഐ.ടി. വിദഗ്ധന്‍ പ്രൊഫ. ഡോ. അളഗ സുന്ദരമൂര്‍ത്തി നൽകിയിരിക്കുന്ന റിപ്പോര്‍ട്ടിലും ഫ്ലൈഓവറിന്റെ സ്ഥിതി പ്രതീക്ഷനൽകുന്നതല്ല. അറ്റകുറ്റപ്പണിയല്ല, പാലത്തിന്റെ പുനഃസ്ഥാപിക്കലാണ് നടക്കുന്നതെന്ന്് ഫ്ലൈഓവര്‍ സന്ദര്‍ശിച്ച വേളയില്‍ മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ‘ഫ്ലൈഓവര്‍ പൊളിച്ചുപണിയേണ്ടതുണ്ടോ?’ എന്ന ചോദ്യത്തോട് ‘ആവശ്യമില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതേകാര്യം തന്നെയാണ് ഐ.ഐ.ടി.യിലെ വിദഗ്ധരും ആവര്‍ത്തിച്ചത്. പക്ഷേ, ഒരുമാസം കൊണ്ട് ഫ്ലൈഓവറിനെ പഴയപടി ആക്കാന്‍ സാധിക്കില്ലെന്ന്് പരിശോധനയ്ക്കെത്തിയ ഡോ. അളഗ സുന്ദരമൂര്‍ത്തി വ്യക്തമാക്കുകയും ചെയ്തു. ‘മഴ മാറിയശേഷം മൂന്നുമാസം കൂടി അടച്ചിട്ട് നിർമാണപ്രവർത്തനം നടത്തിയാലേ ഫ്ലൈഒാവർ സഞ്ചാരയോഗ്യമാക്കാന്‍ കഴിയൂ’ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വിശദീകരണങ്ങൾ ഫ്ലൈഒാവറിന്റെ സുരക്ഷയെ സംബന്ധിച്ച സംശയങ്ങൾ ബലപ്പെടുത്തുകയാണിപ്പോൾ.

Palarivattom Bridge

* ഫ്ലൈഓവറിലെ തകരാറുകള്‍

പഠനം നടത്തിയത് -മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫ. ഡോ. അളഗ സുന്ദരമൂർത്തി.

സര്‍ക്കാരിന് സമര്‍പ്പിച്ചത് -ആയിരം പേജിലധികം വരുന്ന റിപ്പോര്‍ട്ട്.

* റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന അപാകങ്ങള്‍

1. കോണ്‍ക്രീറ്റ് മിക്സിങ്ങില്‍ കുറവുവരുത്തി.

2. ഗര്‍ഡറുകള്‍ക്ക് വളവ് (deflection) കൂടുതല്‍.

3. ഫ്ലൈഓവറിലെ വിള്ളലുകൾ വലുത്. (അനുവദനീയം 0.20 mm, കണ്ടെത്തിയത് 0.235 mm).

വിള്ളലുകള്‍ക്കും വളവിനും കാരണമായത് കോണ്‍ക്രീറ്റിലെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

4. സ്ട്രക്ച്ചറല്‍ ഡിസൈനും പാളി

* പ്രശ്നപരിഹാര നിർദേശങ്ങള്‍

ഒന്നാം ഘട്ടം:

1. സ്പാനുകള്‍ ചേരുന്നിടത്ത് ‘ഡെക് കണ്ടിന്യൂയിറ്റി’ പ്രകാരം നടത്തിയ നിര്‍മാണം പൂര്‍ണമായി മാറ്റണം. 12 ഇടത്ത് ഈ മാറ്റം ആവശ്യമാണ്. പകരമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ‘സ്ട്രിപ് സ്റ്റീല്‍ ജോയിന്റ്‌’ ആണ് സ്ഥാപിക്കേണ്ടത്.

2. ടാറിങ് പൂര്‍ണമായി നീക്കി പുതുതായി ടാര്‍ ചെയ്യണം.

രണ്ടാം ഘട്ടം:

ബലപ്പെടുത്തലാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.

ഇതിനായുള്ള രൂപരേഖ ഐ.ഐ.ടി. തയ്യാറാക്കുന്നു.

‘ലോ വിസ്‌കോസ് എപോക്സി െറസീന്‍’ (low viscous epoxy resin) ഉപയോഗിച്ചുള്ള ഗ്രൗട്ടിങ്.

കാര്‍ബണ്‍ ഫൈബര്‍ ഫാബ്രിക്കും വിനൈല്‍ എസ്റ്റര്‍ റെസീനും ഉപയോഗിച്ചുള്ള ബലപ്പെടുത്തൽ.

Content highlights:  Palarivattom flyover in Cochin damaged within months after inauguration