വായ്പയെടുത്താല്‍ തിരിച്ചടയ്‌ക്കേണ്ടെന്ന് കരുതുന്ന ഇടപാടുകാര്‍, അവരുടെ വിശ്വാസം ശരിയെന്ന് തെളിയിച്ച് കടം എഴുതിത്തള്ളുന്ന രാഷ്ട്രീയ മേലാളന്മാര്‍, ഭാവനാശൂന്യത... ചെറുകിട, ഇടത്തരം വരുമാനക്കാരുടെ ഭവന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കേണ്ട പൊതു?േമഖലാസ്ഥാപനത്തെ ഇല്ലാതാക്കാന്‍ കൂടുതല്‍ എന്തുവേണം?

ഇങ്ങനെയാണ് പോക്കെങ്കില്‍ 1971-ല്‍ തുടങ്ങിയ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയണം. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്  ഊര്‍ധ്വശ്വാസം വലിക്കുകയാണ് സ്ഥാപനം. കൃത്യമായ വരുമാനവും പുതിയ പദ്ധതികളുമില്ലാത്ത പ്രതിസന്ധി.ശമ്പളവും പെന്‍ഷനും നല്‍കാന്‍മാത്രം പ്രതിമാസം 3.4 കോടി രൂപ വേണം. മാസം ഇത്രയും രൂപപോലും ഉണ്ടാക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ബോര്‍ഡിന്റെ കൈവശം 150 ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്. എന്നാല്‍, പണം ഇല്ലാത്തതിനാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. 

കിട്ടാക്കടം 232 കോടി

ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റിച്ചതില്‍ പ്രധാന പങ്ക് വായ്പയെടുത്തവര്‍ക്കാണ്. 90 ശതമാനം പേരും മുതലും പലിശയും കൃത്യമായി അടയ്ക്കുന്നില്ല. 232 കോടി രൂപയാണ് കിട്ടാക്കടം. കൂടുതല്‍ കടം വരുത്തിയിട്ടുള്ളത് ഉയര്‍ന്ന വരുമാനക്കാരും സ്വാധീനമുള്ളവരുമാണ്. 1997 മുതലുള്ള വായ്പയുടെമാത്രം കണക്കാണിത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഇളവുനല്‍കിയിട്ടും ഇതാണ് സ്ഥിതി. മൈത്രി പദ്ധതിയില്‍ 38,384 പേര്‍ക്ക് നല്‍കിയ വായ്പയില്‍ 137.67 കോടി രൂപ എഴുതിത്തള്ളി. 
ഹഡ്‌കോയില്‍നിന്ന് എടുത്ത വായ്പയും പലിശയും തിരിച്ചടയ്ക്കാതിരുന്നതുകാരണം 10 വര്‍ഷത്തോളം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഒടുവില്‍, സര്‍ക്കാര്‍ ഹഡ്‌കോയ്ക്ക് 836 കോടി രൂപ നല്‍കിയാണ് ബാധ്യത ഒഴിവാക്കിയത്. ഇതിനുപുറമേ ഒരു ബാങ്കിന് നല്‍കാനുണ്ടായിരുന്ന 25 കോടി രൂപയും സര്‍ക്കാര്‍ അടച്ചു. എന്നിട്ടും ബോര്‍ഡിന്റെ ഗതിതാഴോട്ടുതന്നെ.

ജീവനക്കാരുണ്ട്; ജോലിയില്ല

ചീഫ് എന്‍ജിനീയര്‍, റീജ്യണല്‍ എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ തുടങ്ങി 390 ജീവനക്കാരുണ്ട് സ്ഥാപനത്തില്‍. മൂന്ന് റീജ്യണല്‍ ഓഫീസുകളും 16 ഡിവിഷണല്‍ ഓഫീസുകളുമുണ്ട്. എന്നാല്‍, ഇതനുസരിച്ച് പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല.സുനാമി പദ്ധതി, എം.എല്‍.എ.-എം.പി. ഫണ്ടുകളുടെ പ്രവൃത്തി, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ ഇപ്പോള്‍ ഏറ്റെടുക്കുന്നുണ്ട്. എങ്കിലും സാങ്കേതികവിദഗ്ധരെ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.


സ്‌പോണ്‍സര്‍മാരുണ്ട്; പണമില്ല

രണ്ടോ അതിലധികമോ സെന്റ് സ്ഥലം സ്വന്തമായി ഉള്ളവര്‍ക്ക് നാലുലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതാണ് ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതി. ഇതില്‍ രണ്ടുലക്ഷം രൂപ സബ്‌സിഡിയാണ്. ഒരു ലക്ഷം സന്നദ്ധസംഘടനകളോ വ്യക്തികളോ സ്‌പോണ്‍സര്‍ ചെയ്യും. ഒരു ലക്ഷം രൂപ ഗുണഭോക്താവ് നല്‍കണം.പതിനായിരത്തിലേറെ വീടുകള്‍ക്ക് പണം നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാര്‍. എന്നാല്‍, സര്‍ക്കാറില്‍നിന്ന് സബ്‌സിഡി ലഭിക്കാത്തതുകൊണ്ട് ഇതുവരെ 1800 വീടുകള്‍ മാത്രമേ  നിര്‍മിച്ചിട്ടുള്ളൂ.